ഹമീദ സികെ & സിദ്ധിക്ക് റാബിയത്ത്
എന്തിനും ഏതിനും മലയാളികള്‍ പൊതുവേ മറ്റു ഇന്ത്യന്‍ സമൂഹങ്ങളെ പുച്ഛത്തോടെ കാണുകയും, ആ സമൂഹങ്ങളില്‍ നടക്കുന്ന പല അക്രമസംഭവങ്ങളും (ഉദാഹരണത്തിന്, ‘അഭിമാന വധം’ (honor killing), മറ്റു സദാചാര കൊലപാതകങ്ങള്‍ എന്നിവ) തങ്ങളുടെ നാട്ടില്‍ അന്യമാണെന്ന് മേനി നടിക്കുന്നവരുമാണ്. മലയാളിസമൂഹത്തിന്റെ ആണ്‍കോയ്മാ മലയാണ്മയുടെ മുഖമുദ്രയാണ് ഈ പുച്ഛം എന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യയിലെ മറ്റു സമൂഹങ്ങള്‍ക്ക് ഇങ്ങിനെയൊരു അപരത്വം കല്പിച്ചു നല്‍കുക വഴി സ്വന്തം ‘നഗ്നത’ ഫലപ്രദമായി മൂടിവയ്ക്കാനാണ് മലയാളി ഇത്രകാലവും ശ്രമിച്ചു വന്നിരുന്നത്. അല്ലെങ്കില്‍, മൂടിവയ്ക്കുന്നതിനേക്കാള്‍ വെളിപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ വിപണിമൂല്യം ലഭിക്കുമ്പോള്‍, ഏതു മുക്കിലും മൂലയിലും വാര്‍ത്തകള്‍ നിമിഷനേരംകൊണ്ട് വ്യാപിക്കുന്ന പുത്തന്‍ മാധ്യമങ്ങളുടെ ഈ കാലത്ത് അതു മനസിലാകാത്തതുപോലെ പ്രവര്‍ത്തിക്കുന്നു എന്നു വേണമെങ്കില്‍ വാദിക്കാം. അതുമല്ലെങ്കില്‍, വാര്‍ത്തകളാക്കുമ്പോള്‍ കാര്യങ്ങളുടെ കാരണവും അകാരണവും ഒരുപോലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്നതു മനസിലാക്കാതെ തങ്ങളുടെ നഗ്നത ആരും കാണില്ലായെന്ന ശുംഭവിചാരം മലയാളിയെ എന്നോ ഗളസ്ഥമാക്കിയിരിക്കുന്നു എന്നും കരുതാം. അതായത്, സ്വന്തം നഗ്നത മറയ്ക്കാതെ കാണികളുടെ കണ്ണില്‍ വലകെട്ടാനാണ് നമ്മുടെ മഹത്തായ ആണ്‍കോയ്മ ശ്രമിക്കുന്നത്.ഇന്ന് മലയാളി പൊതുമണ്ഡലത്തിന്റെ അടച്ചുവച്ചിരുന്ന, അല്ലെങ്കില്‍ മറച്ചുവച്ചിരുന്ന, പുതപ്പ് ഊര്‍ന്നു പോകുമ്പോള്‍ മലയാളി പൊതുമണ്ഡലം കൂടുതല്‍ മ്ലേച്ഛമാകുന്നു. ഇതിന്‍റെ ആവശ്യകത സ്ഥിരീകരിക്കുന്നത് ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുമായും പങ്കുവയ്ക്കാം എന്ന സാഹചര്യം സംജാതമാക്കിയപ്പോഴാണ്. അപ്പോഴും ആണ്‍കോയ്മയുടെ പഴകിദ്രവിക്കുന്ന സദാചാരം ആഗോളീകരണ മുതലാളിത്തത്തിന്റെ പാതയില്‍ പുത്തന്‍ വകഭേദങ്ങളായി രംഗപ്രവേശനം ചെയ്യുന്നു. അല്ലെങ്കില്‍ ഇതിനെ സാധൂകരിക്കുന്ന മലയാണ്മക്ക് ഈ മ്ലേച്ഛതയില്‍ അഭിമാന പുളകിതരേ ആകൂ എന്നമട്ട്. അപ്പോഴും മറ്റുള്ളവര്‍ മാത്രമാണ് നഗ്നര്‍ എന്ന കപടത മലയാളിമനസ്സിനെ മദിക്കുകയും അതിനടിമപ്പെട്ടു സദാചാരത്തിന്റെ കാവലാളായി സ്വയം അവരോധിച്ചു ഇളിഭ്യരാകുകയുമാണ് മലയാളികള്‍ .
ഇത്രയും പറയാന്‍ കാരണം സദാചാര പൊലീസ് എന്ന് ഓമനപ്പേരിട്ട് കൊഞ്ചിക്കുന്ന മലയാണ്മയുടെ, ആണ്‍കോയ്മയുടെ ഏറ്റവും പുതിയ വീരകഥയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് അരങ്ങേറിയതു എന്നതാണ്. ഈ സംഭവത്തിലൂടെ ഇവര്‍ സൂചിപ്പിക്കുന്നത് തങ്ങളുടെ അധികാരം അടിവരയിട്ട അതിരു ലംഘിച്ചതിന്റെ മറുപടി മരണമാണെന്നാണ്. അതായത്, മറ്റുള്ളവരാണ് നഗ്നര്‍ എന്നുള്ള മലയാളി വ്യാജവാദം ഇവിടെ ചീന്തിയെറിയപ്പെടുന്നു എന്ന് സാരം. ഇത് സ്വന്തം കണ്ണില്‍ കോലും വച്ച് മറ്റുള്ളവരുടെ കണ്ണിലെ പൊടിയെ ദുഷിക്കുന്നത് പോലെയാണെന്ന് മാത്രം. ഈ കോലുകളുടെ ഏറ്റവും നല്ലതെളിവാകുന്ന സംഭവങ്ങളുടെ നിര തന്നെ അടുത്തിടെ കേരളത്തില്‍ സജീവമായിട്ടുണ്ട്.–തെസ്നി ബാനുവിനെ കൈകാര്യം ചെയ്യാന്‍ പോയവര്‍; ഒന്നിച്ചിരുന്നു സ്വതന്ത്രമായി സംസാരിച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രമെടുത്ത് പ്രസിദ്ധീകരിച്ച് സദാചാരപാഠം വിളമ്പിയ മാധ്യമങ്ങള്‍; പോക്കറ്റടി ആരോപിച്ച് ഒരു യുവാവിനെ ചതച്ചുകൊന്ന ആള്‍ക്കൂട്ടത്തിന്റെ ആരാച്ചാര്‍മാര്‍ എന്നിങ്ങനെ നീളുന്ന പട്ടികയാണത്.
സദാചാരത്തിന് കാവല്‍ക്കാരുണ്ടാകുന്നതെങ്ങിനെ? ആരാണ് ഈ കാവല്‍ക്കാര്‍ക്ക് വിചാരണയും, വിധിയും ശിക്ഷയും നടപ്പാക്കാനുള്ള അധികാരം അനുഗ്രഹിച്ചു നല്‍കുന്നത്? ഇത് മലയാളികളുടെ അടച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന എന്നാല്‍ മൂടിവയ്ക്കുന്തോറും കൂടുതല്‍ ഊര്‍ജസ്വലമാകുന്ന വികാരങ്ങളുടെ തള്ളിച്ചയാണെന്നു ചിലര്‍ പറയുമ്പോള്‍ നാം കാണേണ്ട/മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഇത് കേവലം വ്യക്തിപരമായ (ഉദാ: ലൈംഗിക) അടിച്ചമര്‍ത്തലുകള്‍ക്കുമുപരി ഒരു സാമൂഹിക, സാംസ്കാരിക അടിച്ചമര്‍ത്തലിന് കാലങ്ങളായി മലയാളികള്‍ വിധേയരാകുന്നുണ്ട് എന്നതാണ്. എന്നാല്‍ ഇതിനു കൂടുതല്‍ ശക്തി നല്‍കാനാണ് വ്യത്യസ്ഥ മണ്ഡലങ്ങളിലൂടെ കേരളത്തിലെ ആണ്‍കോയ്മ സദാ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, ദിവസങ്ങള്‍ക്കു മുന്പു ഷഹീദ് ബാവ എന്ന 26കാരനെ പാതിരാത്രി സദാചാരവാദികളുടെ വിശുദ്ധസേന ചതച്ചു കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ചില വികട വിവരദോഷികള്‍, അല്ലെങ്കില്‍ ചാനല്‍ ജീവികള്‍ തങ്ങള്‍ക്കു തോന്നിയതു പോലെ സമൂഹത്തിനെ നിര്‍വചിക്കുകയും, അതിനെ വികലമായ യുക്തിയുപയോഗിച്ചു ശരിയാണെന്ന് ആണയിടുകയും ചെയ്തു (ഇതില്‍ പല മാധ്യമ പുലികളും ഉണ്ട്). ഇവരുടെ ഭാഷ്യം കേട്ടാല്‍ തോന്നുക ഇവര്‍ പറയുന്നത് അംഗീകരിച്ചില്ലെങ്കിലും ഇതേ ഞങ്ങള്‍ അനുവദിക്കൂ എന്ന മനോഭാവമാണ്. ഇത്തരം വാചാടോപം ചെയ്യുന്നവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും വീണ്ടും ക്യാമാറാക്കണ്ണുകളിലേക്ക് ക്ഷണിക്കാനും ചാനല്‍ പ്രഭാഷണം നടത്താനും ആനയിക്കുന്നതു വഴി മാധ്യമങ്ങളും സദാചാരപൊലീസിന്‍റെ സ്ഥാപനവത്കരണം ഭംഗിയായി നിര്‍വഹിക്കുന്നു എന്ന് പറയാതെ വയ്യ.
ഇതിന്റെ മറ്റൊരു ഉദാഹരണമാണ്, ഏഷ്യാനെറ്റിന്റെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരിപാടിയില്‍ വന്ന ഒരു എപിസോഡ്. (ഇത് ഇവിടെ കാണാം http://www.youtube.com/watch?v=HRzbVUww2wI). ഏഷ്യാനെറ്റില്‍ വന്ന ഈ പരിപാടിയിലുടനീളം നമ്മുടെ സദാചാര പോലീസിന്‍റെ നേരത്തെ പറഞ്ഞ ആണ്‍കോയ്മയുടെ വീക്ഷണകോണ്‍ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. അവിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ പുതിയ കഥകളുയര്‍ത്തി മറുപടി ലഭിക്കില്ലാ എന്നറിഞ്ഞുള്ള ഏകപക്ഷീയ വിചാരണയും വിധി നിര്‍ണയവും നടത്തലാണ് ‘നേരോടെ, നിര്‍ഭയം നിരന്തരം’ എന്ന് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത്.
ഇത്തരത്തിലുള്ള ആണ്‍കോയ്മയുടെ പുനപ്രേക്ഷ്യമാണ് കേരളത്തിലെ ചാനലുകള്‍ നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വിഷസൂചിയായി കുത്തിയിറക്കുന്നത്.ഇതില്‍ വീണ്ടും വീണ്ടും ജനിക്കുന്നത് ആണ്‍കോയ്മയുടെ പുതുമുഖങ്ങളാണ്. ഇവിടെ തങ്ങളുടെ അതിരുകളെ അതിര്‍ത്തിയായി സ്ഥാപിക്കാനും തങ്ങളുടെ ഇഷ്ടങ്ങളെ മാത്രം വിലക്കെടുക്കാനും മറ്റിഷ്ടങ്ങളെ തന്‍റെ ഇഷ്ടഭാരത്താല്‍ അമര്‍ച്ചചെയ്യാനും സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ സദാചാര പോലീസുകള്‍ വെറും വ്യക്തികളുടെ കൂട്ടമല്ല. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഈ സദാചാര സ്ഥാപനവത്കരണത്തിന്റെ അല്ലെങ്കില്‍ ആണ്‍കോയ്മയുടെ പതാക വാഹകരാണ്. ഈ സ്ഥാപനവത്കരണത്തിന്റെ ഉരുക്ക് ദണ്ഡുകളാണ് ആദ്യം നിലംപരിശാക്കേണ്ടത്.
നവംബര്‍ പതിനേഴിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ്.
ലേഖകര്‍ ദില്ലി ജെ എന്‍ യുവിലെ ഗവേഷകരാണ്
ലിങ്ക് http://dillipost.in/2011/11/17/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%AE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%E0%B4%97%E0%B5%8D%E0%B4%A8%E0%B4%A4/
No comments:
Post a Comment