Sunday, April 8, 2012

പെണ്‍കൊല നമുക്കു ശീലമാകുമ്പോള്‍ ...

പൊതുവില്‍ ഏഷ്യക്കാരുടെ സ്ത്രീപുരുഷാനുപാദം എന്നും ആശങ്കകള്‍ക്കും സ്ത്രീവിരുദ്ധതയ്ക്കും ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങളാണെന്നിരിക്കെ 2011ലെ ഇന്ത്യന്‍ ജനസംഖ്യാ റിപോര്‍ട്ട് ആശാവഹമായ ചില പ്രവണതകള്‍ തുറന്നു കാണിക്കുന്നുണ്ട്. ഈ പുതിയ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ റിപോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അവയില്‍ ചില കണക്കുകള്‍ നമ്മെ സന്തോഷിപ്പിക്കുകയും, എന്നാല്‍ മറ്റു ചിലവ അത്യന്തം ഉത്കണ്ഠാകുലരാക്കുകയുമാണ് ചെയ്യുന്നത്. ഇതിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ഇന്ത്യ: ഹ്രസ്വകാല സാന്ത്വനങ്ങള്‍
ലോക ജനസംഖ്യ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ സ്ത്രീ-പുരുഷാനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറഞ്ഞു എന്നത് തികച്ചും ആശങ്കാജനകമാണ്. സ്വതവേ ഉയര്‍ന്ന അതിജീവന ശേഷിയുള്ള പെണ്‍കുഞ്ഞുങ്ങള്‍ ആണ്‍കുഞ്ഞുങ്ങളേക്കാള്‍ കുറയുന്നത് സാമൂഹികമായി ഒരു നല്ല മാനകമായി കാണാന്‍ കഴിയില്ല. ആണ്‍കുഞ്ഞുങ്ങളോടുള്ള താല്പര്യമോ, പെണ്‍കുഞ്ഞുങ്ങളോടുള്ള പക്ഷപാതിത്വമോ ആണ് ലിങ്കാനുപാതത്തിലുണ്ടാവുന്ന ഈ കുറവുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത നേരത്തെ പറഞ്ഞതു പോലെ വികസിത രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടികയില്‍ (പട്ടിക: 1) നിന്നും മനസ്സിലാക്കാം. ഇതില്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്കന്‍ ഐക്യ നാടുകളും, ജനകീയ ചൈനയും തങ്ങളുടെ സ്ത്രീപുരുഷാനുപാതത്തില്‍ പിന്നോട്ടു പോകുന്നതായാണ് കാണുന്നത്. എന്നാല്‍ തൊട്ടുപിന്നിലുള്ള സാമ്പത്തിക ശക്തികളായ ജപ്പാന്‍, ഇന്ത്യ, റഷ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ അതാതിടങ്ങളിലെ സ്ത്രീ പുരുഷാനുപാതത്തില്‍ മുന്നേറുന്നതായും 2011ലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ സാമ്പത്തിക ശക്തിയില്‍ (ജിഡിപി കണക്കുകളില്‍) പിന്നിലായ എന്നാല്‍ ജനസംഖ്യയില്‍ വളരെ മുന്നിലുള്ള പാകിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ ലിംഗാനുപാദം കഴിഞ്ഞ ദശകങ്ങളില്‍ വധിപ്പിക്കുകയാണുണ്ടായത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ ലിംഗാനുപാദം നമുക്ക് പരിശോധിക്കാം.


തെക്കനേഷ്യന്‍ രാജ്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം ഇതിലും ആശ്വാസകരമാണ്. (പട്ടിക 2 കാണുക.) ഏതൊരു വികസിത രാജ്യത്തെപ്പോലെയുള്ള ലിംഗാനുപാദം ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മാര്‍ മുതലായ രാജ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ മുതലായ രാജ്യങ്ങള്‍ ഇപ്പോഴും ഈ അനുപാദം കൈവരിച്ചിട്ടില്ല.

ശ്രീലങ്ക, നേപ്പാള്‍ മ്യാന്‍മാര്‍ എന്നിരാജ്യങ്ങള്‍ സ്ത്രീപുരുഷാനുപാതത്തില്‍ വളരെ മുമ്പോട്ട് പോകുമ്പോഴും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഇപ്പോഴും സ്ത്രീവിരുദ്ധ ചേരിയില്‍ തന്നെ എന്ന് കാണാം. കാരണം, ഉയര്‍ന്ന അതിജീവനശേഷിയുള്ള പെണ്‍കുഞ്ഞുങ്ങളുടെ അനുപാതത്തിലുണ്ടാകുന്ന വന്‍തോതിലുള്ള കുറവിനെ ഒരു സാമൂഹിക തിന്മയുടെ, അല്ലെങ്കില്‍ പുരുഷമേധാവിത്വത്തിന്റെ തേര്‍വാഴ്ചയുടെ പരിണിതിയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ് സാമൂഹിക ഉച്ചനീചത്വങ്ങളുടെ ശക്തി തിരിച്ചറിയുന്നത് ലിംഗാനുപാതത്തിലൂടെയാണെന്ന വാദം സ്വീകാര്യമാകുന്നത്. ഇനി ഇത് ഇന്ത്യയില്‍ മൊത്തത്തിലും സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും എങ്ങനെയാണെന്നും പരിശോധിക്കാം.

ഇന്ത്യ: ദീര്‍ഘകാല ആശങ്കകള്‍
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏഴാമത്തെ ജനസംഖ്യാ നിര്‍ണയമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ അറുപതില്‍പരം വര്‍ഷങ്ങളുടെ പാരമ്പര്യം നമുക്ക് നല്‍കുന്നത് ഒരടി മുന്നോട്ടു, രണ്ടടി പിന്നോട്ട് എന്നുള്ള സ്ത്രീ-പുരുഷ വിവേചനത്തിന്റെ പാഠങ്ങളാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷവും സ്ത്രീ വിവേചനവും പുരുഷമേധാവിത്വവും ഇന്ത്യയില്‍ തുടങ്ങിയ ഇടത്ത് നിന്നും കൂടുതല്‍ വഷളായതല്ലാതെ, ഗുണപരമായി മാറിയിട്ടില്ല. ഇത് താഴെയുള്ള ഗ്രാഫില്‍ കാണാം. 1951ലെ സെന്‍സസ് അനുസരിച്ചു സ്ത്രീ-പുരുഷാനുപാതം 945 ആയിരുന്നത് 1991ല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ അനുപാതമായ 927 ആയി രേഖപ്പെടുത്തുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ സെന്‍സസു 1991 വരെ വന്നു നില്‍ക്കുമ്പോള്‍ നമുക്കു നഷ്ടമായ സ്ത്രീകളുടെ അനുപാതം നാല്പത്തിയഞ്ചാണ്. ഇനി നാല്പത്തിയഞ്ചു സ്ത്രീകളുടെ അനുപാതം കൂട്ടാന്‍ എത്ര നൂറ്റാണ്ട് നമുക്ക് വേണ്ടിവരും? സ്വാതന്ത്ര്യത്തിനു മുന്പുള്ള ഇന്ത്യന്‍ സാഹചര്യം ഇന്നുള്ളതിനേക്കാള്‍ വളരെ മെച്ചമുള്ളതാണെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹിക വികസനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുമ്പോഴും തല താഴ്ത്തിപ്പിടിക്കാതെ നിര്‍വാഹമില്ല എന്ന വസ്തുതയാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ ഈ അവസ്ഥക്ക് മാറ്റത്തിന്റെ മണിമുഴക്കികൊണ്ട് ആശാവഹമാകുനത് തൊണ്ണൂറുകളുടെ ഉത്തര ദശകങ്ങളാണ്. ഈ മാറ്റം തുടരുമോ എന്നുള്ളതിലാണ് ദീര്‍ഘകാല ആശങ്കകള്‍ പ്രകടമാകുന്നത്. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെയും രണ്ടാമത്തെയും ജനഗണന കണക്കനുസരിച്ച് ആറുവയസിനു താഴെ പ്രായമുള്ള കുട്ടികളുടെ ലിംഗാനുപാദം വളെരെ കുറവാണെന്നുള്ളതാണ്. ഇതിലേക്ക് വരുന്നതിനു മുന്‍പ് എങ്ങനെയാണ് സംസ്ഥാനങ്ങളും ഭൂമേഖലകളും ലിംഗാനുപാദ അസമത്വത്തിനു സഹായകമാകുന്നതെന്ന് പരിശോധിക്കാം.

സംസ്ഥാനങ്ങള്‍: ഹ്രസ്വകാല സാന്ത്വനങ്ങള്‍/വ്യാകുലതകള്‍
ഇന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയ ഭൌമ അതിര്‍ത്തികളില്‍ പരിശോധിക്കുകയാണെങ്കില്‍ സ്ത്രീ-പുരുഷാനുപാതം ദേശീയ ശരാശരിക്കും മുകളില്‍ നില്‍ക്കുന്നത് ഹിമാചല്‍ പ്രദേശും ഉത്തരഖണ്ടുമൊഴികെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എന്ന് മനസിലാക്കാം. അതില്‍ തന്നെ ലിംഗാനുപാത വിതരണം നോക്കുകയാണെങ്കില്‍ രാഷ്ട്രീയ അതിര്‍ത്തിക്കപ്പുറത്തു ഒരു ഭൌമ അതിര്‍ത്തിയിലെ സമാനതകള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇത് പ്രധാനമായ ഒരു ഭൂപ്രകൃതി വിശേഷമായി നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ഇതിലൂടെ മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം ഈ മേഖലയിലെ സാമൂഹിക ഘടനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടു കണക്കെടുപ്പുകളും സൂചിപ്പിക്കുന്നത് തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉയര്‍ന്ന സ്ത്രീ-പുരുഷാനുപാദം ഭൂമിശാസ്ത്ര വിശദീകരണത്തിനു വിധേയമാക്കിയാല്‍ ഒരു ജെന്‍ഡര്‍ സെന്‍സിറ്റീവ് കോറിഡോര്‍ ആയി പരിഗണിക്കാം. ഇത് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇടനാഴിക്ക് വടക്കുപടിഞ്ഞാറന്‍ ഭാഗം സൂചിപ്പിക്കുന്നത് ഉയര്‍ന്നതരത്തിലുള്ള സ്ത്രീപുരുഷ വിവേചനമാണ്. സത്യത്തില്‍ ഇന്ത്യയിലെ സ്ത്രീപുരുഷാനുപാദം ഇത്ര കുറയുന്നത് ഈ സംസ്ഥാനങ്ങളുടെ സ്വാധീനം മൂലമാണ്.

മുകളിലത്തെ രണ്ടു ഭൂപടങ്ങളും വ്യക്തമാക്കുന്നത് ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാദത്തില്‍ പിന്നില്‍ നില്‍ക്കുന്നത് ഹരിയാണ, പഞ്ചാബ്, ജമ്മു കഷ്മീര്‍ മുതലായ സംസ്ഥാനങ്ങലാണ് എന്നതാണ്. എന്നാല്‍ തമിഴ് നാട്, ആന്ധ്രാ പ്രദേശ് മുതലായ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ അന്തരം വളരെ വേഗം കുറയുന്നു എന്നും കാണാം. കേരളം ഇവിടെ ഏതൊരു വികസിത രാജ്യത്തിന്റെയും സ്വാഭാവിക ലിംഗാനുപാദത്തിനു തുല്യമായ രീതിലാണ് (പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍) ഈ അനുപാദം സൂക്ഷിക്കുന്നത്. ഇത് സമകാലിക വീക്ഷണത്തില്‍ വളരെയേറെ പ്രസക്തവുമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ പ്രവണതകള്‍ എല്ലാ സംസ്ഥാനങ്ങളും ഭൌമ മേഖലകളും അനുവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതിലേക്കായി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യാനന്തര ജനഗണനയിലെ ലിംഗാനുപാദം പരിശോധിക്കാം. സ്ത്രീ-പുരുഷ ലിംഗാനുപാദത്തില്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങള്‍ അസം, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, കര്‍ണാടക എന്നിവയാണ്. എന്നാല്‍ ഹരിയാണയും ആന്ധ്രാ പ്രദേശും ഈ പട്ടികയില്‍ സ്ഥാനമുണ്ട്, കാരണം അവര്‍ അടുത്തകാലത്ത് ഈ വളര്‍ച്ചാ പാതയിലാണ്.

എന്നാല്‍ സ്ത്രീപുരുഷ ലിംഗാനുപാദം കഴിഞ്ഞ അറുപതു വര്‍ഷത്തില്‍ കുറവ് പ്രവണതകള്‍ കാണിക്കുന്നത് പ്രധാനമായും ബീഹാര്‍, മധ്യപ്രദേശ്, ഒറീസ മുതലായ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും, വളര്‍ച്ചയില്‍ മുന്നിട്ടു നില്‍ക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ് നാട് മുതലായ സംസ്ഥാനങ്ങളിലുമാണ്. ഇതില്‍ തമിഴ്നാട്, ജാര്‍ഖണ്ട്, ഉത്തര്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ സ്ത്രീ-പുരുഷാനുപാതത്തിലുണ്ടായ ഈ വിള്ളലുകളെ നികത്താന്‍ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു എന്നും ചിത്രത്തില്‍ നിന്നും മനസിലാക്കാം. എന്നാല്‍ നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കുമോ എന്നുള്ള ചോദ്യം ഇവിടെയും പ്രസക്തമാണ്.

ഇതിലേക്ക് വെളിച്ചം വീശുന്നതിനായി കഴിഞ്ഞ ജനഗണനകളുടെ 0-6 പ്രായ പരിധിയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ലിംഗാനുപാദം നമുക്ക് പരിശോധിക്കാം:
കഴിഞ്ഞ അമ്പതു വര്‍ഷ കാലത്തെ ജനഗണനയിലെ ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ ലിംഗാനുപാദം ക്രമാനുഗതമായി കുറയുന്നതായി കാണാം. ഇത് അടുത്ത തലമുറയിലെ ലിംഗാനുപാദത്തെ സാരമായി ബാധിക്കുന്നതാണ്. ഇപ്പോഴത്തെ അനുപാദം ആറുവയസിനു താഴെയുള്ളതിനേക്കാള്‍ കൂടുതലാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടുകളിലെ കുറവ് വരും ജനഗണനയില്‍ വ്യക്തമായി പ്രതിഫലിക്കുന്നതാണ്. ഇതുതന്നെയാണ് ആശങ്കയും. കഴിഞ്ഞ അമ്പതുവര്‍ഷമായി ലിംഗാനുപാദത്തിലുണ്ടായ കുറവ് അറുപത്തിരണ്ടു കുട്ടികളുടേതാണ്. ഇത് നൈസര്‍ഗികകമായി വേണ്ട അനുപാതത്തില്‍ നേരത്തെ തന്നെ ഇരുപത്തിയഞ്ചു കുട്ടികളുടെ കുറവിനു പുറമേയാണെന്നുള്ളതും ആശങ്കയുടെ കനം വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാലത്തേക്ക് സ്ത്രീയോടുള്ള/പെണ്‍ വര്‍ഗത്തോടുള്ള പത്യക്കുറവും അവഗണനയും തന്നെയാണ് ഈ വസ്തുതകള്‍ മുന്നോട്ടു വയ്ക്കുന്നത്.

ഇനി സ്ത്രീപുരുഷാനുപാതം സംസ്ഥാനങ്ങളുടെ/ഭൂപ്രകൃതിയുടെ കണ്ണിലൂടെ നോക്കിക്കണ്ടാല്‍ എന്താണ് ഹ്രസ്വകാലത്തേക്ക് നമുക്കു ലഭിക്കുന്ന സന്ദേശം? നാം പങ്കുവച്ച ആശങ്കയുടെ ആദ്യ പകുതി മനസിലാക്കുന്നത് നേരത്തെ മൊത്തം ലിംഗാനുപാദത്തില്‍ ദേശീയ ശരാശരിക്കുമുകളില്‍ നിന്ന വടക്കന്‍ സംസ്ഥാനങ്ങളായ ഹിമാചലും ഉത്തരഖണ്ടും 2011 ആയപ്പോഴേക്കും ദേശീയ ശരാശരിക്കു താഴെ ആയി എന്നുള്ളതാണ്. ചുവട്ടിലെ ഭൂപടം കാണുക.

അതുപോലെ തന്നെ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പെണ്‍കുഞ്ഞിനോടുള്ള സ്വീകാര്യത ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇവിടെയും പഞ്ചാബും ഹരിയാണയും ലിംഗാനുപാതത്തില്‍ തങ്ങളുടെ കുപ്രസിദ്ധി ഇനിയും കൈവിട്ടിട്ടില്ല എന്നുള്ളതാണ്. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഒരു സ്ത്രീപക്ഷ ഭൂപ്രകൃതി വരച്ചുകാണിക്കാമെങ്കിലും (ദേശീയ ശരാശരിക്കു മുകളില്‍) അത് ഉത്കണ്ഠകള്‍ അകറ്റുന്നില്ല. കാരണം, നൈസര്‍ഗിക സ്ത്രീ-പുരുഷാനുപാദത്തിനും കീഴെയാണ് എല്ലാ സംസ്ഥാനങ്ങളും നിലയുറപ്പിക്കുന്നത്. ഇത് വരും തലമുറയില്‍ സ്ത്രീപുരുഷാനുപാദത്തില്‍ വന്‍ കുറവുതന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് കൂടുതല്‍ ഗുരുതരമാകുന്നത് കടും പച്ചനിറത്തിലുള്ള സംസ്ഥാനങ്ങള്‍ ഇളംപച്ചനിറത്തിലേക്ക് പോകുമ്പോള്‍ നിറങ്ങള്‍ക്കൊപ്പം അപ്രത്യക്ഷമാകുന്നത് നമ്മുടെ പെണ്മക്കളാണെന്ന് മാതാപിതാക്കളും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ തഴയപെടുന്ന സ്ത്രീപക്ഷ ചിന്ത തികച്ചും സാമൂഹിക നീതിവ്യവസ്തയിലെ മൂല്യച്യുതിയല്ലാതെ മറ്റൊന്നുമല്ല. കൂടുതല്‍ ഗൌരവമേറിയ അവബോധം ഇന്ത്യന്‍ സമൂഹം അടിയന്തിരമായി ആര്‍ജിക്കേണ്ടിയിരിക്കുന്നു.

ഡിസംബര്‍ മൂന്നിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം

http://dillipost.in/2011/12/03/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8A%E0%B4%B2-%E0%B4%A8%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%B6%E0%B5%80%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81/


വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

ഉമേഷ് ഓമനക്കുട്ടന്‍, സിദ്ദിക്ക് റാബിയത്ത് & രാജീവന്‍ കുന്നത്ത്

കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട്‌ സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക ദുരുദ്ദേശ്യത്തോടു കൂടിയോ അല്ലാത്ത നയപരമായ വീഴ്ചകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഇനി ഈ കേസ് കോടതി മുന്‍‌മ്പാ‍കെ വാദ പ്രതിവാദങ്ങള്‍ക്കായി വരിക എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഈ കേസില്‍ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ചരിത്രത്തിന്റെ താളുകളിലേക്ക് മറയപ്പെടുന്നതിന്റെ ആദ്യപടിയായി വേണം സിബിഐ റിപോര്‍ട്ടിനെ മനസിലാക്കേണ്ടത്. അനേകായിരം സംശയങ്ങളുടെയും ആട്ടിപായിക്കലിന്റെയും, അസഭ്യതയുടെയും ദുഷിപ്പുപറച്ചിലിന്റെയും ശകാരവര്‍ഷത്തിന്റെയും കാലമാണ് ഇതോടപ്പം കടന്നുപോകുന്നത്. അവസരവാദികളും, കരിങ്കാലികളും വിപ്ലവ മുഖംമൂടി അണിഞ്ഞുകൊണ്ട് തീവെട്ടിക്കോലമാടിയ കാലംകൂടിയാണിത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത പത്ര മാധ്യമങ്ങളും ഇടതുപക്ഷത്തെ നിരന്തരമായി വേട്ടയാടിയ ബുദ്ധിജിവിളും കണ്ടതായി പോലും നടിച്ചില്ല. നിരവധി ലേഖനങ്ങളും വാര്‍ത്തകളും ലവാലിന്‍ അഴിമതിയെ കുറിച്ച് പ്രസിദ്ധികരിച്ച പത്രങ്ങളും അവസര്‍പ്പക കഥകള്‍ എഴുതിയ ബുദ്ധിജിവികളും തങ്ങള്‍ എഴുതിയ പലതും തെറ്റായിരുന്നു എന്നു ശബ്ദം താഴ്ത്തിയെങ്കിലും പറയും എന്നു കരുതിയവരെ എല്ലാം ഞെട്ടിച്ചു കൊണ്ട് മൗനം അവലംബിക്കുകയാണ് ചെയ്തത്. ‘ഇടതുപക്ഷത്തെ നന്നാക്കുക’ എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യം പൊള്ളയായിരുന്നു എന്നു ഈ സംഭവം ബോധ്യപ്പെടുത്തുന്നു.

ഈ ഒരു സാഹചര്യത്തില്‍ ഇത്രയും നാള്‍ ഉണ്ടായ ആരോപണങ്ങളും നിരന്തരമായ വേട്ടയാടലും അതിന്റെ പിന്നാം‌പുറങ്ങളില്‍ നടന്ന മറ്റുനാടകങ്ങളും കൂടതല്‍ വിശകലനത്തിനു വിധേയമാക്കേണ്ടുന്നതാണ്. ലോകം മുഴുവന്‍ ജനമുന്നേറ്റങ്ങള്‍ നടക്കുകയും “ഇട“ കൂടാരത്തില്‍ നിന്നു ഇടതുപക്ഷ കൂടാരത്തിലേക്കു ചേക്കേറുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയില്‍ അത്തരത്തില്‍ ഒരു വിശകലനം കേരളത്തിലേ ഇടതുപക്ഷത്തിന്റെ സമകാലിക ചരിത്രത്തില്‍ ഒഴിച്ചുകുടാന്‍ ആകാത്ത ഒന്നാണ്.

വേട്ടയാടിയത് പ്രസ്ഥാനത്തെ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിപിഎമ്മിനെയും അതിന്റെ സഹയാത്രികരെയും പരസ്പര സംശയത്തോടെ തമ്മില്‍ തമ്മില്‍ പോരടിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭങ്ങള്‍ക്കെല്ലാം അഴിമതി ആരോപണങ്ങളുമായി ബന്ധമുണ്ട്. സിപിഎമ്മിന്റെ സെക്രട്ടറിയുടെ പേരിലാണ് ഈ ആരോപണം ഉയര്‍ന്നത് എന്നത് മൂര്‍ച്ച കൂടിയ ആയുധമായി ഇടതുപക്ഷത്തേ സമൂഹ മധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ അതിന്റെ ആശയ രാഷ്ട്രിയ വൈരികള്‍ ഉപയോഗിക്കുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്.

എന്നാല്‍ ഇടതുപക്ഷ കുപ്പായമിട്ട ചില ബുദ്ധിജിവികളും മാധ്യമങ്ങളും ഈ അവസരത്തില്‍ നടത്തിയ ഇടപെടലുകളും ഉയര്‍ത്തിയ ആക്ഷേപങ്ങളും കരുങ്കാലിത്തരം എന്നു വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യമാണ്. കഴിഞ്ഞകാലത്ത് ഇത്തരക്കാര്‍ക്കെതിരേ തിരഞ്ഞു പിടിച്ച് സമൂഹ മധ്യത്തില്‍ നിര്‍ത്തി അവരുടെ വഞ്ചന സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കാന്‍ അമിത പ്രതിരോധത്തില്‍ ആയിപ്പോയ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവര്‍ അന്നു പറഞ്ഞ കാര്യങ്ങള്‍ മറവിയുടെ പാണ്ടകുഴിയില്‍ നിന്നു വീണ്ടെടുത്ത് ഒരോരുത്തരായായി അവരുടെ ചെയ്തികള്‍ക്ക് ഉത്തരം പറയിപ്പിക്കേണ്ടുന്ന ഒരു സമയം കൂടിയാണ് ഇത്.

അതിനു മുന്‍‌മ്പായി ഈ ആരോപണം കേരളത്തിലേയും ദേശിയതലത്തിലേയും പാര്‍ടിയേയും പാര്‍ടിക്കാരേയും എങ്ങനേ ബാധിച്ചു എന്നു വിലയിരുത്തേണ്ടതുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ വഞ്ചകരെന്ന വിളിക്ക് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയ നാളുകള്‍ക്കു അന്ത്യം കുറിച്ചുകൊണ്ടാണ് സിബിഐയുടെ പുതിയ റിപോര്‍ട്ട്‌ പുറത്തു വന്നത്. അഴിമതി നടത്തിയും സ്വജനപക്ഷപാതം കാണിച്ചും പൊതുമുതല്‍ കൈക്കലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി നിരന്തരമായി പ്രസംഗിച്ചും ലേഖനങ്ങള്‍ എഴുതിയും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചും ഒരു വിഭാഗം ആള്‍ക്കാര്‍ അരങ്ങ് കൈയടക്കി. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറി എന്നും കുത്തക മുതലാളിമാരുടെയും സമ്പന്നരുടെയും താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നതിനു ഉദാഹരണമായി ലാവലിന്‍ വിവാദം ഉയര്‍ത്തികാണിച്ചു കൊണ്ടായിരുന്നു ഇത്തരകാരുടെ വാചോടാപങ്ങള്‍.

ഇക്കാലത്ത് സിപി‌ഐ(എം)ന്റെ ദേശിയ ജനറല്‍ സെക്രട്ടറിയ്ക്കുവരെ നിരന്തരം ഈ വിവാദങ്ങള്‍ക്ക് ഉത്തരം പറയാനും ആരോപണങ്ങള്‍ നേരിടാനും സമയവും ഉര്‍ജ്ജവും ചിലവാക്കേണ്ടിവന്നു. കേരളത്തില്‍ വര്‍ഷങ്ങളോളം ഈ വിഷയത്തില്‍ പാര്‍ടിയ്ക്ക് നിരന്തരമായ ചര്‍ച്ചകളിലും രാഷ്ട്രീയ സമരങ്ങളിലും എര്‍പ്പെടേണ്ടിവന്നു. ഇടതുപക്ഷത്തിന്റെ വാദങ്ങളേക്കാള്‍ മറ്റുള്ളവര്‍ നടത്തിയ പ്രചരണ കോലാഹലങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വളരെ കാലം നീണ്ടു നിന്നതിന്റെ പ്രത്യാഘാതങ്ങള്‍ പലതായിരുന്നു.

അതില്‍ എറ്റവും പ്രധാനം ഇടതുപക്ഷത്തിനു സമൂഹ മധ്യത്തില്‍ അതിന്റെ മുഖം നഷ്ടപ്പെട്ടു എന്നതാണ്. ഈ പറയുന്നതാണ് ഇടതുപക്ഷം എന്നു ഭുരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന ഒരു അവസ്ഥ ഇതുമൂലം സംജാതമായി. ഇതു കുറേശ്ശേ പര്‍ട്ടി സഖാക്കളെയും ബാധിച്ചു എന്നത് നിക്ഷേധിക്കാന്‍ കഴിയത്ത കാര്യമാണ്. ഇത്തരം പ്രചരണ കോലാഹലങ്ങളില്‍ വിണ് ഒരു വിഭാഗം ഈ കാലയളവില്‍ പാര്‍ടിയില്‍ നിന്നും അകന്നു പോയി. ഇത്തരത്തില്‍ പോയവര്‍ പുറത്തുപോയി ഇത്തരം പ്രചരണങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ സംസാരിക്കുകകൂടി ചെയ്യാന്‍ തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകുന്നതിലേക്ക് നയിച്ചു. മുന്‍‌‌മ്പ് ഇത്തരത്തില്‍ പാര്‍ടി സഖാക്കള്‍ക്ക് നേരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ടി അണികളും പ്രവര്‍ത്തകരും അതു വിശ്വസിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിന്റെ നിജസ്ഥിതി പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടുന്ന ഒരു സാഹജര്യം പോലും പലപ്പഴും ഉണ്ടായിരുന്നില്ല. എന്നാല്‍ ലവാലിന്‍ വിവാദം പല പ്രവര്‍ത്തകര്‍ക്കും വിണ്ടും വിണ്ടും വിശദികരിച്ച് കൊടുക്കേണ്ടി വന്നു. എല്ലാ വിശദീകരണങ്ങള്‍ക്ക് ശേഷവും സംശയങ്ങള്‍ സഖാക്കളുടെ മനസില്‍ ബാക്കി നില്‍ക്കുന്ന ഒരു അവസ്ഥ കൂടി സംജാതമായി എന്നത് കൂടുതല്‍ ചിന്തകള്‍ക്ക് വിധേയമാക്കേണ്ട കാര്യമാണ്.

അതിവിപ്ലവകാലത്തെ കുറുക്കന്മാര്‍
ഇക്കാലത്ത് അരാജക ബുദ്ധിജീവികളും, ഉത്തരാധുനിക ബുദ്ധിജീവികളും, കുത്തക-മഞ്ഞ മാധ്യമങ്ങളും അതിവിപ്ലവകാരികളായിമാറിക്കൊണ്ട് സിപിഎം എന്നത് ചരിത്രത്തിലെങ്ങോ കണ്ട ഒരു സ്വപ്നമാണെന്ന് ഇന്നാട്ടിലെ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ചരിത്രപരമായി ഇടതുപക്ഷം എന്നത് ഇനി ഇല്ല എന്നും അതിന്റെ വേഷം ഇനി തങ്ങള്‍ക്കുള്ളതാണെന്നും ഇവര്‍ ഉദ്ഘോഷിച്ചു. “മ“ പത്രക്കാരുടെ മാധ്യമ-ബൌദ്ധിക ഗുണ്ടായിസം പല പല “ഇടങ്ങള്‍” നിര്‍മിച്ചുകൊണ്ട് ഇക്കാലത്ത് കേരളസമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം സ്വാധീനം ചെലുത്തുന്നത് നാം കണ്ടതാണ്. ഇതില്‍ എടുത്തു പറേയേണ്ടുന്ന പത്ര മാധ്യമ സ്ഥാപനമാണ് ‘മാധ്യയമം’. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം ഇടതുപക്ഷത്തിനു പല ബദലുകളും മുന്നോട്ടു വച്ചു. പിന്‍‌തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മറയായി ഉപയോഗിക്കുന്ന സോളിഡാരിറ്റി പോലുള്ള തങ്ങളുടെ പ്രസ്ഥാനങ്ങളെ ഇടതുപക്ഷത്തിനു ബദലായി പലയിടത്തും തിരുകി കയറ്റി.

ഇത്തരത്തില്‍ അവര്‍ക്ക് സ്വാധീനം ഉണ്ടാകാന്‍ കാരണമായത്‌ ഇടതുപക്ഷത്തിന്റേതു മാത്രമായിരുന്ന വിമര്‍ശന മണ്ഡലങ്ങള്‍ ഇവര്‍ക്ക് കൈയ്യേറാനായതുകൊണ്ടാണ്. ഈ ബുദ്ധിജീവികള്‍ ഇടതുപക്ഷത്തെ നിലംപരിശാക്കാനുള്ള മോഹവുമായി ഇക്കാലത്ത് തങ്ങളുടെ അച്ചുകൂടങ്ങള്‍ നിറച്ചത് എസ്എന്‍സി ലവാലിന്‍ എന്ന അപവാദപ്രചാരണങ്ങളുടെ പിന്നാമ്പുറങ്ങളിലായിരുന്നു.

അഴിമതി വിരുദ്ധപ്പോരാട്ടങ്ങളുടെ മുന്നണി പോരാളികളായിരുന്ന സഖാക്കളുടെ പാര്‍ടി അതിന്റെ സെക്രട്ടറിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണം പ്രതിരോധിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ കിതപ്പും കുതിപ്പും ഇടതുപക്ഷത്തിന്റെ വര്‍ത്തമാന കാല ചരിത്രത്തെ നിര്‍ണയിക്കുന്നതായി മാറി. വര്‍ത്തമാന കാലത്ത് ഇടതുപക്ഷം എന്ത് എന്ന ചോദ്യത്തിന് എസ്എന്‍സി ലവാലിന്‍ എന്ന സമസ്യയ്ക്ക് കൂടി ഉത്തരം പറയാന്‍ ഓരോ സഖാക്കളും ഉത്തരവാദിത്തപ്പെട്ടവരായിമാറി. സാമൂഹിക പുരോഗതിക്ക് ത്വരണം നല്‍കേണ്ടവര്‍ ഒരു അപസര്‍പ്പക കഥയിലെ കഥാപാത്രങ്ങളായി ചുരുക്കപ്പെട്ടു. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും അതിന്റെ സഹയാത്രികര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും ഉണ്ടാക്കിയ മാറ്റങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുവാന്‍ വഴിവയ്ക്കപ്പെടണം. ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് അത് അനിവാര്യമാണ്.

എല്ലാവരും കണക്കാണോ?
പാര്‍ടിക്കാര്‍ക്ക് സംഭവിച്ചതെന്തെന്ന ചോദ്യത്തിന് കാലാകാലമായി ഇടതുപക്ഷം തെറ്റ് എന്ന കണ്ട് അതിര്‍ത്തുപോന്നിരുന്ന അഴിമതി പോലുള്ള പലകാര്യങ്ങളും ലവാലിന്‍ വിവാദത്തിന്റെ വെളിച്ചത്തില്‍ രഹസ്യമായി ന്യായികരിക്കാന്‍ പാര്‍ടികാര്‍പോലും തയ്യാറാകുന്ന ഒരു ശ്രമം ഇക്കാലത്ത് നാം കണുക ഉണ്ടായി. “എല്ലാവരും കണക്കാ” എന്ന പിന്തിരിപ്പന്‍ ആശയത്തിനു കേരള മണ്ണില്‍ ആവോളം വേരോട്ടം കിട്ടാന്‍ ഇത്തരത്തില്‍ ഉള്ള അവസരവാദ യുക്തികള്‍ ഇടയാക്കി.

അധികാരത്തിന്റെ പടവുകള്‍ കയറിപോകാന്‍ ഉള്ള ഒരു ഉപകരണമായി പാര്‍ടിയേ പലരും കണ്ടു. നേതാവ് ലവാലിനല്ലേ, ലാല്‍സലാം ലവാലിന്‍ സലാമല്ലേ എന്ന പദപ്രയോഗങ്ങളിലൂടെ അനീതിയുടെയും കൊള്ളരുതായ്മയുടെയും വിഴുപ്പു ഭാണ്ഡം ചുമക്കുന്നവര്‍ അവരെ ന്യായീകരിച്ചു. എതിര്‍ത്തവരെ നേതാവിനെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചു, പരിഹസിച്ചു. സമൂഹപുരോഗതിയ്കും നീതിന്യായത്തില്‍ അതിഷ്ടിതമായ സാമുഹികവ്യവസ്ഥാ നിര്‍മിതിയ്ക്കും ഭൂഷണമല്ലാത്ത പ്രവര്‍ത്തനങ്ങളെല്ലാം ന്യായീകരിക്കപ്പെട്ടു. ഭൂരിപക്ഷ ചിന്തയും മനസും ഇത്തരത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഈ ലവാലിന്‍ കാലഘട്ടം വഹിച്ചപങ്ക് വരും കാലങ്ങളില്‍ ഇടതുപക്ഷക്കാരെ വേദിനിപ്പിക്കതന്നെ ചെയ്യും. അധികാര വടംവലികളും പാര്‍ലമെന്ററി വ്യാമോഹങ്ങളും സാധാരണവത്കരിക്കപ്പെട്ടത്തില്‍ ഞാനും നീയും കുഴപ്പക്കാര്‍ അതിനാല്‍ സമവായത്തില്‍ മോഷ്ടിക്കു എന്ന തത്വശാസ്ത്രത്തിന്റെ പുത്തന്‍ നീതീകരണമാണ് ലവാലിന്‍ കഥയിലൂടെ അരങ്ങുതകര്‍ത്തത്.

ഇക്കാലഘട്ടത്തില്‍ ഇത്തരം സമസ്യകള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നവര്‍ ഉയര്‍ത്തിയ വാദഗതികള്‍ ആത്മവിമര്‍ശനത്തിനു വിധേയമാക്കേണ്ട അവസരം കൂടിയാണിത്. ലവാലിന്‍ കേസിനെ ചുറ്റിപറ്റി ഉയര്‍ന്ന വിവാദങ്ങളില്‍ ഇടതുപക്ഷത്തിലെ ഓരോ സഖാവും കള്ളത്തരത്തിന്റെ ഓരോ കണികകളാണെന്നു വരുത്തിതീര്‍ക്കാന്‍ സഖാക്കള്‍ തന്നെ പരസ്പരം നടത്തിയ ശ്രമങ്ങളും ഈ അവസരത്തില്‍ പിണറായി വിജയന്‍ ചെന്നൈ വഴി ബങ്കോങ്ങിലേക്കും സിംഗപോരിലേക്കും പണമൊഴുക്കുന്നു എന്നു ബ്രാഞ്ചു കമ്മിറ്റി അംഗം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഭടന്മാര്‍വരെ ഒരുപോലെ വിശ്വസിചിരുന്നു എന്നതും അതു ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിച്ചു പറഞ്ഞു എന്നുള്ളതും അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല.

തെരുവുകള്‍ക്ക് ജീവന്‍ കൊടുക്കുക
സഖാക്കള്‍ തമ്മിലുള്ളതും സഖാക്കളോടു സമുഹത്തിനുമുണ്ടായിരുന്ന വിശ്വാസത്തിന്റെ കോട്ടകള്‍ക്ക് ഈ കാലയളവില്‍ വിള്ളല്‍ വീണു എന്നത് നിഷേധിക്കാന്‍ കഴിയാത്ത കാര്യമാണ്. സോഷ്യലിസ്റ്റു സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു എന്നു പറഞ്ഞു അതിനു ചരമകുറിപ്പുകള്‍ എഴുതാന്‍ ആള്‍ക്കാര്‍ തമ്മില്‍ മത്സരിക്കുന്ന കാലമായിരുന്നു അത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രിയ മുദ്രാവാക്യങ്ങളും സാമൂഹിക അടിത്തറയും ഇടങ്ങളായി മുറിച്ചു പങ്കിട്ടെടുക്കുവാന്‍ ഉത്തരാധുനികര്‍ മുതല്‍ മത മൗലികവാദികള്‍വരെ ഇക്കാലത്ത് കിണ‌ഞ്ഞ് പരിശ്രമിച്ചു കൊണ്ടേയിരുന്നു. അക്കൂട്ടരുടെ ശ്രമങ്ങള്‍ക്ക് ലവാലിന്‍ വിവാദം ഇടതുപക്ഷത്തിന്റെ പാളയങ്ങളില്‍ ഉണ്ടാക്കിയ വിള്ളല്‍ ഊര്‍ജം പകര്‍ന്നുവെന്നതാണ് നേര്.

“സന്തുഷ്ടമായ നഗരത്തിന്റെ മധ്യത്തിലേക്ക് അവര്‍ എലികളെ തുറന്നുവിട്ടു. അതു പിന്നിട് ആ നഗരത്തിന്റെ ശാന്തിയേ തന്നെ തകര്‍ത്തു” എന്ന അല്‍ബേര്‍ കാമുവിന്റെ ‘പ്ലേഗ്’ എന്ന നോവലിലെ വാക്യത്തിനെ ഓര്‍മിപ്പിക്കന്നതായിരുന്നു ഈ മാധ്യമ പ്രചരണ വേലകള്‍. എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കു പ്രചരണം നല്‍കുന്നതിനൊപ്പം അതിനെ ആശയതലത്തിലും രാഷ്ട്രിയ തലത്തിലും നേരിടേണ്ടിയിരുന്ന ഇടതുപക്ഷത്തേ വിവാദങ്ങളിലും അഴമതികഥകളിലും നിരന്തരമായി കുടുക്കി ഇടുകയും ചെയ്തു.

എലികള്‍ പെരുകി. പകര്‍ച്ച വ്യാധികള്‍ അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാനും തുടങ്ങി. പക്ഷേ തടയേണ്ടവര്‍ കണ്ടില്ല. കാരണം അവര്‍ മറ്റൊരു യുദ്ധം നടത്തുകയായിരുന്നു. ആ യുദ്ധത്തില്‍ താത്കാലികമായെങ്കിലും ഒരു വിജയം വന്നിരിക്കുന്നു. പക്ഷേ എലികള്‍ പരത്തിയ രോഗം ഇപ്പോള്‍ പല ഘട്ടങ്ങളും പിന്നിട്ട് മൂര്‍ച്ഛിച്ചിരിക്കുന്നു. പല അനുബന്ധ അസുഖങ്ങളും ഇതോടപ്പം പ്രത്യക്ഷപ്പെടുകയും പ്രശ്നം കൂടുതല്‍ ഗുരുതരമാകുകയും ചെയ്തിരിക്കുന്നു. പണ്ടേ ഉള്ള പല അസുഖങ്ങളും ഇപ്പോള്‍ മുര്‍ച്ഛിച്ചിക്കുന്നതിനും ഈ സാഹചര്യം ഇടയാക്കി. ഈ സാഹചര്യത്തിലേക്ക് നയിക്കുന്നതില്‍ ഇത്തരം മാധ്യമ ബൗദ്ധിക നീലകുറുക്കന്‍മാര്‍ വഹിച്ച പങ്ക് ശരിയായി വിലയിരുത്തേണ്ടുന്നത് ശക്തവും ഫലപ്രദവുമായ ചികിത്സാ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്.

സൂര്യന്‍ നട്ടുച്ചയ്ക്ക് കത്തിജ്വലിച്ചു നില്‍ക്കുന്ന സമയത്ത് കത്തിച്ചു പിടിച്ച റാന്തലുമായി യഥാര്‍ത്ഥ മനുഷ്യനേതേടി ഏഥന്‍സിന്റെ തെരുവിലേക്ക് ഇറങ്ങിയ ഡയോജനിസ് അന്നു വഴിതെറ്റിയ്ക്കപ്പെട്ട ജനത്തോട് പറയാന്‍ ശ്രമിച്ചത് അധികാര വര്‍ഗത്തിന്റെ പൊട്ടന്‍കളികളെ കുറിച്ചായിരുന്നു. അധികാര വര്‍ഗത്തോട് കലഹിക്കുന്ന ഒരോ ഇടതുപക്ഷ പുരോഗമനകാരനും/കാരിയും ഡയോജനിസിന്റെ കൈയില്‍ ഉള്ള റാന്തല്‍ വിളക്കിലെ കത്തുന്ന തിരികളാണ്. ആ റാന്തലിന്റെ വെളിച്ചം സമുഹത്തിനു യാഥാര്‍ഥ്യത്തിന്റെ മുഖം കാട്ടികൊടുക്കുന്നതിനായി ഉപയോഗപ്പെടേണ്ടതാണ്. എന്നാല്‍ ആ തിരികളില്‍ പലതും കരിന്തിരി കത്തിപോയി എന്നതാണ് യാഥാര്‍ത്യം.

തന്റെ മണ്‍കുടിലിന്നു മുന്നില്‍ സൂര്യനോട് സംവംദിച്ചു കൊണ്ടിരുന്ന ഡയോജനിസിന്റെ മുന്നിലേക്ക് വന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് അഹങ്കാരത്തിന്റെയും ഗര്‍വിന്റെയും കരിനിഴലുകള്‍ എന്നെ സത്യത്തിന്റെ പ്രകാശത്തില്‍ നിന്നു മറച്ചിരിക്കുന്നു, അതിനാല്‍ മാറിനില്‍ക്കു എനിക്കു സത്യത്തിന്റെ മുഖം കാണണം എന്നു പറഞ്ഞ ആ ത്വതജ്ഞാനിയുടെ അതേ മാര്‍ഗമാണ് ഈ കരിന്തിരികളുടെ കാ‍ര്യത്തിലും ഇനി ചെയ്യാനുള്ളത്. കരിന്തിരികള്‍ എടുത്തുമാറ്റി അതില്‍ നിന്നു ഉയരുന്ന കറുത്ത പുകയില്‍ നിന്നു മോചനം നേടി സത്യത്തിനു നേരേപിടിച്ച വിളക്കായി ഡയോജനിസ് തെരുവിലേക്ക് ഇറങ്ങാന്‍ ഉള്ള ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ് ഇത്.

എലിയേ നേരിടേണ്ടവര്‍ തമ്മില്‍ തല്ലിയാല്‍ മൂഷിക ഭരണമായിരിക്കും ഫലം. എലിയേ കൊല്ലാന്‍ അതിന്റെ വാസ്ഥലങ്ങളില്‍ പ്രധനമായ ഓവു ചാലുകള്‍ അടച്ചു കളഞ്ഞാല്‍ മലിനജലം കെട്ടികിടക്കുന്നതിനും അന്തരിക്ഷം ദുര്‍ഗന്ധ പൂരിതമാകുന്നതിലേക്കുമായിരിക്കും നയിക്കുക. ഓവുചാലുകളില്‍ കൂടി വെള്ളം ഒഴുകി പോകുന്നതിനു തടസ്സമുണ്ടാക്കാത്ത എലി നശികരണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ വിജയം കാണുകയുള്ളു.

പ്രകാശം പരക്കുമ്പോള്‍ എലികള്‍ താനേ ഓടിയോളിക്കും. അപ്പോള്‍ അവയുടെ മാളങ്ങള്‍ ആക്രമിച്ച് അവയെ എളുപ്പം നശിപ്പിക്കാനും കഴിയും; കുറഞ്ഞ പക്ഷം നിയന്ത്രിക്കാനെങ്കിലും കഴിയും. എലികള്‍ നശിപ്പിക്കപ്പെട്ടാല്‍ പകര്‍ച്ച വ്യാധി പരക്കുന്നത് തടയുന്നതും, രോഗം ബാധിച്ചവരെ ചികത്സിക്കുന്നതും എളുപ്പമാകും.തെരുവുകള്‍ക്ക് ജിവന്‍ വയ്ക്കാന്‍ ഇനി അതു മാത്രമാണ് മര്‍ഗം.

ജനുവരി രണ്ടിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്

ലിങ്ക് http://dillipost.in/2012/01/02/%E0%B4%B5%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BF/

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.


Saturday, April 7, 2012

തിരുകേശത്തെ കുറിച്ച് ചില ചോദ്യങ്ങള്‍

തിരുകേശ വിവാദം ഇപ്പോള്‍ മതത്തിന് വെളിയില്‍ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തേണ്ട എന്നു പറയുമ്പോഴും പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണത വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ എന്തഭിപ്രായം പറഞ്ഞാലും ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് കളമൊരുക്കും എന്നതാണ് പ്രശ്നം. പന്തിഭേദമില്ലാതെ ഈ വിഷയത്തെ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ ലേഖനം.

തൂങ്ങിക്കിടക്കുന്ന 'തിരുകേശം' (Courtesy: Vallikkunnu.com)

കേരളീയ മുസ്ലിങ്ങളുടെ, പ്രത്യേകിച്ചും സുന്നികളുടെ, വിശ്വാസം മൊത്തക്കച്ചവടം നടത്തുന്നവരാണ് കാരന്തൂരിലെ എപി സുന്നികളും (അരിവാള്‍ സുന്നികള്‍), ചെമ്മാടിലെ ഇകെ സുന്നികളും (കോണി സുന്നികള്‍). കഴിഞ്ഞ ദിവസം, എപി (കാന്തപുരം) പറയുകയുണ്ടായി, രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടേണ്ടതില്ല എന്ന്. ഇതിന്‍റെ പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ‘ആരുകത്തിച്ചാലും മുടി കത്തും’ എന്ന പ്രയോഗമാണ് എന്ന് വ്യക്തം. ഇവിടെ മുടി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തിരു നബിയുടെ കേശമാണ്. തിരുകേശം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന എപി സുന്നികള്‍ അതു സൂക്ഷിക്കാന്‍ നാല്‍പതു കോടി ചിലവിട്ടുകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി നിര്‍മിക്കാനൊരുങ്ങുകയാണ്. ആരാധനാലയങ്ങള്‍ക്കു പഞ്ഞമുള്ള നാടല്ല കേരളം. അടുത്തകാലത്ത് (മൂന്നുവര്‍ഷം മുന്‍പ്‌), കേരളത്തിലെ ഏറ്റം വലിയ നിസ്കാരപ്പള്ളി വിഴിഞ്ഞത്ത് പണിപൂര്‍ത്തിയായിരുന്നു. ഇതിന്‍റെയൊക്കെ പിന്നാലെയാണ് ഇന്ത്യയിലെതന്നെ വലിയ പള്ളിയുടെ ബ്ലൂ പ്രിന്റുമായി ബഹുമാന്യനായ എപി രംഗത്തെത്തിയിരിക്കുന്നത്.

വിശ്വാസികളെ സംബന്ധിച്ച് ആരാധനാലയം പണിയുന്നത് പുണ്യകര്‍മമാണ്. അതിനവര്‍ സ്വന്തം വീട് പട്ടിണിക്കിട്ടായാലും സംഭാവന നല്‍കും. ഇത് മനസിലാക്കിയ കാന്തപുരമാണ് പുത്തന്‍ പടുകൂറ്റന്‍ പള്ളി പണിയല്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു നീതീകരണം നല്കുന്നതിലേക്കായി വേണം പ്രഥമ ദൃഷ്ടിയില്‍ തിരുകേശം അവതരിചിരിക്കുന്നത്. ഈ കച്ചവടത്തില്‍ ഇകെ വിഭാഗക്കാരും ഒട്ടും മോശമല്ല. ദില്ലിയില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന തിരുകേശത്തിനു കണ്ണുമടച്ചു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവരാണവര്‍. അപ്പോള്‍ കേരളത്തില്‍ കാന്തപുരത്തിന്റെ പക്കലുള്ള തിരുകേശം മാത്രം എന്തിനു വിവാദമാക്കണം എന്നാണ് സ്വാഭാവികമായി എപി സുന്നികള്‍ ചോദിക്കുന്നത്. ഇവര്‍ രണ്ടു വിഭാഗക്കാരും വെളിപ്പെടുത്താത്തത്, തോളറ്റം വരെ മുടിയുള്ള പ്രവാചകന്‍ എന്ന ചരിത്രവസ്തുതയ്ക്ക് വിഘാതമായി ചന്തിയറ്റം വരെ തൂങ്ങിക്കിടക്കാന്‍ പാകത്തിലുള്ള ദുബായ്‌ തിരുകേശത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ നിജസ്ഥിതിയെക്കുറിചാണ്. മുടി വെറുതെയിരുന്നാല്‍ നീളം വയ്ക്കുമോ?

വിവാദ തിരുകേശത്തേക്കുറിച്ച് നമുക്കല്‍പ്പം വിശദമായി പരിശോധിക്കാം. ബോംബെയിലെ ഏതോ ജാലീവാലയില്‍ നിന്നും ദുബായിലെ ഖോജ അഹമദ്‌ ഖസ്രജി നേടിയതാണ് ഈ തിരുകേശം. കാന്തപുരം ഇത് സംഘടിപ്പിച്ചത് ഖോജ അഹമദ്‌ ഖസ്രജിയുടെ പക്കല്‍ നിന്നും. ബോംബെയിലെ ചങ്ങാതിക്ക് ഇത് എവിടെ നിന്ന് കിട്ടിയെന്നതിനു മറുപടി ഇപ്പോഴും അവ്യക്തം. കാരണം, ഇത് ജാലവിദ്യക്കാരന്‍ എന്നു പറയാവുന്ന ഒരു പേരിനുടമയില്‍ നിന്നാണ് ഖസ്രജിക്ക് കിട്ടിയതെന്നതുതന്നെ! ഇനി കേശത്തിന്റെ യാഥാര്‍ത്ഥ്യവും മറ്റും ചോദിച്ചപ്പോള്‍ കാന്തപുരത്തിന്റെ മറുപടി ഇതൊക്കെ ഒരു വിശ്വാസമല്ലേ എന്നായിരുന്നു. അവിടെ ചോദ്യം ചോദിച്ചവരാണ് വെട്ടിലായത്. കാരണം, വ്യാജത്വം തെളിയിക്കാന്‍ അവരു മുന്നോട്ടുവച്ച നടപടിയില്‍ അവര്‍ തന്നെ വീഴുന്ന അവസ്ഥ. (ദില്ലിയിലേയും മുടി കത്തിക്കണമല്ലോ).

മൊത്തത്തില്‍ ഇത് മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങള്‍ വളരെ നിസാരമായ കുടുക്കുകളാണ്. ഉദാഹരണത്തിന്, തിരുകേശമാണെങ്കില്‍ ഇതിനു കുറഞ്ഞത് 1400 ഹിജ്റ വര്‍ഷമെങ്കിലും പഴക്കം വേണം. ഇത് മനസിലാക്കാന്‍ കരിച്ചും പൊരിച്ചുമൊന്നും നോക്കേണ്ട കാര്യമില്ല. കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള നൂതന സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കരിച്ചു തെളിയിക്കണം എന്നു വാശിപിടിക്കുന്നത് മണ്ടത്തരമാണ്. കാരണം, ഇതെങ്ങാനും കരിഞ്ഞു പോയാല്‍ പിന്നെ ഈ മൊത്തക്കച്ചവടക്കാര്‍ ഒക്കെ കുടുങ്ങില്ലേ. ഇതിനും ഇവര്‍ക്ക് മറുപടിയുണ്ട്–അവര്‍ കാര്‍ബണ്‍ ഡേറ്റിംഗില്‍ വിശ്വസിക്കുന്നില്ല. പിന്നെയുള്ളത് ഇതിലങ്ങു വിശ്വസിക്കുക എന്നതാണ്. അങ്ങനെയാണെങ്കില്‍ കുഴപ്പമാകും. കാരണം. ഇകെ-കാരെ സംബന്ധിച്ച് അങ്ങനെ ഒന്ന് സമ്മതിച്ചുകൊടുത്താല്‍ കാന്തപുരം സംഘം സെഞ്ചുറി നേടും. അതു പിന്നെ സ്വാഭാവികമായും അവരില്‍ ക്ഷീണം ഉണ്ടാക്കും. ഇനി വിശ്വസിചില്ലെങ്കില്‍ ദില്ലിയിലെ മുടിയും കത്തിക്കെണ്ടിവരും. അപ്പോള്‍ കുടുക്ക് കൂടുതല്‍ കുരുങ്ങും.

പ്രവാചകനിന്ദ
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, താന്‍ മരണപ്പെടുന്നതിനു (വഫാത്താകുന്നതിനു) തൊട്ടു മുമ്പു വരെ വിഗ്രഹാരാധനയും മറ്റു ശരീര പൂജകളും നിശിതമായി വിമര്‍ശിക്കുകയും, തന്നെ ഒരിക്കലും ആരാധനാ പാത്രമാക്കരുതെന്ന് തുടര്‍ച്ചയായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ്‌ നബിയുടെ (സ) മുടിക്ക് വിലകല്പിക്കുകയും, അതിന്റെ മഹത്വത്തില്‍ വീമ്പ് പറയുകയും ചെയ്യുന്നത് പ്രവാചക നിന്ദയല്ലാതെ മറ്റൊന്നുമല്ല എന്നതാണ്.

കാരണം, കേശം കത്തില്ല തുടങ്ങിയ ഗീര്‍വാണങ്ങള്‍ വിടുമ്പോള്‍ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പ്രവാചകനെ തന്നെയാണ്. പ്രവാചകന്‍റെ ശരീരത്തിന് കല്പിക്കരുതെന്നു പറഞ്ഞ വില ഈ മുടിക്കെന്തിനു ചാര്‍ത്തിക്കൊടുക്കണം എന്നതും ചോദ്യമാണ്. മറ്റൊരു കുടുക്ക്, റസൂലിന്റെ മുടി കത്തിയില്ലെങ്കില്‍, ഇവരുടെ യുക്തിപ്രകാരമോ അല്ലെങ്കില്‍ വിശ്വാസ പ്രകാരമോ 1400 വര്‍ഷങ്ങള്‍ക്കു ശേഷവും തിരു നബിയുടെ ശരീരം ഇന്നും ജീര്‍ണിച്ചിട്ടില്ല എന്നു വാദിക്കാമെന്നതാണ്. അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് ദൃഷ്ടാന്തമാക്കി ലോകം മുഴുവനും അദ്ദേഹത്തിന്റെ വിശ്വാസത്തിനു അടിപ്പെട്ടേനെ. അതിനു 1400 വര്‍ഷമോ, ലോകം മുഴുവനും നടന്ന ഇസ്ലാം പ്രചരണമോ ഒന്നും വേണ്ടി വരില്ലായിരുന്നു. ഇത്തരം സമസ്യകള്‍ക്കൊന്നും ചെമ്മാട്-കാരന്തൂര്‍ സുന്നികള്‍ ഉത്തരം പറയുന്നില്ല. ഇത് മറന്നതാണോ വിഴുങ്ങിയതാണോ എന്നും വ്യക്തമല്ല.

ഇനി കേശം നബി(സ)യുടേത് തന്നെയാണെന്നിരിക്കട്ടെ. അപ്പോള്‍ ഇതെവിടെ നിന്ന്, എങ്ങിനെ വന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായും ഉത്തരം പറയാന്‍ കേരള സുന്നികള്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചാല്‍, അവര്‍ ഏതു മതക്കാരോ, രാഷ്ട്രീയക്കാരോ, വിശ്വാസികളോ, അവിശ്വാസികളോ ആകട്ടെ, ഉത്തരം പറയാനുള്ള ബാധ്യസ്ഥത തിരുകേശം കൈയ്യിലുണ്ടെന്നു പറയുന്നവര്‍ക്കുണ്ട്. അല്ലാതെ, ചോദ്യങ്ങള്‍ക്കു നേരെ കണ്ണുരുട്ടിക്കാണിച്ചാല്‍ കളവ് സത്യമാകുകയോ, സത്യം സത്യമല്ലാതാകുകയോ ചെയ്യില്ല എന്ന് പണ്ഡിതനായ കാന്തപുരത്തിന് അങ്ങോട്ടു പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.

അപ്പോള്‍ എന്തിനാണ് ഇത്തരം കോലാഹാലങ്ങള്‍ എന്ന് വീണ്ടും നമുക്ക്‌ ചോദിക്കാം. കാരണം, ഏതെങ്കിലും ചരിത്ര ഗ്രന്ഥങ്ങളിലോ, ഹദീസുകളിലോ ഇങ്ങനെ കുറച്ചു മുടി നബി(സ) മുറിച്ചു ആര്‍ക്കെങ്കിലും നല്കിയതായിട്ട് ആരും പറയുന്നില്ല. ഇതെഴുതുന്നയാളുടെ പരിമിതമായ അറിവിലും അത്തരമൊരു കഥ കേട്ടിട്ടില്ല. ഇനി റസൂല്‍ (സ) മുടി മുറിച്ചു നല്കിയിട്ടില്ലെങ്കില്‍, ഇത് ലഭിക്കാനുള്ള ഒരു മാര്‍ഗം മദീനയിലെ നബിയുടെ കബര്‍ മുടി ആദ്യമായി സ്വന്തമാക്കിയവര്‍ പൊളിച്ച് നോക്കിയിട്ടുണ്ടാവണം എന്നതാണ്! അതിനെകുറിച്ച് തിരുകേശം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്നവര്‍ എന്തു പറയുന്നു?

മതവും രാഷ്ട്രീയവും
മതത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട എന്ന പ്രസ്താവനയും അത്യധികം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാരണം, ബഹുമാന്യനായ കാന്തപുരവും എപി സുന്നികളും ഇകെ സുന്നികളും എല്ലാം നിരന്തരമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ മതസ്വത്വങ്ങള്‍ വിറ്റഴിക്കുമ്പോള്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടെണ്ടാ എന്ന് അഭിപ്രായപ്പെടുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, രാഷ്ട്രീയ-മത താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഇവര്‍ നിര്‍ലോഭം കേരള രാഷ്ട്രീയത്തില്‍ സുന്നികളെയും ഇസ്ലാമിനെയും കച്ചവട ചരക്കാകുമ്പോള്‍, രാഷ്ട്രീയത്തിന് മതത്തില്‍ കാര്യമില്ല എന്ന് പറയുന്നത് അയുക്തവുമാണ്. അതുകൊണ്ട്, രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതിനെ ഭയക്കുന്നുവെങ്കില്‍ തങ്ങളുടെ മതപരതയിലെ രാഷ്ട്രീയ പ്രതിച്ഛായ ആദ്യം ഇവര്‍ ത്യജിക്കേണ്ടിവരും. അല്ലാതെ, ഇപ്പോഴത്തെ അവസ്ഥയില്‍, ഇക്കൂട്ടരുടെ പ്രതിച്ഛായതന്നെ രാഷ്ട്രീവത്കൃതമായിരിക്കുമ്പോള്‍ “രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല” എന്നീ പ്രയോഗങ്ങള്‍ മതമേലാളന്മാരുടെ ഗൂണ്ടായിസമാണെന്ന് തറപ്പിച്ച് പറയേണ്ടിവരും.

ചുരിക്കിപ്പറഞ്ഞാല്‍ കേരളത്തിലെ രണ്ടു സുന്നി വിഭാഗകളും നടത്തുന്ന ഈ വിവാദം തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടുള്ളതാണ് എന്നത് വെള്ളം പോലെ വ്യക്തമാണ്. ഇതിനിടയില്‍ പിണറായി വിജയനെ വലിച്ചിഴക്കുന്നത് ഇവരുടെ മുഖം രക്ഷിച്ചു ഇടതുപക്ഷത്തിനെതിരായി മുസ്ലിം വികാരം ഇളക്കി വിടുക എന്ന രാഷ്ട്രീയലക്ഷ്യത്തോടെയുമാണ്. ഇതില്‍ മാധ്യമങ്ങള്‍ കളിക്കുന്ന കളിയും വ്യക്തം. ഇകെ-ക്കാര്‍ പൊറാട്ട് നാടകം കളിക്കുമ്പോഴും, കോണിയും, കോണ്‍ഗ്രസുമൊക്കെ തന്ത്രപരമായ മൗനം പാലിക്കുമ്പോഴും, ഇക്കാര്യത്തില്‍ പിണറായിയെ ബലിയാടാക്കാനാണ് മാധ്യമങ്ങള്‍ക്ക് പ്രിയം. ഈ സാഹചര്യത്തില്‍ കേശ വിവാദം രാഷ്ട്രീയ മത മാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ വെള്ളംകൂടുതല്‍ കലങ്ങുകയാണ്. അതില്‍ ചിലരൊക്കെ ഇപ്പോഴേ വലയെറിഞ്ഞു കാത്തിരിക്കുകയുമാണ്.

ഫെബ്രുവരി ഇരുപത്തിരണ്ടിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം

http://dillipost.in/2012/02/22/prophet-muhammad-holy-hair-row/

Thursday, April 5, 2012

ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍


സിദ്ദിക്ക് റാബിയത്ത് & ഉമേഷ് ഓമനക്കുട്ടന്‍

പുതുഗുജറാത്ത് എന്ന വലിയ നുണ‘ എന്ന ‌ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമോ? അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

‘പുതു ഗുജറാത്ത്‌’ മാതൃക മധ്യവര്‍ഗത്തിന്‍റെ തന്നെ വികസന അജന്‍ഡയില്‍ ഒതുങ്ങുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ ലേഖനത്തില്‍ പറഞ്ഞതിനുപരി, പുതുഗുജറാത്ത് മാതൃകയുടെ മേന്മകളായി പലരും ചൂണ്ടിക്കാട്ടിയ മേഖലകളാണ് വൈദ്യുതി, റോഡ്, ദലിത്-ആദിവാസി വിഭാഗങ്ങളുടെ വികസനം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നിവ. ഈ മേഖലകളില്‍ ഉണ്ടായി എന്നു പറയപ്പെടുന്ന വികസനത്തിന്റെ യാഥാര്‍ത്ഥ്യം എന്താണ്, ആ വികസന മുന്നേറ്റങ്ങള്‍ ആരെയാണ് ലക്ഷ്യം വച്ചതു തുടങ്ങിയവ ഓരോരോ കേസുകളായി എടുത്തു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇതിനായി ലേഖനം ഉപയോഗിക്കുന്ന പ്രധാന ഉറവിടങ്ങള്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സാമൂഹിക-സാമ്പത്തിക അവലോകനത്തിന്റെ വ്യത്യസ്ഥ പതിപ്പുകള്‍, റിസര്‍വ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ പ്രസിദ്ധീകരണങ്ങള്‍, 2011 ലെ കാനേഷുമാരി കണക്കുകള്‍, യുനൈറ്റഡ്‌ നേഷന്‍സ്‌ ഡെവലപ്മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി) റിപോര്‍ട്ടുകള്‍ തുടങ്ങിയവയാണ്.

സംസ്ഥാന ആഭ്യന്തരോത്പാദനം
നെറ്റ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (NSDP)നെ കുറിച്ച് ഉണ്ടായ തര്‍ക്കങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക കണക്കനുസരിച്ച്, കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതു പോലെ, ഗുജറാത്ത്‌ പല സംസ്ഥാനങ്ങള്‍ക്കും, എല്ലാ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പിന്നിലാണെന്നത് വസ്തുതയാണ്. (പട്ടിക ഒന്ന് കാണുക: ഇതിന്റെ റിസര്‍വ് ബാങ്ക് ഡാറ്റയുടെ ലിങ്ക്: http://www.rbi.org.in/Scripts/PublicationsView.aspx?id=13597). ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്ന വസ്തുത നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് (1998-99) വരെ ഗുജറാത്തിന്റെ എന്‍എസ്ഡിപി ഹരിയാണയേക്കാള്‍ കൂടുതലയിരുന്നു. എന്നാല്‍ 2001ലെ മോഡിയുടെ ആഗമനത്തിനു ശേഷം ഇത് ഹരിയാണയേക്കാള്‍ കൂടിയില്ല, പകരം കുറഞ്ഞു കൊണ്ടേയിരിക്കുന്നു. മോഡി കാരണം ഗുജറാത്തിലെ വികസനം ത്വരിതപ്പെടുന്നു എന്ന വാദഗതിക്കാര്‍ ഇതുകൂടി വിശദികരിക്കേണ്ടതാണ്. ഇനി വളര്‍ച്ച ദേശീയ ശരാശരിയുമായാണ് താരതമ്യം ചെയ്യുന്നതെങ്കില്‍ ഗുജറാത്തിനൊപ്പം മുന്‍നിരയില്‍ മറ്റു പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിലയുറപ്പിക്കുന്നുണ്ട്. വിശദാംശങ്ങള്‍ പട്ടികയില്‍ നിന്നും മനസിലാക്കാവുന്നതാണ്.

അതേ സമയം തന്നെ ‘പുതുഗുജറാത്ത് എന്ന വലിയ നുണ’യില്‍ ഉണ്ടായിരുന്ന വസ്തുതാപരമായ ഒരു പിശക് ചൂണ്ടിക്കാണിച്ചതിനു വായനക്കാരോട് നന്ദിയും, തെറ്റു വന്നതിന് ഖേദവും പ്രകടിപ്പിക്കുന്നു. അത് കേരളത്തിലെ വരുമാനം ഗുജറാത്തിനേക്കാള്‍ കൂടുതലല്ല അല്പം കുറവാണ് എന്ന വസ്തുതയാണ്. കേരളത്തിന്‍റെ ഈ വരുമാനം കൂടുതലോ/കുറവോ എന്നത് ഗുജറാത്തിനെ അവലോകനം ചെയ്യുന്നതില്‍ കാര്യമായി സ്വാധീനിക്കുന്ന ഒന്നല്ല എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ. കാരണം, ചരിത്രപരമായി ഗുജറാത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം കേരളത്തേക്കാളും, നരേന്ദ്രമോഡി വരുന്നത്തിനു മുന്‍പും പിന്‍പും കൂടുതലാണ്. അടുത്തതായി, വൈദ്യുതി മേഖലയില്‍ മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെ പരിശോധിക്കാം.

വൈദ്യുതി ഉത്പാദനവും ഉപഭോഗവും
1992ല്‍ മൊത്തം വൈദ്യുതികരിക്കപ്പെട്ട ഗ്രാമങ്ങള്‍ 17,985 ആയിരുന്നു. അത് 2005 ആയപ്പോഴേക്കും 17,823 ആയി കുറഞ്ഞു. 2007ല്‍ അത് 17,986 ആയി. ഇവിടെ മോഡി ഭരണത്തിന്റെ മൊത്തം വളര്‍ച്ച പുറകോട്ട്. മൊത്തം വൈദ്യുതികരണത്തിന്റെ വളര്‍ച്ച 1992-2007 കാലയളവില്‍ ഏകദേശം പൂജ്യമാണ്. (ഉറവിടം: സോഷ്യോ ഇക്കണോമിക് റെവ്യൂ ഓഫ് ഗുജറാത്തിന്‍റെ വ്യത്യസ്ഥ പതിപ്പുകള്‍) 2011ലെ കാനേഷുമാരി കണക്കനുസരിച്ച് 18,225ഗ്രാമങ്ങളാണ് ഗുജറാത്തില്‍ ഉള്ളത്. അതായത്, ഗ്രാമങ്ങളിലെ വികസനത്തെ കുറിച്ച് കഴിഞ്ഞ ഇത്രയും നാളത്തെ ഭരണകാലയളവില്‍ കാര്യയമായി ഒന്നും ചെയ്യാതെ, ഉതിപെരുപ്പിച്ച കണക്കുകള്‍ കാട്ടി പ്രചരണം നടത്തുക മാത്രമാണ് മോഡിയും അദ്ദേഹത്തിന്റെ അനുയായികളും ചെയ്തു വരുന്നത്. അതുകൊണ്ട് തന്നെയാണ് പുതുഗുജറാത്‌ ഒരു മിഥ്യയാണെന്ന് മുന്‍‌ലേഖനത്തില്‍ വാദിക്കാനുള്ള കാരണവും.

വൈദ്യുതിമിച്ച സംസ്ഥാനമായി സ്വയം പ്രഖ്യപിച്ചു മറ്റു സംസ്ഥാനങ്ങള്‍ക്കു ഇക്കാലയളവില്‍ ഗുജറാത്ത് വൈദ്യുതി വിറ്റിരുന്നു. വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവ്‌ ഉണ്ടായി, അത് മറ്റു സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുമ്പോഴും മോഡി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പൂര്‍ണ വൈദ്യുതീകരണം നടത്തിയില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം കച്ചവട കുത്തകകള്‍ മാത്രമേ ഗുജറാത്തില്‍ ‘ഹിന്ദുത്വ ഇന്ത്യകാരയി’ ഉള്ളൂ എന്ന് ചുരുക്കിപ്പറയേണ്ടിവരും. അവരുടേ ക്ഷേമം കൃത്യമായി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുമുണ്ട് എന്നതാണ് കോര്‍പറേറ്റ്‌ ഇന്ത്യക്ക് മോഡിയെ പ്രിയങ്കരനാക്കുന്നത്. ഗ്രാമങ്ങളില്‍ വെളിച്ചം എത്തിയാല്‍ എന്താ, ഇല്ലെങ്കില്‍ എന്താ എന്നതായിരുന്നു നയം എന്നു വ്യക്തം.

ഇനി വൈദ്യുതിയുടെ ഉപഭോഗകണക്കുകള്‍ പരിശോധിക്കാം. കണക്കുകള്‍ ചുവടെ പട്ടികയില്‍.

മുകളിലത്തെ പട്ടികയില്‍ നിന്നും മനസിലാക്കാവുന്ന കാര്യം 1994 മുതല്‍ ഗാര്‍ഹിക ഉപഭോഗം ക്രമമായി ഉയരുന്നുണ്ട് എന്നതാണ്. അല്ലാതെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മാത്രമല്ല ഈ ഉപഭോഗ വര്‍ധനവ്‌ ഗുജറാത്തില്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു പ്രധാന കാര്യം വ്യാവസായിക ഉപഭോഗം തൊണ്ണൂറ്റിനാലിനുശേഷം ക്രമമായി കുറഞ്ഞു വന്നു എന്നതാണ്. എന്നാല്‍ 2002നു ശേഷം വീണ്ടും വ്യവസായിക ഉപഭോഗത്തില്‍ വര്‍ധനവുണ്ടായി. ഇതിനെ നമുക്ക് ഒരു വ്യവസായ സൗഹൃദ കാഴ്ചപ്പാടായി കാണുകയും ചെയ്യാം. ഇവിടെ വിസ്മരിക്കാന്‍ കഴിയാത്ത വസ്തുത, വ്യവസായ സൗഹൃദസമീപനത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ കണക്കില്‍കൂടി നോക്കുമ്പോഴും ഗുജറാത്ത് ഇതുവരെയും 1995ലുണ്ടായിരുന്ന അവസ്ഥയില്‍ എത്തിയിട്ടില്ല എന്നുള്ളതാണ്. മുകളിലത്തെ പട്ടിക ഇത് വ്യക്തമാക്കുന്നുമുണ്ട്.

1995നു ശേഷം ഉണ്ടായ വൈദ്യുതിയുടെ വ്യവസായ ഉപഭോഗത്തിലുണ്ടായ കുറവ് ഈ കാലയളവില്‍ ഗുജറാത്തില്‍ വ്യവസായം തന്നെ മന്ദീഭവിച്ചതു കാരണമാണെന്ന് ഒരു വാദമുന്നയിക്കാം. ഇത് സ്ഥിരീകരിക്കുന്നത് വ്യവസായ വളര്‍ച്ച രാഷ്ട്രീയ സുസ്ഥിരതയുമായി അഭേദ്യമായ ബന്ധം സൂക്ഷിക്കുന്നു എന്ന സാമ്പത്തിക ശാസ്ത്ര നിഗമനങ്ങളെയാണ്. കാരണം 1995-2001 കാലയളവില്‍ സംസ്ഥാനം കണ്ടത് ഏഴു മുഖ്യമന്ത്രിമാര്‍. ഈ സ്ഥൂല സാമ്പത്തിക സൂചിക പല പഠനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഉദാ: ലോകബാങ്ക്, ലോകനാണ്യ നിധി മുതലായവരുടെ പല പഠനങ്ങളും വ്യവസായ വളര്‍ച്ചക്ക് രാഷ്ട്രീയ സുസ്ഥിരതയുടെ ആവശ്യം എന്ന സൂചിക ഉപയോഗിക്കുന്നുണ്ട്. ഇതായിരിക്കാം ഗുജറാത്തിലെ വ്യവസായ വളര്‍ച്ചയും വൈദ്യുതി ഉപഭോഗവും ഈ കാലഘട്ടത്തില്‍ കുത്തനെ കുറച്ചത്‌. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഗുജറാത്തിന്‍റെ സുസ്ഥിര വൈദ്യുതി ഉപഭോഗം പഴയ നിലയിലെത്തിക്കാന്‍ ഇതുവരെയും (പത്തുവര്‍ഷത്തിനു ശേഷവും) കഴിയാത്തത് മോഡി ഗുജറാത്തിന്‍റെ മികവുതന്നെയാണ് എന്നുകൂടി പറയേണ്ടിവരും!

ഉപ്പ്, സോഡാകാരം, വജ്രം മുതലായ വ്യവസായങ്ങള്‍
ഗുജറാത്തിന്‍റെ പ്രധാന വ്യവസായങ്ങളായ ഉപ്പ്, സോഡാകാരം, വജ്രം തുടങ്ങിയവയെകുറിച് അടുത്തതായി പരിശോധിക്കാം. ഇതില്‍ ഗണ്യമായ പുരോഗതി നേടിയെന്ന വസ്തുതയാണ് ഇതുപരിശോധിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തെ ഉപ്പ് നിര്‍മാണത്തിന്റെ 78 ശതമാനവും, സോഡാകാരത്തിന്റെ 98 ശതമാനവും നടക്കുന്നതു ഗുജറാത്തിലാണ് (ഉറവിടം: ഗുജറാത്തിലെ സോഷ്യോ-ഇക്കണോമിക് അവലോകനത്തിന്‍റെ വ്യത്യസ്ഥ പതിപ്പുകള്‍). ഇത് നരേന്ദ്ര മോഡി പുതിയതായി സൃഷ്ടിച്ചതൊന്നുമല്ല. ‘പ്രകൃതി വിഭവങ്ങളായ ഉപ്പിന്റെയും സോഡാകാരത്തിന്റെയും ലഭ്യത’ ഉപ്പും കാരവുമായി ബന്ധപ്പെട്ട വ്യവസായ ശാലകള്‍ ഗുജറാത്തില്‍ വരുവാന്‍ കാരണമായി.

ഇത്തരം വ്യവസായങ്ങള്‍ എക്കാലവും ഗുജറാത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വ്യവസ്ഥയ്ക്കു നിര്‍ണായക സംഭാവനകള്‍ നകുകയും ചെയ്തിരുന്നു. അതില്‍ നിന്നു എന്തുതരത്തിലുള്ള മുന്നേറ്റമാണ് മോഡിഭരണം ഉണ്ടാക്കിയതു എന്നതിനു കൃത്യയമായ ഉത്തരം പരസ്യപ്രചരണളില്‍ നിന്നു വ്യക്തമല്ല. ഇവര്‍ക്ക് വ്യക്തമാക്കാന്‍ കഴിയുന്നതിനായുള്ള രേഖകളോ, പറയത്തക്ക ഒരു മുന്നേറ്റം ചൂണ്ടികാട്ടുന്ന കണക്കുകളോ ഇതുവരെ പുറത്തു വന്നിട്ടുമില്ല. ഉപ്പിന്റെയും കാരത്തിന്റെയും കണക്കുകള്‍ നിരത്തുന്നവര്‍ മറക്കുന്നത് ഇതെല്ലാം ഗുജറാത്തില്‍ സമ്പന്നവും ആയതിനാല്‍ അത്തരം വ്യവസായങ്ങള്‍ കാലാ കാലങ്ങളായി ഗുജറാത്തില്‍ ആണെന്നതുമാണ്. അതിനാല്‍ ഇതിന് മോഡിയുമായി യാതൊരു ബന്ധവുമില്ല എന്ന് തീര്‍ത്തുപറയാം. ഉദാഹരണത്തിന്, ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്‌ സര്‍ക്കാരിനോട് സമരം ചെയ്യാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തതും, ഉപ്പുസത്യാഗ്രഹത്തിനു വേദിയായതും ഗുജറാത്തിലെ ദണ്ടിയാണല്ലോ. കാരണം അത് ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പളമുള്ള കടപ്പുറങ്ങളില്‍ ഒന്നായതിനാലാണ്.

വജ്ര വ്യവസായത്തെക്കുറിച്ചാണെങ്കില്‍ വജ്ര സംസ്കരണവും കട്ടിങ്ങും കാലാകാലമായി ഇന്ത്യയില്‍ ഗുജറാത്തില്‍ മാത്രമുള്ള വ്യവസായമാണ്‌. യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോള്‍ ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്കു പോയിരുന്നു. വജ്രത്തൊഴിലാളികളുടെ വേതനം കുത്തനെ വെട്ടിക്കുറച്ചുകൊണ്ടാണ് വ്യവസായങ്ങളും, സംസ്ഥാന സര്‍ക്കാരും അന്ന് പ്രതിസന്ധിയോട് പ്രതികരിച്ചത്! അതാണ്, നവലിബറല്‍ നയങ്ങളോടുള്ള മോഡിയുടെ പ്രതിബദ്ധത. താഴെയുള്ള ഗ്രാഫില്‍ നിന്നും അവിടെ ഉണ്ടായിട്ടുള്ള കൂലി തകര്‍ച്ചയുടെ ഒരു വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്.

യാതൊരു തൊഴില്‍-കൂലി നിയന്ത്രണങ്ങളുമില്ലാതെ വിരാജിച്ച ഈ മേഖല സാവധാനം തകര്‍ച്ചയിലേക്കു പോയപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നത് വ്യക്തമാണ്. കാരണം, വികസന നായകന്‍ കമ്പോള തത്വശാസ്ത്രങ്ങള്‍ തെറ്റിക്കാന്‍ പാടില്ലല്ലോ! സ്വാഭാവികമായും പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഈ മേഖലയിലെ വ്യവസായികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങി. ഇതു മൂലം കനത്ത തൊഴില്‍ നഷ്ടമാണ് വജ്രവ്യവസായ മേഖലയിലുണ്ടായത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അനങ്ങിയില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മേഖലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കണക്കെടുത്തിരുന്നു. ആ വിവരങ്ങള്‍ താഴെ.

വന്‍തോതിലുള്ള കൂലിത്തകര്‍ച്ചയും, തൊഴില്‍ നഷ്ടവും ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ല എന്നു യുഎന്‍ഡിപി നടത്തിയ പഠനങ്ങളും പറയുന്നു (http://www.undp.org.in/sites/default/files/reports_publication/diamondFinal.pdf). മേല്പറഞ്ഞ വ്യവസായ മേഖലയിലെ 88 ശതമാനം തൊഴിലാളികളും നിത്യ പട്ടിണിയിലേക്ക് എറിയപ്പെട്ടപ്പോഴും അവരുടെ അധ്വാനത്തിന്റെ ബലത്തില്‍ കയറ്റുമതി മേഖലയില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കി എന്നു അവകാശവാദം ഉയര്‍ത്തിയ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയല്ലാതെ എന്തു നയമാണ് ഈ തൊഴിലാളികള്‍ക്കു വേണ്ടി സ്വീകരിച്ചത്‌? ‘ഗുജറാത്ത്‌ വികസന’ മോഡല്‍ പ്രചാരകര്‍ ഇതൊന്നു വ്യക്തമാക്കാമോ? അതോ, തൊഴിലാളികളെ പട്ടിണിക്കിട്ടായാലും സ്റ്റാറ്റിസ്റ്റിക്സ് ശക്തിപ്പെടുത്തലാണോ ഗുജറാത്ത് മോഡലിന്റെ കാതല്‍?

റോഡ് വികസനം
അടുത്തതായി പുതു ഗുജറാത്തിലെ റോഡ്‌ വികസനത്തെ പരിശോധിക്കാം. മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ ഗുജറാത്തിലെ മൊത്തം റോഡുകളുടെ നീളം (ഗ്രാമ, ജില്ല, സംസ്ഥാന,ദേശീയ പാതകള്‍) 74,018 കിലോമീറ്റര്‍. അതിപ്പോഴും 75,000 കിലോമീറ്ററിനു മുകളില്‍ എത്തിയിട്ടില്ല. ഇവിടെ മോഡി കൂട്ടിയ പുതിയ റോഡുകള്‍ എത്ര എന്നൊന്നും ഞങ്ങള്‍ പറയേണ്ടതില്ല. മോഡിയുടെ സര്‍ക്കാര്‍ പുറത്തുവിടുന്ന സോഷ്യോ-ഇക്കണോമിക് റെവ്യൂവില്‍ പോലും ആ കണക്കുകള്‍ ഇല്ല. താഴെയുള്ള പട്ടിക കാണൂ.

ഇതില്‍ 2001നു ശേഷം അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി എവിടെയാണ് 75,000 കിലോമീറ്റര്‍ പുതിയ റോഡുണ്ടാക്കിയത്? ഗുജറാത്തിലെ മൊത്തം റോഡിന്റെ കണക്ക് 75,000 കിലോമീറ്ററില്‍ താഴെയാകുമ്പോള്‍ ബിജെപി സര്‍ക്കാര്‍ മനക്കോട്ടയില്‍ പണിത പാതകളായിരിക്കും ഈ അധിക 75,000 കിലോമീറ്റര്‍ റോഡ്‌. ഈ കലയളവില്‍ ഗ്രാമപ്രദേശങ്ങളില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങള്‍ നടന്നു എന്നു തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് മുന്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ റോഡുകള്‍ മോഡി ഭരണത്തിന്റെ നേട്ടമായി അവതരിപ്പിച്ചതിനു പിന്നില്‍ ഉള്ളത്.

ദലിത്, ആദിവാസി വികസനം
ദലിത്, ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു മോഡി സര്‍ക്കാര്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കി എന്നതു പ്രചാരകര്‍ ഒരു പ്രധാന പരസ്യമായി ഉയര്‍ത്തികൊണ്ടു നടക്കുന്ന കാര്യമാണ്. അതിന്റെ വാസ്തവം എന്ത് എന്നു അന്വേഷിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാര്യം കഴിഞ്ഞ പത്തു വര്‍ഷമായി നല്‍കിയ മൊത്തം വീടുകളുടെ 18 ശതമാനം മാത്രമാണ് ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതു എന്നതാണ്. മൊത്തം ജനസംഖ്യയുടെ 22 ശതമാനമുള്ള ഇവര്‍ക്ക് നല്‍കിയ വീടുകളുടെ 18 ശതമാനം മാത്രം കൊടുക്കൊമ്പോള്‍ ഇവരുടെ ക്ഷേമം കാക്ഷിക്കുന്ന ഗുജറാത്ത്‌ സര്‍ക്കാര്‍ തത്വത്തില്‍ ഈ ജനതയോട്‌ അനീതി മാത്രമല്ല കാണിക്കുന്നത്. അനീതിയെ സ്വന്തം വോട്ടാക്കി മാറ്റാനുള്ള കുതന്ത്രം കൂടിയാണ് ഗുജറാത്ത്‌ മാതൃകാ വാദികളിലൂടെ സാധ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് 18 ശതമാനം വീടുകള്‍ നല്‍കിയില്ലേ എന്നാണ് പ്രചാരകര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നത്! സമൂഹത്തിലെ ഏറ്റവും അവശവിഭാഗങ്ങളാണ് ഇവര്‍ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും അവരുടെ പ്രതിനിധ്യത്തിനനുസരിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ തെയ്യാറാവാന്‍ പോലും തെയ്യാറാവാത്തവരാണ് ഈ 18 ശതമാനത്തില്‍ അഭിരമിക്കുന്നത്.

കാര്‍ഷിക മേഘല
പത്തു ശതമാനം കാര്‍ഷിക മേഖലയുടെ വളര്‍ച്ച താഴെയുള്ള പട്ടികയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം സര്‍ക്കാരിന്റെ പ്രധാന ഉറവിടമായ സോഷ്യോ ഇക്കണോമിക് റെവ്യൂവില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് ഒന്നുകില്‍ ഇത് തെറ്റാണ് അല്ലെങ്കില്‍ സര്‍ക്കാര്‍ പുതുഗുജറാത്ത് എന്ന പേരില്‍ ചിലവാക്കാന്‍ നടക്കുന്നതു ഒരു പ്രഹസനമോ മിത്തോ ആയിരിക്കണം എന്നതാണ്.

ഭക്ഷ്യവിഭങ്ങള്‍ കൃഷിചെയ്യുന്ന മൊത്തം സ്ഥലവും ഉത്പാദനവും ഗണ്യമായി കുറഞ്ഞോ അല്ലെങ്കില്‍ മരവിച്ച അവസ്ഥയിലോ ആണ് ഈ കാലയളവില്‍ കാണപ്പെടുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് 2007-08ലെ നല്ല കാലാവസ്ഥയും ഉയര്‍ന്ന വിലയുമാണ്. അതിനാല്‍ തന്നെ മൊത്തത്തില്‍ ഉത്പാദനം വര്‍ധിച്ചു എന്ന് തുടര്‍വര്‍ഷങ്ങളിലെ സാധാരണ ഉത്പാദന പരിമാണത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അതുപോലെ തന്നെ എണ്ണക്കുരുക്കളുടെ ഉത്പാദന സ്ഥലത്തിലും ഉത്പാദനത്തിലും ഉണ്ടായ ക്രമമായ കുറവ്. എന്നാല്‍, കോട്ടന്‍ ഉലപാദനം കൂടിയിട്ടുണ്ട്, പക്ഷെ അതിനു ആനുപാതികമായി ഉത്പാദന സ്ഥലവും കൂടുകയുണ്ടായി. ഇത് നമുക്ക് താഴെകാണുന്ന പട്ടികയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

പട്ടികയില്‍ നേരത്തെ സൂചിപ്പിച്ചപോലെ ഭക്ഷ്യ, എണ്ണ, പരുത്തി വിളകള്‍ അവയുടെ ഉത്പാദനത്തില്‍ ക്രമമായ കുറവ് രേഖപ്പെടുത്തുമ്പോള്‍ പത്തിലധികം വികസന ശതമാനം എവിടെന്നുണ്ടായി എന്ന് കാര്യം ഒരു പ്രഹേളിക ആയി അവശേഷിക്കുന്നു. ഇനി ഈ സ്ഥിതിവിവരക്കണക്കുകള്‍ ഗുജറാത്തിന്റെതല്ല എന്നും മറ്റും ഈ പുതു ഗുജറാത്ത്‌ വാദികള്‍ പറയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു..

സ്ത്രീ പുരുഷാനുപാദം
സ്വാതന്ത്ര്യാനന്തര ഗുജറാത്തിലെ സ്ത്രീ പുരുഷാനുപാദം മൊത്തം ഇന്ത്യന്‍ നിരക്കിനെക്കാള്‍ കൂടുതലായിരുന്നെങ്കിലും അത് ക്രമേണ കുറയുന്നതായാണ് കാണുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാര്‍ നയം ഇതില്‍ തെല്ലുപോലും മാറ്റം ഉണ്ടാക്കിയില്ലെന്നാണ് തെളിയിക്കുന്നത് (കൂടുതല്‍ വിവരങ്ങള്‍ക്ക് ദില്ലിപോസ്റ്റില്‍ വന്ന പെണ്‍കൊല നമുക്ക് ശീലമാകുമ്പോള്‍ എന്ന ലേഖനം കാണുക). എന്നാല്‍ മുകളിലത്തെ ചിത്രത്തില്‍ സൂചിപ്പിക്കുന്നതുപോലെ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും കേരളത്തിനും അതുപോലെ തന്നെ മൊത്തം ഇന്ത്യക്കും ഈ അനുപാദം കൂടുമ്പോഴും പുതുഗുജറാത്തില്‍ സ്ത്രീകള്‍ ഇപ്പോഴും വിവേചനത്തിന്റെ കെട്ടുകളില്‍ മുറുകുകയാണ്എന്നതു സ്ത്രീകളേയും ഗുജറാത്തിനെയും വികസനത്തിന്റെ എതു തട്ടില്‍ പെടുത്തും എന്ന് ഇനിയും വ്യക്തമാക്കുന്നില്ല. താഴെ കൊടിത്തിട്ടുള്ള ചിത്രത്തില്‍ ഇത് വ്യക്തമായി പ്രതിപാധിക്കുന്നുണ്ട്.

വാല്‍ക്കഷണം
നരേന്ദ്ര മോഡി സര്‍ക്കാരും പുതുഗുജറാത്ത്‌ എന്ന പടപ്പാട്ടും പ്രചരിപ്പിക്കുന്ന പാണന്മാര്‍ നുണക്കഥകളുടെ മാറാപ്പും അജ്ഞതയുമാണ് മധുര ശബ്ദമായി വിളമ്പുന്നത് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിലേക്കായി കൂടുതല്‍ ഗഹനമായ ഗവേഷണങ്ങളും ലേഖനങ്ങളും പുറത്തുവരേണ്ടിയിരിക്കുന്നു. ഈ ലേഖനത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

‌‌–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്
ഫെബ്രുവരി ഇരുപത്തിഏഴിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്
http://dillipost.in/2012/02/27/gujarat-development-model-critique/

ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം

വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. “I must be cruel only to be kind” എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും സാധാരണക്കാരായ ഇന്ത്യാക്കാരെ സംബന്ധിച്ച് തികച്ചും ക്രൂരമാണ്. പക്ഷേ, ക്രൂരത മാത്രമേ ഉള്ളൂ എന്നിടത്താണ് കുഴപ്പം. മുങ്ങിതപ്പി നോക്കിയാലും പാവങ്ങളോട് ഒരു തുള്ളി ദയ പോലും സര്‍ക്കാരിന്റെ സാമ്പത്തികരേഖയില്‍ കാണാനാകില്ല എന്നതാണ് ഷെയ്ക്സ്പിരീയന്‍ ഉദ്ധരണിയിലെ വൈരുധ്യം.

എണ്ണവിലയിലും സബ്സിഡിയിലുമുണ്ടാകുന്ന വര്‍ധനവും, വ്യവസായ മേഖലയിലെ പിന്നോക്കാവസ്ഥയുമാണ് സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ മതം. ഇത് ഉയര്‍ന്ന കാര്‍ഷിക സേവന മേഖലയുടെ വളര്‍ച്ചയുടെ പചാത്തലത്തിലും രാജ്യം നേരിടുന്നതെന്ന സാമ്പത്തിക സര്‍വേയിലെ അതേപല്ലവി ബജറ്റ്‌ അവതരണത്തിലും മുഖര്‍ജി സാഹിബ് ആവര്‍ത്തിക്കുകയുണ്ടായി. ആദായ നികുതിയുടെ പരിധി രണ്ട് ലക്ഷത്തിലേക്കുയര്‍ത്തി ഏകദേശം 4,500 കോടി രൂപയുടെ നികുതിയിളവ് പ്രഖ്യാപിച്ച മുഖര്‍ജി, പരോക്ഷ നികുതി കുത്തനെ ഉയര്‍ത്തിയതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഏകദേശം 42,000 കോടിയുടെ അധിക വരുമാനമാണ്. അതായത്, ആദ്യം തൂവല്‍ കൊണ്ടൊരു തലോടല്‍, പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടി!

മുഖര്‍ജി പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനായി വന്‍തോതില്‍ ലോബീയിംഗ് ദില്ലിയില്‍ നടന്നിരുന്നു. കോര്‍പറേറ്റു മാധ്യമങ്ങളുടേയും, വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടേയും കണ്ണില്‍ സര്‍ക്കാരിന് ധനക്കമ്മി (fiscal deficit) നിയന്ത്രിക്കാനുള്ള ഏറ്റവും ഏളുപ്പമാര്‍ഗം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കലാണ്. സബ്സിഡികളുടെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ പാവങ്ങളാണ്. അവരുടെ ചട്ടിയില്‍ കയ്യിട്ടുവാരലാണ് ഏറ്റവും എളുപ്പം. ഈ കയ്യിട്ടുവാരലിന് നിയോക്ലാസിക്കലിസത്തിന്റെ സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ വേണ്ടുവോളമുണ്ടു താനും. പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. നടപ്പു വര്‍ഷത്തെ സബ്സിഡി നിരക്ക് ഏകദേശം ജിഡിപിയുടെ 2.4 ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത് വരുന്ന വര്‍ഷം 1.9 ശതമാനമാക്കി നിജപ്പെടുത്തുകയെന്നതാണ് പ്രണബ് മുഖര്‍ജി ലക്ഷ്യമിട്ടിരിക്കുന്നത്.

ഇങ്ങിനെ പാവങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ പ്രതിരോധത്തിന് വാരിക്കോരി നല്‍കിയിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. പതിനാലു ശതമാനത്തോളം വര്‍ധനവാണ് പ്രതിരോധ രംഗത്തിനാണ് നീക്കിയിരിക്കപ്പെട്ടിരിക്കുന്നത്. അത് രാജ്യത്തെ പിന്നോക്കാവസ്ഥയെ ഏതെങ്കിലും തരത്തില്‍ കുറയ്ക്കുന്നതിനുതകുമോ എന്ന ചോദ്യം പക്ഷേ ആരും ചോദിച്ചില്ല. പ്രതിരോധം വിശുദ്ധ പശുവാണല്ലോ. ചോദ്യം ചോദിക്കുന്നവര്‍ ആപ്പിലാകുകയേ ഉള്ളൂ, ഈ രാജ്യത്ത്. മാത്രമല്ല, പതിവുപോലെ വ്യവസായ വളര്‍ച്ചയിലെ തളര്‍ച്ചയില്‍ ഉണ്ടായ പിന്നോക്കാവസ്ഥ മാറ്റാനും, സര്‍ക്കാരിന് അധികവരുമാനം കണ്ടെത്താനും (അമിത നികുതികള്‍ക്കു പുറമേ) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിളെ ഓഹരികള്‍ വിറ്റിട്ടുവേണം എന്ന പുത്തന്‍ സാമ്പത്തിക അജന്‍ഡ കൂട്ടിച്ചേര്‍ക്കുന്നതിനും അതിനെ ന്യായീകരിക്കുന്നതിനും മന്ത്രി മറന്നില്ല. ഈ ബജറ്റില്‍ ചര്‍ച്ച ചെയ്യാത്ത ഏറ്റവും പ്രധാനപ്പെട്ട വിഷയം രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണു താനും.

പാര്‍ലമെന്റിലെ കവലപ്രസംഗം
ലോക സാമ്പത്തിക മാന്ദ്യം ഇന്ത്യയെ തളര്‍ത്തിയെന്നും അതിനാല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായെന്നും ധനമന്ത്രി പറയുന്നു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 8.4 ശതമാനത്തില്‍ നിന്നും നടപ്പുവര്‍ഷം വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി കുറയും. വരുന്ന വര്‍ഷം ഇത് 7.6 ശതമാനത്തിലേക്കുയരും. ആഗോള സാമ്പത്തിക രംഗം മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഉയര്‍ന്നേനേ എന്നാണ് മുഖര്‍ജിയുടെ വാദം. 2011ലെ ബജറ്റവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി ലക്ഷ്യം വച്ച വളര്‍ച്ചാ നിരക്ക് 9 ശതമാനമായിരുന്നു. അതാണ് ഇപ്പോള്‍ 6.9 ശതമാനത്തിലെത്തി നില്‍ക്കുന്നത്. ആഗോള മുതലാളിത്ത പ്രതിസന്ധി ഗുരുതരമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖര്‍ജിയുടെ വരുന്ന വര്‍ഷത്തേക്കായുള്ള 7.6 ശതമാനം വളര്‍ച്ചാ ലക്ഷ്യത്തിനു പോലും വിശ്വാസ്യതയില്ല. മാത്രമല്ല, പണപ്പെരുപ്പം മറ്റൊരു വന്‍വെല്ലുവിളിയാണ്.

രണ്ടാം യുപിഎ അധികാരമേറ്റതിനു ശേഷമുണ്ടായ ഇരട്ടസംഖ്യാ പണപ്പെരുപ്പവും, ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്ന് ബജറ്റില്‍ തുറന്നു സമ്മതിച്ച ധനകാര്യമന്ത്രി ബജറ്റ്‌ രേഖയില്‍ ധന-പണ നയങ്ങള്‍ (fiscal-monetary measures) ഇവയോട് പ്രതികരിക്കുന്നു എന്ന് പറയുന്നത് സര്‍ക്കാര്‍ സാര്‍ക്കാസമാണ്. റിസര്‍വ് ബാങ്ക് പതിമൂന്നു തവണ തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടും രാജ്യം ഇപ്പോഴും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പിടിയിലാണ് (ഫെബ്രുവരി മാസത്തെ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. മാര്‍ച്ചിലെ കണക്കു വരാനിരിക്കുന്നതേയുള്ളൂ).

സബ്സിഡി നല്‍കുന്നതിനെക്കുറിച്ച് ധനമന്ത്രി പറഞ്ഞത് സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ (macro economics) അടിസ്ഥാനമാണ് സബ്സിഡിമൂലം തകര്‍ക്കപ്പെടുന്നത് എന്നാണ്. എന്നാല്‍ ആരുടെ അടിത്തറയാണെന്ന് ഈ നവലിബറല്‍ കെടുതിയുടെ കാലത്ത് തകരുന്നതെന്ന് ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല എന്നതാണ് കഷ്ടം. ഇതിന്റെ ഭാഗമായാണ് ‘വളരെ വേദനയോടെ’ സബ്സിഡികള്‍ കുറച്ച് ജിഡിപിയുടെ രണ്ടുശതമാനത്തില്‍ താഴെയാക്കുമെന്ന് മുഖര്‍ജി പ്രഖ്യാപിച്ചത്‌. സബ്സിഡിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് നന്ദന്‍ നിലേകാനിയുടെ മന്ത്രങ്ങള്‍ ഉരുവിട്ട്, രാജ്യത്ത് ഐറ്റി മൊബൈല്‍ രഥയാത്രകല്‍ സംഘടിപ്പിക്കും. അങ്ങനെ നിലേകാനിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന അധാര്‍ പദ്ധതിയിലൂടെ രാജ്യത്തെ അമ്പതു ജില്ലകള്‍ മാന്ത്രികക്കുതിരകളാകും. അതു വഴി ഇന്ത്യയിലെ ദാരിദ്ര്യം കുറയും! ഇന്ത്യന്‍ മധ്യവര്‍ഗ ബൂര്‍ഷ്വാസിയെ സ്വപ്നാടനത്തിനയക്കുന്ന ബജറ്റ്‌ പ്രസംഗം കവലപ്രസംഗത്തിനേക്കാള്‍ നിലവാരം കുറഞ്ഞതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപെടുത്താനാകുമോ?

നവലിബറല്‍ ഇന്ത്യയുടെ ഓരോ വാര്‍ഷികാഘോഷവേളയിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ സൂചിപ്പിക്കുന്നത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലോ എന്തിന് കര്‍ഷകരുടെ നിലനില്പില്‍ പോലും ഭരിക്കുന്നവര്‍ക്ക് തരി പോലും താത്പര്യമില്ല എന്നാണ്. ഉദാഹരണത്തിന്, എന്തെല്ലാം വാരിക്കോരി നല്‍കിയിട്ടും ജിഡിപി വളര്‍ച്ചാ മന്ത്രത്തില്‍ വ്യവസായ മേഖലയുടെ പങ്ക് 27 ശതമാനത്തില്‍ കുടുങ്ങി കിടക്കുകയാണ്. എന്നാല്‍ സേവന മേഖലയും അതിന്റെ വികസനവും അഴിച്ചുവിട്ട പണപ്പെരുപ്പം 20 ശതമാനവും! കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ മൊത്തം ആഭ്യന്തരോത്പാദനത്തില്‍ സേവനമേഖലയുടെ പങ്ക് കുത്തനെ ഉയര്‍ന്നപ്പോള്‍ ഇടിഞ്ഞത് കാര്‍ഷിക മേഖലയുടെ പങ്കാണ് എന്നാണു കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, സേവന മേഖല ഉണ്ടാക്കിയ പണപ്പെരുപ്പം നാള്‍ക്കുനാള്‍ സാധാരണക്കാരായ ഇന്ത്യക്കാരുടെ നടുവിനുമീതെ കൂടുതല്‍ ഭാരം കയറ്റിവച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഒരു വൈരുധ്യമാണ്. ഈ ഭാരംമൂലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കാര്‍ഷികരംഗം വിടണമെന്നുണ്ടെങ്കിലും അവരുടെ കാലുകള്‍ ഭാരം കൊണ്ട് അനങ്ങാതായിരിക്കുന്നു.

ഇവിടെയാണ്‌ സബ്സിഡി നല്‍കിയാല്‍, ഇവരുടെ ഭാരം കുറഞ്ഞുപോയാല്‍ ഇവര്‍ മറ്റെവിടെയെങ്കിലും ഓടിക്കയറുമോ എന്നഭയത്തില്‍ സബ്സിഡി രണ്ട്ശതമാനത്തിനും താഴെമതി എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതും. ഭാരം ചുമക്കാന്‍ ആളിനെ ആവശ്യമുള്ളതിനാല്‍ ഇവര്‍ക്ക് വെറും ഭക്ഷ്യസുരക്ഷക്കുള്ള സബ്സിഡിമാത്രം നല്‍കി ജീവന്‍ നിലനിര്‍ത്താം എന്നാണ് വ്യസനസമേതം ധനമന്ത്രി സഭയെ അറിയിച്ചത്‌. ജീവന്‍ നല്‍കിയതിന്റെ പേരില്‍ കൂടുതല്‍ ഭാരം ചുമടുതാങ്ങിയുടെ മുകളില്‍ കയറ്റുന്നതിന് വായ്പാ പദ്ധതി കഴിഞ്ഞ വര്‍ഷത്തേ വായ്പാ വിഹിതത്തിനുമേല്‍ ഒരുലക്ഷം കോടിയായി കൂട്ടിയിട്ടുമുണ്ട്. ഇതിന്റെ സാമ്പത്തിക പ്രതിഫലനം എങ്ങനെ ആയിരിക്കുമെന്നത് കൂടുതല്‍ സിദ്ധാന്തവത്കരിക്കേണ്ടതില്ലല്ലോ.

വിദേശ നിക്ഷേപകരും, ചൂതാട്ട മൂലധനവും പതിവുപോലെ ഇത്തവണത്തെ വരേണ്യ ബജറ്റില്‍ തങ്ങളുടെ ബര്‍ത്തുകള്‍ ഉറപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചുകൊണ്ട് നികുതിയില്‍ നിന്ന് രക്ഷപ്പെടും. അതായത്‌ അതിനു മുകളിലുള്ളവര്‍ക്ക് ചൂതാട്ടം നടത്തി കോടികള്‍ തട്ടിയെടുക്കാന്‍ നിങ്ങള്‍ നിന്നുകൊടുത്താല്‍ നിങ്ങള്‍ക്ക് നികുതിയിളവ്‌ നല്‍കാം എന്ന്. ഇത് കാണിച്ചു തരുന്നത് കോര്‍പറേഷനുകള്‍ സാധാരണക്കാരുടെ ചിലവില്‍ കൂടുതല്‍ വളരട്ടെ, അതിനു സര്‍ക്കാര്‍ നികുതിയിളവ്‌ നല്‍കും എന്ന നയമാണ്. ഇതിന്റെ മറ്റൊരു വശം, കോര്‍പറേഷനുകള്‍ക്കും വന്‍കിട ഊഹക്കച്ചവടക്കാര്‍ക്കും സബ്സിഡി നേരിട്ട് നല്‍കാതെ (അത് നവലിബറലിസത്തിനു എതിരാണല്ലോ!) നിക്ഷേപ നികുതിയിളവിലൂടെ സാധ്യമാക്കുന്ന കു(സാമ്പത്തിക)തന്ത്രമാണ് മുഖേര്‍ജി പയറ്റിയത് എന്നതാണ്. അല്ലെങ്കിലും ഊഹമൂലധനത്തെ സേവിക്കുന്ന കാര്യത്തില്‍ മുഖര്‍ജി പുലിയാണ്. കണക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പുലി. ഈ പുലിക്കളി മറയ്ക്കുന്നതിന് വിശദാംശങ്ങളൊന്നും ബജറ്റ്പ്രസംഗത്തില്‍ അവതരിപ്പിക്കാതെ സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ മാത്രം വീണ്ടും സഭയില്‍ ബജറ്റിലൂടെ വിളമ്പിയെന്നതും 2012-13 ബജറ്റിന്റെ/പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മഹത്വമാണ്!

അടിസ്ഥാനസൗകര്യ വികസനത്തിനായി അടുത്ത അഞ്ചു വര്‍ഷത്തെ നീക്കിയിരിപ്പ് 50 ലക്ഷം കോടിയാണ്. അതില്‍ പകുതിയും സ്വകാര്യ മേഖലയില്‍ നിന്നായിരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കൂടാതെ, ഇന്ത്യയിലെ അടിസ്ഥാന സൗകര്യത്തിലും വ്യവസായത്തിലും പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റ് 30,000 കോടി വരുന്ന സാമ്പത്തിക വര്‍ഷം സമാഹരിക്കുമെന്നും തിട്ടൂരമുണ്ട്. ഇന്ത്യന്‍ റെയില്‍വേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു പല സ്ഥാപനങ്ങളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചരണം ശക്തിപ്പെടുന്നത് ഈ സാഹചര്യത്തിലാണ് കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. അതേ സമയം തന്നെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപനവുമായി ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ വിദ്യാഭ്യാസം ആരോഗ്യം ശുചിത്വം, മറ്റു സാമൂഹിക സേവനങ്ങള്‍ എന്നിവയില്‍ യുപിയെ സ്വീകരിക്കുന്ന നയം വഞ്ചനാപരമാണ്.

യൂപിഎ പതിനൊന്നാം പദ്ധതിയില്‍ പ്രഖ്യാപിച്ച ആരോഗ്യ മേഖലയിലെ ചിലവ്‌ ജിഡിപിയുടെ 3 ശതമാനമാണ്. എന്നാല്‍ ഇത് മൊത്തം (പതിനൊന്നാം പദ്ധതിയും രണ്ടാം യുപിയെയും അവസാനിക്കാറായിട്ടും) 1.5 ശതമാനത്തിനും താഴെ മാത്രമാണ് എത്തിയത് എന്നത് ഗുരുതരമായ വാഗ്ദാന ലംഘനമാണ്. ഇക്കാര്യത്തില്‍ വികസ്വര രാഷ്ട്രങ്ങളിലെ തന്നെ സര്‍ക്കാര്‍ പദ്ധതി ചിലവിന്റെ ഏറ്റവും കീഴിലായാണ് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നത് എന്ന് സാമ്പത്തിക ശാസ്ത്രജ്ഞയായ ജയതി ഘോഷ് ദില്ലി ജെഎന്‍യുവില്‍ വച്ചു നടന്ന ബജറ്റ്‌ അവലോകനത്തില്‍ പറയുകയുണ്ടായി. ഇനി യഥാര്‍ത്ഥ പണവിനിയോഗത്തിന്റെ കണക്കെടുക്കാം. ഉയര്‍ന്ന പണപ്പെരുപ്പം കിഴിച്ചു നോക്കിയാല്‍ ആരോഗ്യ നില മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ വക തുക വര്‍ധനവ്‌ കഴിഞ്ഞ ബജറ്റ്‌ കാലത്തേക്കാള്‍ 5 ശതമാനത്തിനും താഴെയാണ്! സാമ്പത്തിക സര്‍വേയില്‍ പരാമര്‍ശിക്കുന്നത്, ആരോഗ്യപാലനത്തിന് കഴിഞ്ഞ നാലു വര്‍ഷങ്ങളായി വിനിയോഗിക്കുന്ന സ്വകാര്യ പണവിഹിതം 4.8 ശതമാനത്തില്‍ നിന്നും അല്പം പോലും മുന്നോട്ടു പോയിട്ടില്ലെന്നാണ്.

സര്‍ക്കാര്‍ തങ്ങളുടെ വിഹിതം ഇതിനു സമാന്തരമായി വര്‍ധിപ്പിക്കാമെന്ന് പറയുന്ന വിനിയോഗമാണ് ഇപ്പോഴും 1.5 ശതമാനത്തില്‍ തടഞ്ഞു നില്‍ക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ജിഡിപിയുടെ 3 ശതമാനം ആരോഗ്യസുരക്ഷ ചിലവ് യുപിഎ വഹിക്കുക എന്നത് ബജറ്റിനോ സര്‍ക്കാരിനോ തിട്ടമില്ല എന്നുവേണം മനസിലാക്കാന്‍. അതുപോലെ ഈ ബജറ്റില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ക്രൂരമായ മൌനം പാലിക്കുകയാണ് ഉണ്ടായത്‌. ഒരുതരത്തിലുള്ള ശുചിത്വ നയമോ ഫണ്ടോ ഇതിനായി പ്രത്യേകം നീക്കിവചിട്ടില്ല എന്നതും ആരോഗ്യ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇത് ആത്മഹത്യാപരമാണ്.

വിദ്യാഭ്യാസ മേഖലയുടെ കാര്യത്തിലെ പദ്ധതി വിഹിതം നോക്കുകയാണെങ്കില്‍ യുപിഎയുടെ ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ മനസിലാക്കാന്‍. ജ്വയതി ഘോഷ് പറയുന്നത് പതിനൊന്നാം പദ്ധതിയില്‍ വിദ്യാഭ്യാസ ചെലവിന് മൊത്തം ലക്ഷ്യം വച്ചിരുന്നത് ജിഡിപിയുടെ 6 ശതമാനമാണ്. പന്ത്രണ്ടാം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇത് ഏകദേശം 3.5 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്. അന്താരാഷ്ട്ര കണക്കുകളനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ ചിലവ് കുപ്രസിദ്ധാമാംവിധം കുറവാണ് എന്ന വസ്തുതയും നാം ഓര്‍മിക്കണം. ഇവിടെയാണ്‌ സര്‍വ ശിക്ഷ അഭിയാന്‍ വഴിനല്കുന്ന ഫണ്ട് കഴിഞ്ഞവര്‍ഷം 40 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ (നേടേണ്ട സംഖ്യയുടെ വളരെ തുച്ഛമായ അംശത്തില്‍ നിന്നും) ഇപ്രാവശ്യം അത് 21.1 ശതമാനമായി വീണ്ടും കുറഞ്ഞു എന്നതു കാണേണ്ടത്. ഇത് ശരാശരികൊണ്ട് കളിക്കുന്ന മുഖര്‍ജി ഓര്‍ത്തിട്ടുണ്ടാവില്ല. കാരണം ജനം മറന്നുകാണും എന്ന് വെറുതെ ആശിക്കാമല്ലോ.

വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വരുന്ന വയാബിലിറ്റി ഗ്യാപ് ഫണ്ടിംഗ് കൊണ്ടുള്ള ഗുണം സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ്. ഇത് മറച്ചു വയ്ക്കുന്ന ഒരു പ്രധാന കാര്യം ഇതുവരെയും ഇന്ത്യയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവും പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കുന്നില്ല എന്ന സത്യമാണ്. ഇതിന് പുറമേയാണ് കൂടുതല്‍ പ്രീണനവും. ഇതും സബ്സിഡിയാണെന്നുള്ളത് എന്തേ മുഖര്‍ജി പറയാത്തത്. സേവന മേഖലയ്ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന കിഴിവുകള്‍ സബ്സിഡിയല്ല പകരം കര്‍ഷകരാണ് സബ്സിഡിക്കാര്‍ എന്ന വാദം യുപിഎയുടെ നവലിബറല്‍ ആശയാടിത്തറ തുറന്നുകാണിക്കുന്നുണ്ട്.

രണ്ട് ലക്ഷം കോടിയോളം രൂപയാണ് ധനമന്ത്രി പ്രതിരോധത്തിന്റെ പേരില്‍ നീക്കിവച്ചിരിക്കുന്നത്. ഇത് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്നും വാങ്ങാം എന്ന് ഉറപ്പുകൊടുക്കുന്ന ആയുധങ്ങള്‍ക്കും അതുവഴി അമേരിക്കയും യൂറോപ്പും പോലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യങ്ങളുടെ സംരക്ഷണത്തിനുമായാണ്. ഇന്ത്യന്‍ ജനങ്ങളെ പരമാവതി പിഴിഞ്ഞ് നികുതിപിരിക്കുന്ന ലൂയി രാജാക്കന്മാരെയോ, കൊളോണിയല്‍ സാമ്രാജ്യത്വത്തിനു വേണ്ടി കരംപിരിച്ച ബ്രിട്ടീഷ്‌ ഇന്ത്യയേയോ ആണ് ഇന്ന് പണമൊഴുക്കല്‍ ഓര്‍മിപ്പിക്കുന്നത്. കോടിക്കണക്കിനു ഡോളറാണ് പ്രതിരോധത്തിനെന്ന പേരില്‍ വിദേശ ആയുധക്കമ്പനികളിലേക്കൊഴുകുന്നത്. ഇത് യാഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നും ഒഴുകിപ്പോകുന്ന വന്‍ സമ്പത്തു തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. രാജ്യരക്ഷയുടെ പേരില്‍ ഇവര്‍ നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ആപത്കരമാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ എത്ര പേരാണ് രാജ്യരക്ഷയുടെ പേരില്‍ ഇത്രയും വലിയ തുകകള്‍ ചിലവഴിക്കുന്നത്? ഇതില്‍ എന്തു യുക്തിയാണുള്ളത്? ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസവും, സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്താന്‍ പണമില്ലാത്ത, പണമില്ലായ്മയുടെ പേരില്‍ ജനങ്ങള്‍ക്കു നല്‍കിവരുന്ന സബ്സിഡികള്‍ പോലും വെട്ടിക്കുറയ്ക്കണമെന്നു പറയുന്ന ഒരു സര്‍ക്കാരാണ് ഈ പ്രതിരോധ ധൂര്‍ത്ത് ആഘോഷമായി കൊണ്ടാടുന്നത് എന്നോര്‍ക്കണം. അതാണ് മാലോകര്‍ വാഴ്ത്തുന്ന ഇന്ത്യാ മോഡല്‍.

ദില്ലിപോസ്റ്റില്‍ മാര്‍ച്ച്‌ പതിനെട്ടിന് വന്ന ലേഖനം

http://dillipost.in/2012/03/18/union-budget-critique/

സഫ്ദര്‍: തീയേറ്ററിന്റെ രക്തസാക്ഷി

ദില്ലിയിലെ തെരുവുകളും, അപരനു വേണ്ടി മിടിക്കുന്ന ഹൃദയങ്ങളും ചൂഷണത്തിന്റേയും അന്യായത്തിന്റേയും കഥകള്‍ ലോകത്തോടു പറഞ്ഞ സഫ്ദര്‍ ഹാഷ്മിയെ ഇന്നും മറന്നിട്ടില്ല എന്നതിനുദാഹരണമാണ് ‘നീ തെരുവിന്‍റെ തീക്കനല്‍’ എന്ന നാടകം. സഫ്ദറിനേയും, സഫ്ദറിന്റെ തെരുവുനാടകങ്ങളേയും വേദിയില്‍ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയാണ് ഒരു രാഷ്ട്രീയദൗത്യമായി നാടകത്തിന്റെ അണിയറക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് വച്ച് നടക്കുന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 3ന് കന്നിപ്രദര്‍ശനം നടത്തുന്ന ‘നീ തെരുവിന്റെ തീക്കനല്‍’ 1989 ജനുവരി 2ന് സാഹിബാബാദിലെ തെരുവില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട സഫ്ദറിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണെന്ന് നാടകം വേദിയിലെത്തിക്കുന്ന ദില്ലി ജന സംസ്കൃതി പ്രവര്‍ത്തകര്‍ പറയുന്നു.

'നീ തെരുവിന്റെ തീക്കനലി'നായി ഡിസൈന്‍ ചെയ്തിരിക്കുന്ന സ്റ്റേജിന്റെ മാതൃക

ഏപ്രില്‍ 3ന് മുതലക്കുളം മൈതാനത്തും, അടുത്ത ദിവസം കോഴിക്കോട് ടൗണ്‍ഹാളിലും നാടകം അരങ്ങേറും. കണ്ണൂര്‍ സ്വദേശി സുരേഷ് ബാബു ശ്രീസ്ഥയാണ് ഈ ഇരട്ടഭാഷാ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ‘ഭീമപര്‍വം‘ ഉള്‍പെടെ ഒരുപിടി മികച്ച നാടകങ്ങളൊരുക്കിയ സാംകുട്ടി പട്ടംകരിയാണ് സംവിധായകന്‍. സഫ്ദര്‍ എന്ന രാഷ്ട്രീയ അടയാളം എത്ര പ്രധാനപ്പെട്ടതാണെന്ന് പൂര്‍ണബോധ്യമുള്ളയാളാണ് പട്ടംകിരി. “സഫ്ദറിനെ വ്യക്തിപൂജയില്‍ പ്രതിഷ്ഠിക്കുന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ അടയാളമായി തിരിച്ചറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. തീയേറ്ററിന്റെ രക്തസാക്ഷിത്വമാണ് സഫ്ദര്‍,” നാടകത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ അദ്ദേഹം എന്നോടു പറഞ്ഞു. സഫ്ദറിനെ നമുക്കു ഭൂതകാലത്തില്‍ മാത്രമായി തളച്ചിടാനാകുമോ? നമ്മുടെ വര്‍ത്തമാനത്തിന്റെ ശബ്ദം കൂടീയാണ് സഫ്ദര്‍ ഹാഷ്മി. “അതുകൊണ്ട് തന്നെ ചരിത്രത്തെയും വര്‍ത്തമാനത്തേയും സമന്വയിപ്പിച്ച് കടന്നുപോകുന്ന ഒരു പാതയാണ് ‘നീ തെരുവിന്റെ തീക്കനല്‍’,” പട്ടംകിരി പറയുന്നു.

എന്താണ് ഈ നാടകം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം? പട്ടംകിരിയുടെ അഭിപ്രായത്തില്‍ രാഷ്ട്രീയം വിളിച്ചുപറയാനുള്ളതല്ല, നാം സ്വയം രാഷ്ട്രീയമായിത്തീരുകയാണ് വേണ്ടത്. ഈ വിശ്വാസത്തിന്റെ ബലത്തില്‍ ആഗോളവത്കരണം അനുവദിച്ചു നല്‍കുന്ന നവീന പരീക്ഷണ ബഹളങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് തന്നെ നിശബ്ദമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കലാണ് നാടകം ചെയ്യുന്നതെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. “ഒന്നാമതായി, എന്തിനുവേണ്ടി ആയിരിക്കണം തീയേറ്റര്‍ പരീക്ഷണം? രണ്ട്, ജീവിച്ചിരിക്കുന്ന ജഡങ്ങളെ സൃഷ്ടിക്കുന്ന വിഭ്രമാത്മക നാടകാന്വേഷണങ്ങളില്‍ നിന്നും നാടകമെന്ന തീപന്തത്തെ ജനങ്ങളുടെ രാഷ്ട്രീയ ആഗ്രഹങ്ങള്‍ക്കായി ജ്വലിപ്പിക്കുന്നതെങ്ങിനെ? മൂന്ന്, കലയെക്കുറിച്ചുള്ള വ്യക്തിപരതയില്‍ അധിഷ്ഠിതമായ ബൂര്‍ഷ്വാ കാഴ്ചപ്പാടിനെ (individualistic view of art) തള്ളിക്കളഞ്ഞ് ജനത്തിന്‍റെ പൊതു താല്പര്യത്തിലും അവരുടെ കൂട്ടായ്മയിലും അധിഷ്ഠിതമായ കാലാ വീക്ഷണം എങ്ങിനെ ശക്തിപ്പെടുത്താം? ഇവിടെ സഫ്ദര്‍ മുന്നോട്ടു വയ്ക്കുന്നത് രണ്ടാമത്തെ ജനവീക്ഷണമാണ്. ഇത് ഈ കാലത്ത് അങ്ങേയറ്റം പ്രസക്തവുമാണ്.”

നവീനമായ ഒരു സ്റ്റേജ് കണ്‍സെപ്റ്റോടു കൂടിയാണ് സഫ്ദറിനെ പട്ടംകിരിയും സംഘവും വേദിയിലെത്തിക്കുന്നത്. “ഒന്നിലധികം ഭാഷയിലാണ് അവതരണം. ഒരേ സമയം പ്രോസീനിയത്തിലോ വെറും ഹാളിലോ ഏതെന്കിലും മൈതാനത്തിലോ കളിക്കുവാന്‍ കഴിയുന്ന വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു composite തീയേറ്റര്‍ സങ്കല്‍പ്പമാണു ഈ അവതരണത്തില്‍ അവലംബിച്ചിട്ടുള്ളത്,” അദ്ദേഹം പറയുന്നു.

സഫ്ദര്‍ ഹാഷ്മിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ദില്ലിയിലെ രാഷ്ട്രീയ നാടക ഇടപെടലുകളെക്കുറിച്ചുള്ള വിശകലനമാണ് ഈ അവതരണം. ജനസംസ്കൃതി ജനറല്‍ സെക്രട്ടറി എംവി സന്തോഷിന്റെ അഭിപ്രായത്തില്‍ സഫ്ദര്‍ എന്ന നാടക പ്രവര്‍ത്തകനിലെ രാഷ്ട്രീയ മനുഷ്യന്റെ രക്തസാക്ഷിത്വത്തെ വര്‍ത്തമാന കാലത്തിന്റെ സംഘര്‍ഷങ്ങളോട് കൂട്ടിയിണക്കി വായിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ‘നീ തെരുവിന്റെ തീക്കനല്‍’. കേരളത്തിലെ രാഷ്ട്രീയ നാടക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുന്ന ഗൌതമന്‍, സാഹിറ എന്നീ കഥാപാത്രങ്ങളിലൂടെ രാഷ്രീയ കേരളത്തിന്‍റെ വളര്‍ച്ചയെയും രാഷ്ട്രീയ നാടക ചരിത്രത്തെയും കൂടി ഈ നാടകം അനാവരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ, കരിവള്ളൂര്‍ സമരം ഉള്‍പ്പടെയുള്ള പല സംഭവങ്ങളും നാടകത്തില്‍ അവതരിപ്പിക്കപ്പെടുകയോ വിശകലന വിധേയമാക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍, സഫ്ദര്‍ ഹാഷ്മിയുടെ മരണത്തെ ഒരു വ്യക്തിയുടെ രക്തസാക്ഷിത്വമെന്നതിലുപരി, രാഷ്ട്രീയ നാടക പ്രവര്‍ത്തനത്തിനേല്‍ക്കുന്ന പ്രഹരം തന്നെയായി ‘നീ തെരുവിന്റെ തീക്കനല്‍’ മുന്നോട്ടു വയ്ക്കുന്നു.

സഫ്ദര്‍ ഹഷ്മി

സഫ്ദറിന്റെ നാടകത്തിലൂടെ വിപ്ലവത്തിന്റെ മര്‍മരമായി മാറിയ “തു സിന്ദാഹേ തോ സിന്ദഗീ കീ ജീത് പര്‍ യകീന്‍ കര്‍…” എന്ന വരികള്‍ക്കു തീക്ഷ്ണമായ മലയാള അര്‍ത്ഥം കുറിക്കുന്ന “നെഞ്ചിലെ കനല്‍ തെളിച്ച് നേടും, നമ്മള്‍ ജീവിതം സ്വര്‍ഗമെന്നതുണ്ടതെങ്കില്‍ ഭൂമിയില്‍ പിറക്കണം സഖാക്കളേ…” എന്ന ആഹ്വാനത്തില്‍ തുടങ്ങുന്ന നാടകം ഏതൊരു രാഷ്ട്രീയ ജീവിയേയും ഊര്‍ജ്വസ്വലരാക്കാന്‍ പോന്നതാണ്. നാടകം ആരംഭിക്കുന്നത് കേരളത്തിലെ ഒരു നാടകവേദിയില്‍ ഗൌതമനെന്ന നടനിലൂടെ ചൂഷണത്തിനെതിരെയും നവലിബറല്‍ കാലത്തെ അടിച്ചമര്‍ത്തലിനെതിരെയും ശബ്ദിക്കുന്ന ഒരു നാടക സംഘത്തിന്‍റെ പരിപ്രേക്ഷ്യത്തിലൂടെയാണ്. എന്നാല്‍ അവിടെ അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നത് തന്റെയും ജീവിതപങ്കാളിയായ സാഹിറയുടേയും സ്വത്വങ്ങളുടെ മതവത്കരണ ഭീകരതയുടെ വെല്ലുവിളിയാണ്. തന്റെ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനത്തില്‍ അസ്വസ്ഥരായവര്‍ മതദല്ലാളന്‍മാരെ കൂട്ടുപിടിച്ചു ചതച്ചരക്കാന്‍ നോക്കുന്നത് പ്രതികരണത്തിന്റെ ഉറച്ച ശബ്ദത്തെയാണ്. അവശനായ ഗൗതമന്‍ ഇത് തനിക്കുമാത്രമല്ല വന്നു ചേരുന്നതെന്നു തന്റെ അവശേഷിക്കുന്ന കാഴ്ച്ചക്കരോട് പറയുമ്പോള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ തെളിയുന്നത് കാലം തീര്‍പ്പുകല്‍പ്പിച്ച സഫ്ദര്‍ എന്ന തെരുവുനാടക പ്രതിഭയെയാണ്; മരണത്തിലും എരിയുന്ന തീക്കനലിനെയാണ്.

ജന നാട്യ മഞ്ച് (ജനം) 1973ല്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ തെരുവ് നാടക പ്രസ്ഥാനം പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ജനത്തിന്‍റെ ആദ്യ നാടകമായ ‘യന്ത്രം’ (The Machine) തെരുവുനാടകങ്ങളിലെ പുതിയ ശബ്ദമായത് കേരളത്തിലെയും ദില്ലിയിലേയും ചൂഷണ സാഹചര്യങ്ങളെ വരച്ചു കാണിച്ചുകൊണ്ടാണ്. ദില്ലിയിലെ ജനനാട്യ മഞ്ചിന്റെ വേദിയില്‍ നിന്നും കേരളത്തിലെ ഗൗതമന്റെ നാടകവേടിയിലേക്ക് തികച്ചും സദൃശ്യതയുടെ തന്മയത്വം പ്രദാനം ചെയ്യുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഇത് പുതിയ അനുഭവമായിരിക്കും.

ഇതില്‍ കേരളത്തിലെ ഭൂപ്രഭുത്വത്തിന്റെയും മേലാളത്തരത്തിന്റെയും പല്ലും നഖവും ചീന്തിയ വിപ്ലവ മുന്നേറ്റം കാണിക്കുമ്പോള്‍ അത് ‘യന്ത്രവും’ ‘സ്ത്രീയും’ ‘ഹല്ലാ ബോലും’ പോലുള്ള സഫ്ദറിന്റെ ശക്തമായ നാടകങ്ങളുടെ പ്രതിഫലനമാണ് നാടകത്തിലൂടെ പട്ടംകിരിയും സംഘവും പ്രേക്ഷകരിലെത്തിക്കുന്നത്. അത്തരത്തിലുള്ള ഒരു വിളക്കിചേര്‍ക്കല്‍ ആസ്വാദനം അങ്ങേയറ്റം നീതിപൂര്‍വമാകുന്നതിനു രചനയും, സംവിധാനവും, അവതരണവും ശ്രദ്ധിക്കുന്നുണ്ട് എന്നാണു ദില്ലിയില്‍ വച്ചു നടന്ന ‘നീ തെരുവിന്റെ തീക്കനലി’ന്റെ അവസാന റിഹേഴ്സല്‍ കണ്ടപ്പോള്‍ തോന്നിയത്.

തെരുവ് മാധ്യമമായി തിരെഞ്ഞെടുത്ത നാടക അവതരണത്തെക്കുറിച്ച് സഫ്ദര്‍ പറയുന്നത് വളരെ ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന്റെ പോരാട്ട ചരിത്രത്തില്‍ നാടകം എന്നും ഒരു സമരായുധമാണെന്ന് പറയുന്നു സഫ്ദര്‍. ഇത് മുന്നോട്ടുവയ്ക്കുന്നത് തൊഴിലാളികളും കര്‍ഷകരും മറ്റു മര്‍ദിത ജനവിഭാഗങ്ങളും അനുഭവിക്കുന്ന കൊടിയ ചൂഷണം ജനമധ്യത്തിലേക്കെത്തിക്കുന്നതില്‍ നാടകം എത്ര ഫലപ്രദമാണ് എന്ന വസ്തുതയാണ്. ഇടതുപക്ഷ ജനമുന്നേറ്റത്തിന്റെ ശക്തമായ തിരിച്ചുവരവുകളുടെ സാധ്യത ഇത്തരം മാധ്യമങ്ങളിലൂടെ ആവിഷ്കരിക്കുമ്പോള്‍, പ്രത്യേകിച്ചും ലോക മുതലാളിത്തം അതിന്റെ ആന്തരികമായ വൈരുധ്യത്തില്‍ ഉലയുന്ന സാഹചര്യത്തില്‍, കൂടുതല്‍ പ്രസക്തമാകുന്നു. “ചോപ്പ് നിന്‍ പതാക, കോമ്രേഡ്, കാലമായ്‌ നമുക്ക് മുന്നേറിടാന്‍, ശലാക നിന്നു നീ അടര്‍ന്നു പോകിലും, പിന്നിലേക്കില്ല (പോരില്‍) നാം…” എന്ന വരികള്‍ ഇരുപതാം പാര്‍ടി കോണ്ഗ്രസിന് ശക്തിപകരുന്നത് തന്നെയാകും.

സഫ്ദര്‍ തന്റെ രാഷ്ട്രീയ നാടകത്തിലൂടെ ഉത്തരേന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ കേരളത്തില്‍ വളര്‍ന്നു പൊന്തുന്ന ജാതി, വര്‍ഗീയ രാഷ്ട്രീയ വിപത്തുകളെ തുറന്നു കാണിക്കുന്നുണ്ട്, നാടകം. കൂടാതെ, സദാചാരത്തിന്റെ മഴയത്ത് അതിനെ ചെറുക്കാന്‍ ഒരു ഒടിഞ്ഞ കുടയെങ്കിലും ചൂടി നടക്കണം എന്ന് ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കേരളത്തിന്റെ സ്ത്രീവിരുദ്ധമായ മത-സാമൂഹിക ബോധം തന്നെയാണ്. ഇത്തരത്തിലുള്ള വിപത്തുകളെ അതിജീവിക്കുന്ന ഒരു പുരോഗമന രാഷ്ട്രീയം മുന്നോട്ടു വയ്ക്കാന്‍ മതേതര ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ എന്നുള്ള വസ്തുത തന്നെ “നീ തെരുവിന്റെ തീക്കനല്‍” മുന്നോട്ടു വയ്ക്കുന്ന പ്രധാന കഥാതന്തുവാകുന്നത് കാലത്തിന്റെ ആവശ്യമാണ്‌.

സഫ്ദറും, മാലയും, ഗൌതമനും, സാഹിറയുമൊക്കെ ആ പതാകവാഹകരാണ്. അതിനു ഉദാഹരണമാണ് ഭരണവര്‍ഗ ഗൂണ്ടകള്‍ തലയടിച്ചു തകര്‍ത്തുകൊന്ന സഫ്ദറിന്റെ മരണവിവരം അസാധാരണമായി മാലശ്രീയും ജനനാട്യ മഞ്ചും നേരിട്ടത്. സഫ്ദറിന്റെ തലയില്‍ നിന്നൊഴുകിയ ചോര ഉണങ്ങുന്നതിനു മുന്‍പ് ഒരു ഭാര്യയും ഒരു സ്ഥാപനവും ആര്‍ക്കും നല്‍കാത്ത ഉപഹാരമാണ് സഫ്ദറിന്റെ മൃതശരീരത്തിനും അമരനായ ആ വിപ്ലവകാരിക്കും നാടകം കളിച്ചുകൊണ്ട് അവര്‍ അര്‍പ്പിക്കുന്നത്. ഇത് ആരിലാണ് വിപ്ലവത്തിന്റെ തീകാറ്റുണര്‍ത്താത്തത്! ചോര വാര്‍ന്നൊഴുകുമ്പോഴും ഗൗതമന്‍ തന്റെ അചഞ്ചലമായ ശബ്ദത്തില്‍ പറയുന്നത്, “ഇത് ഒരിക്കലും തോല്‍ക്കാത്ത ചോരമണക്കുന്ന അരങ്ങിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഇവിടെ ഇനിയും രക്തസാക്ഷികള്‍ ഉണ്ടായിക്കൊണ്ടിരിക്കും”, എന്നാണ്. “രക്തദാഹികളായ അധികാരികളെ, ഇനിയും വെടിയുതിര്‍ക്കുക… അഗ്നിവര്‍ഷിക്കുക… പക്ഷെ ഈ വെടിയുണ്ടകള്‍ കൊണ്ട് ഈ അഗ്നി അണയുകയില്ല” എന്ന് കേള്‍ക്കുമ്പോള്‍ സഫ്ദര്‍ എന്ന തീക്കനലിന്റെ വിപ്ലവവീര്യമാണ് നാം തിരിച്ചറിയുന്നത്. ഈ തീ തെളിച്ച നാടക പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരാതിരുന്നാല്‍ അത് നിന്ദയായേക്കും. ഇത് കണ്ടിരിക്കേണ്ട ഒരു നാടകമാണെന്ന് പറയാതെ വയ്യ.

ദില്ലിപോസ്റ്റില്‍ വന്ന ലേഖനം ലിങ്ക് ചുവടെ :

http://dillipost.in/2012/04/03/remembering-safdar-hashmi/

Friday, January 20, 2012

നൂലുണ്ട


ഭഗാരത്തിനു നൂലുണ്ടയുടെ ആകാരമാണെന്ന്
കോട്ടേമ്ബ്രം കവിതയാണ് ഓര്‍മ്മിപ്പിച്ചത്‌
ഭഗാരത്തിന്റെ ആകാരം പഴമയുടെ ചോദ്യമായ്
നുരഞ്ഞുവന്നപ്പോള്‍ നൂലുണ്ടയായതാകാം
ഓര്‍മ്മ വഴിതെളിച്ചെത്തിയത് പള്ളിക്കൂടത്തില്‍
നൂലുണ്ടപോലുള്ള ചോദ്യങ്ങളാണ് മനസ്സിലെന്നും
നൂലുണ്ട സമസ്യ തളര്‍ത്തിയത് വൃത്താലങ്കാരത്തെ.
വൃത്തം ഉരുണ്ടതാണെന്ന പക്ഷത്തിനന്ന് പുല്ലുവില
കാകളിയും മഞ്ജരിയും എന്തെന്ന് ചോദിച്ചപ്പോള്‍
മനസ്സിലുറച്ചതും നാവില്‍ വിരിഞ്ഞതും വിപരീതങ്ങള്‍
അര്‍ത്ഥ സമാസങ്ങളും പ്രതി-സന്ധിയായിനിന്നു
അപ്പോഴും മനസ്സില്‍ നൂലുണ്ടപോലൊരു വൃത്തം
മഞ്ജരി എന്തെന്നു ചോദിച്ചപ്പോള്‍ മനസ്സുപറഞ്ഞത്‌
വെളുത്തുമെലിഞ്ഞ കെമിസ്ട്രി ടീച്ചര്‍ നാവു പറഞ്ഞു
അതൊരു വൃത്തമാണെന്ന് - പച്ചക്കള്ളം! അവര്‍
കൊലുന്നനെയുള്ള ഗോതമ്പ് പോലത്തെ രസതന്ത്രഞ്ജ!
കാകളിയെന്തന്ന ചോദ്യം മനസ്സില്‍ ചിരിയായ്‌ നിറച്ചത്
"ഹിന്ദി" ഹമാര രാഷ്ട്ര ഭാഷ ഹെ പഠിപ്പിച്ച ഇരുണ്ടസുന്ദരി
നാവിനപ്പോഴും വഴങ്ങിയത് പച്ചക്കള്ളം, വൃത്തമത്രേ!
ശ്ലത കാകളിയുടെ രണ്ടാം പാദത്തിലന്ത്യമായി രണ്ടക്ഷരം
കുറഞ്ഞാല്‍ എങ്ങനെ മഞ്ജരിയാകും? രണ്ടക്ഷരമെന്നത്
മെലാനിന്റെ കുറവാണെന്ന സംശയം നൂലുണ്ടയായി.
കാകളിയെ വെളുപ്പിച്ച് മഞ്ജരിയാക്കാന്‍ രണ്ടക്ഷരമോ?
മെലാനിനും ഉണ്ട് മൂന്നര അക്ഷരം, ചില്ല് അരയായാല്‍ !
നൂലുണ്ടകള്‍ക്കപ്പോഴും മഞ്ജരിയും കാകളിയും വൃത്തമല്ല
നാവിനപ്പോഴും അവര്‍ രണ്ടക്ഷരത്തില്‍ കുടുങ്ങിയ
നിറഭേദങ്ങളുളള ഇണയായ വൃത്തമത്രേ! പച്ചക്കള്ളം!