പൊതുവില്‍ ഏഷ്യക്കാരുടെ സ്ത്രീപുരുഷാനുപാദം എന്നും ആശങ്കകള്‍ക്കും സ്ത്രീവിരുദ്ധതയ്ക്കും ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങളാണെന്നിരിക്കെ 2011ലെ ഇന്ത്യന്‍ ജനസംഖ്യാ റിപോര്‍ട്ട് ആശാവഹമായ ചില പ്രവണതകള്‍ തുറന്നു കാണിക്കുന്നുണ്ട്. ഈ പുതിയ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ റിപോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അവയില്‍ ചില കണക്കുകള്‍ നമ്മെ സന്തോഷിപ്പിക്കുകയും, എന്നാല്‍ മറ്റു ചിലവ അത്യന്തം ഉത്കണ്ഠാകുലരാക്കുകയുമാണ് ചെയ്യുന്നത്. ഇതിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഇന്ത്യ: ഹ്രസ്വകാല സാന്ത്വനങ്ങള്‍
ലോക ജനസംഖ്യ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ സ്ത്രീ-പുരുഷാനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറഞ്ഞു എന്നത് തികച്ചും ആശങ്കാജനകമാണ്. സ്വതവേ ഉയര്‍ന്ന അതിജീവന ശേഷിയുള്ള പെണ്‍കുഞ്ഞുങ്ങള്‍ ആണ്‍കുഞ്ഞുങ്ങളേക്കാള്‍ കുറയുന്നത് സാമൂഹികമായി ഒരു നല്ല മാനകമായി കാണാന്‍ കഴിയില്ല. ആണ്‍കുഞ്ഞുങ്ങളോടുള്ള താല്പര്യമോ, പെണ്‍കുഞ്ഞുങ്ങളോടുള്ള പക്ഷപാതിത്വമോ ആണ് ലിങ്കാനുപാതത്തിലുണ്ടാവുന്ന ഈ കുറവുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത നേരത്തെ പറഞ്ഞതു പോലെ വികസിത രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടികയില്‍ (പട്ടിക: 1) നിന്നും മനസ്സിലാക്കാം. ഇതില്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്കന്‍ ഐക്യ നാടുകളും, ജനകീയ ചൈനയും തങ്ങളുടെ സ്ത്രീപുരുഷാനുപാതത്തില്‍ പിന്നോട്ടു പോകുന്നതായാണ് കാണുന്നത്. എന്നാല്‍ തൊട്ടുപിന്നിലുള്ള സാമ്പത്തിക ശക്തികളായ ജപ്പാന്‍, ഇന്ത്യ, റഷ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ അതാതിടങ്ങളിലെ സ്ത്രീ പുരുഷാനുപാതത്തില്‍ മുന്നേറുന്നതായും 2011ലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ സാമ്പത്തിക ശക്തിയില്‍ (ജിഡിപി കണക്കുകളില്‍) പിന്നിലായ എന്നാല്‍ ജനസംഖ്യയില്‍ വളരെ മുന്നിലുള്ള പാകിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ ലിംഗാനുപാദം കഴിഞ്ഞ ദശകങ്ങളില്‍ വധിപ്പിക്കുകയാണുണ്ടായത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ ലിംഗാനുപാദം നമുക്ക് പരിശോധിക്കാം.
തെക്കനേഷ്യന്‍ രാജ്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം ഇതിലും ആശ്വാസകരമാണ്. (പട്ടിക 2 കാണുക.) ഏതൊരു വികസിത രാജ്യത്തെപ്പോലെയുള്ള ലിംഗാനുപാദം ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മാര്‍ മുതലായ രാജ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ മുതലായ രാജ്യങ്ങള്‍ ഇപ്പോഴും ഈ അനുപാദം കൈവരിച്ചിട്ടില്ല.
ശ്രീലങ്ക, നേപ്പാള്‍ മ്യാന്‍മാര്‍ എന്നിരാജ്യങ്ങള്‍ സ്ത്രീപുരുഷാനുപാതത്തില്‍ വളരെ മുമ്പോട്ട് പോകുമ്പോഴും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഇപ്പോഴും സ്ത്രീവിരുദ്ധ ചേരിയില്‍ തന്നെ എന്ന് കാണാം. കാരണം, ഉയര്‍ന്ന അതിജീവനശേഷിയുള്ള പെണ്‍കുഞ്ഞുങ്ങളുടെ അനുപാതത്തിലുണ്ടാകുന്ന വന്‍തോതിലുള്ള കുറവിനെ ഒരു സാമൂഹിക തിന്മയുടെ, അല്ലെങ്കില്‍ പുരുഷമേധാവിത്വത്തിന്റെ തേര്‍വാഴ്ചയുടെ പരിണിതിയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ് സാമൂഹിക ഉച്ചനീചത്വങ്ങളുടെ ശക്തി തിരിച്ചറിയുന്നത് ലിംഗാനുപാതത്തിലൂടെയാണെന്ന വാദം സ്വീകാര്യമാകുന്നത്. ഇനി ഇത് ഇന്ത്യയില്‍ മൊത്തത്തിലും സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും എങ്ങനെയാണെന്നും പരിശോധിക്കാം.
ഇന്ത്യ: ദീര്‍ഘകാല ആശങ്കകള്‍
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏഴാമത്തെ ജനസംഖ്യാ നിര്‍ണയമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ അറുപതില്‍പരം വര്‍ഷങ്ങളുടെ പാരമ്പര്യം നമുക്ക് നല്‍കുന്നത് ഒരടി മുന്നോട്ടു, രണ്ടടി പിന്നോട്ട് എന്നുള്ള സ്ത്രീ-പുരുഷ വിവേചനത്തിന്റെ പാഠങ്ങളാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷവും സ്ത്രീ വിവേചനവും പുരുഷമേധാവിത്വവും ഇന്ത്യയില്‍ തുടങ്ങിയ ഇടത്ത് നിന്നും കൂടുതല്‍ വഷളായതല്ലാതെ, ഗുണപരമായി മാറിയിട്ടില്ല. ഇത് താഴെയുള്ള ഗ്രാഫില്‍ കാണാം. 1951ലെ സെന്‍സസ് അനുസരിച്ചു സ്ത്രീ-പുരുഷാനുപാതം 945 ആയിരുന്നത് 1991ല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ അനുപാതമായ 927 ആയി രേഖപ്പെടുത്തുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ സെന്‍സസു 1991 വരെ വന്നു നില്‍ക്കുമ്പോള്‍ നമുക്കു നഷ്ടമായ സ്ത്രീകളുടെ അനുപാതം നാല്പത്തിയഞ്ചാണ്. ഇനി നാല്പത്തിയഞ്ചു സ്ത്രീകളുടെ അനുപാതം കൂട്ടാന്‍ എത്ര നൂറ്റാണ്ട് നമുക്ക് വേണ്ടിവരും? സ്വാതന്ത്ര്യത്തിനു മുന്പുള്ള ഇന്ത്യന്‍ സാഹചര്യം ഇന്നുള്ളതിനേക്കാള്‍ വളരെ മെച്ചമുള്ളതാണെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹിക വികസനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുമ്പോഴും തല താഴ്ത്തിപ്പിടിക്കാതെ നിര്‍വാഹമില്ല എന്ന വസ്തുതയാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ ഈ അവസ്ഥക്ക് മാറ്റത്തിന്റെ മണിമുഴക്കികൊണ്ട് ആശാവഹമാകുനത് തൊണ്ണൂറുകളുടെ ഉത്തര ദശകങ്ങളാണ്. ഈ മാറ്റം തുടരുമോ എന്നുള്ളതിലാണ് ദീര്‍ഘകാല ആശങ്കകള്‍ പ്രകടമാകുന്നത്. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെയും രണ്ടാമത്തെയും ജനഗണന കണക്കനുസരിച്ച് ആറുവയസിനു താഴെ പ്രായമുള്ള കുട്ടികളുടെ ലിംഗാനുപാദം വളെരെ കുറവാണെന്നുള്ളതാണ്. ഇതിലേക്ക് വരുന്നതിനു മുന്‍പ് എങ്ങനെയാണ് സംസ്ഥാനങ്ങളും ഭൂമേഖലകളും ലിംഗാനുപാദ അസമത്വത്തിനു സഹായകമാകുന്നതെന്ന് പരിശോധിക്കാം.
സംസ്ഥാനങ്ങള്‍: ഹ്രസ്വകാല സാന്ത്വനങ്ങള്‍/വ്യാകുലതകള്‍
ഇന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയ ഭൌമ അതിര്‍ത്തികളില്‍ പരിശോധിക്കുകയാണെങ്കില്‍ സ്ത്രീ-പുരുഷാനുപാതം ദേശീയ ശരാശരിക്കും മുകളില്‍ നില്‍ക്കുന്നത് ഹിമാചല്‍ പ്രദേശും ഉത്തരഖണ്ടുമൊഴികെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എന്ന് മനസിലാക്കാം. അതില്‍ തന്നെ ലിംഗാനുപാത വിതരണം നോക്കുകയാണെങ്കില്‍ രാഷ്ട്രീയ അതിര്‍ത്തിക്കപ്പുറത്തു ഒരു ഭൌമ അതിര്‍ത്തിയിലെ സമാനതകള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇത് പ്രധാനമായ ഒരു ഭൂപ്രകൃതി വിശേഷമായി നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ഇതിലൂടെ മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം ഈ മേഖലയിലെ സാമൂഹിക ഘടനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടു കണക്കെടുപ്പുകളും സൂചിപ്പിക്കുന്നത് തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉയര്‍ന്ന സ്ത്രീ-പുരുഷാനുപാദം ഭൂമിശാസ്ത്ര വിശദീകരണത്തിനു വിധേയമാക്കിയാല്‍ ഒരു ജെന്‍ഡര്‍ സെന്‍സിറ്റീവ് കോറിഡോര്‍ ആയി പരിഗണിക്കാം. ഇത് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇടനാഴിക്ക് വടക്കുപടിഞ്ഞാറന്‍ ഭാഗം സൂചിപ്പിക്കുന്നത് ഉയര്‍ന്നതരത്തിലുള്ള സ്ത്രീപുരുഷ വിവേചനമാണ്. സത്യത്തില്‍ ഇന്ത്യയിലെ സ്ത്രീപുരുഷാനുപാദം ഇത്ര കുറയുന്നത് ഈ സംസ്ഥാനങ്ങളുടെ സ്വാധീനം മൂലമാണ്.
മുകളിലത്തെ രണ്ടു ഭൂപടങ്ങളും വ്യക്തമാക്കുന്നത് ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാദത്തില്‍ പിന്നില്‍ നില്‍ക്കുന്നത് ഹരിയാണ, പഞ്ചാബ്, ജമ്മു കഷ്മീര്‍ മുതലായ സംസ്ഥാനങ്ങലാണ് എന്നതാണ്. എന്നാല്‍ തമിഴ് നാട്, ആന്ധ്രാ പ്രദേശ് മുതലായ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ അന്തരം വളരെ വേഗം കുറയുന്നു എന്നും കാണാം. കേരളം ഇവിടെ ഏതൊരു വികസിത രാജ്യത്തിന്റെയും സ്വാഭാവിക ലിംഗാനുപാദത്തിനു തുല്യമായ രീതിലാണ് (പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍) ഈ അനുപാദം സൂക്ഷിക്കുന്നത്. ഇത് സമകാലിക വീക്ഷണത്തില്‍ വളരെയേറെ പ്രസക്തവുമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ പ്രവണതകള്‍ എല്ലാ സംസ്ഥാനങ്ങളും ഭൌമ മേഖലകളും അനുവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതിലേക്കായി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യാനന്തര ജനഗണനയിലെ ലിംഗാനുപാദം പരിശോധിക്കാം. സ്ത്രീ-പുരുഷ ലിംഗാനുപാദത്തില്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങള്‍ അസം, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, കര്‍ണാടക എന്നിവയാണ്. എന്നാല്‍ ഹരിയാണയും ആന്ധ്രാ പ്രദേശും ഈ പട്ടികയില്‍ സ്ഥാനമുണ്ട്, കാരണം അവര്‍ അടുത്തകാലത്ത് ഈ വളര്‍ച്ചാ പാതയിലാണ്.
എന്നാല്‍ സ്ത്രീപുരുഷ ലിംഗാനുപാദം കഴിഞ്ഞ അറുപതു വര്‍ഷത്തില്‍ കുറവ് പ്രവണതകള്‍ കാണിക്കുന്നത് പ്രധാനമായും ബീഹാര്‍, മധ്യപ്രദേശ്, ഒറീസ മുതലായ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും, വളര്‍ച്ചയില്‍ മുന്നിട്ടു നില്‍ക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ് നാട് മുതലായ സംസ്ഥാനങ്ങളിലുമാണ്. ഇതില്‍ തമിഴ്നാട്, ജാര്‍ഖണ്ട്, ഉത്തര്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ സ്ത്രീ-പുരുഷാനുപാതത്തിലുണ്ടായ ഈ വിള്ളലുകളെ നികത്താന്‍ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു എന്നും ചിത്രത്തില്‍ നിന്നും മനസിലാക്കാം. എന്നാല്‍ നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കുമോ എന്നുള്ള ചോദ്യം ഇവിടെയും പ്രസക്തമാണ്.
ഇതിലേക്ക് വെളിച്ചം വീശുന്നതിനായി കഴിഞ്ഞ ജനഗണനകളുടെ 0-6 പ്രായ പരിധിയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ലിംഗാനുപാദം നമുക്ക് പരിശോധിക്കാം:കഴിഞ്ഞ അമ്പതു വര്‍ഷ കാലത്തെ ജനഗണനയിലെ ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ ലിംഗാനുപാദം ക്രമാനുഗതമായി കുറയുന്നതായി കാണാം. ഇത് അടുത്ത തലമുറയിലെ ലിംഗാനുപാദത്തെ സാരമായി ബാധിക്കുന്നതാണ്. ഇപ്പോഴത്തെ അനുപാദം ആറുവയസിനു താഴെയുള്ളതിനേക്കാള്‍ കൂടുതലാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടുകളിലെ കുറവ് വരും ജനഗണനയില്‍ വ്യക്തമായി പ്രതിഫലിക്കുന്നതാണ്. ഇതുതന്നെയാണ് ആശങ്കയും. കഴിഞ്ഞ അമ്പതുവര്‍ഷമായി ലിംഗാനുപാദത്തിലുണ്ടായ കുറവ് അറുപത്തിരണ്ടു കുട്ടികളുടേതാണ്. ഇത് നൈസര്‍ഗികകമായി വേണ്ട അനുപാതത്തില്‍ നേരത്തെ തന്നെ ഇരുപത്തിയഞ്ചു കുട്ടികളുടെ കുറവിനു പുറമേയാണെന്നുള്ളതും ആശങ്കയുടെ കനം വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാലത്തേക്ക് സ്ത്രീയോടുള്ള/പെണ്‍ വര്‍ഗത്തോടുള്ള പത്യക്കുറവും അവഗണനയും തന്നെയാണ് ഈ വസ്തുതകള്‍ മുന്നോട്ടു വയ്ക്കുന്നത്.
ഇനി സ്ത്രീപുരുഷാനുപാതം സംസ്ഥാനങ്ങളുടെ/ഭൂപ്രകൃതിയുടെ കണ്ണിലൂടെ നോക്കിക്കണ്ടാല്‍ എന്താണ് ഹ്രസ്വകാലത്തേക്ക് നമുക്കു ലഭിക്കുന്ന സന്ദേശം? നാം പങ്കുവച്ച ആശങ്കയുടെ ആദ്യ പകുതി മനസിലാക്കുന്നത് നേരത്തെ മൊത്തം ലിംഗാനുപാദത്തില്‍ ദേശീയ ശരാശരിക്കുമുകളില്‍ നിന്ന വടക്കന്‍ സംസ്ഥാനങ്ങളായ ഹിമാചലും ഉത്തരഖണ്ടും 2011 ആയപ്പോഴേക്കും ദേശീയ ശരാശരിക്കു താഴെ ആയി എന്നുള്ളതാണ്. ചുവട്ടിലെ ഭൂപടം കാണുക.
അതുപോലെ തന്നെ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പെണ്‍കുഞ്ഞിനോടുള്ള സ്വീകാര്യത ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇവിടെയും പഞ്ചാബും ഹരിയാണയും ലിംഗാനുപാതത്തില്‍ തങ്ങളുടെ കുപ്രസിദ്ധി ഇനിയും കൈവിട്ടിട്ടില്ല എന്നുള്ളതാണ്. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഒരു സ്ത്രീപക്ഷ ഭൂപ്രകൃതി വരച്ചുകാണിക്കാമെങ്കിലും (ദേശീയ ശരാശരിക്കു മുകളില്‍) അത് ഉത്കണ്ഠകള്‍ അകറ്റുന്നില്ല. കാരണം, നൈസര്‍ഗിക സ്ത്രീ-പുരുഷാനുപാദത്തിനും കീഴെയാണ് എല്ലാ സംസ്ഥാനങ്ങളും നിലയുറപ്പിക്കുന്നത്. ഇത് വരും തലമുറയില്‍ സ്ത്രീപുരുഷാനുപാദത്തില്‍ വന്‍ കുറവുതന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് കൂടുതല്‍ ഗുരുതരമാകുന്നത് കടും പച്ചനിറത്തിലുള്ള സംസ്ഥാനങ്ങള്‍ ഇളംപച്ചനിറത്തിലേക്ക് പോകുമ്പോള്‍ നിറങ്ങള്‍ക്കൊപ്പം അപ്രത്യക്ഷമാകുന്നത് നമ്മുടെ പെണ്മക്കളാണെന്ന് മാതാപിതാക്കളും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ തഴയപെടുന്ന സ്ത്രീപക്ഷ ചിന്ത തികച്ചും സാമൂഹിക നീതിവ്യവസ്തയിലെ മൂല്യച്യുതിയല്ലാതെ മറ്റൊന്നുമല്ല. കൂടുതല്‍ ഗൌരവമേറിയ അവബോധം ഇന്ത്യന്‍ സമൂഹം അടിയന്തിരമായി ആര്‍ജിക്കേണ്ടിയിരിക്കുന്നു.
ഡിസംബര്‍ മൂന്നിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം
http://dillipost.in/2011/12/03/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8A%E0%B4%B2-%E0%B4%A8%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%B6%E0%B5%80%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81/
No comments:
Post a Comment