Saturday, October 29, 2011

പുതുഗുജറാത്ത് എന്ന വലിയ നുണ


ഉമേഷ് ഓമനക്കുട്ടന്‍ & സിദ്ദിക്ക് റാബിയത്ത്

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന വികസന പരിപ്രേക്ഷ്യം എത്രത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ട് എന്ന അന്വേഷണങ്ങള്‍ മോഡിയുടെ ‘സദ്ഭാവന സത്യഗ്രഹ’ പ്രകടത്തോടെ സജീവമായിരുന്നു. ആ ദിശയിലുള്ള അന്വേഷണങ്ങളില്‍, ചില കാര്യങ്ങള്‍ മാത്രം ഉറക്കെപറഞ്ഞ് ഉണ്ടാക്കിയ ഒരു ചീട്ടുകൊട്ടരമാണ് ‘പുതിയ ഗുജറാത്ത്‌’ എന്ന വാദങ്ങള്‍ ഉയരുകയുണ്ടായി. അത്തരത്തിലുള്ള എല്ലാത്തരം വാദഗതികളേയും ബഹളം വച്ചു തോല്‍പ്പിക്കുക എന്ന നയമാണു മോഡി ആരാധകര്‍ സ്വികരിച്ചതു. നിക്ഷ്പക്ഷമതികള്‍ എന്നു സ്വയം വിളിക്കുന്ന ചിലരാകട്ടെ ഈയവസരത്തില്‍ മോഡിയെ പുതിയ വികസന നായകനായും, ഗുജറാത്തിനെ പുത്തന്‍ വികസന സങ്കല്പമായും ഉയര്‍ത്തിക്കാണിക്കാനാണ് ശ്രമിച്ചത്. എന്തിനും മുകളിലായിരിക്കണം വികസനത്തിന്റെ സ്ഥാനം എന്നതായിരുന്നു ഇക്കൂട്ടരുടെ നിലപാട്. നിരപരാധികളെ കൂട്ടക്കൊല ചെയ്തതും, തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ സമുഹത്തില്‍ കൃത്യമായ വര്‍ഗീയ വിഘടനം ഉണ്ടാക്കിയതും മോഡിയുടെ കുഴലുത്തുകാര്‍ പുതു വികസനപരിപ്രേക്ഷ്യ ചര്‍ച്ചകള്‍കൊണ്ടു മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനു മാധ്യമങ്ങളുടേയും സിവില്‍ സമൂഹ അവസരവാദികളുടേയും ഒത്താശ വേണ്ടുവോളം ലഭിക്കുകയുണ്ടായി. എന്നാല്‍ ചില പുതിയ വെളിപെടുത്തലുകളും കണ്ടെത്തലുകളും കോടതി നടപടികളും ‘പുതു ഗുജറാത്ത്’ എന്ന സങ്കല്പത്തിന്റെ മറുപുറത്തെ വെളിവാക്കുന്നു. അതിന്റെ വെളിച്ചത്തില്‍ ഗുജറാത്ത് വികസന രാഷ്ട്രീയ സങ്കല്‍പത്തെ പഠനവിധയമാക്കുകയാണിവിടെ.

ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ പ്രധാന വാദം (നവലിബറല്‍, ഫാഷിസ്റ്റ്‌) സാമ്പത്തികമുന്നേറ്റത്തില്‍ ഗുജറാത്ത് കുതിക്കുകയാണെന്നാണ്. എന്നാല്‍ സ്ഥൂല സാമ്പത്തിക വളര്‍ച്ച മാപനമായെടുത്താല്‍ ഗുജറാത്തിനെ പോലെതന്നെ ‘കുതിക്കുന്ന’ മറ്റു രണ്ടു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും തമിഴ്നാടുമായി തുലനം ചെയ്യുമ്പോള്‍ ഗുജറാത്തിന്റെ വികസനയോട്ടം വെറും കണ്‍കെട്ടി ഇരുട്ടാക്കലാണെന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇത് വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ കൊണ്ടു തന്നെ നമുക്ക് പരിശോധിക്കാം. (പട്ടിക 1 കാണുക).


മുകളിലത്തെ പട്ടികയില്‍ നിന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ഗുജറാത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന, അല്ലെങ്കില്‍ സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന, പദ്ധതികള്‍ മഹാരാഷ്ട്രയേയും തമിഴ്നാടിനെയും അപേക്ഷിച്ചു നന്നേ കുറവാണെന്ന് കാണാം. ഇതിന്റെ ഫലമായി തൊഴിലവസരങ്ങളും, കൂടുതല്‍ വിഭവസമാഹരണ വിതരണ കൈമാറ്റ ചക്രവും ഫലപ്രദമാകുന്നത് ഗുജറാത്തിലാണെന്നു വാദിക്കാന്‍ നിര്‍വാഹമില്ല. കാരണം, കൂടുതല്‍ പദ്ധതികള്‍ വിവിധങ്ങളായ സാമൂഹിക തുറകളില്‍ ഏര്‍പ്പെട്ടുകൊണ്ടല്ല, ഉദ്പാദന വിനിമയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, കുറഞ്ഞ പദ്ധതികളും കൂടുതല്‍ നിക്ഷേപവും ലാക്കാക്കുന്നത് വന്‍കിട സംരംഭങ്ങളെയാണ്. രണ്ടാമത്തെ നിരീക്ഷണം അപ്പോള്‍ ഇങ്ങനെ വായിക്കാം; ഗുജറാത്തില്‍ ഉണ്ടായിരിക്കുന്ന നിക്ഷേപങ്ങള്‍ മറ്റു രണ്ടു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. പദ്ധതികള്‍ കുറവും നിക്ഷേപങ്ങള്‍ കൂടുതലും ഊന്നല്‍ നല്‍കുന്നത് വന്‍കിട സംരംഭങ്ങളെയാണ്. ഇതാണ് ഗുജറാത്തില്‍ സംഭവിക്കുന്നതും. ഈ വസ്തുത വെളിവാക്കുന്നതു കുത്തക മൂലധനത്തിന്റെയും (monopoly capital), കോര്‍പറേറ്റ് മൂലധനത്തിന്റെയും കുത്തൊഴുക്കാണ് ഗുജറാത്തില്‍ ഉണ്ടന്ന് പറയപ്പെടുന്ന വികസനത്തിനു ഹേതുവായി വന്നതു എന്നാണ്. ഇത്തരത്തിലുള്ള കോര്‍പറേറ്റു മൂലധനത്തിന് നിയന്ത്രണങ്ങളില്ലാതെ അഴിഞ്ഞാടാന്‍ പറ്റുന്ന ഒരു പറുദീസയാണ് നരേന്ദ്ര മോഡി ഗുജറത്തില്‍ ഒരുക്കിയതും. ഇത് തന്നെയാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മോഡിയെ താലോലിച്ചു കൊണ്ട് നടക്കുന്നതിനുള്ള കാരണവും.

മൂന്നാമതായി, കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അതുവഴി ഉത്പാദിപ്പിക്കപ്പെടുന്ന വരുമാനം കൂടുമെന്നുമാണ് മുതലാളിത്തവാദികള്‍, പ്രത്യേകിച്ചും ധനമുതലാളിത്തവാദികള്‍, പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതേ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത്‌ സ്വര്‍ഗരാജ്യമാകുന്നെന്ന് മാധ്യമങ്ങളും, മുതലാളിത്ത-വര്‍ഗീയ ശക്തികളും ഒരുപോലെ വാദിക്കുന്നതും. ഇതിന്റ നിജസ്ഥിതി മനസിലാക്കാന്‍ നമുക്ക് നിക്ഷേപത്തിനെ തന്നെ അവലോകനം ചെയ്യാം. (പട്ടിക 2).

ഓരോ പദ്ധതിയിലും 2006-10 സെപ്തംബര്‍ കാലയളവില്‍ നടത്തിയിരിക്കുന്ന ശരാശരി നിക്ഷേപം ഗുജറാത്തില്‍ 283.04 കോടി രൂപയാണെങ്കില്‍ അത് മഹാരാഷ്ട്രയിലും തമിഴ്നാടിലും യഥാക്രമം 133.98 കോടി, 123.57 കോടി എന്നിങ്ങനെയാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ കുറഞ്ഞ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നത് ഗുജറാത്തില്‍ വന്‍കിട വ്യവസായങ്ങള്‍ തഴച്ചുവളരുന്നു എന്നതിന് ഉദാഹരണമാണ്. എന്നാല്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് രാജ്യത്തിന്റെ (ഇവിടെ ഗുജറാത്തിന്റെ) സമഗ്ര വികസനത്തില്‍ എങ്ങനെ പങ്കുകാരാകാന്‍ കഴിയും എന്നതാണ് ചോദ്യം. കാരണം ഇവിടെ മൂലധനം സ്വരൂപിക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടുന്നതും കൊണ്ടുള്ള ഗുണം സമൂഹത്തിലെ തുലോം തുച്ഛമായ ഒരു വിഭാഗത്തിനാണ് ലഭിക്കുന്നതു. അതിനാല്‍ ഗുജറാത്ത് സമഗ്ര വികസനത്തിന്റെ പാതയിലാണ് എന്നൊക്കെ പാടുന്നത് വെറും കോര്‍പറേറ്റ്‌ മുതലാളിത്തത്തിന്റെ അധര സേവനം മാത്രമാണ്. പ്രത്യക്ഷത്തില്‍ ഇത് നല്ലതാണെന്നു വാദിക്കുന്ന നവലിബറലുകള്‍ പോലും ഇത് നിര്‍മിക്കുന്ന, അല്ലെകില്‍ വിഭാവനം ചെയ്യുന്ന തോഴിലവസരങ്ങളുടെയും, നിലവിലെ കുതിപ്പിന്റെ സുസ്ഥിരതയെയും കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഇതു വിശകലനം ചെയ്യുന്നതിനായി നമുക്ക് ഓരോ പദ്ധതിയും ഈ സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കാം. (പട്ടിക 3)


മുകളിലത്തെ പട്ടികയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഗുജറാത്ത് നടപ്പാക്കിയ പദ്ധതികളുടെ ശരാശരി തൊഴിലവസര (മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ) സൃഷ്ടി തമിഴ്‌ നാടിനേക്കാള്‍ വളരെ കുറവും, എന്നാല്‍ മഹാരാഷ്ട്രയെക്കാള്‍ അല്പം മുകളിലുമാണ് എന്നാണ്. ഇത് സ്ഥാപിക്കുന്നത് വന്‍കിട നിക്ഷേപങ്ങള്‍ ഗുജറാത്തില്‍ ഉണ്ടായിട്ടുപോലും അവ സൃഷ്ടിക്കുന്ന തൊഴില്‍ മൂല്യം ആനുപാതികമല്ല എന്നു മാത്രമല്ല, തമിഴ്‌നാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണു താനും. തമിഴ്‌നാട് സൂചിപ്പിക്കുന്നതാകട്ടെ ചെറുകിട പദ്ധതികള്‍ക്ക് വന്‍കിട പദ്ധതികളേക്കാള്‍ കൂടുതല്‍ തൊഴില്‍ മൂല്യം സൃഷ്ടിക്കാനാകും എന്നാണുതാനും. ഇതിനെ കുറച്ചുകൂടി വ്യക്തമാക്കുന്നതിന് നിക്ഷേപ തൊഴില്‍ മൂല്യ കണക്ക് പരിശോധിച്ചാല്‍ മതിയാകും. (പട്ടിക 4)

മുകളിലത്തെ പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ള തൊഴില്‍ നിക്ഷേപ കണക്ക് സൂചിപ്പിക്കുന്നത് ഗുജറാത്തില്‍ ഉണ്ടാക്കിയിരിക്കുന്ന തൊഴില്‍ മൂല്യത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി തമിഴ്നാടിനെക്കാളും മഹാരാഷ്ട്രയെക്കാളും വളരെ പിന്നിലാണ് ഗുജറാത്ത് എന്നാണ്. അതായത്, വന്‍കിട വ്യവസായത്തിന് പിന്നാലെ പായുമ്പോള്‍ അത് മൊത്തം ഉണ്ടാക്കുന്ന തൊഴില്‍ മൂല്യം ചെറുകിട വികസനപാത പിന്തുടരുമ്പോഴുണ്ടാകുന്നതിനേക്കാള്‍ എത്രയോ പിന്നിലാണെന്നാണ് ഇതു കാണിക്കുന്നത്. മാത്രമല്ല, കോര്‍പറേറ്റ് തത്പരകക്ഷികള്‍ കൊണ്ടാടുന്ന, കുത്തക മൂലധനത്താല്‍ നിയന്ത്രിതമായ വികസന പാത ചെറുകിട പദ്ധതികളേക്കാള്‍ മെച്ചമല്ലെന്നു കൂടി ഈ ഉദാഹരണം കാണിച്ചു തരുന്നുണ്ട്. വന്‍കിട വ്യവസായം മാത്രമേ രാജ്യത്തെ രക്ഷിക്കു എന്നമട്ടിലുള്ള ‘മോഡി രാജിനെയും’ അത് പ്രചരിപ്പിക്കുന്ന വികസന പരിപ്രേഷ്യത്തിനേയും ഇത് തള്ളിക്കളയുന്നു.

കൂടുതല്‍ ധനികരെ സൃഷ്ടിക്കുന്ന, പാവങ്ങളെ കൂടുതല്‍ പാവങ്ങളാക്കി മാറ്റുന്ന നവലിബറല്‍ വികസന സങ്കല്പങ്ങള്‍ക്കപ്പുറത്ത് ഒന്നുമല്ല ‘പുതുഗുജറാത്ത്’ എന്നാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബൂര്‍ഷ്വാ മാധ്യമ മസില്‍ ബലത്തിന്റെ കീഴില്‍ പ്രചരിപ്പിക്കുന്ന ഒരു നുണയാണ് ‘പുതുഗുജറാത്ത്’. ഇന്ത്യയിലേ എതു സംസ്ഥാനത്തേക്കാളും സമഗ്രവികസനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നു പറയാന്‍ എന്താണ് ഗുജറാത്തില്‍ ഉള്ളതു? നേരേമറിച്ചു, പല കാര്യങ്ങളിലും ദാരിദ്ര്യത്തിന്റെ പ്രതിരൂപം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശിനേക്കാളും പിന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം.

ആളോഹരിമൊത്ത സംസ്ഥാന ഉത്പാദനത്തിന്റെ (Percapita Net State Domestic Product-PCNSDP) അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥനങ്ങളുടെ പട്ടികയില്‍ കേരളത്തിനു പുറകിലായി അഞ്ചാമതായാണു ഗുജറാത്തു സ്ഥാനം പിടിച്ചിട്ടുള്ളതു. 45,773 രൂപയാണു ഗുജറാത്തിന്റെ PCNSDP. ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങള്‍ക്കു ഇതില്‍ കൂടുതല്‍ PCNSDP ഉണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നി സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാള്‍ അധികം പിന്നിലല്ല. എന്നാല്‍ ഗുജറാത്തിലെ പാവപ്പെട്ടവര്‍ ഇത്തരത്തില്‍ ഉണ്ടായ ഒരു വികസനത്തിന്റെയും പങ്കു അനുഭവിക്കന്നവരല്ല എന്നു ഉയര്‍ന്ന ദാരിദ്ര്യ നിരക്കു സാക്ഷ്യയപ്പെടുത്തുന്നു. ഒറീസ്സ, ബിഹാര്‍, ജാര്‍ഖണ്ട്, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ക്കൊപ്പം ദാരിദ്ര്യ നിരക്കില്‍ എറ്റവും പിന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം. ഉത്തര്‍പ്രദേശില്‍ പോലും ഇതിലും കാര്യങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. ഹ്യൂമണ്‍ ഡെവലപ്മെന്റ് ഇന്‍‌സക്സില്‍ 1990കളുടെ പകുതി മുതല്‍ 2000 പകുതി വരെയുള്ള കാലയളവില്‍ ഗുജറാത്തു പുറകിലേക്കു പോയതും ‘പുതുഗുജറാത്ത്’ വികസന പരിപാടി നടപ്പാക്കിയ കലത്തുതന്നെയാണ് സംഭവിച്ചത് എന്നതും ഈ അവസരത്തില്‍ പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണ്. പാവപ്പെട്ടവര്‍ക്കു മെച്ചപ്പെട്ട ഭക്ഷണവും മറ്റു ജിവിത സൌകര്യങ്ങളും നല്‍കുന്നതിനേക്കാള്‍ കുത്തകമുതലാളിത്തത്തിനു കൂടുതല്‍ ലാഭം ഉണ്ടാക്കി അതുവഴി മാധ്യമ പ്രശംസ പിടിച്ചു പറ്റാനായിരുന്നു ഗുജറാത്തു സര്‍ക്കാരിനു താത്പര്യം. രാജസ്ഥാനും, ഉത്തര്‍പ്രദേശും പാവപ്പെട്ടവര്‍ക്കു ഈ കാലയളവില്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന ഒരു സാഹചര്യയത്തില്‍ ലോക ബാങ്കിന്റെ പ്രശംസകിട്ടിയ ഗുജറാത്തു ഭരണരീതി പക്ഷേ 5,447 കര്‍ഷകരെ ആത്മഹത്യയിലേക്കു എത്തിച്ചു. ഇതേ കാലയളവില്‍ തന്നെ പാവപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്ള മതപരമായ വിഭജനം എടുത്താല്‍ മുസ്ലിം ജനവിഭാഗത്തിന്റെ ഇടയില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു ദാരിദ്ര്യം കൂടിവരുന്നതായി കാണാന്‍ കഴിയും

2002ലെ വംശഹത്യക്കു ശേഷമാണ് ഈ പറയപ്പെടുന്ന പുതു ഗുജറാത്തിന്റെ നിര്‍മിതി നടക്കുന്നത്. കലാപത്തില്‍ അഹമ്മദാബാദിലെ മുസ്ലിം സമുദായത്തിന്റെ സ്വത്തുവകകള്‍ ആക്രമിക്കപ്പെടുയും കൊള്ളയടിക്കപ്പെടുകയും ചെയ്ത കാര്യം പലരും പറയുകയും റിപോര്‍ട്ടു ചെയ്യപ്പെടുകയും ചെയ്ത കാര്യമാണ്. കൊള്ളയടിക്കപ്പെട്ടതിന്റെ വ്യാപ്തി, പലപ്പോഴും വ്യവസായ-വ്യവസായേതര മേഖലകളില്‍, ഈ പ്രദേശത്തു മുസ്ലിം സമുദായത്തിനുണ്ടായ ഉന്നതിയാണ് കലാപത്തിനു പ്രധാന ഹേതു എന്ന വാദഗതി പോലും ഉയരാന്‍ കാരണമായിരുന്നു. കൊള്ളയടിക്കാനും നശിപ്പിക്കാനും ഹിന്ദു തീവ്രവാദികളും കലാപകാരികളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന കാര്യവും, പല അക്രമസംഭവങ്ങളും മുന്‍കൂട്ടി രൂപകല്‍പന ചെയ്ത പദ്ധതി പ്രകാരമാണ് നടന്നത് എന്നും പല അക്കദമിക്-അക്കദമിക്കേതര പഠനങ്ങളില്‍ കൂടി പുറത്തു വന്നിരുന്നു. ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഴുതിയ ‘ഗുജറാത്ത്‌ -ഒരു ദുരന്തത്തിന്റെ നിര്മതി’ എന്ന പുസ്തകം ഇത്തരത്തിലുള്ള വസ്തുതകളുടെ ഒരു സംഗ്രഹമാണ്. പുരുഷന്മാരെ കൊല്ലുക, സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം (rape, child molestation, physical attack, etc.) നടത്തുക (ഇത് പലപ്പോഴും അവരുടെ മരണത്തില്‍ കലാശിച്ചിരുന്നു), സ്വത്തു വഹകള്‍ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നിവയായിരുന്നു കലാപത്തില്‍ ഉപയോഗിക്കപ്പെട്ട അക്രമരീതികള്‍ (methods of violence).

കലാപശേഷം, ആദ്യത്തെ മാര്‍ഗം ഉപേക്ഷിച്ചു പിന്നീടുള്ള രണ്ടു അക്രമ രീതികളും ‘പുതുഗുജറാത്ത്‌’ മാതൃകയുടെ കീഴില്‍ ഹിന്ദു തീവ്രവാദികള്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നുവെന്ന് ദേശീയ കുറ്റകൃത്യ കണക്കെടുക്കല്‍ കാര്യാലയത്തിന്റെ (National Crime Record Bureau) കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. ഗുജറാത്തിന്റെ ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലിങ്ങളില്‍ 35 ശതമാനം കുടുംബങ്ങളും തങ്ങളുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചതിനോ, സ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനോ 2002നു ശേഷം പൊലീസ്‌ കേസുകള്‍ നല്‍കിയവരാണ്. ചെറിയ അക്രമങ്ങളും കയ്യേറ്റങ്ങളും പലപ്പോഴും പൊലീസില്‍ അറിയിക്കുകയോ അറിയിച്ചാല്‍ അത് രേഖപ്പെടുത്തുകയോ ചെയ്യാറില്ല എന്ന ഇന്ത്യന്‍ സാഹചര്യം കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുമാണ്. ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന കേസുകളുടെ ശരാശരി ഗുജറാത്തില്‍ 5 ശതമാനത്തിനടുത്തും ദേശീയ ശരാശരി അതിലും താഴെയുമാണ് എന്ന വസ്തുതകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് മതാധിഷ്ഠിത അതിക്രമങ്ങളാണ് ദേശീയ പിന്നോക്ക സമുദായമായ മുസ്ലീങ്ങള്‍ ഗുജറാത്തില്‍ നേരിടുന്നതെന്ന് മനസിലാക്കാന്‍ കഴിയുക. സ്ത്രീകള്‍ക്കു നേരെ അതിക്രമം കാട്ടി, അവരെ അപമാനിച്ച് ഒരുവിഭാഗം ജനങ്ങളെ മുഴുവന്‍ കളിയാക്കുകയും അവരുടെ അഭിമാനത്തെ തന്നെ മുറിവേല്‍പ്പിക്കുകയും ചെയ്യുക എന്ന പ്രാകൃതരീതിയാണ് ഹിന്ദു തീവ്രവാദികള്‍ ഗുജറാത്തില്‍ പയറ്റുന്നതും, അവരുടെ നേതാവായ നരേന്ദ്രമോഡി ‘പുതുഗുജറാത്ത്’ എന്ന് പറഞ്ഞു ‘സത്യാഗ്രഹം’ നടത്തി ആഘോഷിക്കുന്നതും.

2002ലെ വംശഹത്യക്കു ശേഷമാണ് ‘പുതു ഗുജറാത്തിന്റെ’ നിര്‍മിതി നടക്കുന്നത് എന്നു മുന്‍പു സൂചിപ്പിച്ചല്ലോ. അക്രമത്തിനിടയില്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ട കേസില്‍ (C. R. No.67 of 2002) മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുകള്‍ ഉണ്ട് എന്നു സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി രാജു രാമചന്ദ്രന്‍ എസ്ഐടി (Special Investigation Team) സുപ്രീം കോടതിക്കു നല്‍കിയ റിപോര്‍ട്ടിനു മേലുള്ള ഉള്ള തന്റെ അഭിപ്രായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു അഹമദാബാദിലുള്ള ഒരു അഭിഭാഷക ഒരു ദേശീയ പത്രപ്രതിനിധിയോട് പറഞ്ഞിരുന്നു. അതു പിന്നീട് ദേശീയ പത്രങ്ങളില്‍ വന്‍വാര്‍ത്തയുമായി. പ്രസ്തുത അഭിഭാഷകയുടെ അഭിപ്രായത്തില്‍, സെക്‌ഷന്‍ 153 (CrPC) മോഡിയുടെ മുകളില്‍ ചുമത്താന്‍ അമിക്യസ് ക്യൂറിയുടെ റിപോര്‍ട്ട് കാരണമാകുകയും അതു കലാപവുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ മോഡിയെ പ്രതിയാക്കാനുള്ള വാദഗതികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. സഞ്ജീവ് ഭട്ടിനേ (ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലീം വിരുദ്ധ വികാരം വളര്‍ത്താന്‍ മോഡി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മൊഴി നല്‍കിയിരുന്നു) പോലെ അനേകം ആള്‍ക്കാര്‍ മോഡിക്കെതിരെ സംസാരിക്കാന്‍ തതവസരത്തില്‍ മുന്നോട്ടു വരും എന്നും അവര്‍ പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി പദവി മുന്നില്‍ കണ്ടു ഗുജറാത്ത് മാതൃക ഉയര്‍ത്തി കാട്ടി നടത്തിയ ‘സദ്ഭാവനാ സത്യഗ്രഹം’ ഒരു ആഘോഷം പോലെ കൊണ്ടാടിയ നമ്മുടെ മാധ്യമങ്ങള്‍ക്കു ഇനി ആ മോഡലിന്റെ നായകന്‍ കൊലക്കുറ്റം ഉള്‍പ്പടെ പലതിനും കോടതിയില്‍ ഉത്തരം പറയുമ്പോള്‍ അതും ഈ മാതൃകയുടെ മറ്റൊരു വശമായി തന്നെ ജനങ്ങളിടെ മുമ്പില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായി മാറും. അനേകമായിരം ജനങ്ങളുടെ മരണത്തിനും ‘പുതുഗുജറാത്ത്‌’ എന്നു പറഞ്ഞു എണ്ണമില്ലാത്ത പതിനായിരങ്ങളെ പിഡിപ്പിച്ചതിനും സമൂഹത്തോടു മറുപടി പറയാന്‍ മോഡി പ്രതികൂട്ടില്‍ കയറി നില്‍ക്കുന്ന ഒരു നാള്‍ വരും എന്ന് തന്നെ നമുക്കും പ്രതീക്ഷിക്കാം. ഗുജറത്തു മാതൃക എന്നു പറഞ്ഞു പലതും അവതരിപ്പിക്കാന്‍ നോക്കിയ കേരളത്തിലേ വികസന ചിന്തകര്‍ക്കും, രാഷ്ടിയ പ്രവര്‍ത്തകര്‍ക്കും ഇതു ഒരു പുനര്‍വിചിന്തനത്തിനു പറ്റിയ സമയമാണു.

കുത്തക മുതലാളിമാര്‍ക്കു തോന്നിയപോലെ വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങാ‍നും തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്യാനും പാവപ്പെട്ടവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനും വേണ്ടി ഉണ്ടാക്കിയ ഭരണരീതിയാണ് ‘പുതുഗുജറാത്ത്‌’ മാതൃക. മിനുമിനുത്ത വീതിയുള്ള റോഡുകള്‍, തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത പണിശാലകള്‍, മാനം മുട്ടുന്ന റസിഡന്‍ഷ്യല്‍, ഷോപ്പിം കെട്ടിടങ്ങള്‍… ഇതൊക്കയാണ് ഗുജറാത്തു മാതൃകയുടെ കൊത്തളങ്ങള്‍ എന്നു പറഞ്ഞാണ് മലയാളികള്‍ പോലും ചര്‍ച്ച ചെയ്യാറ്. ഇതു എവിടെ നിന്നു വന്നു, ആരുണ്ടാക്കി, ആരെല്ലാം ആണു ഇതിന്റെ യഥാര്‍ത ഗുണഭോക്താകള്‍, ആരെല്ലാമാണ് ഇതിനു വിലകൊടുക്കേണ്ടി വന്നതു എന്നിവ പരിശോധിച്ചാല്‍ ‘പുതുഗുജറാത്ത്‌’ എന്നതു യഥാര്‍ത്ഥത്തില്‍ എന്താണ് എന്നു മനസ്സിലാകും. സമരം മുതല്‍, ഭരണകൂടനയം വരെയുള്ള കാര്യങ്ങളില്‍ ഗുജറാത്തിലേക്കു നോക്കു എന്നു പറയുന്നവരാണ് കേരളത്തിനു പുറത്തു താമസിക്കുന്ന ‘വികസനദാഹികളായ’ പല മലയാളികളും (ഗള്‍ഫു മലയാളികള്‍ എതേങ്കിലും ഗള്‍ഫു രാജ്യയത്തിന്റെ പേരു പറഞ്ഞാവും വികസനമില്ലായിമയില്‍ പരിതപിക്കുന്നതു—ചില ഗള്‍ഫു രാജ്യങ്ങളില്‍ കടുത്ത രാഷ്ട്രിയ സമരങ്ങള്‍ നടക്കുന്നതിനാലും ചില രാജ്യയങ്ങള്‍ സമരങ്ങളെ അടിച്ചമര്‍ത്തിയ രീതി വിമര്‍ശനത്തിനിടയായതിനാലും ഇനി കുറച്ചു നാളത്തേക്കു ‘ഗള്‍ഫു മാതൃക’ക്കു വേണ്ടിയുള്ള ആഗ്രഹത്തിനു അല്പം ശമനമുണ്ടാകാന്‍ ഇടയുണ്ട്). ‘പുതുഗുജറാത്ത്‌’ എന്ന ‘വര്‍ഗിയവത്കൃത, കുത്തക മുതലാളിത്ത സൌഹാര്‍ദ്ദ ഗുജറാത്തു’ മാതൃക എന്താണ് എന്നു അറിയാനും വികസനത്തിനു രാഷ്ട്രിയമുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്താനുമുള്ള ഒരു അവസരം കൂടിയാണ് ഗുജറാത്തിലേ മാറിയ സാഹചര്യം നല്‍കുന്നത്.

—ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.

ഒക്ടോബര്‍ ഇരുപത്തിയെട്ടിനു ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം

http://dillipost.in/2011/10/28/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%97%E0%B5%81%E0%B4%9C%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF/

Thursday, October 27, 2011

മുതലാളിത്തവും നോബല്‍ സമ്മാനവും

നോബല്‍ സമ്മാനത്തിന്റെ ചരിത്രവും രാഷ്ട്രീയവും പിന്തുടരുന്ന ആര്‍ക്കും 2011ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന പ്രഖ്യാപനത്തില്‍ ഒരസ്വഭാവികതയും തോന്നിയിട്ടുണ്ടാവില്ല. മുതലാളിത്തത്തിന്റെ സ്തുതിപാഠകര്‍ക്ക് ലോകവ്യാപകമായി തിരിച്ചടി നേരിടുന്ന കാലമാണെങ്കിലും, ‘റാഷനല്‍ എക്സ്പെക്ടേഷന്‍’ സിദ്ധാന്തം ഇന്നു പൊതുവില്‍ തിരസ്കരിക്കപ്പെട്ടെങ്കിലും, ഇതിനെ പാടിപ്പുകഴ്ത്തിയ രണ്ടു മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് (തോമസ് ജെ. സര്‍ജന്റ്, ക്രിസ്റ്റഫര്‍ എ. സിംസ്) ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതോടെ റാഷണല്‍ എക്സ്പെക്ടേഷന്‍ സിദ്ധാന്തമവതരിപ്പിച്ച മിക്കവാറും എല്ലാ പ്രധാനികള്‍ക്കും ഈ ബഹുമതി ലഭിച്ചുകഴിഞ്ഞു. ഇതിനു പുറമേ, മറ്റൊരു തൂവല്‍ചാര്‍ത്തു കൂടി ഈ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുണ്ട്. കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ ശക്തനായ വിമര്‍ശകനായി കൂടിയാണ് സാര്‍ജന്റ് അറിയപ്പെടുന്നത്. കെയ്നീഷ്യന്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രം പഴഞ്ചന്‍ തത്വമാണെന്നും അതിനു മറുമരുന്നു നിയോക്ലാസിക്കല്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രമാണെന്നും 1978ല്‍ തോമസ് സാര്‍ജന്റ് റോബര്‍ട്ട് ലൂക്കാസുമായി ചേര്‍ന്ന് അവതരിപ്പിച്ച ‘Neoclassical Counter Revolution’ല്‍ സമര്‍ത്ഥിക്കുന്നു. എന്താണ് ഇവരുടെ പ്രധാന വാദങ്ങള്‍ എന്നു മനസിലാക്കുന്നതിനു മുന്നോടിയായി... തുടര്‍ന്ന് ഈ ലിങ്കില്‍ വായിക്കുക  (http://dillipost.in/2011/10/25/%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d/

Thursday, October 6, 2011

കമ്പോളത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങള്‍

സ്വതന്ത്ര കമ്പോള തത്വം മുന്നോട്ടുവക്കുന്നത് എല്ലാ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്! എന്നാല്‍ ഇത് ആന്തരികമായി തന്നെ പ്രശ്നമുള്ള സാമൂഹിക വ്യവസ്ഥയാണ് എന്ന് ഈ ചെറു കുറിപ്പില്‍ നിന്നു തന്നെ മനസിലാക്കാം. ഇത്തരം സാഹചര്യത്തിലാണ് റെഗുലേറ്ററി സംവിധാനമായ മൂന്നാം കക്ഷിയുടെ ഇടപെടലുകളുടെ ആവശ്യകത സാധൂകരിക്കപ്പെടുന്നതും, സ്വതന്ത്ര കമ്പോളം എന്ന ആശയം തികച്ചും സ്വതന്ത്രമല്ല എന്നുമുള്ള വാദം ബലപ്പെടുന്നതും. ഈ സാഹചര്യത്തില്‍ നാം മനസിലാക്കേണ്ടത് സമത്വാധിഷ്ഠിതമെന്നു നമ്മെ വിശ്വസിപ്പിക്കുന്ന (സിദ്ധാന്തത്തിന്റെ തത്വത്തിലെങ്കിലും) ഒരു വാദം ആത്യന്തികമായി മുന്നോട്ടുവയ്ക്കുന്ന അസമത്വത്തിന്റെ ബോധമാണ്. അതിനാല്‍ വിപണി കമ്പോളത്തിന്റെ രീതിശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത് വിവരങ്ങളുടെ അസന്തുലിതാവസ്ഥയെ ഉപയോഗപ്പെടുത്തിയുള്ള ലാഭാമുണ്ടാക്കലാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ധനമുതലാളിത്തം നമുക്കു മുന്നില്‍ നിവര്‍ത്തിവയ്ക്കുന്ന പ്രത്യയശാസ്ത്രം സാമൂഹിക അനീതിയുടേതാണെന്നും നമുക്ക് ഉറപ്പിച്ചു പറയേണ്ടിവരും. ഇതിനെ നിരീക്ഷിക്കുന്നതിനായി വിപണികമ്പോളങ്ങള്‍ വിതയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശാസ്ത്രീയമായ അവലോകനങ്ങള്‍ നടത്തുന്നത് ഗുണകരമായിരിക്കും. വായിക്കൂ

Tuesday, October 4, 2011

പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം

1930കളിലുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം ലോകം കണ്ട ഏറ്റവും രൂക്ഷമായ പ്രതിസന്ധിയായിരുന്നു 2008ലുണ്ടായ മഹാമാന്ദ്യം (great recession). ഇതിനു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് വായ്പാ ഞെരുക്കം (credit crunch) എന്ന സാമ്പത്തിക കീറാമുട്ടിയാണ്. ഇന്ന് 2011ല്‍, ഒരിക്കല്‍ കൂടി മാന്ദ്യത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, ലോകം ഒരുപക്ഷേ ഉത്കണ്ഠപ്പെടുന്നത് കടപ്രതിസന്ധി (debt crisis) എന്ന വെല്ലുവിളിയെ കുറിച്ചാണ്. ഇതിനെക്കുറിച്ച് ഞാന്‍ ദില്ലിപോസ്റ്റില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കുക.

ഒരു മറുപടിക്കവിത

"മഴയുടെ നെടുവീര്‍പ്പുകളെ പകുത്തെടുക്കാന്‍ തുടങ്ങിയപ്പോളൊക്കെ

വെയിലിന്റെ മൌനമാണ് കടന്നു വന്നത്

വരണ്ട ഭൂമിയുടെ മനസ്സളക്കാന്‍ തുടങ്ങിയപ്പോളൊക്കെ

ആകാശത്തിന്റെ ഇടര്ച്ചയാണ് മനസ്സിലെതിയത്


സ്നേഹം വേണമെന്ന പരാതിയില്ല ......സ്നേഹിക്കേണ്ട
സേഹം ഏതോ വിദൂര ജന്മത്തിലെ ഒരു അപരിചിത ശബ്ദം മാത്രമായിരിക്കുന്നു


പക്ഷെ
നീ സ്നേഹിചിരുന്ന്നുവെന്നു കള്ളം പറഞ്ഞപ്പോളൊക്കെ

ഞാന്‍ സ്നേഹിചിരുന്നില്ലെന്നാണ് കള്ളം പറഞ്ഞത് .....................
http://perfectmelancholyy.blogspot.com/2011/09/blog-post.html?showComment=1315978559925#ക൧൩൫൫൨൬൨൯൪൭൩൫൦൯൨൦൧൫൩


കവിതക്കുള്ള മറുപടിയായ്‌


നിന്റെ പ്രണയം മഴയായ്‌ പെയ്തൊഴിയുമ്പോള്‍
എന്തേ എന്റെ വെയിലിനോടിത്ര പുച്ഛം?
ഞാന്‍ വെയ്ലായ്‌ മൌനമായ്‌ കടന്നുവന്നില്ലെങ്കില്‍
നീ എങ്ങിനെ വീണ്ടും മഴയായ്‌ ഒഴിയും ?
വരണ്ട ഭൂമിയുടെ തളര്ച്ചയകറ്റാന്‍ കണ്ണീരൊഴുക്കുമ്പോള്‍
വരള്‍ച്ചയാണ് നിന്നെ എനിക്കുനല്‍കുന്നത്;
ആകാശത്തിന്റെ വിശാലതയോ അതിന്റെ ഇടര്ച്ചയോ
എന്നും പെയ്തൊഴിയാനും തിരിച്ചുവരാനും!
മഴയായ്‌ സ്നേഹമായ്‌ കണക്കോതുമ്പോള്‍ എന്തേ നീ
വിജനമായ വരണ്ട ആകാശത്തെ മറന്നത് ?
നീ പെയ്തിറങ്ങുമ്പോള്‍ അതെന്റെ കണ്ണീരാകുമ്പോള്‍
എന്റെ വരള്‍ച്ച ഞാന്‍ മറന്നുപോകുന്നു !
കുളിരായ് നനുത്ത നനവായ്‌ എന്നിലാഴ്നിറങ്ങുമ്പോള്‍
നിന്‍റെഭൂമിയില്‍ പൂക്കളായ്ഞാന്‍ വിടരുന്നു ...
പറയൂ എവിടെയാണ് നീ എന്നിലെ കള്ളം കണ്ടത് ?
ഞാന്‍ കള്ളമാണെങ്കില്‍ പറയൂ... നീ...