Thursday, April 5, 2012

ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം

വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. “I must be cruel only to be kind” എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും സാധാരണക്കാരായ ഇന്ത്യാക്കാരെ സംബന്ധിച്ച് തികച്ചും ക്രൂരമാണ്. പക്ഷേ, ക്രൂരത മാത്രമേ ഉള്ളൂ എന്നിടത്താണ് കുഴപ്പം. മുങ്ങിതപ്പി നോക്കിയാലും പാവങ്ങളോട് ഒരു തുള്ളി ദയ പോലും സര്‍ക്കാരിന്റെ സാമ്പത്തികരേഖയില്‍ കാണാനാകില്ല എന്നതാണ് ഷെയ്ക്സ്പിരീയന്‍ ഉദ്ധരണിയിലെ വൈരുധ്യം.

എണ്ണവിലയിലും സബ്സിഡിയിലുമുണ്ടാകുന്ന വര്‍ധനവും, വ്യവസായ മേഖലയിലെ പിന്നോക്കാവസ്ഥയുമാണ് സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ മതം. ഇത് ഉയര്‍ന്ന കാര്‍ഷിക സേവന മേഖലയുടെ വളര്‍ച്ചയുടെ പചാത്തലത്തിലും രാജ്യം നേരിടുന്നതെന്ന സാമ്പത്തിക സര്‍വേയിലെ അതേപല്ലവി ബജറ്റ്‌ അവതരണത്തിലും മുഖര്‍ജി സാഹിബ് ആവര്‍ത്തിക്കുകയുണ്ടായി. ആദായ നികുതിയുടെ പരിധി രണ്ട് ലക്ഷത്തിലേക്കുയര്‍ത്തി ഏകദേശം 4,500 കോടി രൂപയുടെ നികുതിയിളവ് പ്രഖ്യാപിച്ച മുഖര്‍ജി, പരോക്ഷ നികുതി കുത്തനെ ഉയര്‍ത്തിയതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഏകദേശം 42,000 കോടിയുടെ അധിക വരുമാനമാണ്. അതായത്, ആദ്യം തൂവല്‍ കൊണ്ടൊരു തലോടല്‍, പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടി!

മുഖര്‍ജി പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനായി വന്‍തോതില്‍ ലോബീയിംഗ് ദില്ലിയില്‍ നടന്നിരുന്നു. കോര്‍പറേറ്റു മാധ്യമങ്ങളുടേയും, വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടേയും കണ്ണില്‍ സര്‍ക്കാരിന് ധനക്കമ്മി (fiscal deficit) നിയന്ത്രിക്കാനുള്ള ഏറ്റവും ഏളുപ്പമാര്‍ഗം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കലാണ്. സബ്സിഡികളുടെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ പാവങ്ങളാണ്. അവരുടെ ചട്ടിയില്‍ കയ്യിട്ടുവാരലാണ് ഏറ്റവും എളുപ്പം. ഈ കയ്യിട്ടുവാരലിന് നിയോക്ലാസിക്കലിസത്തിന്റെ സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ വേണ്ടുവോളമുണ്ടു താനും. പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. നടപ്പു വര്‍ഷത്തെ സബ്സിഡി നിരക്ക് ഏകദേശം ജിഡിപിയുടെ 2.4 ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത് വരുന്ന വര്‍ഷം 1.9 ശതമാനമാക്കി നിജപ്പെടുത്തുകയെന്നതാണ് പ്രണബ് മുഖര്‍ജി ലക്ഷ്യമിട്ടിരിക്കുന്നത്.

ഇങ്ങിനെ പാവങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ പ്രതിരോധത്തിന് വാരിക്കോരി നല്‍കിയിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. പതിനാലു ശതമാനത്തോളം വര്‍ധനവാണ് പ്രതിരോധ രംഗത്തിനാണ് നീക്കിയിരിക്കപ്പെട്ടിരിക്കുന്നത്. അത് രാജ്യത്തെ പിന്നോക്കാവസ്ഥയെ ഏതെങ്കിലും തരത്തില്‍ കുറയ്ക്കുന്നതിനുതകുമോ എന്ന ചോദ്യം പക്ഷേ ആരും ചോദിച്ചില്ല. പ്രതിരോധം വിശുദ്ധ പശുവാണല്ലോ. ചോദ്യം ചോദിക്കുന്നവര്‍ ആപ്പിലാകുകയേ ഉള്ളൂ, ഈ രാജ്യത്ത്. മാത്രമല്ല, പതിവുപോലെ വ്യവസായ വളര്‍ച്ചയിലെ തളര്‍ച്ചയില്‍ ഉണ്ടായ പിന്നോക്കാവസ്ഥ മാറ്റാനും, സര്‍ക്കാരിന് അധികവരുമാനം കണ്ടെത്താനും (അമിത നികുതികള്‍ക്കു പുറമേ) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിളെ ഓഹരികള്‍ വിറ്റിട്ടുവേണം എന്ന പുത്തന്‍ സാമ്പത്തിക അജന്‍ഡ കൂട്ടിച്ചേര്‍ക്കുന്നതിനും അതിനെ ന്യായീകരിക്കുന്നതിനും മന്ത്രി മറന്നില്ല. ഈ ബജറ്റില്‍ ചര്‍ച്ച ചെയ്യാത്ത ഏറ്റവും പ്രധാനപ്പെട്ട വിഷയം രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണു താനും.

പാര്‍ലമെന്റിലെ കവലപ്രസംഗം
ലോക സാമ്പത്തിക മാന്ദ്യം ഇന്ത്യയെ തളര്‍ത്തിയെന്നും അതിനാല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായെന്നും ധനമന്ത്രി പറയുന്നു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 8.4 ശതമാനത്തില്‍ നിന്നും നടപ്പുവര്‍ഷം വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി കുറയും. വരുന്ന വര്‍ഷം ഇത് 7.6 ശതമാനത്തിലേക്കുയരും. ആഗോള സാമ്പത്തിക രംഗം മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഉയര്‍ന്നേനേ എന്നാണ് മുഖര്‍ജിയുടെ വാദം. 2011ലെ ബജറ്റവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി ലക്ഷ്യം വച്ച വളര്‍ച്ചാ നിരക്ക് 9 ശതമാനമായിരുന്നു. അതാണ് ഇപ്പോള്‍ 6.9 ശതമാനത്തിലെത്തി നില്‍ക്കുന്നത്. ആഗോള മുതലാളിത്ത പ്രതിസന്ധി ഗുരുതരമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖര്‍ജിയുടെ വരുന്ന വര്‍ഷത്തേക്കായുള്ള 7.6 ശതമാനം വളര്‍ച്ചാ ലക്ഷ്യത്തിനു പോലും വിശ്വാസ്യതയില്ല. മാത്രമല്ല, പണപ്പെരുപ്പം മറ്റൊരു വന്‍വെല്ലുവിളിയാണ്.

രണ്ടാം യുപിഎ അധികാരമേറ്റതിനു ശേഷമുണ്ടായ ഇരട്ടസംഖ്യാ പണപ്പെരുപ്പവും, ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്ന് ബജറ്റില്‍ തുറന്നു സമ്മതിച്ച ധനകാര്യമന്ത്രി ബജറ്റ്‌ രേഖയില്‍ ധന-പണ നയങ്ങള്‍ (fiscal-monetary measures) ഇവയോട് പ്രതികരിക്കുന്നു എന്ന് പറയുന്നത് സര്‍ക്കാര്‍ സാര്‍ക്കാസമാണ്. റിസര്‍വ് ബാങ്ക് പതിമൂന്നു തവണ തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടും രാജ്യം ഇപ്പോഴും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പിടിയിലാണ് (ഫെബ്രുവരി മാസത്തെ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. മാര്‍ച്ചിലെ കണക്കു വരാനിരിക്കുന്നതേയുള്ളൂ).

സബ്സിഡി നല്‍കുന്നതിനെക്കുറിച്ച് ധനമന്ത്രി പറഞ്ഞത് സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ (macro economics) അടിസ്ഥാനമാണ് സബ്സിഡിമൂലം തകര്‍ക്കപ്പെടുന്നത് എന്നാണ്. എന്നാല്‍ ആരുടെ അടിത്തറയാണെന്ന് ഈ നവലിബറല്‍ കെടുതിയുടെ കാലത്ത് തകരുന്നതെന്ന് ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല എന്നതാണ് കഷ്ടം. ഇതിന്റെ ഭാഗമായാണ് ‘വളരെ വേദനയോടെ’ സബ്സിഡികള്‍ കുറച്ച് ജിഡിപിയുടെ രണ്ടുശതമാനത്തില്‍ താഴെയാക്കുമെന്ന് മുഖര്‍ജി പ്രഖ്യാപിച്ചത്‌. സബ്സിഡിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് നന്ദന്‍ നിലേകാനിയുടെ മന്ത്രങ്ങള്‍ ഉരുവിട്ട്, രാജ്യത്ത് ഐറ്റി മൊബൈല്‍ രഥയാത്രകല്‍ സംഘടിപ്പിക്കും. അങ്ങനെ നിലേകാനിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന അധാര്‍ പദ്ധതിയിലൂടെ രാജ്യത്തെ അമ്പതു ജില്ലകള്‍ മാന്ത്രികക്കുതിരകളാകും. അതു വഴി ഇന്ത്യയിലെ ദാരിദ്ര്യം കുറയും! ഇന്ത്യന്‍ മധ്യവര്‍ഗ ബൂര്‍ഷ്വാസിയെ സ്വപ്നാടനത്തിനയക്കുന്ന ബജറ്റ്‌ പ്രസംഗം കവലപ്രസംഗത്തിനേക്കാള്‍ നിലവാരം കുറഞ്ഞതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപെടുത്താനാകുമോ?

നവലിബറല്‍ ഇന്ത്യയുടെ ഓരോ വാര്‍ഷികാഘോഷവേളയിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ സൂചിപ്പിക്കുന്നത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലോ എന്തിന് കര്‍ഷകരുടെ നിലനില്പില്‍ പോലും ഭരിക്കുന്നവര്‍ക്ക് തരി പോലും താത്പര്യമില്ല എന്നാണ്. ഉദാഹരണത്തിന്, എന്തെല്ലാം വാരിക്കോരി നല്‍കിയിട്ടും ജിഡിപി വളര്‍ച്ചാ മന്ത്രത്തില്‍ വ്യവസായ മേഖലയുടെ പങ്ക് 27 ശതമാനത്തില്‍ കുടുങ്ങി കിടക്കുകയാണ്. എന്നാല്‍ സേവന മേഖലയും അതിന്റെ വികസനവും അഴിച്ചുവിട്ട പണപ്പെരുപ്പം 20 ശതമാനവും! കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ മൊത്തം ആഭ്യന്തരോത്പാദനത്തില്‍ സേവനമേഖലയുടെ പങ്ക് കുത്തനെ ഉയര്‍ന്നപ്പോള്‍ ഇടിഞ്ഞത് കാര്‍ഷിക മേഖലയുടെ പങ്കാണ് എന്നാണു കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, സേവന മേഖല ഉണ്ടാക്കിയ പണപ്പെരുപ്പം നാള്‍ക്കുനാള്‍ സാധാരണക്കാരായ ഇന്ത്യക്കാരുടെ നടുവിനുമീതെ കൂടുതല്‍ ഭാരം കയറ്റിവച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഒരു വൈരുധ്യമാണ്. ഈ ഭാരംമൂലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കാര്‍ഷികരംഗം വിടണമെന്നുണ്ടെങ്കിലും അവരുടെ കാലുകള്‍ ഭാരം കൊണ്ട് അനങ്ങാതായിരിക്കുന്നു.

ഇവിടെയാണ്‌ സബ്സിഡി നല്‍കിയാല്‍, ഇവരുടെ ഭാരം കുറഞ്ഞുപോയാല്‍ ഇവര്‍ മറ്റെവിടെയെങ്കിലും ഓടിക്കയറുമോ എന്നഭയത്തില്‍ സബ്സിഡി രണ്ട്ശതമാനത്തിനും താഴെമതി എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതും. ഭാരം ചുമക്കാന്‍ ആളിനെ ആവശ്യമുള്ളതിനാല്‍ ഇവര്‍ക്ക് വെറും ഭക്ഷ്യസുരക്ഷക്കുള്ള സബ്സിഡിമാത്രം നല്‍കി ജീവന്‍ നിലനിര്‍ത്താം എന്നാണ് വ്യസനസമേതം ധനമന്ത്രി സഭയെ അറിയിച്ചത്‌. ജീവന്‍ നല്‍കിയതിന്റെ പേരില്‍ കൂടുതല്‍ ഭാരം ചുമടുതാങ്ങിയുടെ മുകളില്‍ കയറ്റുന്നതിന് വായ്പാ പദ്ധതി കഴിഞ്ഞ വര്‍ഷത്തേ വായ്പാ വിഹിതത്തിനുമേല്‍ ഒരുലക്ഷം കോടിയായി കൂട്ടിയിട്ടുമുണ്ട്. ഇതിന്റെ സാമ്പത്തിക പ്രതിഫലനം എങ്ങനെ ആയിരിക്കുമെന്നത് കൂടുതല്‍ സിദ്ധാന്തവത്കരിക്കേണ്ടതില്ലല്ലോ.

വിദേശ നിക്ഷേപകരും, ചൂതാട്ട മൂലധനവും പതിവുപോലെ ഇത്തവണത്തെ വരേണ്യ ബജറ്റില്‍ തങ്ങളുടെ ബര്‍ത്തുകള്‍ ഉറപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചുകൊണ്ട് നികുതിയില്‍ നിന്ന് രക്ഷപ്പെടും. അതായത്‌ അതിനു മുകളിലുള്ളവര്‍ക്ക് ചൂതാട്ടം നടത്തി കോടികള്‍ തട്ടിയെടുക്കാന്‍ നിങ്ങള്‍ നിന്നുകൊടുത്താല്‍ നിങ്ങള്‍ക്ക് നികുതിയിളവ്‌ നല്‍കാം എന്ന്. ഇത് കാണിച്ചു തരുന്നത് കോര്‍പറേഷനുകള്‍ സാധാരണക്കാരുടെ ചിലവില്‍ കൂടുതല്‍ വളരട്ടെ, അതിനു സര്‍ക്കാര്‍ നികുതിയിളവ്‌ നല്‍കും എന്ന നയമാണ്. ഇതിന്റെ മറ്റൊരു വശം, കോര്‍പറേഷനുകള്‍ക്കും വന്‍കിട ഊഹക്കച്ചവടക്കാര്‍ക്കും സബ്സിഡി നേരിട്ട് നല്‍കാതെ (അത് നവലിബറലിസത്തിനു എതിരാണല്ലോ!) നിക്ഷേപ നികുതിയിളവിലൂടെ സാധ്യമാക്കുന്ന കു(സാമ്പത്തിക)തന്ത്രമാണ് മുഖേര്‍ജി പയറ്റിയത് എന്നതാണ്. അല്ലെങ്കിലും ഊഹമൂലധനത്തെ സേവിക്കുന്ന കാര്യത്തില്‍ മുഖര്‍ജി പുലിയാണ്. കണക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പുലി. ഈ പുലിക്കളി മറയ്ക്കുന്നതിന് വിശദാംശങ്ങളൊന്നും ബജറ്റ്പ്രസംഗത്തില്‍ അവതരിപ്പിക്കാതെ സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ മാത്രം വീണ്ടും സഭയില്‍ ബജറ്റിലൂടെ വിളമ്പിയെന്നതും 2012-13 ബജറ്റിന്റെ/പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മഹത്വമാണ്!

അടിസ്ഥാനസൗകര്യ വികസനത്തിനായി അടുത്ത അഞ്ചു വര്‍ഷത്തെ നീക്കിയിരിപ്പ് 50 ലക്ഷം കോടിയാണ്. അതില്‍ പകുതിയും സ്വകാര്യ മേഖലയില്‍ നിന്നായിരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കൂടാതെ, ഇന്ത്യയിലെ അടിസ്ഥാന സൗകര്യത്തിലും വ്യവസായത്തിലും പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റ് 30,000 കോടി വരുന്ന സാമ്പത്തിക വര്‍ഷം സമാഹരിക്കുമെന്നും തിട്ടൂരമുണ്ട്. ഇന്ത്യന്‍ റെയില്‍വേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു പല സ്ഥാപനങ്ങളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചരണം ശക്തിപ്പെടുന്നത് ഈ സാഹചര്യത്തിലാണ് കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. അതേ സമയം തന്നെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപനവുമായി ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ വിദ്യാഭ്യാസം ആരോഗ്യം ശുചിത്വം, മറ്റു സാമൂഹിക സേവനങ്ങള്‍ എന്നിവയില്‍ യുപിയെ സ്വീകരിക്കുന്ന നയം വഞ്ചനാപരമാണ്.

യൂപിഎ പതിനൊന്നാം പദ്ധതിയില്‍ പ്രഖ്യാപിച്ച ആരോഗ്യ മേഖലയിലെ ചിലവ്‌ ജിഡിപിയുടെ 3 ശതമാനമാണ്. എന്നാല്‍ ഇത് മൊത്തം (പതിനൊന്നാം പദ്ധതിയും രണ്ടാം യുപിയെയും അവസാനിക്കാറായിട്ടും) 1.5 ശതമാനത്തിനും താഴെ മാത്രമാണ് എത്തിയത് എന്നത് ഗുരുതരമായ വാഗ്ദാന ലംഘനമാണ്. ഇക്കാര്യത്തില്‍ വികസ്വര രാഷ്ട്രങ്ങളിലെ തന്നെ സര്‍ക്കാര്‍ പദ്ധതി ചിലവിന്റെ ഏറ്റവും കീഴിലായാണ് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നത് എന്ന് സാമ്പത്തിക ശാസ്ത്രജ്ഞയായ ജയതി ഘോഷ് ദില്ലി ജെഎന്‍യുവില്‍ വച്ചു നടന്ന ബജറ്റ്‌ അവലോകനത്തില്‍ പറയുകയുണ്ടായി. ഇനി യഥാര്‍ത്ഥ പണവിനിയോഗത്തിന്റെ കണക്കെടുക്കാം. ഉയര്‍ന്ന പണപ്പെരുപ്പം കിഴിച്ചു നോക്കിയാല്‍ ആരോഗ്യ നില മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ വക തുക വര്‍ധനവ്‌ കഴിഞ്ഞ ബജറ്റ്‌ കാലത്തേക്കാള്‍ 5 ശതമാനത്തിനും താഴെയാണ്! സാമ്പത്തിക സര്‍വേയില്‍ പരാമര്‍ശിക്കുന്നത്, ആരോഗ്യപാലനത്തിന് കഴിഞ്ഞ നാലു വര്‍ഷങ്ങളായി വിനിയോഗിക്കുന്ന സ്വകാര്യ പണവിഹിതം 4.8 ശതമാനത്തില്‍ നിന്നും അല്പം പോലും മുന്നോട്ടു പോയിട്ടില്ലെന്നാണ്.

സര്‍ക്കാര്‍ തങ്ങളുടെ വിഹിതം ഇതിനു സമാന്തരമായി വര്‍ധിപ്പിക്കാമെന്ന് പറയുന്ന വിനിയോഗമാണ് ഇപ്പോഴും 1.5 ശതമാനത്തില്‍ തടഞ്ഞു നില്‍ക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ജിഡിപിയുടെ 3 ശതമാനം ആരോഗ്യസുരക്ഷ ചിലവ് യുപിഎ വഹിക്കുക എന്നത് ബജറ്റിനോ സര്‍ക്കാരിനോ തിട്ടമില്ല എന്നുവേണം മനസിലാക്കാന്‍. അതുപോലെ ഈ ബജറ്റില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ക്രൂരമായ മൌനം പാലിക്കുകയാണ് ഉണ്ടായത്‌. ഒരുതരത്തിലുള്ള ശുചിത്വ നയമോ ഫണ്ടോ ഇതിനായി പ്രത്യേകം നീക്കിവചിട്ടില്ല എന്നതും ആരോഗ്യ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇത് ആത്മഹത്യാപരമാണ്.

വിദ്യാഭ്യാസ മേഖലയുടെ കാര്യത്തിലെ പദ്ധതി വിഹിതം നോക്കുകയാണെങ്കില്‍ യുപിഎയുടെ ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ മനസിലാക്കാന്‍. ജ്വയതി ഘോഷ് പറയുന്നത് പതിനൊന്നാം പദ്ധതിയില്‍ വിദ്യാഭ്യാസ ചെലവിന് മൊത്തം ലക്ഷ്യം വച്ചിരുന്നത് ജിഡിപിയുടെ 6 ശതമാനമാണ്. പന്ത്രണ്ടാം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇത് ഏകദേശം 3.5 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്. അന്താരാഷ്ട്ര കണക്കുകളനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ ചിലവ് കുപ്രസിദ്ധാമാംവിധം കുറവാണ് എന്ന വസ്തുതയും നാം ഓര്‍മിക്കണം. ഇവിടെയാണ്‌ സര്‍വ ശിക്ഷ അഭിയാന്‍ വഴിനല്കുന്ന ഫണ്ട് കഴിഞ്ഞവര്‍ഷം 40 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ (നേടേണ്ട സംഖ്യയുടെ വളരെ തുച്ഛമായ അംശത്തില്‍ നിന്നും) ഇപ്രാവശ്യം അത് 21.1 ശതമാനമായി വീണ്ടും കുറഞ്ഞു എന്നതു കാണേണ്ടത്. ഇത് ശരാശരികൊണ്ട് കളിക്കുന്ന മുഖര്‍ജി ഓര്‍ത്തിട്ടുണ്ടാവില്ല. കാരണം ജനം മറന്നുകാണും എന്ന് വെറുതെ ആശിക്കാമല്ലോ.

വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വരുന്ന വയാബിലിറ്റി ഗ്യാപ് ഫണ്ടിംഗ് കൊണ്ടുള്ള ഗുണം സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ്. ഇത് മറച്ചു വയ്ക്കുന്ന ഒരു പ്രധാന കാര്യം ഇതുവരെയും ഇന്ത്യയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവും പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കുന്നില്ല എന്ന സത്യമാണ്. ഇതിന് പുറമേയാണ് കൂടുതല്‍ പ്രീണനവും. ഇതും സബ്സിഡിയാണെന്നുള്ളത് എന്തേ മുഖര്‍ജി പറയാത്തത്. സേവന മേഖലയ്ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന കിഴിവുകള്‍ സബ്സിഡിയല്ല പകരം കര്‍ഷകരാണ് സബ്സിഡിക്കാര്‍ എന്ന വാദം യുപിഎയുടെ നവലിബറല്‍ ആശയാടിത്തറ തുറന്നുകാണിക്കുന്നുണ്ട്.

രണ്ട് ലക്ഷം കോടിയോളം രൂപയാണ് ധനമന്ത്രി പ്രതിരോധത്തിന്റെ പേരില്‍ നീക്കിവച്ചിരിക്കുന്നത്. ഇത് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്നും വാങ്ങാം എന്ന് ഉറപ്പുകൊടുക്കുന്ന ആയുധങ്ങള്‍ക്കും അതുവഴി അമേരിക്കയും യൂറോപ്പും പോലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യങ്ങളുടെ സംരക്ഷണത്തിനുമായാണ്. ഇന്ത്യന്‍ ജനങ്ങളെ പരമാവതി പിഴിഞ്ഞ് നികുതിപിരിക്കുന്ന ലൂയി രാജാക്കന്മാരെയോ, കൊളോണിയല്‍ സാമ്രാജ്യത്വത്തിനു വേണ്ടി കരംപിരിച്ച ബ്രിട്ടീഷ്‌ ഇന്ത്യയേയോ ആണ് ഇന്ന് പണമൊഴുക്കല്‍ ഓര്‍മിപ്പിക്കുന്നത്. കോടിക്കണക്കിനു ഡോളറാണ് പ്രതിരോധത്തിനെന്ന പേരില്‍ വിദേശ ആയുധക്കമ്പനികളിലേക്കൊഴുകുന്നത്. ഇത് യാഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നും ഒഴുകിപ്പോകുന്ന വന്‍ സമ്പത്തു തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. രാജ്യരക്ഷയുടെ പേരില്‍ ഇവര്‍ നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ആപത്കരമാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ എത്ര പേരാണ് രാജ്യരക്ഷയുടെ പേരില്‍ ഇത്രയും വലിയ തുകകള്‍ ചിലവഴിക്കുന്നത്? ഇതില്‍ എന്തു യുക്തിയാണുള്ളത്? ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസവും, സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്താന്‍ പണമില്ലാത്ത, പണമില്ലായ്മയുടെ പേരില്‍ ജനങ്ങള്‍ക്കു നല്‍കിവരുന്ന സബ്സിഡികള്‍ പോലും വെട്ടിക്കുറയ്ക്കണമെന്നു പറയുന്ന ഒരു സര്‍ക്കാരാണ് ഈ പ്രതിരോധ ധൂര്‍ത്ത് ആഘോഷമായി കൊണ്ടാടുന്നത് എന്നോര്‍ക്കണം. അതാണ് മാലോകര്‍ വാഴ്ത്തുന്ന ഇന്ത്യാ മോഡല്‍.

ദില്ലിപോസ്റ്റില്‍ മാര്‍ച്ച്‌ പതിനെട്ടിന് വന്ന ലേഖനം

http://dillipost.in/2012/03/18/union-budget-critique/

No comments:

Post a Comment