Thursday, October 18, 2012

മുതലാളിത്തം സഹകരണ പ്രവര്‍ത്തനത്തിന് മൂല്യം തേടുമ്പോൾ


മുതലാളിത്തം സഹകരണ പ്രവര്‍ത്തനത്തിന് മൂല്യം തേടുമ്പോൾ

തുടക്കം 

കളികളിൽ താല്പര്യമില്ലാത്തവർ ആരുണ്ട്? കളികളുടെ ശാസ്ത്രീയതയും മനുഷ്യ സ്വഭാവത്തിൽ അതിന്റെ വിവിധങ്ങളായ സ്വാധീനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ഗെയിം തിയറി. ഈവർഷത്തെ (2012 ലെ ) സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരിക്കുന്നത് ഗെയിം തിയറിയിലെ 'ഗയിൽ - ശേപ്ലി' എന്ന അൽഗോരിതം രൂപകൽപന ചെയ്ത ലോയ്ഡ് ശേപ്ലിക്കും അത് വികസിപ്പിച്ച് വിലയുടെ അടിസ്ഥാനത്തിൽലല്ലാത്ത കമ്പോള പ്രവർത്തനങ്ങൾ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്ത ആൽവിൻ റോത്തിനുമാണ് . പൊതുവിൽ നിയോക്ലാസ്സിക്കൾ [1] സാമ്പത്തിക ശാസ്ത്രഞ്ജരുടെ കുത്തകയായി കരുതാവുന്ന സാമ്പത്തിക ശാസ്ത്രത്തിലെ നോബൽ സമ്മാനം [2] ഒരുപാടൊന്നും വ്യത്യസ്തമല്ലെങ്കിലും കുറച്ചെങ്കിലും സെൻസിബിൾ ആണെന്ന് നിയോക്ലാസ്സിക്കൾ പഠനത്തിൽപ്പെട്ട എന്നാൽ വിലയിൽ ആധാരമല്ലാത്ത ഗവേഷണത്തിനു നൽകിയതിലൂടെ ആശ്വസിക്കാവുന്നതാണ്. കാരണം കമ്പോളത്തിലെ ക്രയ-വിക്രയം വില (പ്രൈസ്‌) എന്ന മാനകത്തിൽ മാത്രം പ്രവർത്തിക്കുന്നതല്ല എന്ന വസ്തുതയാണ്. ഇതിലേക്ക് കണ്ണോടിക്കുന്നതാണ് ഈ കുറുപ്പ്.

സമ്മാന ജേതാക്കളെ ക്കുറിച്ച്

പ്രശസ്ത വാന ശാസ്ത്രഞ്ജൻ ഹർലോ ശേപ്ലിക്കും സഖിയായ വാനശാസ്ത്രഞ്ജ മാർത്ത ബെറ്റ്‌സിനും [3] പിറന്ന അഞ്ചുമക്കളിൽ നാലാമനായാണ് ജൂൺ 2, 1923 ൽ ലോയ്ഡ് ശേപ്ലി ജനിച്ചത്‌. അഞ്ചുമക്കളും തങ്ങളുടെ മേഘലകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച പ്രതിഭകളാണ്.  പിതാവായ ഹർലോ ശേപ്ലി എന്ന വാന ശാസ്ത്രഞ്ജന്റെ കണ്ടുപിടിത്തം കോപ്പർനിക്കസ്സിന്റെ ഭൂമി പ്രപഞ്ചകേന്ദ്രമല്ല എന്ന ആശയത്തെ ബഹുദൂരം മുന്നോട്ടു നയിച്ച ഒന്നാണ്. ഈ കണ്ടെത്തൽ വാദിക്കുന്നത്, ഭൂമിപോയിട്ടു സൂര്യൻപോലും ക്ഷീരപഥത്തിന്റെ  കേന്ദ്രമല്ല അഥവാ ക്ഷീരപഥത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ് എന്ന വസ്തുതയാണ് (അപ്പോൾ ഭൂമിയോ!) [4].
അമ്മയായ മാർത്തയുടെ ഇഷ്ട്ടവിഷയം ഗ്രഹണം സാധ്യമാക്കുന്ന ചരങ്ങളിലാണ്. ഇതിൽ നിന്നും വ്യത്യസ്ഥമല്ലാതെ ഗണിതത്തിൽ അതീവ പ്രാവീണ്യം തെളിയിച്ച, സ്വമേധയാൽ ഒരു ഗണിതശാസ്ത്രഞ്ജനായ് അറിയപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ് ലോയ്ഡ് ശേപ്ലി. ബിരുദം ഹാർവഡ് സർവ്വകലാശാലയിൽ നിന്നും നേടിയെങ്കിലും കുറഞ്ഞ കാലം (രണ്ടാം ലോക മഹായുദ്ധ കാലം) സൈനികസേവനം ചൈനയിൽ അനുഷ്ട്ടിച്ചതിനുശേഷം 1953ൽ പ്രിൻസ്ടൻ സർവകലാശാലയിൽ നിന്നും പ്രോഫെസ്സർ ആൽബർട്ട് ടക്കറിനു കീഴിൽ ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കി. യു. എസ്. ആർമി എയർകോർപ്‌സ് ഏർപ്പെടുത്തിയ ബ്രോൻസ് സ്റ്റാർ പുരസ്‌കാരം (1944) , ജോൺ ഫോൺ ന്യൂമൻ പുരസ്‌കാരം (1981) എന്നിവ നോബൽ സമ്മാനത്തിനു പുറമേ നേടിയിട്ടുണ്ട് [5].

അൽ റോത്തിന്റെ ജനനം 1951 ഡിസംബർ 19 നു അമേരിക്കയിലാണ്. 1971 ൽ കൊളംബിയ സർവ്വകലാശാലയിൽനിന്നും ഒപറേഷനൽ റിസർച്ചിൽ ബിരുദം കരസ്ഥമാക്കിയതിനു ശേഷം സ്ടാൻഫട് സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്ന് 1973 ൽ എം എസ് സും 1974 (ഒരുവർഷത്തിനുള്ളിൽ!) പി എച് ഡി യും കരസ്ഥമാക്കി.  ഇല്ലിനോയിസ്, പിറ്റ്‌സ്ബർഗ്, ഹാർവഡ് തുടങ്ങിയ സർവ്വകലാശാലകളിൽ സേവനമനുഷ്ട്ടിച്ചതിനുശേഷം ഇപ്പോൾ സ്ടാൻഫട് സർവ്വകലാശാലയിലാണ്. അമേരിക്കൻ അകടെമി ഓഫ് ആർട്‌സ് ആൻഡ് സയൻസ്, എകൊണോമെട്രിക് സൊസൈറ്റി തുടങ്ങിയവയിൽ ഫെലോ ആയി സേവനമനുഷ്ട്ടിച്ചിട്ടുണ്ട് . നോബൽ സമ്മാനത്തിനു പുറമേ ഗുൻഗ്ഗൻഹേം, ലെൻചെസ്‌റ്റർ, ടി ഡബ്ലിയൂ ശുൽസ് സമ്മാനം തുടങ്ങിയ ലഭിച്ചിട്ടുണ്ട് [6].

പഠനങ്ങളും സംഭാവനകളും

ശേപ്ലി തന്റെ ഗവേഷണം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ അതുല്യ പ്രതിഭയായ ജോൺ ഫോൺ ന്യൂമനിൽ നിന്നുള്ള പ്രചോതനം ഉൾകൊണ്ടിട്ടാണ്. അതിനാൽ തന്നെ ഗയിം തിയറിയിലെ മികച്ച വ്യക്തി എന്ന് റോബർട്ട് ഒമാൻ തന്റെ 2005 ലെ നോബൽ പ്രസംഗത്തിൽ പറഞ്ഞതിൽ അത്ഭുതമില്ല [7]. ശേപ്ലിയുടെ പ്രധാന സംഭാവനകൾ നോക്കുകയാണെങ്കിൽ  'ശേപ്ലി മൂല്യം [8], ബോന്ധരേവ-ശേപ്ലി സിദ്ധാന്തം [9], ശേപ്ലി-ശുബിക് വർഗ്ഗപ്പെരുക്കൾ സൂചിക (പവർ ഇന്‍ഡെക്സ്) [10], ഗയിൽ-ശേപ്ലി അൽഗോരിതം [11], ഓമാൻ-ശേപ്ലി വിലനിർണ്ണയം [12], ശേപ്ലി-ഫോക്മൻ സിദ്ധാന്തം [13], നിരവധി കളികളും അതിന്റെ നിയമങ്ങളും ഫലങ്ങളും (ഉദാ: ക്രമമല്ലാത്ത (stochastic) [14], സമർത്ഥമായ (potential) [15] തുടങ്ങിയ കളികൾ) എന്നിങ്ങനെ നിരവധി പഠനങ്ങൾ നിരത്താവുന്നതാണ് [16]. ഇതിൽ ചില പഠനങ്ങൾ നമുക്ക് പിന്നീട് പരിചയപ്പെടാം.

ശേപ്ലിയുടെ സൈദ്ധാന്തിക അടിത്തറ ഉപയോഗിച്ചുകൊണ്ട് എത്തരത്തിലാണ്  കമ്പോളം വ്യത്യസ്തങ്ങളായ രീതിയിൽ പ്രതികരിക്കുന്നത് അഥവാ കാര്യനിവൃത്തി നടത്തുന്നത് എന്ന പഠനമാണ് അൽ റോത്ത് നടത്തിയത് [17]. അതുവഴി കമ്പോളത്തിന്റെ വിലയിൽ വിഭാവന ചെയ്യാനാകാത്ത പ്രവർത്തനങ്ങളെ പുനരാസൂത്രണംചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് എന്ന്‍  തെളിയിക്കുന്നതിനാണ് റോത്ത് ശ്രമിച്ചത്. ഈ പരിശ്രമത്തിനുള്ള പ്രതിഫലമായിട്ടാണ് 2012 ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനത്തെ നോക്കിക്കാണെണ്ടത്. ഇതിന്റെ സാധ്യതകളെക്കുറിച്ചു നമുക്ക് ലളിതമായി മനസ്സിലാക്കാം.

സഹകരണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിൽ അഥവാ കളികളിൽ ഉണ്ടാക്കപ്പെടുന്ന മിച്ചം ആ കളിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കിടയിൽ സമാനതകളില്ലാത്തവിധത്തിൽ വിഭജിക്കപ്പെടുന്നു, ഇതിനെ ശേപ്ലി മൂല്യം എന്ന് വിളിക്കുന്നു [8]. ഇതിൽ പ്രതിപാദിക്കുന്നത് ക്ലിപ്തമാക്കപ്പെട്ട പ്രവർത്തകരുടെ സഹകരണത്തെയാണ്.

ഉദാഹരണത്തിന് നമുക്ക് കുടുംബശ്രീ പ്രവർത്തനം (ഒരു കളിയായ് ) വിലയിരുത്താം. വീടുകളിലെ മാലിന്യം നീക്കംചെയ്യുന്ന നാല് കുടുംബശ്രീ പ്രവർത്തകരാണെന്നിരിക്കട്ടെ. ഇവരുടെ പ്രവർത്തനം കൂട്ടായ്മയിലൂടെ മാത്രമേ ഫലപ്രാപ്തി കൈവരിക്കുകയുള്ളൂ. അതിനാൽ ഇവർ ചെയ്യുന്ന പ്രവർത്തിയുടെ പ്രതിഫലം ഇവർ വീതിക്കുന്നത് യോജ്യമായ ഒരു തുകയായിട്ടാണ്, ഈ തുകയെ നമുക്ക് ശേപ്ലി മൂല്യം എന്ന് വിളിക്കാം. ഇതിന്റെ പ്രത്യേകത ഒരുമിച്ചു ചെയ്യുന്ന പ്രവർത്തിയുടെ മിച്ചം ചിലർ മാത്രം കൂടുതൽ കൈപറ്റുന്നത്  ഒഴുവാക്കുന്ന ഗണിത പ്രതിവിധിയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനു ഉപോൽബലകമാകുന്നത് കാര്യക്ഷമത, സമതുലനം, അടിറ്റിവിറ്റി മുതലായ മാനദണ്ഡങ്ങളാണ്.

മേൽപ്പറഞ്ഞ കണ്ടെത്തലിൽ നിന്നുള്ള മുന്നോട്ടുപോക്കാണ് മറ്റ്പല സിദ്ധാന്തങ്ങളും. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗയിൽ-ശേപ്ലി അൽഗോരിതം [11]. ഗയിൽ-ശേപ്ലി അൽഗോരിതം മുന്നോട്ടുവക്കുന്നത് തിട്ടപ്പെടുത്താവുന്നതും ഗണാംഗങ്ങൾ തുല്യവുമായ  രണ്ട് ഗണങ്ങൾ തമ്മിൽ പരസ്പരം പൊരുത്തപെടുത്തിയാൽ എല്ലാ ഗണാംഗങ്ങളും സ്ഥിരമായ ഒരു ജോഡി ഉറപ്പിക്കുന്നതാണ്. നമുക്ക് ഇവരുടെ ഉദാഹരണം തന്നെ പരിശോധിക്കാം. പുരുഷന്മാരുടെതും സ്ത്രീകളുടെതുമായ രണ്ടുഗണങ്ങൾ എടുക്കുക. ഓരോഗണത്തിലും പത്ത്  അംഗങ്ങൾ അനുമാനിക്കുക. അങ്ങനെയാണെങ്കിൽ ഓരോപുരുഷനും തങ്ങൾക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ത്രീയോട് ഇഷ്ടം പറയുകയും അവർ അത് സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു. ഇങ്ങനെ പലഉരു എല്ലാവരും എല്ലാവരെയും വിവാഹാഭ്യർത്ഥന നടത്തുന്നതുവരെ കളി ആവർത്തിച്ചാൽ തങ്ങൾക്കിഷ്ട്ടപ്പെട്ടവരെ വിവാഹംകഴിക്കാൻ കഴിയും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബന്ധം സ്ഥിരമായിരിക്കും [18].

യുക്തിയുക്തമായ ഈ സൈദ്ധാന്തികവശത്തെ കമ്പോളത്തിലേക്ക് പരീക്ഷിക്കുക എന്ന അങ്ങേയറ്റം ദുസ്സഹമായ പരീക്ഷണ നിരീക്ഷണങ്ങളാണ് റോത്ത് തന്റെ പഠനങ്ങളിലൂടെ രൂപകൽപന ചെയ്തത്. ഇത് തത്വത്തിൽ ഗയിൽ-ശേപ്ലി യുക്തിയെ കമ്പോള മാതൃകയിൽ സന്നിവേശിപ്പിക്കുകയാണ് പലതരത്തിലുള്ള കമ്പോള പുനക്രമീകരണങ്ങളിലൂടെ റോത്ത് യാഥാർത്യമാക്കിയത് [17]. കേരളത്തിലെ പ്ലസ് വൺ പ്രവേശനം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് സീറ്റ്‌ അല്ലോട്ട്മെന്റ് ഏകദേശം ഈ മാതൃകയുടെ വളരെ അപരിഷ്‌കൃത രൂപമാണെന്ന് വിളിക്കാവുന്നതാണ്.

ശേപ്ലി മൂല്യവും, ഗയിൽ-ശേപ്ലി അൽഗോരിതത്തിന്റെയും മുന്നോട്ടുപോക്കാണ് മറ്റുപല പ്രധാന കളിനിയമങ്ങളും ആവിഷ്‌കരിക്കുന്നത് എന്ന്‍ പറഞ്ഞല്ലോ. ഉദാഹരണത്തിന്  'എല്ലാ സഹകരണ പ്രവർത്തനത്തിനും ഒരു സുകരമായ ഫലം സാധ്യമാണ്' (ബോന്ധരേവ-ശേപ്ലി സിദ്ധാന്തം) [9]; 'അനന്തമായ പ്രവർത്തകരുള്ള സഹകരണ പ്രവർത്തനമോ കളികളിലോ പോലും ശേപ്ലി മൂല്യം നിലനിൽക്കുന്നു, അതിനാൽത്തന്നെ അനന്തമായ പ്രവർത്തകരുള്ള കളികളിൽ ഇവർ ഉണ്ടാക്കുന്ന മിച്ചം നിയതമായി വിഭജിക്കപ്പെടും' (ഓമാൻ-ശേപ്ലി വിലനിർണയം) [12]. 

വാൽകഷ്ണം

ചുരുക്കത്തിൽ ശേപ്ലിയുടെ പഠനവും ആല്‍വിൻ റോത്തിന്റെ പരീക്ഷണങ്ങളും മുന്നോട്ടു വക്കുന്നത് എല്ലാ സഹരണ പ്രവര്‍ത്തനത്തിലൂടെയും കാര്യക്ഷമാമായതും സ്ഥായിയായതുമായ മിച്ചം ഉണ്ടാക്കാൻ സാധിക്കുമെന്നും അവ സഹകരണാടിസ്ഥാനത്തിൽ വീതംവയ്ക്കപ്പെടുമെന്നും, അങ്ങനെയാണെങ്കിൽ ആ വ്യവസ്ഥ സ്ഥായിയായിതന്നെ തുടരും എന്നുമുള്ള ആശയത്തിന്റെ ഗണിത പരിഹാരമാണ്. സഹകരണ പ്രവർത്തനങ്ങൾ (cooperative games) ഇത്തരത്തിൽ മുന്നോട്ട് വക്കുന്നത് ഞാൻ എന്ന വെക്തിയുടെ ഉയർച്ച താഴ്ചകൾ നമ്മൾ എന്ന കൂട്ടത്തോട് കടപ്പെട്ടിരിക്കും എന്ന മുദ്രാവാക്യമാണ്. ഇത് തന്നെയാണ് ആഫ്രിക്കയിലേ ഉബുണ്ടുവും ഉദ്ദേശിക്കുന്നത്. അതിനാൽ നിയോക്ലാസിക്കലുകളും, സയണിസ്റ്റുകളുമാണ് (ഉദാ: ഓമാൻ ) നോബൽ സമ്മാനം കരസ്തമാക്കുന്നതെങ്കിലും ഇത്തവണത്തെ നോബലിനൊരു സാമൂഹിക മാനം തോന്നുന്നില്ലേ? അതിനാലാണ് ഈ കുറിപ്പും.

കുറിപ്പുകൾ

[1] ഉൽപാദന ഉപഭോഗങ്ങളുടെ ക്രയ-വിക്രയങ്ങൾ പൂർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭേച്ചയോടുകൂടി തിരഞ്ഞെടുക്കപ്പെടുന്നു എന്നും, അത്തരം തിരഞ്ഞെടുപ്പുകൾ മാത്രം യുക്തിപൂർണ്ണമെന്നും വാദിക്കുന്ന സാമ്പത്തികശാസ്ത്ര ധാരയാണ് നിയോക്ലാസ്സിക്കൾ സാമ്പത്തികശാസ്ത്രം. ഈ വാദം മുന്നോട്ടുവക്കുന്ന പ്രധാന കമ്പോള ക്രമം വിലയാണ് ചോദനത്തേയും പ്രദാനത്തേയും നിർണ്ണയിക്കുന്നത് എന്നതാണ്.
[8] Shapley, Lloyd S (1953) "A Value for n-person Games". In Contributions to the Theory of Games, volume II, by H.W. Kuhn and A.W. Tucker, (eds.) Annals of Mathematical Studies vol. 28, pp. 307–317, Princeton University Press. ഇതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മറ്റൊരു ലേഖനം Winter, Eyal (2002) “the Shapley Value” In Handbook of Game Theory with Economic Application, Robert Aumann and Sergui Hart (eds.) vol. 3 pp. 2025-2054, Elsevier.
[9] Kannai, Y (1992), "The core and balancedness", in Handbook of Game Theory with Economic Applications, by Robert Aumann and Sergiu Hart (eds.) Volume I, pp. 355–395, Elsevier.
[10] Shapley, Lloyd S and Martin Shubik (1954) “A Method for Evaluating the Distribution of Power in a Committee System, American Political Science Review, vol. 48, pp. 787–792.
[11] Gale, David and Lloyd S Shapley (1962) "College Admissions and the Stability of Marriage", American Mathematical Monthly vol. 69, pp. 9-14.
[12] Aumann, Robert J and Lloyd S Shapley (1974) Values of non-atomic games, Princeton University Press.
[13] ഇതാദ്യമായി അവതരിപ്പിച്ചത് റോസ്സ് സ്റ്റാ ആണ്. Starr, Ross M (1969) “Quasi-equilibria in markets with non-convex preferences”, Econometrica, vol. 37, pp. 25–38.
[14] Shapley, Lloyd S (1953) "Stochastic games", Proceedings of the National Academy of Sciences vol. 39, pp. 1095–1100 അല്ലെങ്കി ഈ ലിങ്കി ക്ലിക്ക്‌ ചെയ്യു http://www.pnas.org/content/39/10/1095.full.pdf
[15] Monderer, Dov and Lloyd S Shapley (1996) "Potential Games", Games and Economic Behavior vol. 14, pp. 124–143.
[16] കളികളെക്കുറിച്ചുള്ള ഈ ലേഖനത്തിലും ഗെയിം തിയറിയുടെ അഡ്വാന്‍സ്ഡ് സ്റ്റേജ് മനസ്സിലാക്കാനും ഉപയോഗിച്ചിരിക്കുന്നത് Auman, Robert and Sergui Hart (eds.) Handbook of Game Theory with Economic Applications, three volumes, Elsevier (ഒന്നാം വാല്യം 1992 ലും രണ്ടാംവാല്യം 1994 ലും മൂന്നാംവാല്യം 2002 പ്രസിദ്ധീകരിച്ചു.)
[17] വ്യത്യസ്തങ്ങളായ ലേഖനങ്ങൾ മാചിങ്ങിനെകുറിച്ച് എഴുതിയിട്ടുണ്ട് അതിൽ ചിലത് താഴെ കുറിക്കുന്നു. Roth, Alvin E (1982) “The economics of matching: Stability and incentives, Mathematics of Operations Research vol. 7, pp. 617-628; Roth, Alwin E (1985) "The College Admissions Problem is not Equivalent to the Marriage Problem". Journal of Economic Theory vol. 36, pp.277–288; Roth, Alwin E and E Peranson (1999) "The Redesign of the Matching Market for American Physicians: Some Engineering Aspects of Economic Design", American Economic Review vol. 89, pp. 748–780; Roth, Alwin E; T Sönmez and M U Ünver (2004) "Kidney exchange" Quarterly Journal of Economics, vol. 119, pp. 457–488.
[18] ഗയിൽ-ശേപ്ലി അൽഗോരിതത്തിന്റെമറ്റൊരു പേര് സ്റ്റേബില്‍ മാരേജ് പ്രോബ്ലം എന്നാണ് അറിയപ്പെടുന്നത്. ഇതിനു കാരണം അവർ ഉപയോഗിച്ച ഉദാഹരണം തന്നെയാണ്.

Saturday, June 30, 2012

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

രാജീവന്‍ കുന്നത്ത് & സിദ്ധീക്ക് റാബിയത്ത്


 ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥി രാഷ്ട്രീയം കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2012 മാര്‍ച്ച് 1ന് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (AISA–ഐസ) ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് യുണിയന്‍ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഐസ വിദ്യാര്‍ത്ഥി യുണിയന്‍ നിലനിര്‍ത്തുന്നത്. മലയാള മാധ്യമങ്ങളും ഇന്ത്യയിലെ ഇതര ഭാഷാ മാധ്യമങ്ങളും തങ്ങളുടെ വാര്‍ത്തകളില്‍ ‘തീവ്ര ഇടതു പക്ഷമായ ഐസ’, യൂണിയന്‍ വീണ്ടും പിടിച്ചെടുത്തെന്നും സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ, അഥവാ എസ്എഫ്ഐ പോലുള്ള ജനകീയ ഇടതുപക്ഷത്തിന്റെ, അന്ത്യം കുറിച്ചുവെന്നുമാണ് തലവാചകങ്ങളായി വായനക്കാരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇത്തരം മാധ്യമ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, തീവ്ര ഇടതുപക്ഷത്തിന്റെ പ്രതിനിധി എന്ന നിലക്ക് ഐസ എത്രത്തോളം തീവ്രമാണ് എന്നതിനെക്കുറിച്ചും, എസ്എഫ്ഐയുടെ പരാജയത്തെക്കുറിച്ചും അഖില വിമല്‍ എഴുതിയ “ജെഎന്‍യുവിലെ വ്യാജബിംബങ്ങള്‍” എന്ന ലേഖനത്തിന്റെ വെളിച്ചത്തില്‍ ചില നിരീക്ഷണങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമാണ് ഈ ലേഖനത്തിന്‍റെ പ്രധാന ഉദ്ദേശ്യം. ഇതോടൊപ്പം തന്നെ, ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പൊതുബോധത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ? ഇടത് രാഷ്ട്രീയത്തിന്റെ പ്രധാന പ്രതിനിധികളായ ഐസയും എസ്എഫ്ഐയും അവരുടെ രാഷ്ട്രീയത്തെ എങ്ങനെയാണ് ക്യാമ്പസില്‍ അടയാളപ്പെടുത്തുന്നത്? വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയം എങ്ങനെയാണ് പ്രസക്തമാകുന്നത് എന്നീ ചോദ്യങ്ങളും അഖിലയുടെ ലേഖനത്തിനു നല്‍കുന്ന മറുപടിയോട് ചേര്‍ത്ത്‌ പരിശോധിക്കേണ്ടതാണ്.
രാഷ്ട്രീയ പൊതുബോധവും ജെഎന്‍യു സമൂഹവും
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അത് ഉയര്‍ത്തിപിടിച്ച സംഘടിത രാഷ്ട്രീയമൂല്യവും വിദ്യാഭ്യാസ മേഖലയുടെയും അതുവഴിയുള്ള സാമൂഹിക മാറ്റത്തിനും ഇണങ്ങുന്ന ചാലക ശക്തിയായി പലപ്പോഴും മാറിയിട്ടുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരം മാറ്റങ്ങള്‍ സുവ്യക്തവുമാണ്. 1960കളില്‍ അമേരിക്കയിലേയും പശ്ചിമ യുറോപ്യന്‍ രാജ്യങ്ങളിലേയും സര്‍വകലാശാലയിലെ സംഘടിത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത് അവിടങ്ങളില്‍ നിലനിന്നിരുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങളുടെ
പശ്ചാത്തലത്തിലാണ്. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കൈക്കൊണ്ട രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക നയങ്ങളുടെ വിരുദ്ധതകളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഇത്തരം വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 1960കളില്‍ ആരംഭിച്ച ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആഗോളതലത്തിലുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പാകപെടുത്തുന്നതില്‍ ചെറുതും
വലുതുമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തന സ്വഭാവവും, രാഷ്ട്രീയ നിലപാടുകളും
രാജ്യങ്ങള്‍ തോറും വ്യത്യാസപെട്ടതാണെങ്കിലും, അതത് രാജ്യങ്ങളില്‍ തനതായ ഒരു ധൈഷണിക സംസ്കാരവും രാഷ്ട്രീയ മുല്യവും വളര്‍ത്തിയെടുക്കുന്നതില്‍ അവക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ജെഎന്‍യുവിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം രൂപപ്പെടുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടയില്‍ ജെഎന്‍യു വ്യത്യസ്തമാകുന്നത് പൊതുവെ വിളിച്ചുവരുന്ന “ജെഎന്‍യു സംസ്കാര”വുമായി ബന്ധപ്പെട്ടാണ്. അഖിലയുടെ ലേഖനം പരാമര്‍ശിക്കുന്നതുപോലെ വിദ്യാര്‍ത്ഥി യുണിയന്‍ തെരഞ്ഞെടുപ്പ്, ജെഎന്‍യു വിദ്യാര്‍ത്ഥി പ്രവേശനം, അത് നിലനിര്‍ത്താന്‍ ശ്രമിച്ച അക്കാദമിക നിലവാരം, ദേശിയ-അന്തര്‍ദേശീയ സംഭവവികാസങ്ങളോട് ജെഎന്‍യു സമൂഹം വെച്ചുപുലര്‍ത്തുന്ന നിലപാട് എന്നിവയെല്ലാം ഉള്‍ചേര്‍ന്നതാണ് ഈ സംസ്കാരം.
1969 നവംബറില്‍ നിലവില്‍ വന്ന ജെഎന്‍യുവിന് രാജ്യത്ത് നിലനില്കുന്ന ഉന്നത വിദ്യാഭ്യാസ രീതിക്ക് ഒരു ബദല്‍പാത ഒരുക്കുക എന്ന ദൌത്യംകൂടി ഉണ്ടായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 22 വര്‍ഷത്തിനു ശേഷം ജെഎന്‍യു നിലവില്‍ വരുമ്പോള്‍, ലക്ഷോപലക്ഷം ഇന്ത്യക്കാര്‍ക്ക് സ്കൂള്‍-കോളേജ് വിദ്യാഭ്യാസം നേടാന്‍ പര്യാപ്തമാകുന്ന അടിസ്ഥാന സൗകര്യം പോലും അന്ന് ഉണ്ടായിരുന്നില്ല. എല്ലാം കൊണ്ടും പിറകോട്ടടിക്കപ്പെട്ട ഇന്ത്യന്‍ ഗ്രാമങ്ങളേയും അവിടുത്തെ ജനതയേയും ഉള്‍കൊള്ളാന്‍ കഴിയുന്നതോടൊപ്പം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായിരിക്കണം ഈ സര്‍വകലാശാലയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന വിവി ഗിരി അഭിപ്രായപ്പെട്ടിരുന്നു. നഗരങ്ങളിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ പ്രവേശനത്തിന് പ്രാമുഖ്യം കൊടുത്തപ്പോള്‍ ഗ്രാമങ്ങളിലേയും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം നേടുന്ന പ്രക്രിയ തടസപ്പെടുത്തിയെന്നും, ഇത് യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും വഴിതെറ്റി ചലിച്ചുവെന്നും അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് വിസി കോശി പറയുകയുണ്ടായി. ഇന്ത്യന്‍ ഭരണവര്‍ഗ ആശയത്തിന്റെ ഭാഗമായി പലപ്പോഴും നിലനിന്ന സര്‍വകലാശാലയുടെ അധികാര ഘടനക്ക് വിരുദ്ധമായ ശബ്ദമായിട്ടാണ് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കാമ്പസില്‍ തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുന്നത്. ഇതോടുകൂടിയാണ് ഇന്ത്യന്‍ സമൂഹം അന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തതും ഏറെക്കുറെ പുരോഗമനപരമായ വിദ്യാര്‍ത്ഥി പ്രവേശന നയം പിന്തുടരാന്‍ പില്‍ക്കാലത്ത് സര്‍വകലാശാലാ അധികൃതര്‍ നിര്‍ബന്ധിക്കപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കായി എണ്ണമറ്റ വിദ്യാര്‍ത്ഥി സമരങ്ങള്‍ സംഘടിപ്പിക്കുകയും 1970 മുതല്‍ 1990 വരെയുള്ള രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയവത്കരണം പാകപ്പെടുത്തിയ ഒരു മണ്ണിന്റെ സ്വാഭാവിക പരിണിതിയായിരുന്നു എസ്എഫ്ഐ നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥി രാഷ്ട്രീയം, അഥവാ അതിന്‍റെ സംസ്കാരം. ഇങ്ങനെ വളര്‍ന്നുവന്ന എസ്എഫ്ഐയുടെ നേതൃനിര ഒരേസമയം തന്നെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ സര്‍വവിധ സ്പന്ദനങ്ങളെ തിരിച്ചറിയാനും, ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഉടലെടുക്കുന്ന എണ്ണമറ്റ വിഷയങ്ങളെ കോര്‍ത്തിണക്കികൊണ്ട് സംവാദാത്മക രാഷ്ട്രീയ ഭൂമിക കെട്ടിപ്പടുക്കാനും വിജയിച്ചവരായിരുന്നു.
ഏത് തരത്തിലുള്ള രാഷ്ട്രീയമാണോ സമൂഹത്തില്‍ മേല്‍കൈ നേടുന്നത്, അത് തന്നെയായിരികും സ്വാഭാവികമായും, പ്രസ്തുത സമൂഹത്തിന്റെ പൊതുബോധ രൂപീകരണത്തില്‍ നിര്‍ണായകമാകുന്നതും. ഇങ്ങനെ നോകുമ്പോഴാണ്, തെരഞ്ഞെടുപ്പും അതിലെ വിജയ-പരാജയവും രാഷ്ട്രീയവത്കരണത്തിന്റെ നിരവധി അളവുകോലുകളില്‍ ഒന്നായിമാറുന്നത്. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടും വിഭിന്നവുമായിരുന്നില്ല എക്കാലത്തേയും ജെഎന്‍യു രാഷ്ട്രീയത്തിന്റെ രൂപീകരണവും.
അഖില ഉയര്‍ത്തുന്ന “2007നു മുന്‍പ്‌ നാമമാത്രമായ ചില പരാജയങ്ങള്‍ ഒഴിച്ചാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്തി സമൂഹം മുഖ്യധാര ഇടതിനോടായിരുന്നു കൂറ് പുലര്‍ത്തിയിരുന്നത്” എന്ന വാദത്തിനോട് ചില വിയോജിപ്പുകള്‍ കൂടി രേഖപെടുത്തേണ്ടതുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം ഉടലെടുത്ത ദേശീയ-അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ ക്യാമ്പസിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ വലിയ രൂപത്തില്‍ സ്വാധീനിച്ചതായി ചില ഘടകങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാം. ഇതില്‍ പ്രധാനമായും ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയര്‍ വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് നേരെ ചൈനീസ് ഭരണകൂടം കൈക്കൊണ്ട നടപടിയും തൊണ്ണൂറുകള്‍ക്കുശേഷം സോവിയറ്റ് റഷയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്കുണ്ടായ തിരിച്ചടിയും ഇന്ത്യയിലെ ഇടതു രാഷ്ട്രീയത്തിനും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും താല്ക്കാലികമായെങ്കിലും മങ്ങലേല്‍പ്പിച്ചിട്ടുണ്ട് എന്നതാണ്. ഇത്തരം തിരിച്ചടികളെ സാധൂകരിക്കുന്ന തരത്തിലുള്ള സൈദ്ധാന്തിക ശ്രമങ്ങളും ആഗോളതലത്തില്‍ തന്നെ രൂപപ്പെട്ടു വരികയുണ്ടായി. ഇതിന് ഉദാഹരണമാണ്, ഫ്രാന്‍സിസ് ഫുകുയാമയും, സാമുവല്‍ ഹണ്ടിങ്ടനും പ്രചരിപ്പിക്കാന്‍ ശ്രമിച്ച ലിബറല്‍ സാമ്പത്തിക ക്രമവും അതിന്റെ രാഷ്ട്രീയ പ്രയോഗങ്ങങ്ങളും. ഇതിന്റെ സാമ്പത്തിക ക്രമത്തിനും രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കുമാണ് ചരിത്രത്തില്‍ ഇനി സ്ഥാനമെന്നും മാര്‍ക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ കാലഹരണപ്പെടുന്നു എന്നുമാണ് ഇവര്‍ പ്രധാനമായും വാദിച്ചിരുന്നത്. ഇതിന്റെ അലയൊലികള്‍ തൊണ്ണൂറുകളില്‍ തന്നെ ക്യാമ്പസിലും ശക്തമായിരുന്നു.
ഇത്തരം പ്രവണതകളെ സാധൂകരിക്കുന്നതാണ് കാമ്പസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മാറിവന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ അഥവാ എസ്എഫ്ഐ-എഐഎസ്എഫ് ഇതര യൂണിയനുകള്‍. അതേസമയം, ക്യാമ്പസിന്റെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ അന്തര്‍ദേശീയ സംഭവ വികാസങ്ങളോടൊപ്പം ക്യാമ്പസിലെ ചില ഘടകങ്ങളെയും കണ്ണിചേര്‍ത്തുകൊണ്ടാണ് മുഖ്യധാരാ ഇടതുപക്ഷത്തിന് ഒരു രാഷ്ട്രീയബദല്‍ വേണമെന്ന പ്രചരണം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി ഐസ മുന്നോട്ടു വച്ചത്, എസ്എഫ്ഐയും എഐഎസ്എഫും പോലുള്ള മുഖ്യധാര ഇടതുപക്ഷ സംഘടനകള്‍ ക്യാമ്പസിലെ സാംസ്കാരിക ബഹുസ്വരതകളെ അവഗണിക്കുന്നു എന്ന മുദ്രാവാക്യമാണ്. എന്നാല്‍ ഈ പ്രചരണങ്ങളെയൊക്കെ തന്നെ രാഷ്ട്രീയമായി നേരിട്ടുകൊണ്ടാണ്‌ 1996 മുതല്‍ വീണ്ടും സംഘടിത ഇടതുപക്ഷം ജെഎന്‍യു രാഷ്ട്രീയത്തില്‍ അവരുടെ ശക്തി തെളിയിക്കുന്നത്.
പാര്‍ടി നിലപാടുകളും വിദ്യാര്‍ത്ഥി സംഘടനകളും
“മുഖ്യധാര ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകള്‍ പല കാലഘട്ടങ്ങളിലും തീവ്ര ഇടതുപക്ഷത്തോടുള്ള ചായ്‌വ് ആയും വോട്ടുകളായും പരിവര്‍ത്തനം ചെയ്തു പോന്നിട്ടുണ്ട്”; “ഐസയുടെ രാഷ്ട്രീയ ശരി നിര്‍ണയിക്കാന്‍ പോന്നതായിരുന്നില്ല 2007ലേയും 2012ലേയും തിരഞ്ഞെടുപ്പ് ഫലം” എന്നു പറയുന്ന അഖിലയുടെ ലേഖനം കുറച്ചുകൂടി വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇത് മനസിലാക്കണമെങ്കില്‍, എങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം തങ്ങളുടെ നയങ്ങള്‍ രൂപീകരിച്ചതെന്നും, ഏതൊക്കെ വിധത്തിലാണ് ആ നയരൂപീകരണങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചലങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പരിശോധിക്കുമ്പോഴാണ്.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ, ജെഎന്‍യു കാമ്പസില്‍ പ്രവര്‍ത്തിച്ചു പോന്നത്. ഇന്ത്യന്‍ സാഹചര്യത്തേയും, അതിന്റെ ചരിത്രപരമായ സവിശേഷതകളെകുറിച്ചും, സിപിഎം നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഇന്ത്യന്‍ ഭരണകൂടം, രാജ്യത്തെ ഉന്നത വര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തും, സാമ്രാജ്യത്വ ശക്തികളോട് വിലപേശിയുമാണ് തങ്ങളുടെ രാഷ്ട്രീയ ആശയം നടത്തിക്കൊണ്ടുപോകുന്നത്.എന്നാല്‍ അങ്ങനെയുള്ള ഒരു ഭരണകൂടത്തിന്റെ ഭാഗമാകുമ്പോള്‍, അകത്തും പുറത്തു നിന്നും ലഭ്യമായ സാധ്യതകളെ ഉപയോഗപ്പെടുത്തിയും സാമൂഹിക മാറ്റത്തിനെ ത്വരിതപ്പെടുത്തുവാന്‍ കഴിയും എന്ന കാഴ്ച്ചപ്പാടാണ് സി പിഎം വച്ചുപുലര്‍ത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിലാളി-കര്‍ഷക ഐക്യത്തിലൂടെ ഒരു ജനകീയ ജനാധിപത്യ വിപ്ലവം ഇന്ത്യയില്‍ സാധ്യമാക്കുക എന്നതാണ് ഭരണകൂടത്തിന്‍റെ ഭാഗമാകുമ്പോഴും സിപിഎം ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടവുമായി അത്തരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുമ്പോള്‍  ചെറുതും വലുതുമായ സങ്കീര്‍ണതകളും വിമര്‍ശനങ്ങളും ഇടതുപാര്‍ടികള്‍ കാലാകാലങ്ങളില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളും സങ്കീര്‍ണ്ണതകളും ജെഎന്‍യു ക്യാമ്പസിലെ തിരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ശക്തിപകരുകയുണ്ടായി.
ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനു സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ടികള്‍ പുറത്തുനിന്നും നല്‍കിയ പിന്തുണ. ഹൈന്ദവ വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുവന്ന ഘട്ടത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം യുപിഎക്ക് ഇടതുപാര്‍ടികള്‍ ഉപാധികളോടെ പിന്തുണ പ്രഖ്യാപിക്കുന്നത്. ഇങ്ങനെ പിന്തുണ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തിലും കോണ്‍ഗ്രസിനു ഇരട്ട മുഖമുണ്ടെന്നാണ് സിപിഎം
വിശ്വസിക്കുന്നത്. അതിലൊന്ന്, അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളോടും ഇന്ത്യന്‍ മുതലാളി വര്‍ഗത്തോടും കോണ്‍ഗ്രസ് കാണിക്കുന്ന അമിത വിധേയത്വമാണെങ്കില്‍, രണ്ടാമത്തേത്, അതിന്റെ മതേതര ജാനാധിപത്യ കാഴ്ചപ്പാടുമായി ബന്ധപെട്ടതാണ്.
ഒന്നാമത്തെ നയവുമായി വിയോജിക്കുമ്പോള്‍ തന്നെ, ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ പുറത്തിരുത്തുന്നതിനു വേണ്ടി കോണ്ഗ്രസിന്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടുമായി ഐക്യപ്പെട്ട് ഒരു ബദല്‍ മുന്നണി സ്ഥപിക്കാം എന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം മുന്നോട്ടു വച്ചത്. കാലഘട്ടം ആവശ്യപ്പെട്ട ഇത്തരം രാഷ്ട്രീയ സാഹചര്യത്തെ വളച്ചൊടിച്ച്, ഇടതു രാഷ്ട്രീയത്തില്‍ നിന്നും സിപിഎമ്മും, എസ്എഫ്ഐയും വ്യതിചലിച്ച് വലതുപക്ഷക്കാരായി എന്ന് പ്രചരിപ്പിക്കാനാണ് ഐസ പോലുള്ള സംഘടനകള്‍ ശ്രമിച്ചത്.ഐസയുടെ ഇത്തരം നയങ്ങള്‍ സൂചിപ്പിക്കുന്നത് ഫാഷിസ്റ്റ്‌ കക്ഷികളെ നേരിടുന്നതില്‍ അവര്‍ എന്നും കൈക്കൊണ്ട മൃദു സമീപനമാണ്. ഉദാഹരണത്തിന്, മണ്ഡല്‍-മസ്ജിദ്‌ വിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യവുമായി മതേതരത്വ ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഭംഗം വരുത്തിക്കൊണ്ട് ഉയര്‍ന്നുവന്ന സംഘപരിവാര്‍ ശക്തികള്‍ പില്‍ക്കാലത്ത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശയങ്ങളേയും ആകത്തന്നെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍തന്നെയാണ് ജെഎന്‍യുവിലും ഹിന്ദുത്വ ശക്തികള്‍ ശക്തിപ്രാപിക്കുന്നത്. അത്തരം ഫാഷിസ്റ്റ്‌ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍, അതിനെതിരെയുള്ള ഇടതു ജനാധിപത്യ പാര്‍ടികളുടെ ചെറുത്തുനില്പിനെ ആലോസരപ്പെടുത്തുകയും വഴിതെറ്റിക്കുവാനുമാണ് “തീവ്ര ഇടതുപക്ഷക്കാര്‍” ശ്രമിച്ചത്.
രണ്ടാമതായി ചെങ്ങറ ഉള്‍പ്പെടെയുള്ള ഭൂകേന്ദ്രീകൃത സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഐസയും ക്യാമ്പസിലെ ചില സ്വത്വരാഷ്ട്രീയ വക്താക്കളും കേരളത്തിലെ ഭൂപരിഷ്കരണത്തെച്ചൊല്ലി ചില കിംവദന്തികള്‍ പ്രച്ചരിപ്പിക്കുകയുണ്ടായി. ഭൂപരിഷ്കരണം കൊണ്ട് കേരളത്തിലെ പാവങ്ങള്‍ക്ക് ഒന്നും നേടാനായില്ലെന്നും, ചെങ്ങറ ഉള്‍പ്പെടെയുള്ള സമരങ്ങളെ ഇടതു സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നു
എന്നൊക്കെയായിരുന്നു  ക്യാമ്പസില്‍ ഇവരുടെ പ്രചരണങ്ങളുടെ പൊരുള്‍. പക്ഷേ, ചരിത്ര
വസ്തുതകളില്‍നിന്നും, ചില യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും, വിഭിന്നമായിരുന്നു ഈ പ്രചരണങ്ങള്‍.
കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും മുന്നില്‍നിര്‍ത്തി, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ജനകീയ സമരങ്ങളിലൂടെ, ഭൂബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നത് വസ്തുതയാണ്. ചില പഠനങ്ങള്‍ തെളിയിക്കുന്നത് പോലെ ഇനിയും പൂര്‍ത്തീകരിക്കപെട്ടിട്ടില്ലാത്ത ഭൂപരിഷ്കരണമായിരുന്നിട്ടു കൂടിയും കേരളീയരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ഭൂപരിഷ്കരണം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. ഭൂമിയെ കേന്ദ്രീകരിച്ച് നിലനിന്ന ജന്മി-നാടുവാഴി വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു കൊണ്ട്, കുടിയാന് ഭൂമിയില്‍ കൈവശാവകാശം കൊടുക്കാനും, കര്‍ഷകത്തൊഴിലാളികള്‍ക്ക് പുരയിടം നിലനിര്‍ത്താനുമുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാനും ഭൂപരിഷ്കരണത്തിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ നിലനില്കുന്ന പ്രത്യേക സാഹചര്യത്തിലും മാറിവന്ന സര്‍ക്കാറുകള്‍
കൈക്കൊണ്ട ഭൂപരിഷ്കരണത്തിലെ വ്യത്യസ്ഥ സമീപനങ്ങള്‍ കൊണ്ടും, ഭൂപരിഷ്കരണം, അതിന്റെ
അടിസ്ഥാന ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിച്ചു എന്നു പറയാനാകില്ല. അതുകൊണ്ടു തന്നെ,
അര്‍ഹതപെട്ട വലിയൊരു ജനവിഭാഗമായ കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍ക്കും മറ്റും ഈ പരിഷ്കരണം കൊണ്ട് കാര്യമായ നേട്ട കൈവരിക്കാനായില്ല. മേല്‍പ്പറഞ്ഞ സാധ്യതകളേയും, വെല്ലുവിളികളേയും കാണാതെയായിരുന്നു ജെഎന്‍യുവില്‍ എസ്എഫ്ഐക്കെതിരെ എതിരാളികള്‍ തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞത്. ബോധപൂര്‍വമായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കാലികമായി വേണ്ടരൂപത്തില്‍ പ്രതികരിക്കുന്നതില്‍ എസ്എഫ്ഐ കാണിച്ച അലംഭാവമാണ്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമാക്കി ഐസ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത്.
മൂന്നാമതായി, ചില സന്ദര്‍ഭങ്ങളില്‍ മൂലധന ശക്തികളോട് സിപിഎമ്മും, എസ്എഫ്ഐയും കാണിച്ച മൃദു സമീപനങ്ങള്‍ എങ്ങനെയാണ് ക്യാമ്പസില്‍ തിരിച്ചടിയായത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സര്‍വകലാശാല അധികൃതര്‍ നെസ്ലെയുടെ ഔട്ട്‌ലെറ്റ് ക്യാമ്പസില്‍ തുടങ്ങാന്‍ എടുത്ത തീരുമാനത്തെ, 2003-04ലെ അന്നത്തെ എസ്എഫ്ഐയുടെ നേതൃത്ത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ എതിര്‍ക്കാതിരുന്നത് ഒട്ടേറെ വിമര്‍ശനങ്ങളെ വിളിച്ചുവരുത്തി. ജെഎന്‍യുവിന്റെ പൊതുസ്വഭാവമായ ധാബ സംസ്കാരത്തെ തുരങ്കം വച്ച് വിദേശ കുത്തകകള്‍ക്ക് കയറിവരാനുള്ള ഇടം ഒരുക്കി കൊടുക്കുകയാണ് എസ്എഫ്ഐ എന്ന്, ഐസ ആരോപിച്ചു. ഐസയുടെ ഭാരവാഹിയും
യുണിയന്‍ അംഗവുമായ മോണാദാസ് കൂടി അംഗീകരിച്ച് ഒപ്പിട്ട തീരുമാനമായിരുന്നു ഇത് എന്നായിരുന്നു എസ്എഫ്ഐയുടെ മറുവാദം. എന്നാല്‍ ഇതുകൊണ്ടൊന്നും നേരിടാന്‍ പര്യാപ്തമായിരുന്നില്ല അന്നത്തെ യൂണിയനെതിരെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഷേധം. വിദ്യാര്‍ത്ഥി സമൂഹം തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിച്ച മറ്റൊരു വിഷയമായിരുന്നു സിംഗൂരിലും നന്ദിഗ്രാമിലും ഇടതുമുന്നണി സ്വീകരിച്ച നയങ്ങള്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാന്‍ പറ്റാത്ത രൂപത്തില്‍ സങ്കീര്‍ണമായ ഈ വിഷയത്തെ, രാഷ്ട്രീയമായി മുതലെടുത്തു മുന്നോട്ടു പോകാന്‍ ഐസക്കു കഴിഞ്ഞു. ഇതൊരു തുറുപ്പുചീട്ടായി പില്‍കാല തിരഞ്ഞെടുപ്പുകളില്‍ അവര്‍ പ്രയോഗിക്കുകയുണ്ടായി. ഇവയൊക്കെയാണ് പ്രധാനമായും എസ്എഫ്ഐയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍.
മുകളില്‍ സൂചിപ്പിച്ച സിപിഎം-എസ്എഫ്ഐ ബന്ധത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഐസയുടെയും അതിന്റെ മാതൃസംഘടനയായ സിപിഐഎംഎല്ലും തമ്മിലുള്ള രാഷ്ട്രീയ ബന്ധം. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ
പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ ദൗര്‍ബല്യവും. അഖില സൂചിപ്പിച്ചതുപോലെ “മുഖ്യധാര ഇടതിന്റെ അഭിപ്രായങ്ങള്‍ ദേശീയമായി ചര്‍ച്ചചെയ്യപ്പെടുന്നതു കൊണ്ട് അതിന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിച്ച്, സ്വതന്ത്ര സംഘടന എന്ന നിലക്ക് മറിച്ച്
തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോയത് ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
ചിന്തിക്കുമ്പോള്‍ എസ്എഫ്ഐ/എഐഎസ്എഫ് സംഘടനാ പരാജയമാണ്” എന്ന നിരീക്ഷണം
മുകളില്‍ ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തതമാകുന്നതാണ്.
എസ്എഫ്ഐ-എഐഎസ്എഫ് പോലുള്ള സംഘടനകള്‍ അതിന്റെ മാതൃ പാര്‍ടികളുടെ നയ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കാമ്പസിലെ സവിശേഷ സാഹചര്യങ്ങളെ കോര്‍ത്തിണക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തെയാണ് വിദ്യാര്‍ത്ഥി സമൂഹം പ്രതീക്ഷിക്കുന്നത്. മുഖ്യധാരാ ഇടതുപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടപെട്ടുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ നിരന്തരവും അടിയന്തിരവുമായ ആവശ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും, ഒരു പരിധി വരെ അവ നേടിയെടുക്കാനും, അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യധാര ഇടതുപാര്‍ടികള്‍ നടത്തുന്ന പുരോഗമനപരവും സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവുമായ രാഷ്ട്രീയ പ്രവര്‍ത്തന രീതിയോടാണ്‌ എസ്എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഐക്യപ്പെടേണ്ടത്. ഈ ഐക്യപ്പെടലുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അത്തരം
പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ വരുത്തുന്ന നയ വ്യതിയാനത്തെ ആശങ്കയോടും വിമര്‍ശനത്തോടും വീക്ഷിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ബോധമാണ് വര്‍ത്തമാന കാല വിദ്യാര്‍ത്ഥി സമൂഹം ആവശ്യപ്പെടുന്നത്.
മുകളില്‍ സൂചിപ്പിച്ച സാധ്യതകളെ രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടി നേരിടുമ്പോഴാണ് “ജെഎന്‍യുവിനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മിനിയേച്ചര്‍ പതിപ്പായി കാണുന്ന ഗൃഹാതുരത്വ”ത്തെ ലേഖിക ഉദ്ദേശിക്കുന്നതുപോലെ ചോദ്യം ചെയ്യാന്‍ കഴിയുന്നത്. ഇന്ത്യയിലെ വര്‍ഗവും, വര്‍ണവും, ഭരണകൂടവും പലപ്പോഴും അസാധ്യമാക്കിയ ഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസ അവകാശങ്ങളെ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ സാധ്യമാക്കാം എന്ന് തങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന്‍റെ നാളുകളിലൂടെ തെളിയിച്ചവരാണ് ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ത്ഥി യൂണിയനുകള്‍. അതുകൊണ്ട് തന്നെ, “ഗൃഹാതുരത്വം” എന്ന് എളുപ്പത്തില്‍ ചുരുക്കിക്കളയാവുന്ന രാഷ്ട്രീയ ഇടമല്ല, ഇപ്പോഴും ജെഎന്‍യുവും അതിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.

ഗ്രന്ഥ സൂചി
Albach, Philip G (2003) “Student Movement and Association”, in JBG Tilak (ed.) Education, Society, and Development: National and International Perspective, NIEPA: New Delhi.
CPI(M), (1968) Ideological Resolution, adopted by the central plenum of the CPI(M) held at Burdwan, April 5-12
CPI(M), (1992) “Resolution on Certain Ideological Issues”, adopted by the 14th Congress of the CPI(M) held at BT Ranadive Nagar, Madras, January 3-9.
Koshy, V C (1973) “Jawaharlal Nehru University: A Model University?: Perspective and Ideal”, Social Scientist, 2 (2).
Karat, Prakash (1975) “Student Movement at Jawaharlal Nehru University”, Social Scientist, 3 (10).
JNUSU (2004) “30 Years in Diffence of Progressive Democratic and Secular Culture”, Souvenir, JNU: New Delhi
Huntington, Samuel P (1998) “The Clash of Civilizations and the Remaking of World Order”, Penguin: New York
Fukuyama, Francis (1992) “The End of History and The Last Man”, Penguin: New York
Ramachandran, V K (1997) “On Kerala’s Development Achievements”, in Jean Dreze and Amartya Sen (ed.) Indian Development: Selected Regional Perspectives, Oxford University Press: New Delhi
പണിക്കര്‍, കെ എന്‍ (2005) ഫാഷിസത്തിന്റെ നാളുകള്‍, ഒലിവ്‌ ബുക്സ്‌, കോഴിക്കോട്‌.
ഗ്രെവാള്‍, പി എം എസ്, മുതലായവര്‍ (2010) “മാവോയിസം: ഇടതുപക്ഷത്തില്‍ നിന്നൊരു വിമര്‍ശനം”, ചിന്ത, തിരുവനന്തപുരം
ഇളയിടം, സുനില്‍ പി (2010) “സ്വത്വം, സ്വത്വരാഷ്ട്രീയം, ഇടതുപക്ഷം”, സ്വത്വ രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം, മാവോയിസം: ഒരു ഇടതുപക്ഷ വായന” എന്ന പുസ്തകത്തില്‍ നിന്നും, ആഗോളവാത്കരനത്തിനെതിരെ ജനങ്ങള്‍: കോഴിക്കോട്‌
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്‌, “കേരളത്തിലെ ഭൂവിനിയോഗവും വികസനവും”, തിരുവനന്തപുരം

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.
(മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ലേഖനം, ലേഖകരുടെ അനുമതിയോടെ ദില്ലിപോസ്റ്റില്‍  പ്രസിദ്ധീകരിച്ചത്  ഇവിടെ കാണാം http://dillipost.in/2012/05/15/importance-of-jnu-struggles/)

Saturday, June 9, 2012

Anger

മുഹൂര്‍ത്തവും കാലവും കോലവും വകവയ്ക്കാതെ
യാത്രയുടെ പ്രശുബ്ദതയെ നിങ്ങള്‍ പരിഹസിച്ചു
അതെ അങ്ങനെയുള്ളവര്‍ യവനികയ്ക്ക് പിന്നിലിരിക്കട്ടെ
അവര്‍ മുഖ്യധാരാ നാട്യങ്ങള്‍ക്ക് ശത്രുക്കളാണ്

ക്രോധം എന്നത് ഒരു വികാരപ്പെടലാണെങ്കില്‍
വികാരപ്പെടലുകള്‍ നഷ്ടമാക്കുന്നതെന്ത് ?
കോല് ചര്‍ദ്ദിച്ച വിഷമജ്വരത്തിന്റെ തുള്ളികള്‍
തെറിപ്പിച്ചു കളഞ്ഞത് ഏത് വികാരപ്പെടലിനെ ?

തെറിച്ച തുള്ളികള്‍ മുറിച്ചുമാറ്റിയതോ
ഒരുപിടി വിചാരങ്ങളുടെ വേലിയേറ്റവും
അപ്പോഴും തെറിച്ചു തുപ്പാന്‍ മറ്റൊരു
വികാരപ്പെടലിനടിമയാകാതെ ക്രോധം!

ആരോ പറഞ്ഞ വാക്കുകളില്‍ അസ്ഥിയില്‍ കുത്തുന്ന
മേധസിന്റെതോ അല്ലെങ്കില്‍ അശുദ്ധ രക്തത്തിന്റെ
കുതിപ്പോ ആണ് പൊട്ടിയൊഴുകുന്ന ഒഴുക്കില്ലാത്ത ആ വികാരം

അവരപ്പോള്‍ വിധികല്പ്പിച്ചത്
അതിനാല്‍   അതുവരെ ജീവിച്ചവന്‍ യവനികയ്ക്ക് പിന്നിലായെന്ന സത്യമാണ്
അതെ അവന്‍ യവനികയ്ക്ക് പിന്നിലാണ്

Friday, April 20, 2012

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

സിദ്ദിക്ക് റാബിയത്ത് & ഹമീദ സികെ

1999 ആഗസ്റ്റ് 1ന് വരമൊഴി ഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും‍ അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയുമാണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗിക രേഖ. പിന്നീട് 2002ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതു കൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണ ഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു. വിശ്വപ്രഭ: [1]

I

ടുത്ത കാലത്ത് ‘കേരളപാണിനീയം’ ഇന്റര്‍നെറ്റ്‌ പതിപ്പ്‌ വായിച്ചപ്പോള്‍ വല്ലാത്ത ആനന്ദം തോന്നി. ഒരുപക്ഷേ ഈ ആനന്ദത്തിന് കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോഗ്‌ എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഉപയോഗിച്ച ഗൂഗിള്‍ ബ്ലോഗ്സ്പോട്ടിന്‍റെയും, ട്രാന്‍സ്ലേറ്ററിന്‍റെയും ഭംഗിയില്ലയ്മ കൊണ്ട് കരിന്തിരികത്തിയ പല എഴുത്തിനേയും കുറിച്ചോര്‍ത്തായിരിക്കാം. അന്ന് മലയാളം കീ ബോര്‍ഡില്‍ അത്ര പ്രാവീണ്യം നേടിയിരുന്നില്ല എന്നത് കൊണ്ടുമാകാം. എന്നാല്‍ ഇന്നിപ്പോള്‍ ഏറെക്കുറെ വൃത്തിയായി യൂണികോഡ് ഉപയോഗിച്ചു എഴുതാന്‍ സാധിക്കുന്നുണ്ട്. ഇത് മുന്‍പ്‌ പ്രൊഫഷണലായി മലയാളം കൈകാര്യം ചെയ്തവര്‍ക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു. ഇതില്‍ നിന്നും ആര്‍ക്കും ‘മംഗ്ലീഷ്’ മാതൃകയില്‍ മലയാളം കമ്പ്യൂട്ടര്‍ പ്രതലത്തില്‍ എത്തിക്കാന്‍ കഴിയുന്നതിലേക്കുള്ള യാത്രയും ദൂരവും സങ്കീര്‍ണമായിരുന്നു. ഇത് സാധ്യമാക്കിയത് യൂണികോഡെന്ന നൂതന വിവര സാങ്കേതികവിദ്യയുടെ ഫലമായിട്ടാണ്. അങ്ങനെയാണ് മലയാള പുസ്തകങ്ങളും, ലേഖനങ്ങളും വിജ്ഞാനകോശങ്ങളും സ്വദേശ-വിദേശ മലയാളികള്‍ക്ക് വിരല്‍തുമ്പില്‍ പ്രാപ്യമാകുന്നതും. അതുകൊണ്ടാണ് ‘കേരളപാണിനീയ’ത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പു വായിച്ചപ്പോള്‍ ആനന്ദം തോന്നിയെന്നു പറഞ്ഞത്. കാരണം മലയാള അച്ചടി പ്രസിദ്ധീകരണങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് അപ്രാപ്യമാകുമ്പോള്‍ ‘സൈബര്‍ ഇടങ്ങളിലെ’ മലയാളം ഐ-മലയാളികള്‍ക്ക് [2] ഒരാശ്വാസമാകുകയായിരുന്നു. ഈ ‘ഐ-മലയാളി’ രൂപപ്പെടുന്നതിന് ചുക്കാന്‍ പിടിച്ചത് ആഗോളീകരണത്തിന്റെ ഭാഗമാണെന്ന് നാം ഒളിച്ചും തെളിച്ചും പറഞ്ഞ മലയാളി സാങ്കേതിക വിദഗ്ദരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.

തൊണ്ണൂറുകളിലെ മലയാളികളുടെ പൊതുധാരണയായ ‘കമ്പ്യൂട്ടര്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്ത്വ -അധിനിവേശത്തിന്റെ പുതിയരൂപം’ [3] എന്ന സങ്കല്പം മാറ്റി സാങ്കേതിക വിദ്യ അധിനിവേശത്തിനെതിരെ ഉപയോഗിക്കപ്പെടാവുന്ന ശക്തമായ ആയുധമാണെന്ന് പല സമീപകാല ചരിത്രങ്ങളിലൂടെയും നമ്മെ ഓര്‍മിപ്പിക്കുന്നു [4]. ഇത്തരം സാഹചര്യത്തില്‍ ഇന്റെര്‍നെറ്റ് എന്ന സാങ്കേതിക മണ്ഡലം സ്വദേശീജാഗരണത്തിനു വേണ്ടിയുള്ള ഉപാധിയാക്കിയത് കാലം മാറ്റിയ ചരിത്രത്തിന്‍റെ തിരുത്തലായി വേണം സാക്ഷ്യപ്പെടുത്താന്‍ [5]. ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച അപ്രാപ്യത എന്ന ഭൗതിക തടസത്തിനെ വെര്‍ച്ച്വല്‍ ഇടത്തിലൂടെ (virtual space) ഒരു തനതായ ‘മലയാളീ ഇടം’ നിര്‍മിച്ചുകൊണ്ട് ഐ-മലയാളികള്‍ക്ക് പ്രാപ്യമാക്കുന്നത്. ഇതിനെ മനസിലാക്കേണ്ടത്, ‘പുതു മണ്ഡലങ്ങള്‍’ നിര്‍മിക്കുന്ന വാര്‍പ്‌മാതൃകകള്‍ അച്ചടിമാധ്യമങ്ങളിലൂടെ സാധ്യമാക്കിയ മലയാളി പൊതുമണ്ഡലത്തിന്റെ വ്യപ്തിയെക്കാളും വലുതായിരിക്കും എന്ന വസ്തുതയിലൂടെയാണ്. ഇത്തരം സാധ്യതകളുടെ ആഴം മനസിലാക്കണമെങ്കില്‍ കൂടുതല്‍ സൂക്ഷ്മമായ വിവരണം തന്നെ വേണ്ടി വരും. വിവരണത്തിന്‍റെ എളുപ്പത്തിനായി ലേഖനത്തെ പല വിഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്‌. ആദ്യമായി ലിപിവിദ്യയുടെ പരിവര്‍ത്തനത്തിന്റെ ഒരു ചെറിയ ചരിത്രത്തിലൂടെ നമുക്ക് മുന്നേറാം.

II

മനുഷ്യ ചരിത്രം പഠിക്കുമ്പോള്‍, പ്രത്യേകിച്ചും മാനവ സംസ്കാരത്തിന്റെ വളര്‍ച്ചയെകുറിച്ച് പഠിക്കുമ്പോള്‍, ഊന്നിപറയുന്ന ഒന്നാണ് കടലാസിന്റേയും അച്ചടിവിദ്യയുടേയും കണ്ടെത്തലുകള്‍. ഈ കണ്ടെത്തലുകള്‍ മൂലം മനുഷ്യരാശി അന്നു വരെ നേടിയ അറിവിന്റെ സംഭരത്തേയ്യും അതിനെ തനിരൂപത്തില്‍ പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന പക്രിയയേയ്യും ദ്രുതവേഗത്തിലാക്കി. ഇതിന്‍റെ പരിണിതി, വാമൊഴി വ്യവസ്ഥയില്‍ കടന്നുകൂടിയ നിരവധി പെരുപ്പിച്ചു കാട്ടലുകളെ ഇല്ലാതാക്കി എന്നതാണ്. അതുവഴി അറിവിനെ ശാസ്ത്രീയവത്കരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ഉപാധിയാണ് തുറക്കപ്പെട്ടത്. ഈ പ്രക്രിയ അറിവിന്‍റെ വിസ്ഫോടനത്തിനു തന്നെ വഴിതെളിച്ചു. ഇത്രയും മാറ്റങ്ങള്‍ സാധ്യമാക്കിയത് കുറഞ്ഞ ഒരു കാലയളവു കൊണ്ടല്ല. പകരം സ്ഥലകാല ബന്ധനത്തിന്റെ നൂറ്റാണ്ടുകളുടെ പരിവര്‍ത്തനത്തിലൂടെയാണ്.

ഈ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായാണ് ആധുനിക ഇന്റര്‍നെറ്റ്‌ യുഗം പിറക്കുന്നത്. അത് നമുക്ക് പുതിയ മാധ്യമങ്ങളുടെ വിശാലമായ ചക്രവാളം അസ്പര്‍ശ്യമായ ബൈനറി വ്യവഹാരങ്ങളിലൂടെ [6] തുറന്നു തരികയാണ് ചെയ്തത്. ഇത് സാധ്യമാക്കിയത് സൈബര്‍ പുതു ഇടങ്ങള്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-ഭാഷാ-സാംസ്കാരിക രംഗങ്ങള്‍ക്ക് സംവദിക്കാനുള്ള പരിസരം പ്രധാനം ചെയ്തു കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാധ്യമായ/ക്കിയ ഈ പരിസരം മനുഷ്യരാശിയില്‍ തന്നെ തങ്ങളുടെ ഭൗതിക ഇടങ്ങള്‍ക്കും, സാന്നിധ്യത്തിനും നിയതമായ ഒരു സ്ഥലത്തിന്റെയോ ഭൗതിക അതിര്‍ത്തിയുടെയോ കെട്ടുപാടുകളുടെയോ നിരാകരണത്തിലൂടെയാണ്.

ഇങ്ങനെയുള്ള സഞ്ചാരം ലോകത്തുള്ള വിവിധ ഭാഷാ ദേശ സംസ്കാരങ്ങളില്‍ സംഭവിച്ചപ്പോള്‍ ഈ പുതുഇടം മലയാളികള്‍ എങ്ങനെ തങ്ങളുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുടെയും കേന്ദ്രമാക്കി വളര്‍ത്തി എന്നത് ഒരു അന്വേഷണത്തിന് തക്കതായ വിഷയമാണ്. ഇതിനെ അന്വേഷിക്കുമ്പോള്‍ പുതിയ പരിസരം എങ്ങനെയാണ് അതിന്റെ എഴുത്തു വിദ്യ എന്ന മാധ്യമത്തിലൂടെ അച്ചടി-കടലാസ് മുതലായ സ്പര്‍ശന മാധ്യമത്തില്‍ ഒതുങ്ങി ഇടുങ്ങിയ ചര്‍ച്ചകളെ ജനകീയവത്കരിച്ചത് എന്നത് പ്രസക്തമാകുന്നു. ജനകീയവത്കരിച്ചു എന്ന് പറയുമ്പോള്‍ ഉടന്‍ നമുക്കതിനെ ‘എത്രത്തോളം’ അല്ലെങ്കില്‍ ‘ആരാണ് ഇതിലെ ജനങ്ങള്‍’ എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കാം. പക്ഷെ ലേഖനം പറയാന്‍ ഉദ്ദേശിക്കുന്നത് ‘ഉപയോഗിക്കാന്‍ സാധ്യതയുള്ള/കഴിവുള്ള’ (access) എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ നിരുപാധികം, നിര്‍ലോഭം പ്രകടിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ ഇതിനെ ജനകീയമെന്നുവിളിക്കാം എന്ന വ്യാഖ്യാനത്തിലാണ്. ഈ വ്യവഹാരങ്ങള്‍ സാധ്യമാക്കിയതിലൂടെ മലയാളി സംവാദങ്ങളുടെ ഇടങ്ങളെ വികസിപ്പിച്ചവരെ കുറിചാണ് ഈ ലേഖനം.

III

ഇവിടെ അന്വേഷിക്കപ്പെടുന്നത് എങ്ങനെയാണ് മലയാള ഭാഷ വെല്ലുവിളി നേരിട്ടിരുന്നപ്പോള്‍ (മലയാളഭാഷയെക്കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന വാദം പ്രബലമായിരിക്കുന്ന സമയത്ത്) [7] ഇന്റര്‍നെറ്റ് ഭാഷയ്ക്ക് ഒരു സഞ്ജീവനിയാകുന്നത് എന്ന ചോദ്യമാണ്. ഇത് പ്രസക്തമാക്കുന്നത്, ഇങ്ങു ദില്ലിയിലും അതുപോലെ തന്നെ കേരളത്തിനകത്തും പുറത്തും “മലയാളം മരിക്കുന്നത് ആധുനീക സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെയാണ്, പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ” എന്ന വാദം കൊടുമ്പിരികൊള്ളുമ്പോള്‍ തന്നെയാണ്. ഈ വാദം മുന്നോട്ടു വയ്ക്കുന്നത് ഭാഷയുടെ സഞ്ജീവനി കൂട്ട് നിര്‍മിക്കുന്നത്/നിര്‍മിച്ചത്‌ വ്യാകരണ വിശേഷങ്ങളുടെ പുതിയ പരിസ്ഥിതി നിര്‍മിച്ചിട്ടല്ല പകരം ലിപിയുടെതന്നെ സൃഷ്ടിയിലൂടെയാണ് എന്നാണ്. അതിലേക്കു അന്വേഷിക്കുമ്പോള്‍, ഇ-ലോകത്തിലേക്കുള്ള [8] മലയാളിയുടെ, എഴുത്ത് ഭാഷയുടെ, കാല്‍വയ്പ് സാധ്യമാക്കുന്നത് മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇടംപിടിക്കുതോടെ ആണെന്ന് മനസിലാക്കാം. ഇതു വഴി ജ്ഞാനനിര്‍മിതിയുടെ, അല്ലെങ്കില്‍ അതിന്റെ സംരക്ഷണത്തിന്റെ പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നില്‍ തുറന്നു വച്ചെതെന്നും കാണാം.

ഇതിന്റെ പ്രാധാന്യം മനസിലാകുന്നത് മലയാളത്തിന്റെ വ്യാപനം ഒരു പ്രത്യേക ഭൌമ അതിര്‍ത്തിക്കുള്ളിലോ അച്ചടിമാധ്യമങ്ങളിലൂടെയോ മാത്രം ചുരിങ്ങിപ്പോകുന്ന അവസ്ഥയില്‍നിന്നും, വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പുതിയ രൂപമാണിത് എന്നവസ്തുതയെ കാണുമ്പോഴാണ്. അതിര്‍വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെല്ലാം ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്. [9].

എന്നാല്‍ ഈ മാറ്റം സാധ്യമാക്കിയ ചിലരെ ഓര്‍ക്കാതെയോ, അറിയാതെയോ പോകുന്നതു വഴി രചനാ സുഖത്തില്‍ അലിഞ്ഞില്ലതാകുന്നത് ഒരു ചരിത്രവും അതിനു കൂട്ടായിരുന്ന ചില രേഖകളുമാണ്. ഇങ്ങനെ ലീനമായിപ്പോകുന്നവരെക്കുറിച്ചും, ഇവര്‍ നമുക്കും, ഭാവിചലനങ്ങള്‍ക്കും എങ്ങനെ അവരുടെ ബൈനറി വ്യവഹാരങ്ങളിലൂടെ, ഭാഷയുടെ, അതുവഴി സംസ്കാരത്തിന്റെ തന്നെ, ലിഖിതരൂപങ്ങളെ തൂലികയുടെയും കടലാസിന്റെയും ലോകത്തു നിന്നും പകര്‍ന്നെടുത്ത് ഈ-ലോകത്തേക്ക് സന്നിവേശിപ്പിച്ചു എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

IV

ഇന്ന് ക്ലൗഡ്‌ കമ്പ്യൂട്ടിങ്ങിന്റെ [10] കാലത്ത് ഭാഷയെ അതിന്റെ ലിഖിത രൂപത്തിന്റെ ആധുനീക പ്രതലമായ കടലാസ്-പേനയില്‍നിന്നും ഈ-ലോകത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ആദ്യ പരിശ്രമങ്ങള്‍ തൊണ്ണൂറുകളില്‍ തന്നെ ആരംഭിച്ചിരുന്നു. യാഹൂ ഗ്രൂപ്പുകളിലും, ഫെയ്സ്ബുക്കിലും, ഗൂഗിള്‍ ഇടങ്ങളിലും മറ്റു സൈബര്‍മീഡിയയിലും അതുവഴി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലും ഒരു വലിയ പങ്ക് വരെ വഹിക്കാന്‍ കഴിയുന്ന തലത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ രചനാ മാതൃകയുടെ സൃഷ്ടാക്കള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. ഇവരുടെ വിപ്ലവ സൃഷ്ടികള്‍ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീകരിച്ചു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ബൈനറി വ്യവഹാരങ്ങളില്‍ അക്ഷരങ്ങളുടെയോ ലിപികളുടെയോ ആദ്യഭാഷാ ഭാവമായി ഇന്ത്യന്‍ ഭാഷയായി ആദ്യമായി കമ്പ്യൂട്ടറില്‍ എത്തുന്നത് മലയാളമാണ്. ഇത് ഹിന്ദി അക്ഷരമാല ഉള്ള കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ തുടങ്ങുന്നതിനും മുന്‍പ് തന്നെ കെജി നാരായണന്‍നായരും, എന്‍പി ചന്ദ്രകുമാറും ചേര്‍ന്ന് 1986 മേയ്‌ മാസത്തില്‍ തന്നെ മലയാളത്തെ കമ്പ്യൂട്ടര്‍ ലോകത്തിന്റെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഭാഷയായി കൈപിടിച്ചുയര്‍ത്തി. അതിനാല്‍ ഇവരെ നമുക്ക് സൈബര്‍ മലയാളത്തിന്‍റെ രചയിതാക്കള്‍ എന്ന് വിളിക്കാം.

ഐ-മലയാളികളും മലയാള ഇന്റെര്‍നെറ്റ് വിപ്ലവവും, മലയാളികളും സൈബര്‍ ഇടത്തില്‍ ‘അങ്കിള്‍’ എന്ന അപരനാമമുള്ള ചന്ദ്രകുമാറിനോട് ഇതിനാല്‍ കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ആദ്യകാല മലയാളം ബ്ലോഗര്‍മാരിലൊരാള്‍ ആകുന്നതും അതിനാല്‍ യാദൃശ്ചികമല്ല. 1986ല്‍ ഇതിനെക്കുറിച്ച്‌ മാതൃഭൂമി ദിനപത്ത്രത്തില്‍ മേയ്‌ 18നു ഒരു വാര്‍ത്തയും വരികയുണ്ടായി (താഴെയുള്ള വാര്‍ത്ത കാണുക). അന്ന് മാതൃഭൂമി പറഞ്ഞത് ദൂരദര്‍ശനായിരിക്കും ഈ കണ്ടുപിടുത്തം കൊണ്ടുള്ള പ്രയോജനം എന്നാണ്. എന്നാല്‍ അത് മലയാളത്തിന്‍റെ തന്നെ പുനര്‍ജീവനു പുതിയ മാനം നല്‍കിയ മുഹൂര്‍ത്തമായിരുന്നു എന്ന് കാലം തെളിയിച്ചു. കൃത്യം പത്തു വര്‍ഷത്തിനു ശേഷം ടോണി തോമസ്‌ തന്റെ മുന്‍ഗാമികള്‍ക്ക് പിന്നേ നടന്ന് മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. അപ്പോഴേക്കും ചരിത്രവും അതിലെ മലയാള ഭാഷയും പുതിയ ഉയരങ്ങളിലേക്ക് നാള്‍ക്കു നാള്‍ മുന്നേറികൊണ്ടിരുന്നു. നവ-മലയാള ഭാഷയുടെ പുനര്‍ജീവനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കേണ്ട സമയമാണിതെന്ന് കൂടി പറയാന്‍ തോന്നുമ്പോള്‍ ചരിത്രം യാദൃശ്ചികമല്ലെന്നും ഈ കുറിപ്പ് കുറച്ചു താമസിച്ചോ എന്ന സംശയവും ബാക്കിയാകുന്നു.

V

ഇന്നത്തെ ക്ലൗഡ് കമ്പ്യൂട്ടിംഗ് മാതൃകയ്ക്ക് മുന്‍പു തന്നെ മലയാളം സൈബര്‍ സ്പേസില്‍ ഇടം പിടിക്കുന്നതിനു ‘മലയാളം’ എന്ന ലിപി ബൈനറി മാതൃകയില്‍ വികസിപ്പിക്കേണ്ടിയിരുന്നു. ഇതിന്റെ മുന്നോടിയായി ആളുകള്‍പറഞ്ഞു പരത്തിയിരുന്നത് കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷ് ആണെന്നും മറ്റുഭാഷക്ക് എളുപ്പത്തില്‍ ആജ്ഞകള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ്. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ടാണ് മലയാളി സാങ്കേതിക വിദഗ്ദര്‍ ഈ സംരഭത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഇതിന്റെ ആദ്യപടി അക്ഷരങ്ങളുടെ നിര്‍മിതിക്കുള്ള ബൈനറി സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതായിരുന്നു. ഇതിലേക്കായി വിന്‍ഡോസിനു വേണ്ടി നിഷാദ്‌ കൈപ്പള്ളി [11] ‘യഥാര്‍ത്ഥ മലയാള ഭാഷ അച്ചടി ലിപി’ (Malayalam Language True Type Font) [12] എന്നൊരു ലിപി വ്യവസ്ഥ 1991ല്‍ രൂപകല്‍പന ചെയ്തു [13]. ഇതാണ് അറിയപ്പെടുന്ന ആദ്യത്തെ മലയാളം പ്രൊഫഷണല്‍ ലിപി. എന്നാല്‍ ട്രൂ റ്റൈപ്പ് ഫോണ്ടുകള്‍ ആപ്പിള്‍ മാക് 7നിലോ, വിന്‍ഡോസ്‌ 3.1ലോ മാത്രം യോജ്യമായതിനാലും ഈ രണ്ട് കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളും [14] വളരെ വിലപിടിച്ചതായതിനാലും ഇതത്ര ജനകീയമായില്ല. ഇതിനെ തുടര്‍ന്ന് ജനകീയ മലയാളം ലിപി രൂപകല്പനയ്ക്കായുള്ള ശ്രമം തുടങ്ങുകയായി. ഇതിന്റെ ഭാഗമായി American Standard Code for Information Interchange (ASCII/ആസ്കി) സ്കീമില്‍ [15] മലയാളം ഫോണ്ട് നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതില്‍ വിജയകരമായി കേരള ഫോണ്ട് എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിന്റെ ക്രെഡിറ്റ്‌ ടോണി തോമസിന്റെ കേരളൈറ്റ് ലിപിക്കാണ്.

ട്രൂറ്റൈപ്പ് ഫോണ്ട് ജനകീയമല്ലാത്തതിനാലും വളരെ സങ്കീര്‍ണമായതിനാലുമാണ് ആസ്കി സ്കീം അക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത്. ഇതിന്റെ വെളിച്ചത്തില്‍ സൗഹൃദപരമായ ഒരു ലിപിവ്യവസ്ഥയുടെ സാങ്കേതിക വിദ്യയുടെ ആദ്യപണി നിര്‍വഹിച്ചത്, അല്ലെങ്കില്‍ മലയാളം ഫോണ്ട് ഉപയോഗിച്ചു കൊണ്ട്/നിര്‍മിച്ചുകൊണ്ട് ഇതിനു തുടക്കം കുറിച്ചത്, ടോണി തോമസ്‌ ആണ് [16]. ടോണി തോമസിനെ നാം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഈ മാറ്റത്തോടെ നമുക്ക് ‘രചനയുടെ’ പുതു അനുഭവങ്ങളിലൂടെ ആരോടും, ഒരു കൂസലുമില്ലാതെ, പ്രത്യേകിച്ചും അച്ചുകൂട മൂപ്പന്മാരെയോ, അവരുടെ ദല്ലാളന്മാരുടെയോ കാക്കാതെ സ്വതന്ത്രമായി ഒരു കടലാസില്‍ എഴുതുന്ന ലാഘവത്തോടെ പൊതുഇടത്തില്‍ ആര്‍ക്കും വായിക്കാന്‍ കഴിയുന്നതരത്തില്‍ ഭാഷ പ്രയോഗിക്കാം എന്നുള്ള നിലവന്നെത്തി. ആ മുന്നേറ്റം ലിപിയിലൂടെ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയിലൂടെ സമന്വയിച്ചു ഐ-മലയാളിയെ [17] രൂപകല്‍പന ചെയ്യുകയായിരുന്നു. അതുവഴി അവരുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീവത്കരിക്കുകയായിരുന്നു. മലയാളികളെ സംബന്ധിച്ച്, അവരുടെ ഭാഷയെ സംബന്ധിച്ച് അതൊരു വിപ്ലവം തന്നെയായിരുന്നു എന്നുവേണം കരുതാന്‍.

നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന യുണികോഡ് ഫോണ്ട് ആയിരുന്നില്ല ടോണിയും തന്റെ പിന്‍ഗാമികളും വികസിപ്പിച്ചത്. അക്കാലത്ത്‌ പ്രചാരത്തില്‍ ഉണ്ടായിരുന്ന കേരള ഫോണ്ടും പിന്നീട് വികസിപ്പിക്കപ്പെട്ട മറ്റു പല ഫോണ്ടുകളും ഉപയോഗിചിരുനത് നേരത്തെ സൂചിപ്പിച്ചതുപോലെ ആസ്കി (ASCII) എന്ന എന്കോഡിംഗ് സ്കീമാണ്. കേരള ഫോണ്ടില്‍നിന്നും മലയാളം എഴുതുന്നതില്‍, അല്ലെങ്കില്‍ അക്ഷരങ്ങളില്‍, പ്രത്യേകിച്ചും ചില്ലുകളുടെ റ്റൈപ്പിംഗ്‌ ആണ് ഏറ്റവും പ്രശ്നമുള്ളതായിരുന്നത്. ഈ ന്യൂനതകള്‍ പരിഹരിക്കാനാണ് പിന്നീട് പ്രധാനമായും ശ്രമങ്ങള്‍ നടന്നതും. ഇത് പരിഹരിച്ചു കൊണ്ട് നിര്‍മിക്കപ്പെട്ട കുറെ അധികം വ്യത്യസ്തമായ ഫോണ്ടുകളാണ് പില്‍കാലത്ത് വന്നത്. ഇവയുടെ ഒരു ലിസ്റ്റ് താഴെ പട്ടികയില്‍ചേര്‍ത്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ മലയാള ലിപിയുടെ ഏകദേശം വളര്‍ച്ചാക്രമം മനസിലാക്കാം.

ടോണി തോമസിന്‍റെ ചാര്‍പ്മാന്‍ കേരള ഫോണ്ടിന്റെ സാങ്കേതികപ്രശ്നങ്ങളും അതിന്റെ പ്രയോഗത്തിലെ ന്യൂനതകളും പരിഹരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതു ബിനു തോമസ്‌ മേലേടം, ബിനു ആനന്ദ്‌ പിഎസ്, സോജി ജോസഫ്‌ തുടങ്ങിയവരാണ്. ഇവര്‍ നിര്‍മിച്ച ലിപി മാതൃകകള്‍ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌ പരിസ്ഥിതിയില്‍ ആയിരുന്നു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്ന മലയാളി ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മലയാളത്തിലുള്ള ആശയപ്രകടനത്തിന് ഒരുപരിധിവരെ വിഘാതമുണ്ടാക്കി. ഇത് മനസിലാകുന്നത് 2003 കാലത്തില്‍തന്നെയോ അതിനു മുന്‍പോ ബെന്നിയും, ബൈജു, വിനോദ്, മഹേഷ്‌പൈ തുടങ്ങിയവരും GNOME, LATEX, വിക്കിപീഡിയ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് കാണുമ്പോഴാണ് [18].

എന്നാല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഇന്റര്‍ഫെയ്സ് പ്രശ്നം പരിഹരിച്ചുകൊണ്ട് സിബു സിജെ സമാന്തരമായ യുണിക്സ് പരിസ്ഥിതിയില്‍ ഇത്തരത്തിലുള്ള ഒരു ലിപി വ്യവസ്ഥ രൂപപ്പെടുത്തിയെടുത്തു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികളായ വലിയൊരു മലയാളി കൂട്ടത്തിനു അനുഗ്രഹമായി. ഇതാണ് പിന്നീട് വരമൊഴി എന്ന മലയാളം എഴുത്ത് സങ്കേതമാകുന്നത്. അങ്ങനെ ഒരേ സമയം കോര്‍പറേറ്റ്‌-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളായ മലയാളികള്‍ക്ക് തങ്ങളുടെ ചിന്തകളെ തങ്ങളുടെ ഭാഷയില്‍ സന്നിവേശിപ്പിക്കാനും അതുവഴി തങ്ങള്‍ക്കു ഇഷ്ടമുള്ള പരിതസ്ഥിതിയില്‍ അത് പ്രകടിപ്പിക്കാനുമുള്ള അടിത്തറ പാകാന്‍ ഇവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു. ഈ രണ്ടുതരം ഒപറേറ്റിംഗ് സിസ്റ്റത്തിലൂടെയുള്ള മലയാളം രചനാ സംവിധാനം ഒരിക്കലും ഒറ്റപ്പെട്ടു നിന്നില്ല എന്നത് കൂടുതല്‍ സങ്കീര്‍ണണതകളില്ലാത്ത ഫോണ്ടുകള്‍ക്കു ജന്മം നല്‍കാന്‍ സഹായിച്ചു. ഇതിനായി പരസ്പരം കടം കൊള്ളലുകളും ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും മലയാളം രചനാ സമ്പ്രദായത്തില്‍ വിപ്ലവത്തിന്റെ ആക്കം വര്‍ധിപ്പിച്ചു.


ഈ ശ്രമങ്ങള്‍ക്ക് പുതിയ രൂപഭേദം ലഭിക്കുന്നത് ഉമേഷ്‌ നായരിലൂടെ രാജ്‌ നായരിലെത്തിയപ്പോഴാണ്. ഇതിലേക്കാവശ്യമായ ഇന്പുട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചത് ഉമേഷ്‌ നായര്‍ നേതൃത്വം കൊടുത്ത യാഹൂ ഗ്രൂപ്പിലൂടെയാണ്. ഈ മാറ്റത്തിന്റെ കാലത്താണ് മലയാളം രചനാവിദ്യ ഏകീകൃത മാനദണ്ഡം സ്വീകരിച്ചു യുണികോഡ് മലയാളം രചനയായി മാറിയത്. ഇത് കൂടുതല്‍ ബ്ലോഗര്‍ സൗഹൃദവും, അതുപോലെ തന്നെ ഇംഗ്ലീഷില്‍ മലയാളം കുറിക്കുന്ന ‘മംഗ്ലീഷ്’ മാതൃകയില്‍ രേഖപ്പെടുത്തിയാല്‍ സുന്ദരമായ മലയാളം എന്ന ആവിഷ്കാരവും യാഥാര്‍ത്ഥ്യവത്കരിച്ചു. ഇതിന്റെ വരമൊഴി പതിപ്പില്‍ ആന്റണി ഡെനും, കെവിനും നകിയ സംഭാവനകള്‍ ഇതിന്റെ ചന്തവും മേന്മയും കൂടുതല്‍ മെച്ചപ്പെടുത്തി. ഇതോടു കൂടി ലിപികളുടെ രചനാ സമ്പ്രദായം ഏകദേശം അതിന്റെ ലക്‌ഷ്യം കണ്ടു. ഇത് സാധാരണക്കാര്‍ക്ക് ബ്ലോഗിംഗില്‍ മനംമടുപ്പിക്കാതെ എഴുതാന്‍ തോന്നിപ്പിക്കുകയും അതുവഴി തങ്ങളുടെ ദൈനംദിന വികാര വിചാരങ്ങളെ സ്വഭാഷയിലൂടെ പ്രകടിപ്പിക്കാനും ഐ-മലയാളികളെ പര്യാപ്തമാക്കി. എന്നാല്‍ ഈ കാലത്ത്‌ യുണികോഡിന്റെ മേന്മയെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തു വന്ന വാര്‍ത്തകള്‍ അതിനെ ഇകഴ്ത്തി കാണിക്കുന്നവയായിരുന്നു. ഇതില്‍ പലതും അശാസ്ത്രീയമായതോ അല്ലെങ്കില്‍ പഠന വിധേയമാകാത്തതോ ആയിരുന്നുവെന്ന് വേണം മനസിലാക്കാന്‍. ഉദാഹരണത്തിന്, മനോരമയില്‍വന്ന ഒരു വാര്‍ത്ത ശ്രദ്ധിക്കു.

എന്നാല്‍ ഇത്തരം വാദങ്ങള്‍ പൂര്‍ണമായും ശരിയല്ല എന്ന് യൂണിക്കോഡ് രൂപകല്പന ചെയതവര്‍ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു. ഇന്ന് അത് പൂര്‍ണമായും നമുക്ക് അംഗീകരിച്ചു കൊടുക്കാവുന്നതുമാണ്. സ്ഥല പരിമിതി കണക്കിലെടുത്തുകൊണ്ട് ആ ചര്‍ച്ചയിലേക്ക് തത്കാലം കടക്കുന്നില്ല പകരം ലിങ്കുകള്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട് [19].

VI

ഇനി നമുക്ക് ബ്ലോഗിങ്ങ് എങ്ങനെ ശക്തിപ്പെട്ടു എന്ന് നോക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ, മലയാള ഭാഷയുടെ സങ്കീര്‍ണതകളെ, അതിന്റെ നിര്‍മിതിയിലെ പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യാനും, അതില്‍ സാധ്യമായ തിരുത്തലുകള്‍ നടത്തി പ്രായോഗികവത്കരിക്കുന്നതിനും ഉണ്ടാക്കപ്പെട്ട കൂട്ടായ്മകളുടെ പങ്കും ഇതില്‍ സ്മരിക്കേണ്ടവയാണ്. ഇതില്‍ ഉമേഷ്‌നായര്‍ നയിച്ച യാഹൂ ഗ്രൂപ്പായ ‘അക്ഷരശ്ലോകം’ ഗ്രൂപ്പിനെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അക്ഷരശ്ലോകം കൂട്ടത്തിനെ തുടര്‍ന്ന് ‘വിക്കി മലയാളവും’, ‘ചിന്ത’ എന്ന മലയാളം ഫോറവും, ‘മലയാളവേദി ഡോട്ട് കോമു’മൊക്കെ ഈ കാലഘട്ടത്തിലെ മലയാള ഭാഷയുടെ പ്രധാന പരിപോഷകരായി മാറി. ഇവരുടെ കൂട്ടായ്മയില്‍ തുറന്നു വന്നതും തെളിഞ്ഞതും മലയാളത്തിന്റെ പുത്തന്‍ പ്രകടന വേദികളാണ്. ഇവിടെ നേരത്തെ സൂചിപ്പിച്ചതു പോലെ മൃതിയുടെ കരങ്ങളില്‍ അച്ചിന്‍ കുടത്തിന്റെ നനുനനുപ്പില്‍മാത്രം അന്ത്യശ്വാസം-വലിച്ചു കൊണ്ടിരുന്ന ഒരു ഭാഷയ്ക്ക്‌ പുതിയ ഉച്ച്വാസവായുവായാണ് സൈബര്‍ ഇടങ്ങളും അതിന്റെ മലയാളം ലിപികര്‍ത്താക്കളും അവതരിച്ചത്. ഈ അവതാരങ്ങളെ ഭാഷയ്ക്കുണ്ടാകേണ്ട അനിവാര്യമായ വിപ്ലവമായാണ് കാണേണ്ടത്. അതിലേക്കു വേണ്ട തുടര്‍നടപടികള്‍ സത്യത്തില്‍ എത്രകണ്ട് പുരോഗമിക്കുന്നു എന്നത് വീണ്ടുവിചാരം നല്‍കേണ്ടുന്ന ചോദ്യമാണ്.

സൈബര്‍കൂട്ടങ്ങളുടെ ശ്രമഫലമായി ഉണ്ടായ മലയാളത്തിന്റെ ഇടംമാറ്റത്തിനോട് ചേര്‍ത്തു സ്മരിക്കേണ്ടവരായ ചിലരുണ്ട്. ഇവര്‍ മലയാളത്തിനു വേണ്ട പുതു ജീവനേകാന്‍ തങ്ങളുടെ ചിന്തയും എഴുത്തും അച്ചടി മാധ്യമങ്ങള്‍ക്കു മാത്രം തീറെഴുതാതെ സൈബര്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇങ്ങനെ ചെയതവരുടെ ഒരു നിരതന്നെ നമുക്കുണ്ട്; അവരില്‍ പ്രധാനമായവരെ ഒന്ന് പരിചയപ്പെടാം. ആദ്യമായി മലയാളത്തില്‍ ബ്ലോഗിംഗ് നടത്തിയത് രേഷ്മയാണെന്നാണ് പൊതുവെ ഈ രംഗത്തെ അതികായര്‍ വിശ്വസിക്കുന്നത് [20]. എന്നാല്‍ രേഷ്മ ബ്ലോഗിംഗ് നടത്തിയിരുന്നത് റീഡിഫ് ഹോസ്റ്റിംഗിലായിരുന്നു. ഇതാരോ ഹാക് ചെയ്തപ്പോള്‍ ബ്ലോഗിംഗ് ചരിത്രത്തില്‍ അവര്‍ പിന്തള്ളപ്പെട്ടു എന്നാണ് വിശ്വപ്രഭയെപോലെയുള്ള ആദ്യകാല ബ്ലോഗര്‍മാര്‍ പറയുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സൈബര്‍ ഇടങ്ങളിലെ സ്വത്വനിര്‍ണയവുമായി ബന്ധപെട്ട വെല്ലുവിളിയാണ്. കാരണം സൈബര്‍ ഇടങ്ങളിലെ ബ്ലോഗിംഗ് പേരുകള്‍ അവരുടെ യഥാര്‍ത്ഥ പേരുകള്‍ ആകണമെന്നില്ല. ഇതിനെ ചൂണ്ടിക്കാണിക്കുന്നത് ബ്ലോഗിംഗിന്റെ അനോണിമിറ്റി സ്വഭാവമായാണ്. എന്നിരുന്നാലും സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകളും അതിലെ കൂട്ടായ്മകളും പരിശോധിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും അതിലെ അപരനാമക്കാര്‍ തങ്ങളുടെ നിലനില്‍പ്പിനെ സ്ഥാപിക്കുന്ന ഇടപെടലുകളും വെളിപ്പെടുത്തലുകളും നടത്താറുണ്ട്. ഇതിനുദാഹരണമാണ് ശോണിമയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച (ലിങ്ക് സൂചികയില്‍ കൊടുത്തിട്ടുണ്ട്). കൂടുതല്‍ പഠനങ്ങള്‍ ഇതിന്റെ സത്യാവസ്ഥയിലേക്ക് വെളിച്ചം വീശും എന്ന് കരുതാം.

അതുപോലെ, കുടുംബ ബ്ലോഗര്‍മാരില്‍ അനിലും സുധയും ചേര്‍ന്നുള്ള ‘കണ്ണനുണ്ണി’യാണ് ആദ്യം ഇടം പിടിക്കുന്നത്‌. എന്നാല്‍ ആദ്യമായി യുണികോഡ് ഉപയോഗിക്കുന്ന ബ്ലോഗര്‍ പ്രഥമ മലയാളം യൂണികോഡ് വെബ്സൈറ്റ്‌ ആയ ചിന്തയുടെ ആവിഷ്കര്‍ത്താവ് പോളേട്ടന്‍ ആണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വിശ്വപ്രഭയും ധനുഷും, സിബുവുമൊക്കെ മലയാളം ബ്ലോഗെഴുത്തിലെ ഏറ്റവും പഴയവരാണ്. ഇതില്‍ വിശ്വപ്രഭ എന്ന ബ്ലോഗര്‍ 1999ല്‍ തന്നെ വിശ്വം എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്നാല്‍ അത് എന്തൊക്കെയോ കാരണങ്ങളാല്‍ ഡിലീറ്റ്‌ ചെയ്യേണ്ടതായിട്ടു വന്നു [21]! രേഷ്മയുടെ ബ്ലോഗിന്റെയും ചരിത്രത്തിന്റെയും അനോണിമിറ്റി കാരണം അവരെ ആദ്യകാല ബ്ലോഗരായും വനിതാ ബ്ലോഗരായും താഴെ പട്ടികയില്‍ ചേര്‍ക്കുന്നുണ്ട്. രേഷ്മയെക്കൂടാതെ ആദ്യമായി വെളിപ്പെടുത്തിയ ആദ്യ വനിതാ ബ്ലോഗേര്‍സ് ആയി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത് അതുല്യയും സുധയുമാണ്. എന്നാല്‍ സുധയും അനിലും ചേര്‍ന്നുള്ള കുടുംബബ്ലോഗാണ് ഇതെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ചില ആദ്യകാല ബ്ലോഗര്‍മാരുടെ പട്ടിക താഴെ.



ഈ കാലത്തൊക്കെ ഇവര്‍ ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ടെന്ന മലയാളം ഫോണ്ടാണ്. ഇത് നേരത്തെ സൂചിപ്പിച്ച ആസ്കി ഫോര്‍മാറ്റിലാണ് രൂപപ്പെടുത്തിയിരുന്നത്.

പുസ്തകങ്ങളും മറ്റു രചനകളും ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതിന്റെ ശ്രമഫലമായി ആദ്യമായി യുണികോഡില്‍ രചിച്ച മലയാള പുസ്തകം കൈപ്പള്ളിയുടെ ബൈബിളാണെന്നാണ് വിശ്വസിക്കുന്നത്. കൈപ്പള്ളിതന്നെ ഇതിന്റെ ട്രൂറ്റൈപ്പ്, അല്ലെങ്കില്‍ ആസ്കി (ഇതിലേതെന്നു ഉറപ്പില്ല) ഫോര്‍മാറ്റ്‌ കേരളൈറ്റ് ഫോണ്ടില്‍ ബൈബിള്‍ യൂണിക്കോടിനു മുന്നേ ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമുപരി മലയാളം ബ്ലോഗ്‌ വഴി മലയാളികളുടെ ദൈനദിന വ്യവഹാരങ്ങള്‍ സ്വദേശവത്കരിക്കാനും അത് പ്രകടിപ്പിക്കാനുമുതകുന്ന ഒരു സംരംഭത്തിന് രൂപം നല്‍കുന്നത് അതുല്യാ ശര്‍മയും വിശ്വപ്രഭയുമാണ്. ഇവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘കൊച്ചി ഒന്നാം ബ്ലോഗ്‌മീറ്റാണ്’ ഈ ഇനത്തില്‍ ഏറ്റവും ശ്രദ്ധേയം. മലയാളം ബ്ലോഗിംഗിനെ ഐ-മലയാളികളുടെ പ്രകടനമാധ്യമത്തേയും ഒരുതരത്തില്‍ ഈ കൂട്ടായ്മകൊണ്ട് വിപ്ലവവത്കരിച്ചു എന്നുതന്നെ പറയാം.

VII

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഭാഷയും ആശയങ്ങളും കേവലം അച്ചടിമാധ്യമങ്ങളുടെ കുത്തകയില്‍നിന്നും സ്വതന്ത്രമായി, കുത്തിയൊലിച്ചു ഒഴുകുന്ന ഒരു നദിയുടെ പ്രതീതിയോടെയാണ് സൈബര്‍ ഇടങ്ങളില്‍ സഞ്ചരിക്കുന്നത്. ഈ നീര്‍ചാലുകള്‍ അച്ചടിയുടെ ചാലുകള്‍ക്ക് മറുപുറമായി ഒഴുകിത്തുടങ്ങുമ്പോള്‍ ഉറവവറ്റി മരുഭൂമിയായേക്കാവുന്ന ഭാഷയുടെയും അതിന്റെ വികാസത്തിന്റെയും പ്രതീക്ഷക്ക് പുതു ജീവനാണ് നല്‍കുക. ഉദാഹരണത്തിന്, ഇന്ന് സാങ്കേതിക ജ്ഞാനമുള്ള ആര്‍ക്കും സൈബര്‍ ഇടത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നേരിട്ട് പ്രസിദ്ധീകരിക്കാം. അങ്ങനെ സൈബര്‍ മലയാളത്തിലൂടെ വീണ്ടും ഭാഷയെ ഊര്‍വരമുള്ളവയാക്കാന്‍ കെല്‍പ്പുള്ള ഉറവയായിക്കാണുമ്പോള്‍, ഭാഷയ്ക്ക്‌ പുതിയ കാലം പിറന്നുവെന്നു പറയേണ്ടിവരും. ഇങ്ങനെ ഈ തുറന്നുകൊടുക്കലുകള്‍ മലയാളി എഴുത്തുകാരേയും മലയാളി എഴുത്തിനേയും സമ്പന്നമാക്കുമെന്നത് തര്‍ക്കമറ്റതാകാം. ഈ എഴുത്തുകള്‍ എന്തുമാകട്ടെ ചിലപ്പോള്‍ അവ കഥയാകാം കവിതയാകാം അനുഭവങ്ങളാകാം തങ്ങളുടെ സംഘട്ടനങ്ങളും, അരിശവുമാവാം. എല്ലാം, എന്തിനോടും തങ്ങള്‍ക്കു തോന്നുന്നത് തങ്ങളുടെ ഭാഷയില്‍ തന്മയത്വത്തോടെ സംവദിക്കുമ്പോഴാണ് ഭാഷയില്‍ പുതുമയുടെതും, വ്യത്യസ്തതയുടേതുമായ അര്‍ത്ഥതലങ്ങളും, അവയെ വിശ്ലേഷിപ്പിക്കുന്ന വ്യാകരണങ്ങളും, മറ്റു ഭാഷാവികസന പ്രവര്‍ത്തനങ്ങളും, അനുപേക്ഷണീയമാകുന്നത്. ഇത്തരം പ്രതിഫലനങ്ങള്‍ സാധ്യമാക്കിയാല്‍ അത് മലയാളത്തിന്റെ വികസനത്തിന് സൈബര്‍ സാങ്കേതിക വിപ്ലവം നല്‍കുന്ന ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് .

എന്നിരുന്നാലും ഇ-മലയാളത്തിന്റെ (e-Malayalam) വളര്‍ച്ച ഇപ്പോഴും പൂര്‍ണമായും യൂണികോഡില്‍ സാധ്യമായിട്ടില്ല. ഇതിനു കാരണം നാം ഇപ്പോഴും പരസ്പരം ഇണക്കമില്ലാത്തതോ അല്ലെങ്കില്‍ ഒരിടത്തെ ലിപി കോഡുകളുടെ പ്രദര്‍ശനം മറ്റു ലിപി കോഡുകള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമോ മൂലമുണ്ടാകുന്ന എഴുത്തിന്റെ ചന്തക്കുറവ് ഒരു പോരായ്മയായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ കൂടുതല്‍ ക്രോഡീകരണങ്ങള്‍ക്കു വിധേയമാക്കിയാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പല വികല രചനാ രീതികളും മാറി കൂടുതല്‍ സുന്ദരമായതും, അവികലമായതുമായ വാക്‌-വാക്യ രചനകള്‍ നടത്താന്‍ സാധിക്കും. ഇതിലേക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും അവര്‍ക്കു വേണ്ട സഹായങ്ങളും മലയാളീ ഡയസ്പോറക്കൊപ്പം നിന്ന് നമ്മുടെ മലയാളി സുഹൃത്തുക്കളും സര്‍ക്കാരും ചെയ്യേണ്ടതാണ്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ സ്കൂള്‍ കറിക്കുലത്തില്‍ സര്‍ക്കാര്‍ മലയാളത്തെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന ശ്രമത്തിന്റെ മറുവശമായി മലയാള ഭാഷയുടെ പുനരുജ്ജീവനം സൈബര്‍ മലയാള നവീകരണയത്നത്തിലൂടെ ത്വരിതപ്പെടുത്താവുന്നതാണ്. ഇതിലേക്കുള്ള നടപടികള്‍ക്കായി ഇ-കാലഘട്ടത്തില്‍ നാം കൂടുതല്‍ പദ്ധതികള്‍ മുന്നോട്ടു വയ്ക്കേണ്ടതുണ്.

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്.

കുറിപ്പുകള്‍
[1] ആദ്യകാല മലയാളി ബ്ലോഗറും ഇപ്പോഴും മലയാളി സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യവും കൊച്ചിയില്‍ നടന്ന ഒന്നാം മലയാളി ബോഗേഴ്സ് മീറ്റിംഗിന്റെ ശില്പികളിലൊരാളുമാണ് വിശ്വപ്രഭ.

[2] ഐ-മലയാളി എന്നത് ഇന്റെര്‍നെറ്റ് മലയാളി എന്നാണു. ഉദാഹരണത്തിന് ഗാരി ആര്‍ ബണ്ടിന്റെ “ഐ-മുസ്ലിം” പോലെ രൂപപ്പെടുന്നതാണ് ഈ നാമം.

[3] കമ്പ്യൂട്ടര്‍, തൊഴിലാളികളെ ഒഴിപ്പിച്ചു തത്സ്ഥാനം കരസ്ഥമാക്കുമെന്നതും അത് മുതലാളിത്തത്തിന്റെ അടവുനയമാണെന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി തൊണ്ണൂറുകളില്‍ കേരളത്തില്‍ ഉണ്ടായ ചര്‍ച്ച.

[4] ഇതിന്റെ ഉത്തമോദാഹരമായി ചൂണ്ടിക്കാണിക്കാവുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഇന്റര്‍നെറ്റ്‌ മാധ്യമം വഹിക്കുന്ന പങ്കാണ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ക്കു നേരെ അടുത്തകാലത്തു ഉണ്ടായ അറബ് വസന്തം.

[5] ഉദാഹരണത്തിന്, പലസ്തീന്‍ വിമോചനത്തിന് വേണ്ടി പ്രയത്നിക്കുന്ന ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകയും കവയത്രിയുമായ റഫീഫ്‌ സിയാദയുടെ ‘Shades of Anger’ (ക്ഷോഭത്തിന്റെ തണലുകള്‍) എന്ന കവിത. http://www.youtube.com/watch?v=m2vFJE93LTI&feature=related

[6] ബൈനറി വ്യവഹാരങ്ങള്‍ എന്നത് കമ്പ്യൂട്ടറിന്റെ വിവര വിന്യാസ വിശദീകരണ കോഡായ 0, 1 എന്നി സംഖ്യകളാണ്. ഈ സംഖ്യകളുടെ വിന്യാസ കൂട്ടാണ് എല്ലാത്തരം പ്രോഗ്രാമുകളും.

[7] മലയാളം ഒന്നാം ഭാഷ, രണ്ടാം ഭാഷ ചര്‍ച്ചകളും സ്കൂള്‍ കറിക്കുലത്തില്‍ മലയാളത്തിന്റെ പഠനസമയം വര്‍ധിപ്പിച്ചതിനെയും ചൊല്ലിയുണ്ടായ സംവാദങ്ങളാണ് ഇതിനു ആധാരം.

[8] ഈ-ലോകമെന്നത് ഇന്റര്‍നെറ്റ്‌ ലോകമാണ്.

[9] ഇത്തരം പ്രസ്ഥാവനകള്‍ക്ക് ആക്കം കൂട്ടുന്നതാണ് സൈബര്‍ ഇടങ്ങളിലൂടെയും സാമൂഹിക കൂട്ടായ്മകളായ ഫെയ്സ്ബുക്കിങ്ങിലൂടെയും, ട്വീറ്റിങ്ങിലൂടെയും സാധ്യമാക്കുന്നത്. ശശി തരൂരിന്റെ ‘കാറ്റില്‍ ക്ലാസ്‌’ പ്രയോഗം മുതല്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചവരെ ഇതിനുദാഹരണമാണ്.

[10] ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നത് ഒരു ഉല്‍പന്നം എന്നതിനുപരി കമ്പ്യൂട്ടിംഗ് ഒരു സേവന ശൃംഘലയാകുമ്പോഴാണ്. ഇവിടെ പരസ്പരം വിഭവങ്ങളും വിവരങ്ങളും മറ്റുവിശേശങ്ങളും ഒരു കുടക്കീഴില്‍ നിര്‍ലോഭം വിഹിതം വയ്ക്കുന്നു.

[11] http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally.

[12] Malayalam Language True Type Font എന്നതിന്‍റെ രൂപകല്പനാ പ്രതലം ആപ്പിള്‍ കമ്പ്യൂട്ടര്‍ എണ്‍പതുകളുടെ അവസാനത്തില്‍ വികസിപ്പിച്ചെടുത്ത ട്രൂറ്റൈപ്പ് ഫോണ്ടാണ്. ഇതിന്റെ അകമ്പടിയോടു കൂടിയുള്ള മാക്‌ഓ എസ് എഴ് 1991 മെയ്‌ മാസത്തിലാണ് ഇറങ്ങുന്നത്. ഈ കാലത്ത്‌ ഇതിന്റെ ഉപയോഗം വിന്‍ഡോസുമായി ആപ്പിള്‍ പങ്കു വച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടത്തിലാണ് മലയാളത്തില്‍ ഫോണ്ട് തയ്യാറാക്കാന്‍ വിന്‍ഡോസ്‌ ശ്രമിച്ചത്. http://www.truetype-typography.com/articles/ttvst1.htm

[13] മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ആവശ്യത്തിനായി Malayalam Language True Type Font കൈപ്പള്ളി രൂപകല്‍പന ചെയ്യുന്നത്. ഇത് വിന്‍ഡോസ്‌ 3.1 എന്ന ഓപറേറ്റിംഗ് സിസ്റ്റത്തിനു വേണ്ടിയാണ്. http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally

[14] Operating System എന്നതിന്‍റെ ചുരുക്കെഴുത്താണ് ഓഎസ്

[15] ആസ്കി ലിപി മാതൃകയെ ഒരു പ്രാപഞ്ചിക ലിപി വിന്യാസ രീതിയായിട്ടാണ് കണക്കാക്കുന്നത്. കാരണം ആസ്കി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ക്ക് എല്ലാത്തിനും (ഓരോ ചിഹ്നത്തിനും) പ്രത്യേകം പ്രത്യേകം കൊടുക്കലാണ് നല്‍കിയിരുന്നത്. ഇതിന്റെ മാതൃക തന്നെയാണ് പില്‍കാലത്ത് ഏകീകൃത കോഡിംഗിലൂടെ വിപുലീകരിച്ചതും. http://pix.cs.olemiss.edu/csci323/editors.html

[16] http://varamozhi.wikia.com/wiki/Brief_History

[17] ഐ-മലയാളി എന്ന് പറയുമ്പോള്‍ ഒരു യോഗ്യത പ്രത്യേകിച്ചും പറയണം. എന്തെന്നാല്‍ മലയാളത്തില്‍ എഴുതുന്ന മലയാളികളെയാണ് അതുവഴി തങ്ങളുടെ സംവാദങ്ങള്‍ സ്വദേശവത്കരിക്കുന്നതു കൂടി ഈ ഐ-മലയാളി എന്ന പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നുണ്ട്.

[18] ഉദാഹരണത്തിന്, http://shonimaas.blogspot.com/2007/11/blog-post.html; http://varamozhi.wikia.com/wiki/Brief_History; http://varamozhi.wikia.com/wiki/Geographical_locations_of_Bloggers; https://sites.google.com/site/cibu/font-groups; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/

[19] ഈ ലിങ്കുകള്‍ കാണുക. http://santhoshtr.livejournal.com/4996.html; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/; http://unicode.org/~emuller/iwg/

[20] ഉദാഹരണത്തിന് ശോണിമയുടെതും, വ്യക്തിപരിചയം, ഓഫ് യൂണിയന്‍ ഉപയോക്താവ് തുടങ്ങിയ ബ്ലോഗിലും വിശ്വപ്രഭയും മറ്റും ഇങ്ങനെയാണ് പറയുന്നത്. മലയാളത്തില്‍ കണ്ടെത്താവുന്ന പഴയ ഒരു ചര്‍ച്ചയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടിത്തിട്ടുള്ളതും. ബ്ലോഗുഗള്‍ക്ക് കുറിപ്പ് കാണുക.

[21] ഈ കാരണങ്ങള്‍ വിശ്വപ്രഭതന്നെ പറയേണ്ടിയിരിക്കുന്നു.

വെബ്-ഗ്രന്ഥ സൂചിക
Bunt, G.R., 2009. iMuslims: Rewiring the House of Islam, The University of North Carolina Press.

http://boologaclub.blogspot.com/2006/08/blog-post_115567221858952072.html

http://en.wikipedia.org/wiki/John_Warnock

http://en.wikipedia.org/wiki/User:Kaippally

http://groups.yahoo.com/group/varamozhi/message/23

http://keralafarmeronline.com/first-malayalam-fonts/lang/ml

http://malayalambible.in/faq.bdoc

http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html

http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html

http://offunion.blogspot.com/2006/09/blog-post_08.html#c115785426676291434

http://pix.cs.olemiss.edu/csci323/editors.html

http://ralminov.wordpress.com/using-weft-embed-malayalam/

http://salrc.uchicago.edu/resources/recommended.shtml

http://santhoshtr.livejournal.com/4996.html

http://shonimaas.blogspot.com/2007/11/blog-post.html

http://shonimaas.blogspot.com/2007/11/blog-post.html?showComment=1194985920000#c1525481355279244091

http://unicode.org/~emuller/iwg/#5

http://upabhokthavu.blogspot.com/2007/09/1986.html

http://varamozhi.wikia.com/wiki/Brief_History

http://varamozhi.wikia.com/wiki/Geographical_locations_of_Bloggers

http://vfaq.blogspot.com/

http://vyakthiparichayam.blogspot.com/p/blog-page_26.html

http://www.cl.cam.ac.uk/~mgk25/unicode.html

http://www.eaglefonts.com/janamalayalam-ttf-129161.htm

http://www.kaippally.com/2006/09/blog-post.html

http://www.malayalamunicode.com/malayalam-unicode-fonts

http://www.prokerala.com/malayalam/

http://www.truetype-typography.com/articles/ttvst1.htm

https://plus.google.com/103973390421451115061/about

https://sites.google.com/site/cibu/font-groups

https://sites.google.com/site/cibu/unicode-how-to/unicode-concepts

ഈ ലേഖനം ദില്ലിപോസ്റ്റ്‌ എന്ന മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. ഇതിന്റെ ഒറിജിനല്‍ ലിങ്ക് http://dillipost.in/2012/04/19/malayalam-and-internet/ കാണുക


















Sunday, April 8, 2012

മലയാണ്മയുടെ നഗ്നത

ഹമീദ സികെ & സിദ്ധിക്ക് റാബിയത്ത്

എന്തിനും ഏതിനും മലയാളികള്‍ പൊതുവേ മറ്റു ഇന്ത്യന്‍ സമൂഹങ്ങളെ പുച്ഛത്തോടെ കാണുകയും, ആ സമൂഹങ്ങളില്‍ നടക്കുന്ന പല അക്രമസംഭവങ്ങളും (ഉദാഹരണത്തിന്, ‘അഭിമാന വധം’ (honor killing), മറ്റു സദാചാര കൊലപാതകങ്ങള്‍ എന്നിവ) തങ്ങളുടെ നാട്ടില്‍ അന്യമാണെന്ന് മേനി നടിക്കുന്നവരുമാണ്. മലയാളിസമൂഹത്തിന്റെ ആണ്‍കോയ്മാ മലയാണ്മയുടെ മുഖമുദ്രയാണ് ഈ പുച്ഛം എന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യയിലെ മറ്റു സമൂഹങ്ങള്‍ക്ക് ഇങ്ങിനെയൊരു അപരത്വം കല്പിച്ചു നല്‍കുക വഴി സ്വന്തം ‘നഗ്നത’ ഫലപ്രദമായി മൂടിവയ്ക്കാനാണ് മലയാളി ഇത്രകാലവും ശ്രമിച്ചു വന്നിരുന്നത്. അല്ലെങ്കില്‍, മൂടിവയ്ക്കുന്നതിനേക്കാള്‍ വെളിപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ വിപണിമൂല്യം ലഭിക്കുമ്പോള്‍, ഏതു മുക്കിലും മൂലയിലും വാര്‍ത്തകള്‍ നിമിഷനേരംകൊണ്ട് വ്യാപിക്കുന്ന പുത്തന്‍ മാധ്യമങ്ങളുടെ ഈ കാലത്ത് അതു മനസിലാകാത്തതുപോലെ പ്രവര്‍ത്തിക്കുന്നു എന്നു വേണമെങ്കില്‍ വാദിക്കാം. അതുമല്ലെങ്കില്‍, വാര്‍ത്തകളാക്കുമ്പോള്‍ കാര്യങ്ങളുടെ കാരണവും അകാരണവും ഒരുപോലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്നതു മനസിലാക്കാതെ തങ്ങളുടെ നഗ്നത ആരും കാണില്ലായെന്ന ശുംഭവിചാരം മലയാളിയെ എന്നോ ഗളസ്ഥമാക്കിയിരിക്കുന്നു എന്നും കരുതാം. അതായത്, സ്വന്തം നഗ്നത മറയ്ക്കാതെ കാണികളുടെ കണ്ണില്‍ വലകെട്ടാനാണ് നമ്മുടെ മഹത്തായ ആണ്‍കോയ്മ ശ്രമിക്കുന്നത്.
ഇന്ന് മലയാളി പൊതുമണ്ഡലത്തിന്റെ അടച്ചുവച്ചിരുന്ന, അല്ലെങ്കില്‍ മറച്ചുവച്ചിരുന്ന, പുതപ്പ് ഊര്‍ന്നു പോകുമ്പോള്‍ മലയാളി പൊതുമണ്ഡലം കൂടുതല്‍ മ്ലേച്ഛമാകുന്നു. ഇതിന്‍റെ ആവശ്യകത സ്ഥിരീകരിക്കുന്നത് ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുമായും പങ്കുവയ്ക്കാം എന്ന സാഹചര്യം സംജാതമാക്കിയപ്പോഴാണ്. അപ്പോഴും ആണ്‍കോയ്മയുടെ പഴകിദ്രവിക്കുന്ന സദാചാരം ആഗോളീകരണ മുതലാളിത്തത്തിന്റെ പാതയില്‍ പുത്തന്‍ വകഭേദങ്ങളായി രംഗപ്രവേശനം ചെയ്യുന്നു. അല്ലെങ്കില്‍ ഇതിനെ സാധൂകരിക്കുന്ന മലയാണ്മക്ക് ഈ മ്ലേച്ഛതയില്‍ അഭിമാന പുളകിതരേ ആകൂ എന്നമട്ട്. അപ്പോഴും മറ്റുള്ളവര്‍ മാത്രമാണ് നഗ്നര്‍ എന്ന കപടത മലയാളിമനസ്സിനെ മദിക്കുകയും അതിനടിമപ്പെട്ടു സദാചാരത്തിന്റെ കാവലാളായി സ്വയം അവരോധിച്ചു ഇളിഭ്യരാകുകയുമാണ്‌ മലയാളികള്‍ .

ഇത്രയും പറയാന്‍ കാരണം സദാചാര പൊലീസ്‌ എന്ന് ഓമനപ്പേരിട്ട് കൊഞ്ചിക്കുന്ന മലയാണ്മയുടെ, ആണ്‍കോയ്മയുടെ ഏറ്റവും പുതിയ വീരകഥയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്‌ അരങ്ങേറിയതു എന്നതാണ്. ഈ സംഭവത്തിലൂടെ ഇവര്‍ സൂചിപ്പിക്കുന്നത് തങ്ങളുടെ അധികാരം അടിവരയിട്ട അതിരു ലംഘിച്ചതിന്റെ മറുപടി മരണമാണെന്നാണ്. അതായത്, മറ്റുള്ളവരാണ് നഗ്നര്‍ എന്നുള്ള മലയാളി വ്യാജവാദം ഇവിടെ ചീന്തിയെറിയപ്പെടുന്നു എന്ന് സാരം. ഇത് സ്വന്തം കണ്ണില്‍ കോലും വച്ച് മറ്റുള്ളവരുടെ കണ്ണിലെ പൊടിയെ ദുഷിക്കുന്നത് പോലെയാണെന്ന് മാത്രം. ഈ കോലുകളുടെ ഏറ്റവും നല്ലതെളിവാകുന്ന സംഭവങ്ങളുടെ നിര തന്നെ അടുത്തിടെ കേരളത്തില്‍ സജീവമായിട്ടുണ്ട്.–തെസ്നി ബാനുവിനെ കൈകാര്യം ചെയ്യാന്‍ പോയവര്‍; ഒന്നിച്ചിരുന്നു സ്വതന്ത്രമായി സംസാരിച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രമെടുത്ത് പ്രസിദ്ധീകരിച്ച് സദാചാരപാഠം വിളമ്പിയ മാധ്യമങ്ങള്‍; പോക്കറ്റടി ആരോപിച്ച് ഒരു യുവാവിനെ ചതച്ചുകൊന്ന ആള്‍ക്കൂട്ടത്തിന്റെ ആരാച്ചാര്‍മാര്‍ എന്നിങ്ങനെ നീളുന്ന പട്ടികയാണത്.

സദാചാരത്തിന് കാവല്‍ക്കാരുണ്ടാകുന്നതെങ്ങിനെ? ആരാണ് ഈ കാവല്‍ക്കാര്‍ക്ക് വിചാരണയും, വിധിയും ശിക്ഷയും നടപ്പാക്കാനുള്ള അധികാരം അനുഗ്രഹിച്ചു നല്‍കുന്നത്? ഇത് മലയാളികളുടെ അടച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന എന്നാല്‍ മൂടിവയ്ക്കുന്തോറും കൂടുതല്‍ ഊര്‍ജസ്വലമാകുന്ന വികാരങ്ങളുടെ തള്ളിച്ചയാണെന്നു ചിലര്‍ പറയുമ്പോള്‍ നാം കാണേണ്ട/മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഇത് കേവലം വ്യക്തിപരമായ (ഉദാ: ലൈംഗിക) അടിച്ചമര്‍ത്തലുകള്‍ക്കുമുപരി ഒരു സാമൂഹിക, സാംസ്കാരിക അടിച്ചമര്‍ത്തലിന് കാലങ്ങളായി മലയാളികള്‍ വിധേയരാകുന്നുണ്ട് എന്നതാണ്. എന്നാല്‍ ഇതിനു കൂടുതല്‍ ശക്തി നല്‍കാനാണ് വ്യത്യസ്ഥ മണ്ഡലങ്ങളിലൂടെ കേരളത്തിലെ ആണ്‍കോയ്മ സദാ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, ദിവസങ്ങള്‍ക്കു മുന്പു ഷഹീദ് ബാവ എന്ന 26കാരനെ പാതിരാത്രി സദാചാരവാദികളുടെ വിശുദ്ധസേന ചതച്ചു കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ചില വികട വിവരദോഷികള്‍, അല്ലെങ്കില്‍ ചാനല്‍ ജീവികള്‍ തങ്ങള്‍ക്കു തോന്നിയതു പോലെ സമൂഹത്തിനെ നിര്‍വചിക്കുകയും, അതിനെ വികലമായ യുക്തിയുപയോഗിച്ചു ശരിയാണെന്ന് ആണയിടുകയും ചെയ്തു (ഇതില്‍ പല മാധ്യമ പുലികളും ഉണ്ട്). ഇവരുടെ ഭാഷ്യം കേട്ടാല്‍ തോന്നുക ഇവര്‍ പറയുന്നത് അംഗീകരിച്ചില്ലെങ്കിലും ഇതേ ഞങ്ങള്‍ അനുവദിക്കൂ എന്ന മനോഭാവമാണ്. ഇത്തരം വാചാടോപം ചെയ്യുന്നവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും വീണ്ടും ക്യാമാറാക്കണ്ണുകളിലേക്ക് ക്ഷണിക്കാനും ചാനല്‍ പ്രഭാഷണം നടത്താനും ആനയിക്കുന്നതു വഴി മാധ്യമങ്ങളും സദാചാരപൊലീസിന്‍റെ സ്ഥാപനവത്കരണം ഭംഗിയായി നിര്‍വഹിക്കുന്നു എന്ന് പറയാതെ വയ്യ.

ഇതിന്റെ മറ്റൊരു ഉദാഹരണമാണ്, ഏഷ്യാനെറ്റിന്റെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരിപാടിയില്‍ വന്ന ഒരു എപിസോഡ്. (ഇത് ഇവിടെ കാണാം http://www.youtube.com/watch?v=HRzbVUww2wI). ഏഷ്യാനെറ്റില്‍ വന്ന ഈ പരിപാടിയിലുടനീളം നമ്മുടെ സദാചാര പോലീസിന്‍റെ നേരത്തെ പറഞ്ഞ ആണ്‍കോയ്മയുടെ വീക്ഷണകോണ്‍ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. അവിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ പുതിയ കഥകളുയര്‍ത്തി മറുപടി ലഭിക്കില്ലാ എന്നറിഞ്ഞുള്ള ഏകപക്ഷീയ വിചാരണയും വിധി നിര്‍ണയവും നടത്തലാണ് ‘നേരോടെ, നിര്‍ഭയം നിരന്തരം’ എന്ന് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത്.

ഇത്തരത്തിലുള്ള ആണ്‍കോയ്മയുടെ പുനപ്രേക്ഷ്യമാണ് കേരളത്തിലെ ചാനലുകള്‍ നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വിഷസൂചിയായി കുത്തിയിറക്കുന്നത്.ഇതില്‍ വീണ്ടും വീണ്ടും ജനിക്കുന്നത് ആണ്‍കോയ്മയുടെ പുതുമുഖങ്ങളാണ്. ഇവിടെ തങ്ങളുടെ അതിരുകളെ അതിര്‍ത്തിയായി സ്ഥാപിക്കാനും തങ്ങളുടെ ഇഷ്ടങ്ങളെ മാത്രം വിലക്കെടുക്കാനും മറ്റിഷ്ടങ്ങളെ തന്‍റെ ഇഷ്ടഭാരത്താല്‍ അമര്‍ച്ചചെയ്യാനും സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ സദാചാര പോലീസുകള്‍ വെറും വ്യക്തികളുടെ കൂട്ടമല്ല. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഈ സദാചാര സ്ഥാപനവത്കരണത്തിന്റെ അല്ലെങ്കില്‍ ആണ്‍കോയ്മയുടെ പതാക വാഹകരാണ്. ഈ സ്ഥാപനവത്കരണത്തിന്റെ ഉരുക്ക് ദണ്ഡുകളാണ് ആദ്യം നിലംപരിശാക്കേണ്ടത്.

നവംബര്‍ പതിനേഴിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ്.

ലേഖകര്‍ ദില്ലി ജെ എന്‍ യുവിലെ ഗവേഷകരാണ്

ലിങ്ക് http://dillipost.in/2011/11/17/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%AE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%E0%B4%97%E0%B5%8D%E0%B4%A8%E0%B4%A4/

ജസ്റ്റിസ്‌ കട്ജുവിന് ഒരു വിയോജനക്കുറിപ്പ്

ന്ത്യ എന്താണ്’ എന്ന വിഷയത്തില്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട എട്ടാമത് നെഹ്‌റു മെമ്മോറിയല്‍ പ്രഭാഷണത്തില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു നടത്തിയ മുഖ്യപ്രഭാഷണം (ഇവിടെ കാണാം: What’s India?)ചില സമകാലിക സംവാദങ്ങളുടെ ഭാഗമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു

പ്രഭാഷണത്തില്‍ നിന്നു പ്രഥമദൃഷ്ടിയാല്‍ മനസിലാക്കാന്‍ സാധിക്കുന്നത് കട്ജു സംവദിക്കാന്‍ ശ്രമിച്ചത് ഈ വിഷയത്തിന്‍റെ സങ്കീര്‍ണതയേയും അതിന്റെ മനോലയതയയേയും (abstraction) കുറിച്ചായിരുന്നു. അതിനാല്‍ തന്നെ പ്രഭാഷണത്തിന്‍റെ മര്‍മത്തെ പ്രതിവചിക്കുന്ന സമകാലിക ‘ഇന്ത്യ എന്ത്’ എന്ന വീക്ഷണം ഭൂതകാലത്തിന്റെ അനുരണനം വര്‍ത്തമാനത്തെ മനസിലാക്കുന്നതില്‍, അതിനെ ചാലകവത്കരിക്കുന്നതില്‍ എത്രത്തോളം അനുരൂപത സാധ്യമാക്കി എന്ന ചോദ്യം കട്ജുവിന്റെ സംഭാഷണത്തില്‍ അവ്യക്തമായിരുന്നു. അത് അപഗ്രഥിക്കേണ്ടിയിരിക്കുന്നു എന്ന വസ്തുതയാണ് ഈ ചെറുകുറിപ്പില്‍ ഉദ്ദേശിക്കുന്നതു.

കട്ജു തന്റെ പ്രഭാഷണത്തിലൂടെ അഞ്ചു നിലപാടുകളാണ് മുന്നോട്ടു വച്ചത്. ആദ്യമായി, ഇന്ത്യ എന്നത് വടക്കേ അമേരിക്കയെപ്പോലെ തന്നെ തൊണ്ണൂറു ശതമാനത്തിലധികം കുടിയേറ്റക്കാരുടെ കുടിയേറ്റഭൂമിയാണ് എന്നതാണ്. രണ്ടാമത്തേത്, കുടിയേറ്റത്തിന്റെ അനന്തരഫലമായി ഈ കുടിയേറ്റക്കാര്‍ വ്യത്യസ്തതയിലിഴുകിയ നാനാത്വമാണ് ഇതിന്റെ സാമൂഹിക സാംസ്കാരിക ഉറവിടം. ഇത് ഇതര തുറകളായ മത, വേഷ, ഭാഷാന്തരങ്ങളില്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. മൂന്ന്, ഈ കുടിയേറ്റക്കാരുടെ പാരസ്പര്യ ഇടപെടലുകളും വിനിമയങ്ങളും നനാത്വത്തിലധിഷ്ഠിതമായ ഒരു പുത്തന്‍ ആശയാവിഷ്കാര മണ്ഡലം സൃഷ്ടിച്ചു. ഈ സാംസ്കാരിക മണ്ഡലത്തെ കട്ജു വിളിക്കുന്നത്‌ ഉര്‍ദു-സംസ്കൃത സാംസ്കാരികത എന്നാണ്. ഈ സംസ്കാരമാണ് ഇന്ത്യ എന്ന വികാരത്തെ ഒരുമിപ്പിക്കുന്നത്.

നാല്, മതേതരത്വം എന്ന ആശയമാണ് ഈ കുടിയേറിയ, നാനാവിധ സ്വത്വങ്ങള്‍ ഉള്ള ജനങ്ങളെ ഒരു സംസ്കാരത്തിന്റെ കൊടിക്കീഴില്‍, ഇന്ത്യ എന്ന ഭൗമഅതിര്‍ത്തിയില്‍ ഇന്ത്യക്കാരായി നിലനിര്‍ത്തുന്നത്. അഞ്ച്, ഇന്ത്യന്‍ സമൂഹം ഒരു ഘടനാപരമായ മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റം മറ്റൊന്നുമല്ല, ഫ്യൂഡല്‍-കാര്‍ഷിക-കുടിയാന്മ തൊഴില്‍ സമൂഹികതയില്‍ നിന്നും വ്യാവസായിക-തൊഴില്‍ സാമൂഹികതയിലേക്കാണ്. എന്നാല്‍ ഈ മാറ്റം ചരിത്രപരമായി ഏതൊരു ദേശത്തേയും ഉടച്ചുവാര്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ കരിമ്പടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ അരക്ഷിതത്വം ഒഴിച്ചുകൂടാനാകാത്ത അഗ്നിയാണ്. അത് വേദനയാണ്. അത് തരണം ചെയ്യേണ്ടിയിരിക്കുന്നൂ…

ഇതില്‍ ആദ്യത്തെ മൂന്ന് വര്‍ഗീകരണങ്ങളും ഒരു പൊതു നിലപാടിനെ സംക്ഷിപ്തവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കാണാം. എന്നാല്‍ പിന്നീടു വരുന്ന രണ്ടു നിലപാടുകളും ഒറ്റപ്പെട്ടതും, നേരത്തെ തുടര്‍ന്ന ആശയ ഒഴുക്കില്‍ നിന്നും ഭിന്നവുമാണ്. ഇതിനെ കൂടുതല്‍ സൂക്ഷ്മമായിതന്നെ നമുക്ക് പരിശോധിക്കാം.

ഇന്ത്യ ഒരു കുടിയേറ്റ രാജ്യമാണെന്നുള്ളത് അംഗീകരിക്കാനും അത് നിര്‍ഭയം മുന്നോട്ടുവയ്ക്കാനും കാണിച്ച ഉത്സുകത ശ്ലാഘനീയം തന്നെ. ഈ വ്യത്യസ്തതയുടെ സമന്വയമാണ് നമ്മുടെ നാനാത്വത്തിന്റെ കാതല്‍ എന്ന വാദം തീര്‍ച്ചയായും അംഗീകരിക്കാനാവുന്നതുമാണ്. മൂന്നാമതായി പറഞ്ഞ ഉര്‍ദു-സംസ്കൃത സാംസ്കാരികത ഈ നാനാത്വതെ സ്വാംശീകരിച്ച ഒരു പൊതു ആശയ-ജ്ഞാന മണ്ഡലമാണെന്നുള്ളതാണ്. എന്നാല്‍ ഈ മൂന്നു ആശയങ്ങളും കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ എന്ന ഐക്യം വടക്കു നിന്നും തെക്കോട്ടുള്ള സാംസ്കാരിക അധിനിവേശത്തെ ഊട്ടിയുറപ്പിക്കുന്ന പുതിയ ആശയാവിഷ്കാരമാണ്. കാരണം, ഇന്ത്യ കുടിയേറ്റത്തിന്റെയും അതിന്റെ ഫലമായുണ്ടായ നാനാത്വത്തിന്റെയും ഫലമായുണ്ടായതാണെന്ന വാദം പ്രഥമദൃഷ്ടിയാല്‍ ശരിയാണെന്നു തോന്നാമെങ്കിലും ഇത് വിസ്മരിക്കുന്ന, അല്ലെങ്കില്‍ മനപൂര്‍വം തമസ്കരിക്കുന്ന, ഒരു ചരിത്രബോധമുണ്ട്.

അതായത്, കുടിയേറ്റം ഉണ്ടാക്കുന്ന നാനാത്വവും ഏകീകൃത ഭാഷയും മാത്രമല്ല നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക, മതാത്മക, ബൌദ്ധിക മണ്ഡലങ്ങള്‍ നിര്‍ണയിക്കുന്നത്. പകരം നമ്മുടെ നിരന്തരമായുള്ള വൈദേശിക വ്യാപാര-സാംസ്കാരിക ബന്ധങ്ങള്‍ കൂടിയാണ്. ഈ ബന്ധങ്ങള്‍ മേല്‍പ്പറഞ്ഞ ഉര്‍ദു-സംസ്കൃത സാംസ്കാരികതയോ ഏകീകരണമോ മാത്രമല്ല സാധ്യമാക്കിയതും. പകരം, ആന്തരികവും ബാഹ്യവുമായ ബഹുസ്വരതയുടെ ഏകീകൃതവും വൈവിധ്യമാര്‍ന്നതുമായ സമന്വയമാണ് പില്‍കാല ഇന്ത്യയുടെ നാനാത്വത്തെ സ്വാധീനിച്ചത്. ഇവിടെ പാശ്ചാത്യത നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന (ചിന്തയിലും പ്രവര്‍ത്തിയിലും) ദ്വന്ദ്വങ്ങള്‍ക്കുമപ്പുറം, ബഹുസ്വരത
യുടെ സങ്കലനമാണ് ഈ കൊടുക്കല്‍വാങ്ങലുകള്‍ സാധ്യമാക്കുന്നത്. ഈ വസ്തുതയാണ് കട്ജു തന്റെ പ്രഭാഷണത്തില്‍ പറയാന്‍ മറന്നു പോയത്.

മേല്‍പ്പറഞ്ഞ ഉര്‍ദു-സംസ്കൃത ചിന്താധാരയും, അവയുടെ സ്വാധീനവും സാധ്യമാക്കിയത് ഈ ബഹുസ്വരതയുടെ കാലാകാലങ്ങളിലായുണ്ടായ സംവേദനമാണ്. എന്നാല്‍ ഈ പാരസ്പര്യം സാധ്യമാക്കിയ ഒരു ഭൂപ്രകൃതി വടക്കേ ഇന്ത്യയിലാണ്. അതിന്റെ തെക്കിലേക്കുള്ള പ്രയാണം അധിനിവേശത്തിന്റെതു പോലെയോ, അല്ലെങ്കില്‍ സ്വമേധയാലുള്ള സ്വീകരണമായാല്‍ കൂടിയും തെക്കിലെ ദേശ-ഭാഷകളുടെ കൂടെ ലയിച്ചതുമാണ്. അല്ലാതെ ‘അതിനാലാണ് ഇത്’ എന്ന മട്ടിലുള്ള തീര്‍പ്പ് യുക്തിപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

എന്നാല്‍ സമകാലികമായി തെക്കിനു വടക്കുമായുള്ള ബന്ധത്തെപ്പോലെ തന്നെ, തെക്കുള്ളവര്‍ അന്തര്‍ദേശീയ വ്യാപാര-സാംസ്കാരിക കൈമാറ്റം നടത്തുകയും വ്യത്യസ്തമായ ഭാഷാ വ്യതിയാനങ്ങളില്‍ പരസ്പര കൈമാറ്റങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, കേരളത്തില്‍ അന്തര്‍ദേശീയ വ്യാപാര ബന്ധത്തിന്റെ ഭാഗമായി അറബും പേര്‍ഷ്യനും ചേര്‍ത്തുകൊണ്ട് പ്രാദേശികമായ ഒരു മലയാളമാണ് രൂപം കൊണ്ടത്‌. ഇതാണ് അറബി മലയാളം. ഇതിനുപയോഗിച്ചിരുന്നത് അറബി സ്ക്രിപ്റ്റും മലയാള, തമിള്‍ വാക്കുകളും പ്രയോഗങ്ങളുമാണ്. കേരളത്തിലെ മുസ്ലിങ്ങള്‍ അറബിക്കിലോ-പേര്‍ഷ്യനിലോ, ഉര്‍ദുവിലോ അല്ല ഇവിടെ തങ്ങളുടെ സാംസ്കാരിക സംവാദങ്ങള്‍ വികസിപ്പിച്ചത്. പകരം, സ്വതന്ത്രവും പ്രാദേശിക മൂല്യങ്ങള്‍ ഒത്തുചേര്‍ന്നതുമായ ഒരു വിനിമയ ഉപാധിയിലൂടെയാണ്. ഇത് മറ്റു പല തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും വ്യാപിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതു വളരെ പ്രസക്തമാണ്. ഇവിടെയാണ് ജസ്റ്റിസ്‌ കട്ജു കണ്ട ഇന്ത്യ വികലമായ ഒരു പ്രാദേശിക കാഴ്ചപാടിലൂടെയാണ് എന്ന് തോന്നിപ്പിക്കുന്നത്, അല്ലെങ്കില്‍ വാദിക്കേണ്ടി വരുന്നത്.

അതുപോലെ തന്നെ തമിഴിലും മലയാളത്തിലും തുളുവിലും കന്നഡയിലും തെലുഗുവിലും ദേവനാഗരി ലിപിയുടെ സ്വാധീനം വളരെ കുറവാണെന്നുള്ള സംവാദങ്ങള്‍ ശക്തമാകുമ്പോള്‍ ഈ ഏകത്വ സിദ്ധാന്തം തികച്ചും അംഗീകരിക്കാനാകാത്തതാണ്. മറ്റൊരു പ്രശ്നം എന്തെന്നാല്‍ ഭാഷ എപ്പോഴും നമ്മുടെ ചിന്തകളുടെ പ്രതിഫലനത്തിനു ഉതകുന്നതും വളരെ ലളിതമായി സന്നിവേശിപ്പിക്കപ്പെടേണ്ടതുമാണ്. ഇവിടെ ഭാഷയുടെയും അതിന്റെ പ്രയോഗത്തിന്റെയും ഇരുമ്പുലക്ക നിയമങ്ങള്‍ ഭാഷയെ ജനകീയവത്കരിക്കുന്നതില്‍ എപ്പോഴും വിളംബം കാണിക്കുന്നു. ഇതിലൂടെ നമ്മുടെ ചിന്തകളുടെ പ്രതിഫലനം അസാധ്യമാക്കുന്നു.

എന്നാല്‍ സംസ്കൃത പണ്ഡിതര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള അസംസ്കൃത അറിവുകളെ സംസ്കൃത ഭാഷയിലേക്ക് ആവിഷ്കരിക്കുകയും ആ ഭാഷയിലൂടെ അതിനെ സംരക്ഷിക്കുകയും ചെയ്തത് അറിവിനെ അന്ന് നിലവിലുണ്ടായിരുന്ന വരേണ്യ/ഭരണവര്‍ഗ ഭാഷയുടെ ചട്ടക്കൂടുകളില്‍ സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. അല്ലാതെ ചിന്തകള്‍ ആ ഭാഷയില്‍ മാത്രമേ രൂപംകൊള്ളുകയുള്ളൂ എന്ന് അനുമാനിക്കുന്നത് തികച്ചും അയുക്തമാണ്. ഇത് യഥാര്‍ത്ഥ ഭാരതീയ ദര്‍ശനത്തിനു എതിരുമാണ്. ഉദാഹരണത്തിന്, നാം ചിന്തിക്കുന്നത് പലതും നമ്മുടെ പ്രാദേശികമായ, അല്ലെങ്കില്‍ നമുക്ക് ഏറ്റവും എളുപ്പമുള്ള ഭാഷാമാധ്യമങ്ങളിലൂടെയാണ്. അല്ലാതെ മറ്റൊരു ഭാഷയിലല്ല. എന്നിട്ട് നമ്മുടെ അറിവിനെ കൂടുതല്‍ ജനകീയം അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ (ഇവിടെ പണ്ഡിതര്‍) സംവദിക്കുന്ന ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് ചെയ്യുന്നത് (ഉദാ: ആധുനികലോകം ഇംഗ്ലീഷിനു പ്രാധാന്യം നല്‍കുന്നതുപോലെ). അല്ലാതെ ചിന്തയുടെ മാറ്റമല്ല അവിടെ സാധ്യമാക്കുന്നത്. ഇവിടെയാണ്‌ കട്ജു തന്റെ വീക്ഷണം പ്രകടിപ്പിക്കുന്നതില്‍ ഇടുങ്ങിയ മനോഭാവം സ്വീകരിച്ചു എന്ന് ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്.

ജസ്റ്റിസ്‌ കട്ജുവിന്‍റെ നാലാമത്തെ വീക്ഷണം ഒന്നും രണ്ടും മൂന്നും ഒരുമിച്ചു ചേര്‍ത്തു അംഗീകരിച്ചാല്‍/ ശരിയായാല്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. കാരണം, നാനത്വത്തെ ഭാഷ എന്ന ഏകത്വം കൊണ്ട് ബന്ധിപ്പിച്ചാല്‍ അടുത്തതായി നമ്മള്‍ ശ്രദ്ധിക്കേണ്ടത് മറ്റു നാനത്വമായ മത വിശ്വാസങ്ങളെയാണ്.എന്നാല്‍ മതത്തിന്റെ വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും ദേശത്തിന്റെയും ഭാഷയുടെയും സാംസ്കാരികതയുടെയും വൈജാത്യങ്ങളെ ‘മതേതരത്വം’ എന്ന ചട്ടക്കൂടിലൂടെ എത്രകണ്ട് സംബോധന ചെയ്യാന്‍ സാധിക്കും എന്നത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടതാണ്.

എന്നാല്‍ ഇത് എങ്ങിനെ സാധ്യമാകുമെന്നോ നിലവിലെ നമ്മുടെ സ്വാംശീകരിക്കപ്പെട്ട മനസിലാക്കലുകളുടെ പരിധിയില്‍ ഇത് എത്രകണ്ട് ഫലവത്താകും എന്നോ ജസ്റ്റിസ്‌ കട്ജുവിന്‍റെ വീക്ഷണത്തില്‍ കൃത്യമായ ഒരു സമീപനമില്ല. ഇതിന്റെ സാധ്യതകള്‍ ബഹുമാന്യനായ ന്യായാധിപന്റെ വീക്ഷണത്തിനും പുറത്താണ് പലപ്പോഴും നിലയുറപ്പിക്കുന്നത്. കാരണം, ഈ വീക്ഷണവും സമകാലിക ഇന്ത്യ എന്ത് എന്നുള്ള അവ്യക്തമായ ചിത്രമാണ് നല്‍കുന്നത്. അല്ലാതെ എന്താണ് ഇന്ത്യ എന്നുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തെ എന്തായിരുന്നു ഇന്ത്യ എന്നുപോലും സ്വാംശീകരിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാക്കുന്നു.

വിരമിച്ച ബഹുമാന്യ ന്യായാധിപന്റെ അവസാനത്തെ വീക്ഷണവും നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു പട്ടകെട്ടിയ സാമൂഹിക മാറ്റമല്ല ഇന്ത്യയില്‍ സാധ്യമാക്കുന്നത്. ഇവിടെയും ഇന്ത്യ എന്ന സമ്പന്നമായ ബഹുസ്വരതയെ കോര്‍ത്തിണക്കാന്‍ ബഹുമാന്യനായ ന്യായാധിപന്‍ തന്റെ കര്‍ക്കശമായ വീക്ഷണത്തിലൂടെ ഈ മാറ്റത്തെ പട്ടകെട്ടിക്കാന്‍ ശ്രമിക്കുകയാണ്. അതായത് ഒരു ഏക ദിശാ ചലനമായിക്കണാന്‍ ശ്രമിക്കുന്നു എന്ന് സാരം.

എന്നാല്‍, ഇത് ഇന്ത്യ എന്തെന്ന ചോദ്യത്തില്‍ തെല്ല് പ്രശ്നങ്ങള്‍ ദ്യോദിപ്പിക്കാതിരിക്കുന്നില്ല. കേരള സംസ്ഥാനത്തെ തന്നെ എടുത്താല്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും നേരെ പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഒരു വ്യാവസായിക സമൂഹത്തിലേക്കല്ല. പകരം, ഒരു സേവനം പ്രദാനം ചെയ്യുന്ന സമൂഹമായിട്ടാണ്. ഇവിടെ കേരളം എന്നത് ഇതേ നാനത്വവും വ്യത്യസ്തതയും മതേതരത്വവും ഒക്കെ ഉള്‍കൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥ തന്നെയാണല്ലോ. അങ്ങനെയാണെങ്കില്‍ ബഹുമാന്യനായ ന്യായാധിപന്‍ മുന്നോട്ടുവച്ച അഞ്ചു വീക്ഷണങ്ങളിലൂടെ ഇന്ത്യയെകാണുന്നത് ചില പ്രശ്നങ്ങളോടുകൂടിയ ഭാഗികമായ ഇന്ത്യയാണെന്ന് മനസിലാക്കാം. അപ്പോഴും ബഹുമാന്യനായ അദ്ദേഹം ഇന്ത്യ എന്താണ് എന്ന ചോദ്യത്തിനുത്തരം അവശേഷിപ്പിക്കുന്നു.

നവംബര്‍ ഇരുപത്തി ഒന്നിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം

http://dillipost.in/2011/11/21/%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C-%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9C%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%92%E0%B4%B0%E0%B5%81/