Thursday, December 5, 2013

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണോ?

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണോ?

 സിദ്ദിക്ക് റാബിയത്ത്

ഫെബ്രുവരി അവസാന ആഴ്ചയിൽ സാമ്പത്തിക സർവ്വേയും ദേശീയ ബജറ്റും മുന്നോട്ടുവച്ചത് സാമ്പത്തിക വളർച്ചയുടെ പുതിയ താഴ്ചയാണ്. കഴിഞ്ഞ ചില വർഷങ്ങളായി പ്രതീക്ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക വളർച്ച രാജ്യത്തിന് കൈവരിക്കാന്‍ സാധിക്കുന്നില്ല എന്നതിന്റെ പുതിയ തെളിവു കൂടിയാണ് സാമ്പത്തിക സർവ്വേ സൂചിപ്പിക്കുന്നതും ധന മന്ത്രിയുടെ ബജറ്റ് വ്യാകുലപ്പെടുന്നതും. ‘ഇടിവെട്ട് ഏറ്റവന്റെ തലയിൽ പാമ്പ് കടിച്ചു’ എന്നമാതിരി പണപ്പെരുപ്പം ഒരു വൻ വെല്ലുവിളിയായി ഈ കാലയളവുകളിൽ തുടരുന്നതും ഇന്ത്യൻ സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുന്നതായാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത് (Shetty 2013; Mazumdar 2012).
ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക വളർച്ചയിലുണ്ടായ മന്ദഗതിക്ക് ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയും ഇപ്പോഴത്തെ ധനമന്ത്രി ചിദംബരവും വ്യത്യസ്തങ്ങളായ കാരണങ്ങൾ നിരത്തുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ ബജറ്റുകളിൽ പ്രത്യേകിച്ചും 2012-13 ബജറ്റിൽ പ്രണബ് മുഖർജി  സൂചിപ്പിച്ചത് എണ്ണവിലയിലും, സബ്‌സിഡിയിലും ഉണ്ടായ വർദ്ധനവാണ് വ്യവസായ അധോഗതിക്ക് കാരണമെങ്കിൽ, ഈ നിരീക്ഷണത്തിനു വിരുദ്ധമായി 2013-14 ബജറ്റിൽ ധനമന്ത്രി ചിദംബരം പഴി ചാരുന്നത് റിസർവ് ബാങ്കിന്റെ പണ നയത്തെയാണ്. സത്യത്തിൽ വ്യവസായ മേഖലക്കും മറ്റു മേഖലകൾക്കും  തിരിച്ചടി നേരിടുന്നത് അല്ലെങ്കിൽ ലോകത്താകമാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്നു എന്ന് വിശദീകരിക്കേണ്ടത് ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്. സാമ്പത്തിക വളർച്ചയിലെ ഏതൊക്കെ മേഖലകളാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത് എന്ന അന്വേഷണം ആവശ്യമായി വരുന്നതും ഈ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ തന്നെയാണ് കേരളത്തിലെ സാമ്പത്തിക വളർച്ച  ഒൻപത് ശതമാനത്തിനും മുകളിലാണ് എന്ന വസ്തുത ഉയർത്തിക്കാട്ടി കേരളത്തിലെ സാമ്പത്തിക അവലോകനം മുന്നോട്ടുവച്ച്‌കൊണ്ട് ധനമന്ത്രി കെ എം മാണി തന്‍റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര കേരള സാഹചര്യങ്ങളെ വർദ്ധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ആദ്യമായി രണ്ടാം യുപിഎ ബജറ്റുകളിലെ ചില കണക്കുകളിൽ നിന്ന് തുടങ്ങാം.
രണ്ടാം യു പി എ: ബജറ്റുകളിലെ ചില പ്രാഥമിക കണക്കുകൾ
2011 12 ലെ സർക്കാർ ബജറ്റ് കണക്കുകളനുസരിച്ച് 2010-11 സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 8.4 ശതമാനത്തിൽ നിന്നും കഴിഞ്ഞതിന് മുൻ വർഷം (2011-12) 6.9 ശതമാനമായി കുറഞ്ഞു. ഇത് 2012-13 ലെ സാമ്പത്തിക സർവ്വേ അനുസരിച്ച് 6.2 ശതമാനം മാത്രമാണ്. 2012-13 ലെ ധനമന്ത്രി ബജറ്റിൽ കാണിച്ചത് വരുന്ന വർഷം ഇത് 7.6 ശതമാനത്തിലേക്കുയരും എന്നായിരുന്നു. എന്നാൽ 2013-14 ബജറ്റിൽ ധനമന്ത്രി ഇത് തിരുത്തി. സാമ്പത്തിക സർവ്വേ പ്രകാരം 2012-13 ലെ വളർച്ച 5 ശതമാനമായി ചുരുങ്ങുകയാണു കാണാനുണ്ടായത്. അതുപോലെ, ആഗോള സാമ്പത്തിക രംഗം മെച്ചപ്പെട്ടിരുന്നെങ്കിൽ ഇന്ത്യയുടെ വളർച്ച നിരക്ക് കുത്തനെ ഉയർന്നേനെ എന്നാണ് 2012-13 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി മുഖർജിയുടെ വാദം. ഇതിലെ സാഹസികത 2011 ലെ ബജറ്റവതരണ വേളയിൽ ധനമന്ത്രി ലക്ഷ്യം വച്ച വളർച്ച നിരക്ക് 9 ശതമാനമായിരുന്നു എന്നതും എന്നാൽ ആ വളർച്ച നിരക്കാണ് 2011-12 ൽ 6.2 ശതമാനത്തിലെത്തിയത് എന്നോർക്കണം. തുടർന്നുള്ള ബജറ്റിൽ (2012-13) പ്രത്യേകിച്ചും ആഗോള മുതലാളിത്ത പ്രതിസന്ധി ഗുരുതരമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖർജി മുന്നോട്ടുവച്ച 7.6 ശതമാനം വളർച്ചാലക്ഷ്യം പ്രഹസനമാണെന്ന വാദം (Rabiyath 2012) ശരിവയ്ക്കുന്നതാണ് 2013-14 ലെ ബജറ്റും 2012-13ലെ സാമ്പത്തിക സർവ്വേയും.
ഈ വർഷത്തെ ബജറ്റ് രണ്ടാം യു പി എ യുടെ അവസാന ബജറ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാർ നയപ്രഖ്യാപനം കൂടിയാണ്. എന്നാൽ ഇതുലുമുപരി പ്രത്യക്ഷമായും പരോക്ഷമായും രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പിനെ എങ്ങിനെ നേരിടുന്നുവെന്നതിന്റെ സമീപനം കൂടിയായിവേണം ഈ ബജറ്റിനെ മനസ്സിലാക്കാൻ. ഈ അന്വേഷണത്തിന്റെ ഭാഗമായി ആദ്യം നമുക്ക് ദേശീയ വരുമാനത്തിന്റെ വളർച്ചയും അതിലേക്കായുള്ള വിവിധ മേഖലകളുടെ പങ്കും പരിശോധിക്കാം.
ദേശീയ വരുമാനവും വിവിധ മേഖലകളും
ഏഴു ശതമാനത്തിനും മുകളിലായുള്ള ഒരു ദേശീയ വരുമാന വളർച്ചയാണ് (GDP Growth at Factor Cost) 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് മുൻപ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാൽ ഇതിനു തടയിട്ടുകൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ഉല്പാദന ഉപഭോഗ മേഖലകളെ ഗണ്യമായി ബാധിക്കുകയുണ്ടായി. 2008ലെ പ്രതിസന്ധി ദേശീയ അന്തർദേിശീയ തലത്തിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിച്ചത് വ്യവസായ സേവന മേഖലകളെയായിരുന്നു എന്നാണ് പൊതുവിൽ നിരീക്ഷിച്ചിട്ടുള്ളത് (Patnaik 2008; Patnaik 2009). ഈ സാഹചര്യം എപ്രകാരമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയെ ബാധിച്ചതെന്ന് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്.
ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ഉൽപാദന മേഖലയെ ദാരുണമായ് ബാധിച്ചു എന്നത് ഗ്രാഫ് ഒന്ന് കാണിക്കുന്നതുപോലെ 2008-09 ലെ നാലുപാദങ്ങളും സുവ്യക്തമാക്കുന്നു. വികസിത വികസ്വര രാഷ്ട്രങ്ങളിലുണ്ടായ ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ചുള്ള പഠനങ്ങൾ (Aryeetey & Ackah 2011; Hoen 2011; Gore 2010; Ocampo 2009; Bamakhramah 2009) സൂചിപ്പിക്കുന്നത് സേവന മേഖലയേയാണ് 2008ലെ ധന വായ്പാ പ്രതിസന്ധി ഉടനടി താറുമാറാക്കിയത്.  ഇതിൽ നിന്നും വ്യത്യസ്തമല്ലാതെ തന്നെ, എന്നാൽ കൂടുതൽ ഗുരുതരമായ രീതിയിലുമാണ് ഇന്ത്യയിൽ പ്രതിസന്ധിയുടെ ചലനങ്ങൾ സൃഷ്ട്ടിച്ചത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് മനസ്സിലാക്കിയാൽ ആദ്യം പ്രതിസന്ധിയിലായത് കാർഷിക വ്യവസായ മേഖലകളാണെന്നു കാണാം. ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ഇന്ത്യ ഇപ്പോഴും ഉൽപാദന ഉപഭോഗ രംഗങ്ങളിൽ ഒരു പെരിഫറി ആയി തുടരുന്നു എന്ന വസ്തുതയാണ്. ഇതാണ് ധന വായ്പാ പ്രതിസന്ധിപോലും കാർഷിക വ്യവസായ മേഖലയുടെ പിന്നോട്ടടിക്കലിനെ എളുപ്പമാക്കിയത് എന്ന നിരീക്ഷണങ്ങള്‍ക്ക്  പിൻബലമേകുന്നത്.
കൂടാതെ, വളർച്ച മുറ്റാത്ത ഇന്ത്യൻ സേവന മേഖലയും ഈ വ്യവസായ കാർഷിക മേഖലയുടെ കീഴെപോക്കിനെ കൂട്ടുപിടിച്ച് പ്രതിസന്ധിയുടെ മൂന്നാം പക്കം കീഴ്‌പോട്ടു പോയ്. ഇത് ഇന്ത്യൻ സാമ്പത്തിക ഭദ്രത എത്രത്തോളം സുരക്ഷിതമല്ല എന്നതിന് തെളിവാണ്. എന്നാൽ ഒരു ക്രൈസിസിലേക്ക് നയിക്കപ്പെടുന്നതായിരുന്നില്ല ഈ മാന്ദ്യം എന്നായിരുന്നു സാമ്പത്തിക നിരീകഷകർ കരുതിയതു, അഥവാ ഒരു ഹ്രസ്വകാല പിന്മടക്കം മാത്രമായിരുന്നുപോലും (Special Correspondent 2008a; Khare 2008; Special Correspondent 2008b; Special Correspondent 2009)! ഈ വാദം ഇന്ന് പരിശോധിക്കുമ്പോൾ എത്രത്തോളം ശരിയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇതൊരു ഹ്രസ്വകാല പിന്മടക്കമല്ലായിരുന്നു. നേരെമറിച്ച്, വളർച്ചയിൽ ഒരു ദീർഘകാല മന്ദഗതിക്കുള്ള തുടക്കമായിരുന്നു. ഇതിന ദൃഷ്ടാന്തമാണ് 12 ശതമാനത്തിനു മുകളിൽ ശരാശരി വളർച്ചയുണ്ടായിരുന്ന സേവന മേഖല 2012 അവസാനിച്ചപ്പോൾ ഏഴു ശതമാനത്തിനു താഴെ വന്നു നിൽക്കുതന്നത്.
Graph 1
Source: CSO, and Monthly Economic Report of Ministry of Finance

വ്യവസായ വളർച്ച കാണിക്കുന്നത് സേവന മേഖലയിൽനിന്നും വിപരീതമായ ഒരു ചിത്രമല്ല. കാരണം ആഗോള ധന വായ്പ പ്രതിസന്ധിയെ തുടർന്ന്  നാല് ഘട്ടത്തിലായുള്ള ഉത്തേജന പരിപാടികൾക്ക് ശേഷം കൈവരിച്ച വളർച്ച  (12.4 ശതമാനം) ഇന്ന് കേവലം മൂന്നു ശതമാനത്തിനു താഴെയാണ് എന്ന വസ്തുത ഒരുതരത്തിൽ ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.  ഇതിനോടനുബന്ധിച്ച് കാർഷിക വളർച്ചയും സൂചിപ്പിക്കുന്നത് മറിച്ചൊരു ദൃശ്യമല്ല. ഇവിടെ 2012-13 ലെ രണ്ടാം പാദത്തിലെ 1.2 ശതമാനം വളർച്ച ധനകാര്യ മന്ത്രി ചിദംബരം ബജറ്റിൽ സൂചിപ്പിച്ച കാർഷിക മേഖലയുടെ വളർച്ചയെക്കാൾ (1.8 ശതമാനം (Advance Estimates)) കുറവാണ്. ഇതിന്റെ ആകെ തുകയായാണ് ദേശീയ വരുമാനം ക്രമാനുഗതമായി പ്രതിസന്ധിയിൽ നിന്ന് കരകയറി എന്ന അവസ്ഥയിൽ (ഒൻപത് ശതമാനത്തിനും മുകളിൽ) നിന്നും അഞ്ചുശതമാനത്തിൽ എത്തിനിൽക്കുന്നത്. അതായത് കഴിഞ്ഞ ആറുപാദങ്ങളിലും തുടർച്ചയായ് സാമ്പത്തിക വളർച്ച കീഴ്‌പോട്ടുപോകുന്നു എന്നത് ഒരു ഹ്രസ്വകാല സാമ്പത്തിക മാറ്റമായിട്ടല്ല പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രതിസന്ധിയിലേക്കുള്ള പ്രയാണമാണ് എന്ന് വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ സംഗ്രഹിക്കാവുന്നതാണ്. ഇതിന്റെ പ്രസക്തിയും ആഴവും കൂടുതൽ വ്യക്തമാകണമെങ്കിൽ വ്യവസായ സേവന മേഖലകളെ കുറച്ചുകൂടി സൂക്ഷമതലത്തിൽ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. കാർഷിക മേഖലയെ ഈ സൂക്ഷ്മ പരിശോധനയിൽ നിന്നും ഒഴുവാക്കുന്നത് നവലിബറൽ ആശയങ്ങളിൽ ഊന്നിയ രണ്ടാം യുപിഎയോ അവരുടെ സാമ്പത്തിക ഉപദേശകരോ ഈ മേഖലക്ക് ഇന്ത്യൻ വളർച്ചയിൽ എന്തെങ്കിലും ചെയ്യാൻ കഴിയും എന്നുള്ള വിശ്വാസമില്ലായ്മയാണ്. ധനമന്ത്രി ചിദംബരത്തിന്റെ ബജറ്റ് അവതരണത്തിൽ കാർഷിക മേഖലയെ വാഴ്ത്തിയത് ചിലപ്പോൾ ഇതിൽ നിന്നുള്ള അബദ്ധ സഞ്ചാരമാകാം!
വ്യവസായ മേഖലയുടെ വളർച്ച
വ്യവസായ വളർച്ച സാധാരണയായ് ബിസിനസ് സൈക്ലുകളുടെ ഗതിവിഗതികളുമായ് ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ വ്യവസായ മേഖലയുടെ ഒരു ദീർഘകാല വായന നമ്മുടെ വ്യാവസായിക ഭദ്രതയെ മനസ്സിലാക്കാൻ സഹായിക്കും. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയോടനുബന്ധിച്ച് 5.4 ശതമാനമായിരുന്ന വ്യവസായ വളർച്ച 2008 09 ലെ മൂന്നാം പാദമായപ്പോഴേക്കും 1.6 ശതമാനമായ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഏർപ്പെടുത്തിയ ഉത്തേജന പാക്കേജുകളുടെ ഫലമായി വ്യവസായിക വളർച്ച 2009 10 അവസാനിക്കുമ്പോൾ 12.4 ശതമാനമായ് ഉയർന്നിരുന്നു. എന്നാൽ പ്രതിസന്ധി തരണം ചെയ്തു എന്ന ധനമുതലാളിത്തത്തിന്റെ ഗീർവ്വാണം ശ്രവിച്ച് ഉത്തേജന പാക്കേജുകളിൽ നിന്നുള്ള പിൻമടക്കം വ്യവസായ വളർച്ചയുടെ പുതിയ അധോഗതിയുടെ കാലത്തിന് ആരംഭം കുറിച്ചു. ഇതിന്റെ ഫലമായി 2011-12 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വ്യവസായ വളർച്ച 1.9 ശതമാനമായി അധപ്പതിച്ചു. ഇത് സൂചിപ്പിക്കുന്നത് പ്രതിസന്ധിയുടെ അസ്തമനം എന്നത് കേവലം മിഥ്യ മാത്രമാണ് എന്ന വസ്തുതയാണ്.
Graph 2
Source: CSO, and Monthly Economic Report of Ministry of Finance
അടുത്തതായി പ്രധാന വ്യവസായങ്ങളായ ഘനനം, വൈദ്യുതി വാതക ജല വിതരണം, ഉൽപാദനം, നിർമ്മാണം എന്നിവയുടെ പുരോ(അധോ)ഗതി നിരീക്ഷിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ ഉത്തേജന പാക്കേജുകളുടെ പിൻബലം മേൽപ്പറഞ്ഞ വ്യവസായങ്ങളുടെ പുരോഗമനത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും (ഗ്രഫ് 2 കാണുക) പിന്നീടുള്ള അധോഗതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻപേയുള്ള സർക്കാർ പിന്നോട്ടം വരുത്തിവച്ച വിനയായ്‌വേണം മനസ്സിലാക്കാൻ. ഉദാഹരണത്തിന് ഉൽപാദന വ്യവസായം 2009 10 അവസാനിക്കുമ്പോൾ 15.2 ശതമാനമായിരുന്നത് 2011 12 അവസാനിക്കുമ്പോൾ ക്രമാനുഗതമായി കുറഞ്ഞ് നെഗടീവ് വളർച്ചയായ് മാറി. ഇത് 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ മൂർധന്യാവസ്തയിലേതിനേക്കാൾ സ്ഥിതിഗതികൾ മോശമാക്കിയതായിവേണം മനസ്സിലാക്കാൻ.
അതുപോലെ തന്നെ, ഘനന വ്യവസായത്തിലുള്ള തിരിച്ചടി. ഉത്തേജ പദ്ധതിയുടെ പിൻബലത്തിൽ വളർന്ന ഘനന വ്യവസായം 2011 12 തുടങ്ങിയപ്പോൾ തന്നെ നെഗറ്റീവ് വളർച്ചയിൽ കൂപ്പുകുത്തി. ഈ നെഗറ്റീവ് വളർച്ച ഏകദേശം അടുത്ത മൂന്ന് പാദങ്ങളിലും തുടരുകയാണ് ഉണ്ടായത്. ധനമന്ത്രി പ്രണബ് മുഖർജിയുടെ അവസാനത്തെ ബജറ്റിലെ ചില സാമ്പത്തിക ക്രമീകരണങ്ങൽക്കൊടുവിൽ ഈ വ്യവസായം ചെറിയൊരു തുടിപ്പ് കാണിച്ചെങ്കിലും അത് വീണ്ടും നഷ്ട്‌പ്പെടുന്നതായാണ് പിന്നീടുള്ള പാദങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതുപോലെ തന്നെ മറ്റു വ്യവസായങ്ങളായ നിർമ്മാണവും, വൈദ്യുതി വാതക ജല വിതരണവും. ഇടക്കുള്ള ചെറിയ തുടിപ്പുകൾ മാറ്റിനിർത്തിയാൽ പൊതുവിൽ ഈ വ്യവസായങ്ങളുടെ വളർച്ച  താഴോട്ട് എന്നത് ഇന്ത്യൻ വ്യവസായ മേഖലയുടെയും പ്രത്യകിച്ചു സാമ്പത്തിക ഭദ്രതയുടെയും പ്രതിസന്ധി ആഴത്തിലാക്കുന്നു എന്നുവേണം വായിക്കാൻ. ഗ്രാഫ് രണ്ടിൽ നിന്നും കൂടുതൽ വിശകലനങ്ങൾ വായനക്കാർക്ക് എളുപ്പം മനസ്സിലാക്കിയെടുക്കാവുന്നതാണ്.
സേവന മേഖലയുടെ വളർച്ച
2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചില കയറ്റങ്ങളൊഴിച്ചാൽ സേവന മേഖലയും ക്രമമായുള്ള വളർച്ച കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ ആഘാതം അത്രകണ്ട് പ്രബലമല്ല എന്നത് ചില ആശ്വാസങ്ങൾ ഇന്ത്യൻ സമ്പത്ത്ഘടനക്ക് നൽകുനുണ്ട്. വ്യാപാര ഹോട്ടൽ ഗതാഗത വാർത്താവിനിമയ സേവനങളും സാമൂഹിക സേവനങ്ങളിലും ഉണ്ടായ വളർച്ചക്കുറച്ചിലുകൾ, ധന ഇൻഷുറൻസ് റിയൽ എസ്‌റ്റേറ്റ് മറ്റുബിസനെസ്സ് സേവനങ്ങളുടെ സുസ്ഥിരമായ വളർച്ച യിൽ പോലും, മൊത്തം സേവന മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നു. ഇത് തുറന്ന് തരുന്നത് വ്യാപാര ഹോട്ടൽ ഗതാഗത വാർത്താവിനിമയ സേവനങളും സാമൂഹിക സേവനങ്ങളും മൊത്തം സേവന മേഖലയുടെ വലിയ പങ്ക്കാരാണ് എന്ന വസ്തുതയാണ്. സേവന മേഖലകളുടെ തരാതരം തിരിച്ചുള്ള വളർച്ച ഗ്രാഫ് മൂന്നിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
Graph 3
Source: CSO, and Monthly Economic Report of Ministry of Finance
ഗ്രാഫുകളിലെ കണക്കുകളുടെ വെളിച്ചത്തിൽ മനസ്സിലാക്കേണ്ട (നവലിബറൽ സാമ്പത്തിക സ്വാമികൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത) പ്രധാന വസ്തുത സാമൂഹിക സേവന മേഖലയുടെ വളർച്ച എത്രത്തോളം പ്രധാനമാണ് എന്നതാണ്. ഈ സാഹചര്യത്തിൽ സാമൂഹിക സേവന മേഖലകൾക്ക് മുൻഗണന നൽകി അവതരിപ്പിച്ച 2013 14 ലെ കേന്ദ്ര കേരള ബജറ്റുകൾ പരിശോധിക്കുമ്പോൾ നേരത്തെ വിശദമാക്കിയ സാമ്പത്തിക ഭദ്രതക്കുറവും അതിനെ സാധൂകരിക്കുന്ന സർക്കാർ നയങ്ങളുമാണ് ഇതെന്ന് മനസ്സിലാക്കാം.
2013-14 ലെ കേന്ദ്ര ബജറ്റ് ഒരു വിശകലനം.
കേന്ദ്ര ബജറ്റിൽ കാര്യമായ സ്ട്രാറ്റജിക് നയങ്ങളൊന്നും സ്വീകരിച്ചില്ല എന്നത് പൊതുവിലുള്ള വിലയിരുത്തലാണ്. എന്നാൽ അതിനർത്ഥം ഇത് തികച്ചും ഒരു സംതുലിത ബജറ്റ് എന്ന മുതലാളിത്ത തളങ്ങളിൽ നിന്നും പുറത്തുവരുന്ന കാഴ്ചപ്പാട് വഴിതെറ്റിക്കുന്നതാണ്. ഇതിനായി ചൂണ്ടികാണിച്ചതിലൊന്ന് പുതുതായ് ഏർപ്പെടുത്തിയ അതിസമ്പന്നരുടെ മേലുള്ള പത്തുശതമാനം നികുതിയാണ്. എന്നാൽ ഇത് സ്ഥായിയായ ഒരു നികുതി അടിത്തറയായ് ഉറപ്പിക്കുക വയ്യ. കാരണം ലക്ഷക്കണക്കിന് കോടികൾ സർക്കാർ പല വഴികളിലായി അതിസംബന്നർക്കും,  കുത്തക കോർപ്പറേഷനുകൾക്കും  നൽകുമ്പോൾ പുതിയ ഈ നികുതി ഇല്ലാതാക്കാൻ കാലതാമസമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.
രണ്ട്, നവലിബറൽ സർക്കാരുകളുടെ തുറുപ്പു ചീട്ടായ ധന കമ്മിയുടെ കുറയ്ക്കൽ പതിവുപോലെ ഈ ബജറ്റിലും പ്രകടമായിരുന്നു. എന്നാൽ ഇത് നേടുന്നതിനു ചില്ലറ കടുംകൈകളല്ല ധനമന്ത്രി കാണിച്ചിരിക്കുന്നത്. ചിദംബരം സ്ഥാനമേൽക്കുമ്പോൾ പ്രതീക്ഷിച്ച 5.9 ശതമാനം ധന കമ്മി വെട്ടിക്കുറച്ച് 5.3 ശതമാനമാക്കിയതും നടപ്പുവർഷത്തിൽ അത് 4.8 ആയി ചുരുക്കുമെന്നും പറയുമ്പോൾ കത്തിവയ്ക്കുന്നത് വിവിധ വകുപ്പുകളിലൂടെ സർക്കാർ വിനിയോഗിക്കേണ്ട പദ്ധതികൾ തന്നെയാകുമെന്നതിൽ സംശയമില്ല. കാരണം ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാരിനു നേട്ടമുണ്ടായത് 60,000 കോടി രൂപയാണ്.
മൂന്ന്, ധനമന്ത്രിയായിരുന്ന പ്രണബിനെ പിന്തുടർന്ന്  സബ്‌സിഡികൾ വെട്ടിവെളുപ്പിക്കുന്നതിന് ചിദംബരവും ഒട്ടും മോശമല്ല. ഉദാഹരണത്തിന് പെട്രോളിയം ഉൽപന്നങ്ങൾക്കായ് ഈ വർഷം മൊത്തം മാറ്റിവച്ചിരിക്കുന്നത് 65,000 കോടി മാത്രമാണ്. തത്വത്തിൽ ഇത് കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിലൊന്ന് കുറവ്. ഇത് സൂചിപ്പിക്കുന്നത് പെട്രോളിയം ഉൽപന്നങ്ങളുടെ വില സർക്കാർ പൂർണ്ണമായും കയറൂരിവിടും എന്നാണ്. ഏഴ് ശതമാനത്തിൽ കുറയാതെ പണപ്പെരുപ്പം നിലനിൽക്കുമ്പോൾ ഫെർട്ടിലൈസർ സബ്‌സിഡി നടപ്പ് വർഷത്തെക്കാൾ മൂന്ന് കോടി കുറച്ച് 65,971 കോടിയായ് ചുരുക്കി. യഥാർത്ത  കുറവ് പണപ്പെരുപ്പ നിരക്കുകൊണ്ട് ഹരിച്ചാൽ ഇതിലും കുറവാണെന്ന് മനസ്സിലാകും. എന്നാൽ മെച്ചമായത് ഫുഡ് സെക്യൂരിറ്റിക്കായ് നീക്കിവച്ച 10,000 കോടിയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 5,000 കോടി അധികമാണ്.
നാല്, കാർഷിക മേഖലയുടെ പുരോഗതിക്ക് കാര്യമായ സംഭാവന നല്കിയില്ലെങ്കിലും മൊത്തവിനിയോഗത്തിനായ് 27,049 കോടിയാണ് വകയിരിത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ കാർഷിക രംഗത്തിന്റെ വളർച്ചയിലുള്ള മാന്ദ്യം പരിശോധിച്ചാൽ ഈ ധനവിനിയോഗം തുശ്ചമാണെന്നു മനസ്സിലാക്കാം. രാജ്യം നേരിടുന്ന മാന്ദ്യത്തിന്റെ ആഘാതത്തെക്കുറിച്ച് വാചാലനാകുമ്പോഴും അതിനെ ചെറുക്കുന്ന ഒരു നടപടിയും ഈ ബജറ്റ് മുന്നോട്ടു വച്ചിട്ടില്ല എന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ഇതിനാലാണ് നേരത്തെ സൂചിപ്പിച്ചതുപോലെ നവലിബറൽ സാമ്പത്തിക നയങ്ങളുടെ പാണരായ രണ്ടാം യുപിഎ കാർഷിക മേഖലയേയും അതിലുപജീവനം നടത്തുന്ന ബഹുഭൂരിപക്ഷത്തേയും നിർലോഭം അവഗണിക്കുന്നത് .
അഞ്ച്, വ്യവസായ മേഖലയുടെ മാന്ദ്യം ശക്തമായി തുടരുമ്പോഴും 2013 14 ബജറ്റ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ നടക്കാവുന്ന 55 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് സ്വപ്നം കാണുന്നത്.  എന്നാൽ ഇതിലേക്കായുള്ള എന്തെങ്കിലും ഫലപ്രദമായ പ്രഖ്യാപനം ബജറ്റ് മുന്നോട്ടുവക്കുന്നില്ല. കുറച്ചെങ്കിലും കരുണകാണിക്കുന്നത് നിർമ്മാണ വ്യവസായത്തിന്റെ കാര്യത്തിലാണ്. എന്നാൽ വ്യവസായ മേഖലയുടെ തളർച്ചയിലും നിർമ്മാണ പ്രവർത്തനം ഭേതപ്പെട്ട പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ മാന്ദ്യ ബാധിതമായ മറ്റു വ്യവസായങ്ങളെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതിനായുള്ള കാര്യമായ നയങ്ങളൊന്നും ധനമന്ത്രി മുന്നോട്ടു വക്കുന്നില.
ആറ്, സേവന മേഖലയിലെ ധനമൂലധനത്തിന്റെ താല്പര്യം മാത്രം സംരക്ഷിക്കലാണ് ബജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി നടത്തിയത്. എന്നാൽ സേവന മേഖലയിലെ തളർച്ച നേരിടുന്ന വ്യാപാര, ഹോട്ടൽ, ഗതാഗത, വാർത്താവിനിമയ സേവനങ്ങളുടെ ഉന്നമനത്തിന് പ്രത്യേകിച്ച് ഒന്നും ഈ ബജറ്റിൽ അവതരിപ്പിച്ചില്ല. എന്നാൽ സാമൂഹിക സേവന മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും നൽകിയിരിക്കുന്ന നീക്കുപോക്കുകൾ  സൂചിപ്പിക്കുന്നത് സേവന മേഖലയിലെ “താക്കോൽ” സേവനത്തിലൂടെയും അതുവഴി മൊത്തം സേവന മേഖലയുടെയും വളർച്ച ധന ഇൻഷുറൻസ് റിയൽ എസ്‌റ്റേറ്റ് മറ്റുബിസനെസ്സ് സേവനങ്ങളുടെ സുസ്ഥിരമായ വളർച്ചയോടൊപ്പം എത്തിക്കുക എന്ന പരോക്ഷ ലക്ഷ്യവുമാവണം. ഇത് മാന്ദ്യം കരകയറാനുള്ള കുറുക്കുവഴിയല്ലാതെ മറ്റൊന്നല്ല. ഇതിന്റെ വിജയത്തെ സംശയിക്കുന്നത് സ്വാഭാവികമാണ്. കാരണം കഴിഞ്ഞകാലങ്ങളിൽ ഈ സേവന മേഖലയെ പാടെ തഴയുമ്പോൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഭദ്രമാണെന്നുള്ള മൂഢസ്വർഗ്ഗത്തിലായിരുന്നു ഇവർ. ഇങ്ങനെ പറയുന്നതിന്റെ പശ്ചാത്തലം കേവലം തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചുകൊണ്ട് മാത്രമുള്ള ബജറ്റ് എന്ന വാദം മുന്നോട്ടുവക്കാനല്ല. പകരം, സർക്കാർ തന്നെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന മാന്ദ്യത്തിന്റെ തീവ്രത  പങ്ക് വയ്ക്കുമ്പോഴും പ്രതിസന്ധിക്ക് പ്രതിമരുന്ന് നിർദ്ദേശിക്കാൻ കൂട്ടാക്കുകപോലും ചെയ്യുന്നില്ല എന്ന യാതാർത്യത്തിലൂന്നിയാണ്. ഇതുകൊണ്ടാണ് രണ്ടാം യു പി എ നവലിബറലും, ധനമൂലധനത്തിന്റെ കുഷിണിക്കാരും, സാധാരണക്കാർക്ക്  പേറാനാകാത്ത സർക്കാരുമാകുന്നത്.
2013-14 ലെ കേരള ബജറ്റ്: ഒരു നിരീക്ഷണം
ആഗോള സാമ്പത്തിക പ്രതിസന്ധിയും, പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ധന വ്യാപാര കറണ്ട് അക്കൗണ്ട് കമ്മിയും, രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന തലത്തിലേക്ക് നീങ്ങുന്നു എന്ന നിരീക്ഷണം മുൻ നിർത്തിയാണ് താരതമ്യേന ദേശീയ വളർച്ചയയേക്കാൾ (2011 12 ലെ 6.2 ശതമാനത്തേക്കാൾ) ഉയർന്ന സാമ്പത്തിക വളർച്ച (9.51 ശതമാനം, ഇത് 2012 13 ൽ പ്രതീക്ഷിക്കുന്നത് 9.58 ശതമാനമാണ്) രേഖപ്പെടുത്തിയ കേരള ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ വർദ്ധിച്ച വിദേശ ആശ്രിതത്വം മൂലം ആഗോള സാമ്പത്തിക മാന്ദ്യം കാർഷകോല്പാതനങ്ങളുടെ കയറ്റുമതി, വിദേശ തൊഴിൽ സാധ്യതകൾ, വായ്പാ മേഖലകളുടെ വളർച്ച തുടങ്ങിയവയിൽ ഇടിവ് രേഖപ്പെടുത്തി. കൂനിന്മേൽ കുരു പോലെ വർദ്ധിച്ച പണപ്പെരുപ്പവും വിലക്കയറ്റവും സംസ്ഥാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജി എസ് ഡി പി യുടെ 70 ശതമാനം വരുന്ന സേവന മേഖലയുടെ വളര്‍ച്ച 11.81 ശതമാനമാണു. കഴിഞ്ഞ വർഷങ്ങളേക്കാൾ കുറവ് വളർച്ച  രേഖപ്പെടുത്തിയ വ്യവസായ (7 ശതമാനം), കാർഷിക (നെഗറ്റീവ് 0.7 ശതമാനം) മേഖലയുടെയും പിൻനടത്തങ്ങളെ തരണം ചെയ്ത് ശരാശരി ഉയർന്ന വളർച്ച നിരക്ക് കേരളത്തിനു കാണിക്കാൻ സഹായിച്ചത് സേവന മേഖലയിലെ ഈ ഉണർവ്വാണു.
യു ഡി എഫ് സർക്കാരിന്റെ ശ്ലാഘനീയമായ ചില വസ്തുതകൾ എന്ന് ധനകാര്യ മന്ത്രി അവകാശപ്പെടുന്നത്: ഒന്ന്, കഴിഞ്ഞ വർഷം സാമൂഹിക പെൻഷനുകൾ 75 ശതമാനം വർദ്ധിപ്പിച്ചു. രണ്ട്, വിദ്യാഭ്യാസ വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള, പ്രത്യേകിച്ചും ഗതാഗത, വൈദ്യുതി, ആരോഗ്യ മേഖലകളുടെ വികസനത്തിനുള്ള ധന വിനിയോഗം, പെൻഷൻ മുതലായ സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിഹിതം വർദ്ധിപ്പിക്കൽ,  മൂന്ന്, ഈ ബജറ്റിൽ ഒരു ഹെക്ടർ ഭൂമിക്കുതാഴെയുള്ള ചെറുകിട കർഷകരുടെ പലിശ ബാധ്യത എഴുതി തള്ളുന്നു; നാല്, ചെറുകിട കർഷകർക്ക്  പലിശ രഹിത കാർഷിക വായ്പ (സഹകരണ ബാങ്കുകളിൽ നിന്നും). മറ്റു വാണിജ്യ, സ്വകാര്യ ബാങ്കുകളിൽ നിന്നും 4 ശതമാനത്തിനു വായ്പ; അഞ്ച്, കംമ്പനികളിൽ നിന്നല്ലാത്ത കാർഷികാദായ നികുതി റദ്ദ് ചെയ്തത്; ആറ്, നെല്ല് സംഭരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം മുതലായവ. കാർഷിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് വളരെ നല്ല കാര്യം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. അധികരിച്ച്‌കൊണ്ടിരിക്കുന്ന ഇന്ത്യൻ സാമ്പത്തിക മാന്ദ്യം എത്രത്തോളം സാധൂകരിക്കുന്ന തരത്തിലാണ് കേരള ബജറ്റിലൂടെ അവതരിപ്പിക്കപ്പെട്ടത് എന്ന് മനസ്സിലാക്കുന്നതാണ് സര്‍ക്കാരിന്റെ ഇത്തരം നടപടികൾ.
എന്നാൽ, പുതിയ പദ്ധതികളും അതിന്റെ വിനിയോഗ വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പഴയ വാഗ്ദാനങ്ങളുടെ പാലനമോ അവയുടെ മുന്നോട്ടുള്ള പോക്കിനോ കാര്യമാത്ര പ്രസക്തിയോ പ്രാധാന്യമോ സഹായമോ ഈ ബജറ്റ് നൽകിയിട്ടില്ല. ഇത്, ബജറ്റ് വഴി പ്രതിസന്ധിയെ സുസ്ഥിരമായ രീതിയിൽ പ്രതിരോധിക്കുക എന്നൊരു നയം സർക്കാരിനില്ല എന്നാണു കാണിക്കുന്നത്. അല്ലെങ്കിൽ, വർദ്ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യത്തിനെ അതിന്റെ വഴിക്കുവിടുകയും സർക്കാർ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന സമീപനവുമാണ് ദ്യോതിപ്പിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് എൽഡിഎഫ് തങ്ങളുടെ സാമ്പത്തിക ആസൂത്രണവും നയരേഖയും രൂപീകരിക്കുന്നതും പ്രാവർത്തികമാക്കിയതും. ഇതുതന്നെയാണ്, എല്ലാ മേഖലകളിലും പ്രത്യേകിച്ചും വ്യവസായ, സേവന മേഖലകളിൽ വന്ന കടുത്ത മാന്ദ്യത്തെ വേഗം മറികടക്കാൻ അല്ലെങ്കിൽ ലഘൂകരിക്കാൻ സംസ്ഥാനത്തിന് സാധ്യമായത്.
ഉദാഹരണത്തിന്, കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തിലൂടെ കേരളത്തെ നയിച്ചത് എൽ ഡി എഫ് സർക്കാരായിരുന്നു എന്ന് പറഞ്ഞല്ലോ. പ്രതിസന്ധിക്കുശേഷമുള്ള കാലഘട്ടത്തിൽ സംസ്ഥാന വളർച്ച 8.95 (2009-10), 9.13 (2010-11), 9.51 (2011-12) എന്നിങ്ങനെ ആയിരുന്നു. ഇവിടെ സർക്കാർ മുന്നിട്ടിറങ്ങി നടത്തിയ സാമ്പത്തിക ഇടപെടലുകൾ ശ്ലാഘനീയമായിരുന്നു. എന്നാൽ കേന്ദ്രത്തിൽ ഇതിനെ എത്രത്തോളം ഭലപ്രദമായി നേരിട്ടു എന്നത് മുന്‍ വിശദീകരണങ്ങളിൽ നിന്നും വ്യക്തമാണ്. അതുപോലെ തന്നെ സർക്കാർ ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ പൊതുകടം വർദ്ധിപ്പിച്ചു എന്നുള്ള യുഡിഎഫ് വാദം തെറ്റെന്നുള്ളതിന്റെ തെള്വുകൾ താഴെ പട്ടികയിൽ നിന്നും മനസ്സിലാക്കാം. ഒരർത്ഥത്തിൽ യുഡിഎഫ് ഭരണകാലത്ത് കുതിച്ചുയരുന്ന പൊതുകടത്തിനു കടിഞാണിടുന്നത്/ഇട്ടത് ഇടതുപക്ഷമാണെന്ന് ഒറ്റനോട്ടത്തിൽ പട്ടികയിലെ പതിനൊന്നാം ഇനത്തിൽ നിന്നും മനസ്സിലാക്കാം.
Graph 4
മറ്റൊരു കാര്യം ഈ കാലഘട്ടത്തിൽ വ്യവസായ വളർച്ച ശരാശരി 8 നും 9 ശതമാനത്തിനും ഇടക്കാണ്. സേവന മേഖലയുടെ വളർച്ച  ഈ കാലഘട്ടത്തിൽ 11.17 (2009-10), 11.57 (2010-11), 11.81 (2011-12) എന്നിങ്ങനെ ആയിരുന്നു. ഇതിൽ നിന്നും വളരെ പിന്നിലാണ് ദേശീയ ശരാശരി എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. കഴിഞ്ഞവർഷത്തിൽ വ്യവസായ വളർച്ച  നിരക്ക് 7 ശതമാനമായി കുറഞ്ഞത് വീണ്ടും ഉയർന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തിനുദാഹരണമാണ്. നമ്മുടെ വ്യാവസായിക സേവന മേഖലകളെ ഇത് ഉലച്ചേക്കും എന്നതിന് മുന്നറിയിപ്പായി വേണം വ്യവസായ വളർച്ച കുറവിനെ കരുതാൻ. കേരളത്തിന്റെ വളർച്ച സേവന മേഖലയിൽ അമിതമായ് പ്രാധാന്യം നൽകികൊണ്ടുള്ളതാണ് എന്നതൊരാക്ഷേപമല്ല പകരം വസ്തുതയാണ്. ഇത് കാണിക്കുന്ന കണക്കുകൾ താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നു.
Graph 5
ബജറ്റിലെ വിഹിതത്തിൽ ഏറിയ പങ്കും സാമൂഹിക സേവന മേഖലയിലും തദ്ദേശ സ്വയംഭരണ വകുപ്പുകളിൻ കീഴിലുള്ള പ്രവർത്തനത്തിനുമാണ് വിനിയോഗിക്കുന്നത്. ഇത് നാം നേരത്തെ ചൂണ്ടിക്കാണിച്ച പ്രതിസന്ധിയെ തരണം ചെയ്യാൻ മുൻ നിർത്തിയുള്ള സർക്കാർ സമീപനമായ് വേണം കരുതാൻ. എന്നാൽ വ്യവസായ, ഊർജ്ജ, ഗതാഗത, വാർത്താവിനിമയ രംഗങ്ങൾക്കുള്ള അവഗണന ഈ സാഹചര്യത്തിൽ ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ മാന്ദ്യഅതിജീവന യത്‌നത്തെ എത്രകണ്ട് വിജയിപ്പിക്കും എന്നത് സമസ്യ തന്നെ. ഇതിനുദാഹരണമാണ് മുകളിൽ അവതരിപ്പിച്ച കണക്കുകൾ. മറ്റു മേഖലകളുടെ പ്രവർത്തനത്തിൽ കാര്യമായ് ക്ഷതമേൽപ്പിക്കാൻ ഈ ബജറ്റ് ലാക്കാക്കുന്നു എന്നത് ഗതാഗത വാർത്താ വിനിമയ സേവനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇതിൽ ഒളിഞ്ഞിരിക്കുന്ന അജണ്ട കെഎസ്ആർടിസി പോലുള്ള മേഖലയെ തുരങ്കം വയ്ക്കാനല്ലാതെ മറ്റൊന്നല്ല എന്നുവേണം മനസ്സിലാക്കാൻ. വ്യവസായ മേഖലയിലും ബജറ്റ് വിഹിതങ്ങൾ കാര്യമായ പോരോഗതി നേടിയിട്ടില്ല. ഇതും കേന്ദ്ര സർക്കാർ നയങ്ങളും കൂട്ടിവായിച്ചാൽ സർക്കാർ സമീപനം എത്രത്തോളം ജനഹിതമാണെന്നുള്ളത് വ്യക്തമാണ്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ 2013-14 ബജറ്റവതരണത്തിൽ ധനമന്ത്രി കുറെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുകയും പഴയ പ്രഖ്യാപനങ്ങൾ കടലാസിൽ കുടുക്കുകയും ചെയ്യുന്നത് ജനങ്ങൾ പഴയ പ്രഖ്യാപനങ്ങളെ ഓർക്കുന്നില്ല എന്ന് ഉറപ്പിക്കുന്ന മട്ടിലുള്ള സമീപനമാണ്. ഇങ്ങനെ ചെയ്യുന്നത് നിയമസഭാ പ്രസംഗങ്ങളെപ്പോലും കവല പ്രസങ്ങങ്ങളായി ആരെങ്കിലും ചുരുക്കികണ്ടാൽ കുറ്റം പറയാനൊക്കുമോ എന്ന സംശയമാണ്. യഥാര്‍ത്ഥത്തിൽ ഇത് നമ്മുടെ വികസന മാതൃകകൾക്കാണ് ചോദ്യചിഹ്നമാകുന്നത്. കൂടാതെ, സേവന മേഖലയിലെ അമിത വിശ്വാസം പല വികസിത രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന അവസരത്തിൽ എത്രത്തോളം സുസ്ഥിരമാണ് സേവന മേഖലയിൽ മാത്രം കേന്ദ്രീകരിച്ച ബജറ്റ് എന്നത് സംശയാസ്പദമാണ് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.
ഗ്രന്ഥസൂചി
Aryeetey, E. & Ackah, C., 2011. The Global Financial Crisis and African Economies: Impact and Transmission Channels. African Development Review, 23(4), pp.407–420. Available at: http://onlinelibrary.wiley.com/doi/10.1111/j.1467-8268.2011.00295.x/abstract [Accessed February 14, 2013].
Bamakhramah, A., 2009. The Origin of Financial Crisis: Central Banks, Credit Bubbles and the Efficient Market Fallacy. Journal of King Abdulaziz University-Islamic Economics, 22(2), pp.269–273. Available at: http://prod.kau.edu.sa/centers/spc/jkau/Data2/Review_Artical.aspx?No=3025 [Accessed December 28, 2011].
Gore, C., 2010. The global recession of 2009 in a long-term development perspective. Journal of International Development, 22(6), pp.714–738. Available at: http://onlinelibrary.wiley.com/doi/10.1002/jid.1725/abstract [Accessed February 7, 2013].
Hoen, H.W., 2011. Crisis in Eastern Europe: The Downside of a Market Economy Revealed? European Review, 19(01), pp.31–41.
Khare, H., 2008. PM, Ahluwalia sanguine about economy. The Hindu. Available at: http://www.thehindu.com/todays-paper/pm-ahluwalia-sanguine-about-economy/article1344582.ece [Accessed February 14, 2013].
Mazumdar, S., 2012. Unstable Rupee, Floundering Economy. Economic and Political Weekly. Available at: http://www.epw.in/web-exclusives/unstable-rupee-floundering-economy.html [Accessed March 15, 2013].
Ocampo, J.A., 2009. Latin America and the global financial crisis. Cambridge Journal of Economics, 33(4), pp.703–724. Available at: http://cje.oxfordjournals.org/content/33/4/703 [Accessed April 24, 2012].
Patnaik, P., 2008. Dr. Prabhat Patnaik on The Global Economic Crisis, Asian School of Business, Chennai. Available at: http://archive.org/details/BadriSeshadriDr.PrabhatPatnaikonTheGlobalEconomicCrisis [Accessed February 4, 2013].
Patnaik, P., 2009. Prabhat Patnaik on Global Economic Situation | NewsClick. Newsclick. Available at: http://newsclick.in/international/prabhat-patnaik-global-economic-situation [Accessed February 10, 2013].
Rabiyath, S., 2012. ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം (Budget: Sarcasm at the Expense of the Government). Dillipost. Available at: http://dillipost.in/2012/03/18/union-budget-critique/ [Accessed March 15, 2013].
Shetty, S.L., 2013. Growth versus Inflation. Economic and Political Weekly, 48(08), pp.70–72. Available at: http://www.epw.in/economic-notes/growth-versus-inflation.html [Accessed March 15, 2013].
Special Correspondent, 2009. “Indian economy will recover in 2010-11”. The Hindu. Available at: http://www.thehindu.com/todays-paper/tp-national/tp-karnataka/indian-economy-will-recover-in-201011/article295117.ece [Accessed February 14, 2013].
Special Correspondent, 2008a. No cause for alarm: Chidambaram. The Hindu. Available at: http://www.thehindu.com/todays-paper/no-cause-for-alarm-chidambaram/article1341091.ece [Accessed February 14, 2013].
Special Correspondent, 2008b. “None can steer economy better than Manmohan”. The Hindu. Available at: http://www.thehindu.com/todays-paper/none-can-steer-economy-better-than-manmohan/article1387242.ece [Accessed February 14, 2013].

Republishing the Dillipost article
See at link http://dillipost.in/archives/6661

Thursday, October 18, 2012

മുതലാളിത്തം സഹകരണ പ്രവര്‍ത്തനത്തിന് മൂല്യം തേടുമ്പോൾ


മുതലാളിത്തം സഹകരണ പ്രവര്‍ത്തനത്തിന് മൂല്യം തേടുമ്പോൾ

തുടക്കം 

കളികളിൽ താല്പര്യമില്ലാത്തവർ ആരുണ്ട്? കളികളുടെ ശാസ്ത്രീയതയും മനുഷ്യ സ്വഭാവത്തിൽ അതിന്റെ വിവിധങ്ങളായ സ്വാധീനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ഗെയിം തിയറി. ഈവർഷത്തെ (2012 ലെ ) സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരിക്കുന്നത് ഗെയിം തിയറിയിലെ 'ഗയിൽ - ശേപ്ലി' എന്ന അൽഗോരിതം രൂപകൽപന ചെയ്ത ലോയ്ഡ് ശേപ്ലിക്കും അത് വികസിപ്പിച്ച് വിലയുടെ അടിസ്ഥാനത്തിൽലല്ലാത്ത കമ്പോള പ്രവർത്തനങ്ങൾ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്ത ആൽവിൻ റോത്തിനുമാണ് . പൊതുവിൽ നിയോക്ലാസ്സിക്കൾ [1] സാമ്പത്തിക ശാസ്ത്രഞ്ജരുടെ കുത്തകയായി കരുതാവുന്ന സാമ്പത്തിക ശാസ്ത്രത്തിലെ നോബൽ സമ്മാനം [2] ഒരുപാടൊന്നും വ്യത്യസ്തമല്ലെങ്കിലും കുറച്ചെങ്കിലും സെൻസിബിൾ ആണെന്ന് നിയോക്ലാസ്സിക്കൾ പഠനത്തിൽപ്പെട്ട എന്നാൽ വിലയിൽ ആധാരമല്ലാത്ത ഗവേഷണത്തിനു നൽകിയതിലൂടെ ആശ്വസിക്കാവുന്നതാണ്. കാരണം കമ്പോളത്തിലെ ക്രയ-വിക്രയം വില (പ്രൈസ്‌) എന്ന മാനകത്തിൽ മാത്രം പ്രവർത്തിക്കുന്നതല്ല എന്ന വസ്തുതയാണ്. ഇതിലേക്ക് കണ്ണോടിക്കുന്നതാണ് ഈ കുറുപ്പ്.

സമ്മാന ജേതാക്കളെ ക്കുറിച്ച്

പ്രശസ്ത വാന ശാസ്ത്രഞ്ജൻ ഹർലോ ശേപ്ലിക്കും സഖിയായ വാനശാസ്ത്രഞ്ജ മാർത്ത ബെറ്റ്‌സിനും [3] പിറന്ന അഞ്ചുമക്കളിൽ നാലാമനായാണ് ജൂൺ 2, 1923 ൽ ലോയ്ഡ് ശേപ്ലി ജനിച്ചത്‌. അഞ്ചുമക്കളും തങ്ങളുടെ മേഘലകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച പ്രതിഭകളാണ്.  പിതാവായ ഹർലോ ശേപ്ലി എന്ന വാന ശാസ്ത്രഞ്ജന്റെ കണ്ടുപിടിത്തം കോപ്പർനിക്കസ്സിന്റെ ഭൂമി പ്രപഞ്ചകേന്ദ്രമല്ല എന്ന ആശയത്തെ ബഹുദൂരം മുന്നോട്ടു നയിച്ച ഒന്നാണ്. ഈ കണ്ടെത്തൽ വാദിക്കുന്നത്, ഭൂമിപോയിട്ടു സൂര്യൻപോലും ക്ഷീരപഥത്തിന്റെ  കേന്ദ്രമല്ല അഥവാ ക്ഷീരപഥത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ് എന്ന വസ്തുതയാണ് (അപ്പോൾ ഭൂമിയോ!) [4].
അമ്മയായ മാർത്തയുടെ ഇഷ്ട്ടവിഷയം ഗ്രഹണം സാധ്യമാക്കുന്ന ചരങ്ങളിലാണ്. ഇതിൽ നിന്നും വ്യത്യസ്ഥമല്ലാതെ ഗണിതത്തിൽ അതീവ പ്രാവീണ്യം തെളിയിച്ച, സ്വമേധയാൽ ഒരു ഗണിതശാസ്ത്രഞ്ജനായ് അറിയപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ് ലോയ്ഡ് ശേപ്ലി. ബിരുദം ഹാർവഡ് സർവ്വകലാശാലയിൽ നിന്നും നേടിയെങ്കിലും കുറഞ്ഞ കാലം (രണ്ടാം ലോക മഹായുദ്ധ കാലം) സൈനികസേവനം ചൈനയിൽ അനുഷ്ട്ടിച്ചതിനുശേഷം 1953ൽ പ്രിൻസ്ടൻ സർവകലാശാലയിൽ നിന്നും പ്രോഫെസ്സർ ആൽബർട്ട് ടക്കറിനു കീഴിൽ ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കി. യു. എസ്. ആർമി എയർകോർപ്‌സ് ഏർപ്പെടുത്തിയ ബ്രോൻസ് സ്റ്റാർ പുരസ്‌കാരം (1944) , ജോൺ ഫോൺ ന്യൂമൻ പുരസ്‌കാരം (1981) എന്നിവ നോബൽ സമ്മാനത്തിനു പുറമേ നേടിയിട്ടുണ്ട് [5].

അൽ റോത്തിന്റെ ജനനം 1951 ഡിസംബർ 19 നു അമേരിക്കയിലാണ്. 1971 ൽ കൊളംബിയ സർവ്വകലാശാലയിൽനിന്നും ഒപറേഷനൽ റിസർച്ചിൽ ബിരുദം കരസ്ഥമാക്കിയതിനു ശേഷം സ്ടാൻഫട് സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്ന് 1973 ൽ എം എസ് സും 1974 (ഒരുവർഷത്തിനുള്ളിൽ!) പി എച് ഡി യും കരസ്ഥമാക്കി.  ഇല്ലിനോയിസ്, പിറ്റ്‌സ്ബർഗ്, ഹാർവഡ് തുടങ്ങിയ സർവ്വകലാശാലകളിൽ സേവനമനുഷ്ട്ടിച്ചതിനുശേഷം ഇപ്പോൾ സ്ടാൻഫട് സർവ്വകലാശാലയിലാണ്. അമേരിക്കൻ അകടെമി ഓഫ് ആർട്‌സ് ആൻഡ് സയൻസ്, എകൊണോമെട്രിക് സൊസൈറ്റി തുടങ്ങിയവയിൽ ഫെലോ ആയി സേവനമനുഷ്ട്ടിച്ചിട്ടുണ്ട് . നോബൽ സമ്മാനത്തിനു പുറമേ ഗുൻഗ്ഗൻഹേം, ലെൻചെസ്‌റ്റർ, ടി ഡബ്ലിയൂ ശുൽസ് സമ്മാനം തുടങ്ങിയ ലഭിച്ചിട്ടുണ്ട് [6].

പഠനങ്ങളും സംഭാവനകളും

ശേപ്ലി തന്റെ ഗവേഷണം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ അതുല്യ പ്രതിഭയായ ജോൺ ഫോൺ ന്യൂമനിൽ നിന്നുള്ള പ്രചോതനം ഉൾകൊണ്ടിട്ടാണ്. അതിനാൽ തന്നെ ഗയിം തിയറിയിലെ മികച്ച വ്യക്തി എന്ന് റോബർട്ട് ഒമാൻ തന്റെ 2005 ലെ നോബൽ പ്രസംഗത്തിൽ പറഞ്ഞതിൽ അത്ഭുതമില്ല [7]. ശേപ്ലിയുടെ പ്രധാന സംഭാവനകൾ നോക്കുകയാണെങ്കിൽ  'ശേപ്ലി മൂല്യം [8], ബോന്ധരേവ-ശേപ്ലി സിദ്ധാന്തം [9], ശേപ്ലി-ശുബിക് വർഗ്ഗപ്പെരുക്കൾ സൂചിക (പവർ ഇന്‍ഡെക്സ്) [10], ഗയിൽ-ശേപ്ലി അൽഗോരിതം [11], ഓമാൻ-ശേപ്ലി വിലനിർണ്ണയം [12], ശേപ്ലി-ഫോക്മൻ സിദ്ധാന്തം [13], നിരവധി കളികളും അതിന്റെ നിയമങ്ങളും ഫലങ്ങളും (ഉദാ: ക്രമമല്ലാത്ത (stochastic) [14], സമർത്ഥമായ (potential) [15] തുടങ്ങിയ കളികൾ) എന്നിങ്ങനെ നിരവധി പഠനങ്ങൾ നിരത്താവുന്നതാണ് [16]. ഇതിൽ ചില പഠനങ്ങൾ നമുക്ക് പിന്നീട് പരിചയപ്പെടാം.

ശേപ്ലിയുടെ സൈദ്ധാന്തിക അടിത്തറ ഉപയോഗിച്ചുകൊണ്ട് എത്തരത്തിലാണ്  കമ്പോളം വ്യത്യസ്തങ്ങളായ രീതിയിൽ പ്രതികരിക്കുന്നത് അഥവാ കാര്യനിവൃത്തി നടത്തുന്നത് എന്ന പഠനമാണ് അൽ റോത്ത് നടത്തിയത് [17]. അതുവഴി കമ്പോളത്തിന്റെ വിലയിൽ വിഭാവന ചെയ്യാനാകാത്ത പ്രവർത്തനങ്ങളെ പുനരാസൂത്രണംചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് എന്ന്‍  തെളിയിക്കുന്നതിനാണ് റോത്ത് ശ്രമിച്ചത്. ഈ പരിശ്രമത്തിനുള്ള പ്രതിഫലമായിട്ടാണ് 2012 ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനത്തെ നോക്കിക്കാണെണ്ടത്. ഇതിന്റെ സാധ്യതകളെക്കുറിച്ചു നമുക്ക് ലളിതമായി മനസ്സിലാക്കാം.

സഹകരണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിൽ അഥവാ കളികളിൽ ഉണ്ടാക്കപ്പെടുന്ന മിച്ചം ആ കളിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കിടയിൽ സമാനതകളില്ലാത്തവിധത്തിൽ വിഭജിക്കപ്പെടുന്നു, ഇതിനെ ശേപ്ലി മൂല്യം എന്ന് വിളിക്കുന്നു [8]. ഇതിൽ പ്രതിപാദിക്കുന്നത് ക്ലിപ്തമാക്കപ്പെട്ട പ്രവർത്തകരുടെ സഹകരണത്തെയാണ്.

ഉദാഹരണത്തിന് നമുക്ക് കുടുംബശ്രീ പ്രവർത്തനം (ഒരു കളിയായ് ) വിലയിരുത്താം. വീടുകളിലെ മാലിന്യം നീക്കംചെയ്യുന്ന നാല് കുടുംബശ്രീ പ്രവർത്തകരാണെന്നിരിക്കട്ടെ. ഇവരുടെ പ്രവർത്തനം കൂട്ടായ്മയിലൂടെ മാത്രമേ ഫലപ്രാപ്തി കൈവരിക്കുകയുള്ളൂ. അതിനാൽ ഇവർ ചെയ്യുന്ന പ്രവർത്തിയുടെ പ്രതിഫലം ഇവർ വീതിക്കുന്നത് യോജ്യമായ ഒരു തുകയായിട്ടാണ്, ഈ തുകയെ നമുക്ക് ശേപ്ലി മൂല്യം എന്ന് വിളിക്കാം. ഇതിന്റെ പ്രത്യേകത ഒരുമിച്ചു ചെയ്യുന്ന പ്രവർത്തിയുടെ മിച്ചം ചിലർ മാത്രം കൂടുതൽ കൈപറ്റുന്നത്  ഒഴുവാക്കുന്ന ഗണിത പ്രതിവിധിയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനു ഉപോൽബലകമാകുന്നത് കാര്യക്ഷമത, സമതുലനം, അടിറ്റിവിറ്റി മുതലായ മാനദണ്ഡങ്ങളാണ്.

മേൽപ്പറഞ്ഞ കണ്ടെത്തലിൽ നിന്നുള്ള മുന്നോട്ടുപോക്കാണ് മറ്റ്പല സിദ്ധാന്തങ്ങളും. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗയിൽ-ശേപ്ലി അൽഗോരിതം [11]. ഗയിൽ-ശേപ്ലി അൽഗോരിതം മുന്നോട്ടുവക്കുന്നത് തിട്ടപ്പെടുത്താവുന്നതും ഗണാംഗങ്ങൾ തുല്യവുമായ  രണ്ട് ഗണങ്ങൾ തമ്മിൽ പരസ്പരം പൊരുത്തപെടുത്തിയാൽ എല്ലാ ഗണാംഗങ്ങളും സ്ഥിരമായ ഒരു ജോഡി ഉറപ്പിക്കുന്നതാണ്. നമുക്ക് ഇവരുടെ ഉദാഹരണം തന്നെ പരിശോധിക്കാം. പുരുഷന്മാരുടെതും സ്ത്രീകളുടെതുമായ രണ്ടുഗണങ്ങൾ എടുക്കുക. ഓരോഗണത്തിലും പത്ത്  അംഗങ്ങൾ അനുമാനിക്കുക. അങ്ങനെയാണെങ്കിൽ ഓരോപുരുഷനും തങ്ങൾക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ത്രീയോട് ഇഷ്ടം പറയുകയും അവർ അത് സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു. ഇങ്ങനെ പലഉരു എല്ലാവരും എല്ലാവരെയും വിവാഹാഭ്യർത്ഥന നടത്തുന്നതുവരെ കളി ആവർത്തിച്ചാൽ തങ്ങൾക്കിഷ്ട്ടപ്പെട്ടവരെ വിവാഹംകഴിക്കാൻ കഴിയും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബന്ധം സ്ഥിരമായിരിക്കും [18].

യുക്തിയുക്തമായ ഈ സൈദ്ധാന്തികവശത്തെ കമ്പോളത്തിലേക്ക് പരീക്ഷിക്കുക എന്ന അങ്ങേയറ്റം ദുസ്സഹമായ പരീക്ഷണ നിരീക്ഷണങ്ങളാണ് റോത്ത് തന്റെ പഠനങ്ങളിലൂടെ രൂപകൽപന ചെയ്തത്. ഇത് തത്വത്തിൽ ഗയിൽ-ശേപ്ലി യുക്തിയെ കമ്പോള മാതൃകയിൽ സന്നിവേശിപ്പിക്കുകയാണ് പലതരത്തിലുള്ള കമ്പോള പുനക്രമീകരണങ്ങളിലൂടെ റോത്ത് യാഥാർത്യമാക്കിയത് [17]. കേരളത്തിലെ പ്ലസ് വൺ പ്രവേശനം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് സീറ്റ്‌ അല്ലോട്ട്മെന്റ് ഏകദേശം ഈ മാതൃകയുടെ വളരെ അപരിഷ്‌കൃത രൂപമാണെന്ന് വിളിക്കാവുന്നതാണ്.

ശേപ്ലി മൂല്യവും, ഗയിൽ-ശേപ്ലി അൽഗോരിതത്തിന്റെയും മുന്നോട്ടുപോക്കാണ് മറ്റുപല പ്രധാന കളിനിയമങ്ങളും ആവിഷ്‌കരിക്കുന്നത് എന്ന്‍ പറഞ്ഞല്ലോ. ഉദാഹരണത്തിന്  'എല്ലാ സഹകരണ പ്രവർത്തനത്തിനും ഒരു സുകരമായ ഫലം സാധ്യമാണ്' (ബോന്ധരേവ-ശേപ്ലി സിദ്ധാന്തം) [9]; 'അനന്തമായ പ്രവർത്തകരുള്ള സഹകരണ പ്രവർത്തനമോ കളികളിലോ പോലും ശേപ്ലി മൂല്യം നിലനിൽക്കുന്നു, അതിനാൽത്തന്നെ അനന്തമായ പ്രവർത്തകരുള്ള കളികളിൽ ഇവർ ഉണ്ടാക്കുന്ന മിച്ചം നിയതമായി വിഭജിക്കപ്പെടും' (ഓമാൻ-ശേപ്ലി വിലനിർണയം) [12]. 

വാൽകഷ്ണം

ചുരുക്കത്തിൽ ശേപ്ലിയുടെ പഠനവും ആല്‍വിൻ റോത്തിന്റെ പരീക്ഷണങ്ങളും മുന്നോട്ടു വക്കുന്നത് എല്ലാ സഹരണ പ്രവര്‍ത്തനത്തിലൂടെയും കാര്യക്ഷമാമായതും സ്ഥായിയായതുമായ മിച്ചം ഉണ്ടാക്കാൻ സാധിക്കുമെന്നും അവ സഹകരണാടിസ്ഥാനത്തിൽ വീതംവയ്ക്കപ്പെടുമെന്നും, അങ്ങനെയാണെങ്കിൽ ആ വ്യവസ്ഥ സ്ഥായിയായിതന്നെ തുടരും എന്നുമുള്ള ആശയത്തിന്റെ ഗണിത പരിഹാരമാണ്. സഹകരണ പ്രവർത്തനങ്ങൾ (cooperative games) ഇത്തരത്തിൽ മുന്നോട്ട് വക്കുന്നത് ഞാൻ എന്ന വെക്തിയുടെ ഉയർച്ച താഴ്ചകൾ നമ്മൾ എന്ന കൂട്ടത്തോട് കടപ്പെട്ടിരിക്കും എന്ന മുദ്രാവാക്യമാണ്. ഇത് തന്നെയാണ് ആഫ്രിക്കയിലേ ഉബുണ്ടുവും ഉദ്ദേശിക്കുന്നത്. അതിനാൽ നിയോക്ലാസിക്കലുകളും, സയണിസ്റ്റുകളുമാണ് (ഉദാ: ഓമാൻ ) നോബൽ സമ്മാനം കരസ്തമാക്കുന്നതെങ്കിലും ഇത്തവണത്തെ നോബലിനൊരു സാമൂഹിക മാനം തോന്നുന്നില്ലേ? അതിനാലാണ് ഈ കുറിപ്പും.

കുറിപ്പുകൾ

[1] ഉൽപാദന ഉപഭോഗങ്ങളുടെ ക്രയ-വിക്രയങ്ങൾ പൂർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭേച്ചയോടുകൂടി തിരഞ്ഞെടുക്കപ്പെടുന്നു എന്നും, അത്തരം തിരഞ്ഞെടുപ്പുകൾ മാത്രം യുക്തിപൂർണ്ണമെന്നും വാദിക്കുന്ന സാമ്പത്തികശാസ്ത്ര ധാരയാണ് നിയോക്ലാസ്സിക്കൾ സാമ്പത്തികശാസ്ത്രം. ഈ വാദം മുന്നോട്ടുവക്കുന്ന പ്രധാന കമ്പോള ക്രമം വിലയാണ് ചോദനത്തേയും പ്രദാനത്തേയും നിർണ്ണയിക്കുന്നത് എന്നതാണ്.
[8] Shapley, Lloyd S (1953) "A Value for n-person Games". In Contributions to the Theory of Games, volume II, by H.W. Kuhn and A.W. Tucker, (eds.) Annals of Mathematical Studies vol. 28, pp. 307–317, Princeton University Press. ഇതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മറ്റൊരു ലേഖനം Winter, Eyal (2002) “the Shapley Value” In Handbook of Game Theory with Economic Application, Robert Aumann and Sergui Hart (eds.) vol. 3 pp. 2025-2054, Elsevier.
[9] Kannai, Y (1992), "The core and balancedness", in Handbook of Game Theory with Economic Applications, by Robert Aumann and Sergiu Hart (eds.) Volume I, pp. 355–395, Elsevier.
[10] Shapley, Lloyd S and Martin Shubik (1954) “A Method for Evaluating the Distribution of Power in a Committee System, American Political Science Review, vol. 48, pp. 787–792.
[11] Gale, David and Lloyd S Shapley (1962) "College Admissions and the Stability of Marriage", American Mathematical Monthly vol. 69, pp. 9-14.
[12] Aumann, Robert J and Lloyd S Shapley (1974) Values of non-atomic games, Princeton University Press.
[13] ഇതാദ്യമായി അവതരിപ്പിച്ചത് റോസ്സ് സ്റ്റാ ആണ്. Starr, Ross M (1969) “Quasi-equilibria in markets with non-convex preferences”, Econometrica, vol. 37, pp. 25–38.
[14] Shapley, Lloyd S (1953) "Stochastic games", Proceedings of the National Academy of Sciences vol. 39, pp. 1095–1100 അല്ലെങ്കി ഈ ലിങ്കി ക്ലിക്ക്‌ ചെയ്യു http://www.pnas.org/content/39/10/1095.full.pdf
[15] Monderer, Dov and Lloyd S Shapley (1996) "Potential Games", Games and Economic Behavior vol. 14, pp. 124–143.
[16] കളികളെക്കുറിച്ചുള്ള ഈ ലേഖനത്തിലും ഗെയിം തിയറിയുടെ അഡ്വാന്‍സ്ഡ് സ്റ്റേജ് മനസ്സിലാക്കാനും ഉപയോഗിച്ചിരിക്കുന്നത് Auman, Robert and Sergui Hart (eds.) Handbook of Game Theory with Economic Applications, three volumes, Elsevier (ഒന്നാം വാല്യം 1992 ലും രണ്ടാംവാല്യം 1994 ലും മൂന്നാംവാല്യം 2002 പ്രസിദ്ധീകരിച്ചു.)
[17] വ്യത്യസ്തങ്ങളായ ലേഖനങ്ങൾ മാചിങ്ങിനെകുറിച്ച് എഴുതിയിട്ടുണ്ട് അതിൽ ചിലത് താഴെ കുറിക്കുന്നു. Roth, Alvin E (1982) “The economics of matching: Stability and incentives, Mathematics of Operations Research vol. 7, pp. 617-628; Roth, Alwin E (1985) "The College Admissions Problem is not Equivalent to the Marriage Problem". Journal of Economic Theory vol. 36, pp.277–288; Roth, Alwin E and E Peranson (1999) "The Redesign of the Matching Market for American Physicians: Some Engineering Aspects of Economic Design", American Economic Review vol. 89, pp. 748–780; Roth, Alwin E; T Sönmez and M U Ünver (2004) "Kidney exchange" Quarterly Journal of Economics, vol. 119, pp. 457–488.
[18] ഗയിൽ-ശേപ്ലി അൽഗോരിതത്തിന്റെമറ്റൊരു പേര് സ്റ്റേബില്‍ മാരേജ് പ്രോബ്ലം എന്നാണ് അറിയപ്പെടുന്നത്. ഇതിനു കാരണം അവർ ഉപയോഗിച്ച ഉദാഹരണം തന്നെയാണ്.

Saturday, June 30, 2012

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

രാജീവന്‍ കുന്നത്ത് & സിദ്ധീക്ക് റാബിയത്ത്


 ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥി രാഷ്ട്രീയം കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2012 മാര്‍ച്ച് 1ന് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (AISA–ഐസ) ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് യുണിയന്‍ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഐസ വിദ്യാര്‍ത്ഥി യുണിയന്‍ നിലനിര്‍ത്തുന്നത്. മലയാള മാധ്യമങ്ങളും ഇന്ത്യയിലെ ഇതര ഭാഷാ മാധ്യമങ്ങളും തങ്ങളുടെ വാര്‍ത്തകളില്‍ ‘തീവ്ര ഇടതു പക്ഷമായ ഐസ’, യൂണിയന്‍ വീണ്ടും പിടിച്ചെടുത്തെന്നും സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ, അഥവാ എസ്എഫ്ഐ പോലുള്ള ജനകീയ ഇടതുപക്ഷത്തിന്റെ, അന്ത്യം കുറിച്ചുവെന്നുമാണ് തലവാചകങ്ങളായി വായനക്കാരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇത്തരം മാധ്യമ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, തീവ്ര ഇടതുപക്ഷത്തിന്റെ പ്രതിനിധി എന്ന നിലക്ക് ഐസ എത്രത്തോളം തീവ്രമാണ് എന്നതിനെക്കുറിച്ചും, എസ്എഫ്ഐയുടെ പരാജയത്തെക്കുറിച്ചും അഖില വിമല്‍ എഴുതിയ “ജെഎന്‍യുവിലെ വ്യാജബിംബങ്ങള്‍” എന്ന ലേഖനത്തിന്റെ വെളിച്ചത്തില്‍ ചില നിരീക്ഷണങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമാണ് ഈ ലേഖനത്തിന്‍റെ പ്രധാന ഉദ്ദേശ്യം. ഇതോടൊപ്പം തന്നെ, ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പൊതുബോധത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ? ഇടത് രാഷ്ട്രീയത്തിന്റെ പ്രധാന പ്രതിനിധികളായ ഐസയും എസ്എഫ്ഐയും അവരുടെ രാഷ്ട്രീയത്തെ എങ്ങനെയാണ് ക്യാമ്പസില്‍ അടയാളപ്പെടുത്തുന്നത്? വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയം എങ്ങനെയാണ് പ്രസക്തമാകുന്നത് എന്നീ ചോദ്യങ്ങളും അഖിലയുടെ ലേഖനത്തിനു നല്‍കുന്ന മറുപടിയോട് ചേര്‍ത്ത്‌ പരിശോധിക്കേണ്ടതാണ്.
രാഷ്ട്രീയ പൊതുബോധവും ജെഎന്‍യു സമൂഹവും
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അത് ഉയര്‍ത്തിപിടിച്ച സംഘടിത രാഷ്ട്രീയമൂല്യവും വിദ്യാഭ്യാസ മേഖലയുടെയും അതുവഴിയുള്ള സാമൂഹിക മാറ്റത്തിനും ഇണങ്ങുന്ന ചാലക ശക്തിയായി പലപ്പോഴും മാറിയിട്ടുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരം മാറ്റങ്ങള്‍ സുവ്യക്തവുമാണ്. 1960കളില്‍ അമേരിക്കയിലേയും പശ്ചിമ യുറോപ്യന്‍ രാജ്യങ്ങളിലേയും സര്‍വകലാശാലയിലെ സംഘടിത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത് അവിടങ്ങളില്‍ നിലനിന്നിരുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങളുടെ
പശ്ചാത്തലത്തിലാണ്. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കൈക്കൊണ്ട രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക നയങ്ങളുടെ വിരുദ്ധതകളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഇത്തരം വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 1960കളില്‍ ആരംഭിച്ച ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആഗോളതലത്തിലുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പാകപെടുത്തുന്നതില്‍ ചെറുതും
വലുതുമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തന സ്വഭാവവും, രാഷ്ട്രീയ നിലപാടുകളും
രാജ്യങ്ങള്‍ തോറും വ്യത്യാസപെട്ടതാണെങ്കിലും, അതത് രാജ്യങ്ങളില്‍ തനതായ ഒരു ധൈഷണിക സംസ്കാരവും രാഷ്ട്രീയ മുല്യവും വളര്‍ത്തിയെടുക്കുന്നതില്‍ അവക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ജെഎന്‍യുവിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം രൂപപ്പെടുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടയില്‍ ജെഎന്‍യു വ്യത്യസ്തമാകുന്നത് പൊതുവെ വിളിച്ചുവരുന്ന “ജെഎന്‍യു സംസ്കാര”വുമായി ബന്ധപ്പെട്ടാണ്. അഖിലയുടെ ലേഖനം പരാമര്‍ശിക്കുന്നതുപോലെ വിദ്യാര്‍ത്ഥി യുണിയന്‍ തെരഞ്ഞെടുപ്പ്, ജെഎന്‍യു വിദ്യാര്‍ത്ഥി പ്രവേശനം, അത് നിലനിര്‍ത്താന്‍ ശ്രമിച്ച അക്കാദമിക നിലവാരം, ദേശിയ-അന്തര്‍ദേശീയ സംഭവവികാസങ്ങളോട് ജെഎന്‍യു സമൂഹം വെച്ചുപുലര്‍ത്തുന്ന നിലപാട് എന്നിവയെല്ലാം ഉള്‍ചേര്‍ന്നതാണ് ഈ സംസ്കാരം.
1969 നവംബറില്‍ നിലവില്‍ വന്ന ജെഎന്‍യുവിന് രാജ്യത്ത് നിലനില്കുന്ന ഉന്നത വിദ്യാഭ്യാസ രീതിക്ക് ഒരു ബദല്‍പാത ഒരുക്കുക എന്ന ദൌത്യംകൂടി ഉണ്ടായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 22 വര്‍ഷത്തിനു ശേഷം ജെഎന്‍യു നിലവില്‍ വരുമ്പോള്‍, ലക്ഷോപലക്ഷം ഇന്ത്യക്കാര്‍ക്ക് സ്കൂള്‍-കോളേജ് വിദ്യാഭ്യാസം നേടാന്‍ പര്യാപ്തമാകുന്ന അടിസ്ഥാന സൗകര്യം പോലും അന്ന് ഉണ്ടായിരുന്നില്ല. എല്ലാം കൊണ്ടും പിറകോട്ടടിക്കപ്പെട്ട ഇന്ത്യന്‍ ഗ്രാമങ്ങളേയും അവിടുത്തെ ജനതയേയും ഉള്‍കൊള്ളാന്‍ കഴിയുന്നതോടൊപ്പം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായിരിക്കണം ഈ സര്‍വകലാശാലയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന വിവി ഗിരി അഭിപ്രായപ്പെട്ടിരുന്നു. നഗരങ്ങളിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ പ്രവേശനത്തിന് പ്രാമുഖ്യം കൊടുത്തപ്പോള്‍ ഗ്രാമങ്ങളിലേയും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം നേടുന്ന പ്രക്രിയ തടസപ്പെടുത്തിയെന്നും, ഇത് യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും വഴിതെറ്റി ചലിച്ചുവെന്നും അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് വിസി കോശി പറയുകയുണ്ടായി. ഇന്ത്യന്‍ ഭരണവര്‍ഗ ആശയത്തിന്റെ ഭാഗമായി പലപ്പോഴും നിലനിന്ന സര്‍വകലാശാലയുടെ അധികാര ഘടനക്ക് വിരുദ്ധമായ ശബ്ദമായിട്ടാണ് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കാമ്പസില്‍ തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുന്നത്. ഇതോടുകൂടിയാണ് ഇന്ത്യന്‍ സമൂഹം അന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തതും ഏറെക്കുറെ പുരോഗമനപരമായ വിദ്യാര്‍ത്ഥി പ്രവേശന നയം പിന്തുടരാന്‍ പില്‍ക്കാലത്ത് സര്‍വകലാശാലാ അധികൃതര്‍ നിര്‍ബന്ധിക്കപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കായി എണ്ണമറ്റ വിദ്യാര്‍ത്ഥി സമരങ്ങള്‍ സംഘടിപ്പിക്കുകയും 1970 മുതല്‍ 1990 വരെയുള്ള രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയവത്കരണം പാകപ്പെടുത്തിയ ഒരു മണ്ണിന്റെ സ്വാഭാവിക പരിണിതിയായിരുന്നു എസ്എഫ്ഐ നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥി രാഷ്ട്രീയം, അഥവാ അതിന്‍റെ സംസ്കാരം. ഇങ്ങനെ വളര്‍ന്നുവന്ന എസ്എഫ്ഐയുടെ നേതൃനിര ഒരേസമയം തന്നെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ സര്‍വവിധ സ്പന്ദനങ്ങളെ തിരിച്ചറിയാനും, ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഉടലെടുക്കുന്ന എണ്ണമറ്റ വിഷയങ്ങളെ കോര്‍ത്തിണക്കികൊണ്ട് സംവാദാത്മക രാഷ്ട്രീയ ഭൂമിക കെട്ടിപ്പടുക്കാനും വിജയിച്ചവരായിരുന്നു.
ഏത് തരത്തിലുള്ള രാഷ്ട്രീയമാണോ സമൂഹത്തില്‍ മേല്‍കൈ നേടുന്നത്, അത് തന്നെയായിരികും സ്വാഭാവികമായും, പ്രസ്തുത സമൂഹത്തിന്റെ പൊതുബോധ രൂപീകരണത്തില്‍ നിര്‍ണായകമാകുന്നതും. ഇങ്ങനെ നോകുമ്പോഴാണ്, തെരഞ്ഞെടുപ്പും അതിലെ വിജയ-പരാജയവും രാഷ്ട്രീയവത്കരണത്തിന്റെ നിരവധി അളവുകോലുകളില്‍ ഒന്നായിമാറുന്നത്. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടും വിഭിന്നവുമായിരുന്നില്ല എക്കാലത്തേയും ജെഎന്‍യു രാഷ്ട്രീയത്തിന്റെ രൂപീകരണവും.
അഖില ഉയര്‍ത്തുന്ന “2007നു മുന്‍പ്‌ നാമമാത്രമായ ചില പരാജയങ്ങള്‍ ഒഴിച്ചാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്തി സമൂഹം മുഖ്യധാര ഇടതിനോടായിരുന്നു കൂറ് പുലര്‍ത്തിയിരുന്നത്” എന്ന വാദത്തിനോട് ചില വിയോജിപ്പുകള്‍ കൂടി രേഖപെടുത്തേണ്ടതുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം ഉടലെടുത്ത ദേശീയ-അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ ക്യാമ്പസിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ വലിയ രൂപത്തില്‍ സ്വാധീനിച്ചതായി ചില ഘടകങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാം. ഇതില്‍ പ്രധാനമായും ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയര്‍ വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് നേരെ ചൈനീസ് ഭരണകൂടം കൈക്കൊണ്ട നടപടിയും തൊണ്ണൂറുകള്‍ക്കുശേഷം സോവിയറ്റ് റഷയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്കുണ്ടായ തിരിച്ചടിയും ഇന്ത്യയിലെ ഇടതു രാഷ്ട്രീയത്തിനും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും താല്ക്കാലികമായെങ്കിലും മങ്ങലേല്‍പ്പിച്ചിട്ടുണ്ട് എന്നതാണ്. ഇത്തരം തിരിച്ചടികളെ സാധൂകരിക്കുന്ന തരത്തിലുള്ള സൈദ്ധാന്തിക ശ്രമങ്ങളും ആഗോളതലത്തില്‍ തന്നെ രൂപപ്പെട്ടു വരികയുണ്ടായി. ഇതിന് ഉദാഹരണമാണ്, ഫ്രാന്‍സിസ് ഫുകുയാമയും, സാമുവല്‍ ഹണ്ടിങ്ടനും പ്രചരിപ്പിക്കാന്‍ ശ്രമിച്ച ലിബറല്‍ സാമ്പത്തിക ക്രമവും അതിന്റെ രാഷ്ട്രീയ പ്രയോഗങ്ങങ്ങളും. ഇതിന്റെ സാമ്പത്തിക ക്രമത്തിനും രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കുമാണ് ചരിത്രത്തില്‍ ഇനി സ്ഥാനമെന്നും മാര്‍ക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ കാലഹരണപ്പെടുന്നു എന്നുമാണ് ഇവര്‍ പ്രധാനമായും വാദിച്ചിരുന്നത്. ഇതിന്റെ അലയൊലികള്‍ തൊണ്ണൂറുകളില്‍ തന്നെ ക്യാമ്പസിലും ശക്തമായിരുന്നു.
ഇത്തരം പ്രവണതകളെ സാധൂകരിക്കുന്നതാണ് കാമ്പസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മാറിവന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ അഥവാ എസ്എഫ്ഐ-എഐഎസ്എഫ് ഇതര യൂണിയനുകള്‍. അതേസമയം, ക്യാമ്പസിന്റെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ അന്തര്‍ദേശീയ സംഭവ വികാസങ്ങളോടൊപ്പം ക്യാമ്പസിലെ ചില ഘടകങ്ങളെയും കണ്ണിചേര്‍ത്തുകൊണ്ടാണ് മുഖ്യധാരാ ഇടതുപക്ഷത്തിന് ഒരു രാഷ്ട്രീയബദല്‍ വേണമെന്ന പ്രചരണം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി ഐസ മുന്നോട്ടു വച്ചത്, എസ്എഫ്ഐയും എഐഎസ്എഫും പോലുള്ള മുഖ്യധാര ഇടതുപക്ഷ സംഘടനകള്‍ ക്യാമ്പസിലെ സാംസ്കാരിക ബഹുസ്വരതകളെ അവഗണിക്കുന്നു എന്ന മുദ്രാവാക്യമാണ്. എന്നാല്‍ ഈ പ്രചരണങ്ങളെയൊക്കെ തന്നെ രാഷ്ട്രീയമായി നേരിട്ടുകൊണ്ടാണ്‌ 1996 മുതല്‍ വീണ്ടും സംഘടിത ഇടതുപക്ഷം ജെഎന്‍യു രാഷ്ട്രീയത്തില്‍ അവരുടെ ശക്തി തെളിയിക്കുന്നത്.
പാര്‍ടി നിലപാടുകളും വിദ്യാര്‍ത്ഥി സംഘടനകളും
“മുഖ്യധാര ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകള്‍ പല കാലഘട്ടങ്ങളിലും തീവ്ര ഇടതുപക്ഷത്തോടുള്ള ചായ്‌വ് ആയും വോട്ടുകളായും പരിവര്‍ത്തനം ചെയ്തു പോന്നിട്ടുണ്ട്”; “ഐസയുടെ രാഷ്ട്രീയ ശരി നിര്‍ണയിക്കാന്‍ പോന്നതായിരുന്നില്ല 2007ലേയും 2012ലേയും തിരഞ്ഞെടുപ്പ് ഫലം” എന്നു പറയുന്ന അഖിലയുടെ ലേഖനം കുറച്ചുകൂടി വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇത് മനസിലാക്കണമെങ്കില്‍, എങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം തങ്ങളുടെ നയങ്ങള്‍ രൂപീകരിച്ചതെന്നും, ഏതൊക്കെ വിധത്തിലാണ് ആ നയരൂപീകരണങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചലങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പരിശോധിക്കുമ്പോഴാണ്.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ, ജെഎന്‍യു കാമ്പസില്‍ പ്രവര്‍ത്തിച്ചു പോന്നത്. ഇന്ത്യന്‍ സാഹചര്യത്തേയും, അതിന്റെ ചരിത്രപരമായ സവിശേഷതകളെകുറിച്ചും, സിപിഎം നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഇന്ത്യന്‍ ഭരണകൂടം, രാജ്യത്തെ ഉന്നത വര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തും, സാമ്രാജ്യത്വ ശക്തികളോട് വിലപേശിയുമാണ് തങ്ങളുടെ രാഷ്ട്രീയ ആശയം നടത്തിക്കൊണ്ടുപോകുന്നത്.എന്നാല്‍ അങ്ങനെയുള്ള ഒരു ഭരണകൂടത്തിന്റെ ഭാഗമാകുമ്പോള്‍, അകത്തും പുറത്തു നിന്നും ലഭ്യമായ സാധ്യതകളെ ഉപയോഗപ്പെടുത്തിയും സാമൂഹിക മാറ്റത്തിനെ ത്വരിതപ്പെടുത്തുവാന്‍ കഴിയും എന്ന കാഴ്ച്ചപ്പാടാണ് സി പിഎം വച്ചുപുലര്‍ത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിലാളി-കര്‍ഷക ഐക്യത്തിലൂടെ ഒരു ജനകീയ ജനാധിപത്യ വിപ്ലവം ഇന്ത്യയില്‍ സാധ്യമാക്കുക എന്നതാണ് ഭരണകൂടത്തിന്‍റെ ഭാഗമാകുമ്പോഴും സിപിഎം ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടവുമായി അത്തരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുമ്പോള്‍  ചെറുതും വലുതുമായ സങ്കീര്‍ണതകളും വിമര്‍ശനങ്ങളും ഇടതുപാര്‍ടികള്‍ കാലാകാലങ്ങളില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളും സങ്കീര്‍ണ്ണതകളും ജെഎന്‍യു ക്യാമ്പസിലെ തിരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ശക്തിപകരുകയുണ്ടായി.
ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനു സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ടികള്‍ പുറത്തുനിന്നും നല്‍കിയ പിന്തുണ. ഹൈന്ദവ വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുവന്ന ഘട്ടത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം യുപിഎക്ക് ഇടതുപാര്‍ടികള്‍ ഉപാധികളോടെ പിന്തുണ പ്രഖ്യാപിക്കുന്നത്. ഇങ്ങനെ പിന്തുണ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തിലും കോണ്‍ഗ്രസിനു ഇരട്ട മുഖമുണ്ടെന്നാണ് സിപിഎം
വിശ്വസിക്കുന്നത്. അതിലൊന്ന്, അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളോടും ഇന്ത്യന്‍ മുതലാളി വര്‍ഗത്തോടും കോണ്‍ഗ്രസ് കാണിക്കുന്ന അമിത വിധേയത്വമാണെങ്കില്‍, രണ്ടാമത്തേത്, അതിന്റെ മതേതര ജാനാധിപത്യ കാഴ്ചപ്പാടുമായി ബന്ധപെട്ടതാണ്.
ഒന്നാമത്തെ നയവുമായി വിയോജിക്കുമ്പോള്‍ തന്നെ, ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ പുറത്തിരുത്തുന്നതിനു വേണ്ടി കോണ്ഗ്രസിന്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടുമായി ഐക്യപ്പെട്ട് ഒരു ബദല്‍ മുന്നണി സ്ഥപിക്കാം എന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം മുന്നോട്ടു വച്ചത്. കാലഘട്ടം ആവശ്യപ്പെട്ട ഇത്തരം രാഷ്ട്രീയ സാഹചര്യത്തെ വളച്ചൊടിച്ച്, ഇടതു രാഷ്ട്രീയത്തില്‍ നിന്നും സിപിഎമ്മും, എസ്എഫ്ഐയും വ്യതിചലിച്ച് വലതുപക്ഷക്കാരായി എന്ന് പ്രചരിപ്പിക്കാനാണ് ഐസ പോലുള്ള സംഘടനകള്‍ ശ്രമിച്ചത്.ഐസയുടെ ഇത്തരം നയങ്ങള്‍ സൂചിപ്പിക്കുന്നത് ഫാഷിസ്റ്റ്‌ കക്ഷികളെ നേരിടുന്നതില്‍ അവര്‍ എന്നും കൈക്കൊണ്ട മൃദു സമീപനമാണ്. ഉദാഹരണത്തിന്, മണ്ഡല്‍-മസ്ജിദ്‌ വിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യവുമായി മതേതരത്വ ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഭംഗം വരുത്തിക്കൊണ്ട് ഉയര്‍ന്നുവന്ന സംഘപരിവാര്‍ ശക്തികള്‍ പില്‍ക്കാലത്ത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശയങ്ങളേയും ആകത്തന്നെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍തന്നെയാണ് ജെഎന്‍യുവിലും ഹിന്ദുത്വ ശക്തികള്‍ ശക്തിപ്രാപിക്കുന്നത്. അത്തരം ഫാഷിസ്റ്റ്‌ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍, അതിനെതിരെയുള്ള ഇടതു ജനാധിപത്യ പാര്‍ടികളുടെ ചെറുത്തുനില്പിനെ ആലോസരപ്പെടുത്തുകയും വഴിതെറ്റിക്കുവാനുമാണ് “തീവ്ര ഇടതുപക്ഷക്കാര്‍” ശ്രമിച്ചത്.
രണ്ടാമതായി ചെങ്ങറ ഉള്‍പ്പെടെയുള്ള ഭൂകേന്ദ്രീകൃത സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഐസയും ക്യാമ്പസിലെ ചില സ്വത്വരാഷ്ട്രീയ വക്താക്കളും കേരളത്തിലെ ഭൂപരിഷ്കരണത്തെച്ചൊല്ലി ചില കിംവദന്തികള്‍ പ്രച്ചരിപ്പിക്കുകയുണ്ടായി. ഭൂപരിഷ്കരണം കൊണ്ട് കേരളത്തിലെ പാവങ്ങള്‍ക്ക് ഒന്നും നേടാനായില്ലെന്നും, ചെങ്ങറ ഉള്‍പ്പെടെയുള്ള സമരങ്ങളെ ഇടതു സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നു
എന്നൊക്കെയായിരുന്നു  ക്യാമ്പസില്‍ ഇവരുടെ പ്രചരണങ്ങളുടെ പൊരുള്‍. പക്ഷേ, ചരിത്ര
വസ്തുതകളില്‍നിന്നും, ചില യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും, വിഭിന്നമായിരുന്നു ഈ പ്രചരണങ്ങള്‍.
കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും മുന്നില്‍നിര്‍ത്തി, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ജനകീയ സമരങ്ങളിലൂടെ, ഭൂബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നത് വസ്തുതയാണ്. ചില പഠനങ്ങള്‍ തെളിയിക്കുന്നത് പോലെ ഇനിയും പൂര്‍ത്തീകരിക്കപെട്ടിട്ടില്ലാത്ത ഭൂപരിഷ്കരണമായിരുന്നിട്ടു കൂടിയും കേരളീയരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ഭൂപരിഷ്കരണം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. ഭൂമിയെ കേന്ദ്രീകരിച്ച് നിലനിന്ന ജന്മി-നാടുവാഴി വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു കൊണ്ട്, കുടിയാന് ഭൂമിയില്‍ കൈവശാവകാശം കൊടുക്കാനും, കര്‍ഷകത്തൊഴിലാളികള്‍ക്ക് പുരയിടം നിലനിര്‍ത്താനുമുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാനും ഭൂപരിഷ്കരണത്തിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ നിലനില്കുന്ന പ്രത്യേക സാഹചര്യത്തിലും മാറിവന്ന സര്‍ക്കാറുകള്‍
കൈക്കൊണ്ട ഭൂപരിഷ്കരണത്തിലെ വ്യത്യസ്ഥ സമീപനങ്ങള്‍ കൊണ്ടും, ഭൂപരിഷ്കരണം, അതിന്റെ
അടിസ്ഥാന ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിച്ചു എന്നു പറയാനാകില്ല. അതുകൊണ്ടു തന്നെ,
അര്‍ഹതപെട്ട വലിയൊരു ജനവിഭാഗമായ കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍ക്കും മറ്റും ഈ പരിഷ്കരണം കൊണ്ട് കാര്യമായ നേട്ട കൈവരിക്കാനായില്ല. മേല്‍പ്പറഞ്ഞ സാധ്യതകളേയും, വെല്ലുവിളികളേയും കാണാതെയായിരുന്നു ജെഎന്‍യുവില്‍ എസ്എഫ്ഐക്കെതിരെ എതിരാളികള്‍ തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞത്. ബോധപൂര്‍വമായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കാലികമായി വേണ്ടരൂപത്തില്‍ പ്രതികരിക്കുന്നതില്‍ എസ്എഫ്ഐ കാണിച്ച അലംഭാവമാണ്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമാക്കി ഐസ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത്.
മൂന്നാമതായി, ചില സന്ദര്‍ഭങ്ങളില്‍ മൂലധന ശക്തികളോട് സിപിഎമ്മും, എസ്എഫ്ഐയും കാണിച്ച മൃദു സമീപനങ്ങള്‍ എങ്ങനെയാണ് ക്യാമ്പസില്‍ തിരിച്ചടിയായത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സര്‍വകലാശാല അധികൃതര്‍ നെസ്ലെയുടെ ഔട്ട്‌ലെറ്റ് ക്യാമ്പസില്‍ തുടങ്ങാന്‍ എടുത്ത തീരുമാനത്തെ, 2003-04ലെ അന്നത്തെ എസ്എഫ്ഐയുടെ നേതൃത്ത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ എതിര്‍ക്കാതിരുന്നത് ഒട്ടേറെ വിമര്‍ശനങ്ങളെ വിളിച്ചുവരുത്തി. ജെഎന്‍യുവിന്റെ പൊതുസ്വഭാവമായ ധാബ സംസ്കാരത്തെ തുരങ്കം വച്ച് വിദേശ കുത്തകകള്‍ക്ക് കയറിവരാനുള്ള ഇടം ഒരുക്കി കൊടുക്കുകയാണ് എസ്എഫ്ഐ എന്ന്, ഐസ ആരോപിച്ചു. ഐസയുടെ ഭാരവാഹിയും
യുണിയന്‍ അംഗവുമായ മോണാദാസ് കൂടി അംഗീകരിച്ച് ഒപ്പിട്ട തീരുമാനമായിരുന്നു ഇത് എന്നായിരുന്നു എസ്എഫ്ഐയുടെ മറുവാദം. എന്നാല്‍ ഇതുകൊണ്ടൊന്നും നേരിടാന്‍ പര്യാപ്തമായിരുന്നില്ല അന്നത്തെ യൂണിയനെതിരെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഷേധം. വിദ്യാര്‍ത്ഥി സമൂഹം തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിച്ച മറ്റൊരു വിഷയമായിരുന്നു സിംഗൂരിലും നന്ദിഗ്രാമിലും ഇടതുമുന്നണി സ്വീകരിച്ച നയങ്ങള്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാന്‍ പറ്റാത്ത രൂപത്തില്‍ സങ്കീര്‍ണമായ ഈ വിഷയത്തെ, രാഷ്ട്രീയമായി മുതലെടുത്തു മുന്നോട്ടു പോകാന്‍ ഐസക്കു കഴിഞ്ഞു. ഇതൊരു തുറുപ്പുചീട്ടായി പില്‍കാല തിരഞ്ഞെടുപ്പുകളില്‍ അവര്‍ പ്രയോഗിക്കുകയുണ്ടായി. ഇവയൊക്കെയാണ് പ്രധാനമായും എസ്എഫ്ഐയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍.
മുകളില്‍ സൂചിപ്പിച്ച സിപിഎം-എസ്എഫ്ഐ ബന്ധത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഐസയുടെയും അതിന്റെ മാതൃസംഘടനയായ സിപിഐഎംഎല്ലും തമ്മിലുള്ള രാഷ്ട്രീയ ബന്ധം. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ
പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ ദൗര്‍ബല്യവും. അഖില സൂചിപ്പിച്ചതുപോലെ “മുഖ്യധാര ഇടതിന്റെ അഭിപ്രായങ്ങള്‍ ദേശീയമായി ചര്‍ച്ചചെയ്യപ്പെടുന്നതു കൊണ്ട് അതിന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിച്ച്, സ്വതന്ത്ര സംഘടന എന്ന നിലക്ക് മറിച്ച്
തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോയത് ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
ചിന്തിക്കുമ്പോള്‍ എസ്എഫ്ഐ/എഐഎസ്എഫ് സംഘടനാ പരാജയമാണ്” എന്ന നിരീക്ഷണം
മുകളില്‍ ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തതമാകുന്നതാണ്.
എസ്എഫ്ഐ-എഐഎസ്എഫ് പോലുള്ള സംഘടനകള്‍ അതിന്റെ മാതൃ പാര്‍ടികളുടെ നയ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കാമ്പസിലെ സവിശേഷ സാഹചര്യങ്ങളെ കോര്‍ത്തിണക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തെയാണ് വിദ്യാര്‍ത്ഥി സമൂഹം പ്രതീക്ഷിക്കുന്നത്. മുഖ്യധാരാ ഇടതുപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടപെട്ടുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ നിരന്തരവും അടിയന്തിരവുമായ ആവശ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും, ഒരു പരിധി വരെ അവ നേടിയെടുക്കാനും, അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യധാര ഇടതുപാര്‍ടികള്‍ നടത്തുന്ന പുരോഗമനപരവും സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവുമായ രാഷ്ട്രീയ പ്രവര്‍ത്തന രീതിയോടാണ്‌ എസ്എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഐക്യപ്പെടേണ്ടത്. ഈ ഐക്യപ്പെടലുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അത്തരം
പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ വരുത്തുന്ന നയ വ്യതിയാനത്തെ ആശങ്കയോടും വിമര്‍ശനത്തോടും വീക്ഷിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ബോധമാണ് വര്‍ത്തമാന കാല വിദ്യാര്‍ത്ഥി സമൂഹം ആവശ്യപ്പെടുന്നത്.
മുകളില്‍ സൂചിപ്പിച്ച സാധ്യതകളെ രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടി നേരിടുമ്പോഴാണ് “ജെഎന്‍യുവിനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മിനിയേച്ചര്‍ പതിപ്പായി കാണുന്ന ഗൃഹാതുരത്വ”ത്തെ ലേഖിക ഉദ്ദേശിക്കുന്നതുപോലെ ചോദ്യം ചെയ്യാന്‍ കഴിയുന്നത്. ഇന്ത്യയിലെ വര്‍ഗവും, വര്‍ണവും, ഭരണകൂടവും പലപ്പോഴും അസാധ്യമാക്കിയ ഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസ അവകാശങ്ങളെ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ സാധ്യമാക്കാം എന്ന് തങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന്‍റെ നാളുകളിലൂടെ തെളിയിച്ചവരാണ് ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ത്ഥി യൂണിയനുകള്‍. അതുകൊണ്ട് തന്നെ, “ഗൃഹാതുരത്വം” എന്ന് എളുപ്പത്തില്‍ ചുരുക്കിക്കളയാവുന്ന രാഷ്ട്രീയ ഇടമല്ല, ഇപ്പോഴും ജെഎന്‍യുവും അതിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.

ഗ്രന്ഥ സൂചി
Albach, Philip G (2003) “Student Movement and Association”, in JBG Tilak (ed.) Education, Society, and Development: National and International Perspective, NIEPA: New Delhi.
CPI(M), (1968) Ideological Resolution, adopted by the central plenum of the CPI(M) held at Burdwan, April 5-12
CPI(M), (1992) “Resolution on Certain Ideological Issues”, adopted by the 14th Congress of the CPI(M) held at BT Ranadive Nagar, Madras, January 3-9.
Koshy, V C (1973) “Jawaharlal Nehru University: A Model University?: Perspective and Ideal”, Social Scientist, 2 (2).
Karat, Prakash (1975) “Student Movement at Jawaharlal Nehru University”, Social Scientist, 3 (10).
JNUSU (2004) “30 Years in Diffence of Progressive Democratic and Secular Culture”, Souvenir, JNU: New Delhi
Huntington, Samuel P (1998) “The Clash of Civilizations and the Remaking of World Order”, Penguin: New York
Fukuyama, Francis (1992) “The End of History and The Last Man”, Penguin: New York
Ramachandran, V K (1997) “On Kerala’s Development Achievements”, in Jean Dreze and Amartya Sen (ed.) Indian Development: Selected Regional Perspectives, Oxford University Press: New Delhi
പണിക്കര്‍, കെ എന്‍ (2005) ഫാഷിസത്തിന്റെ നാളുകള്‍, ഒലിവ്‌ ബുക്സ്‌, കോഴിക്കോട്‌.
ഗ്രെവാള്‍, പി എം എസ്, മുതലായവര്‍ (2010) “മാവോയിസം: ഇടതുപക്ഷത്തില്‍ നിന്നൊരു വിമര്‍ശനം”, ചിന്ത, തിരുവനന്തപുരം
ഇളയിടം, സുനില്‍ പി (2010) “സ്വത്വം, സ്വത്വരാഷ്ട്രീയം, ഇടതുപക്ഷം”, സ്വത്വ രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം, മാവോയിസം: ഒരു ഇടതുപക്ഷ വായന” എന്ന പുസ്തകത്തില്‍ നിന്നും, ആഗോളവാത്കരനത്തിനെതിരെ ജനങ്ങള്‍: കോഴിക്കോട്‌
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്‌, “കേരളത്തിലെ ഭൂവിനിയോഗവും വികസനവും”, തിരുവനന്തപുരം

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.
(മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ലേഖനം, ലേഖകരുടെ അനുമതിയോടെ ദില്ലിപോസ്റ്റില്‍  പ്രസിദ്ധീകരിച്ചത്  ഇവിടെ കാണാം http://dillipost.in/2012/05/15/importance-of-jnu-struggles/)

Saturday, June 9, 2012

Anger

മുഹൂര്‍ത്തവും കാലവും കോലവും വകവയ്ക്കാതെ
യാത്രയുടെ പ്രശുബ്ദതയെ നിങ്ങള്‍ പരിഹസിച്ചു
അതെ അങ്ങനെയുള്ളവര്‍ യവനികയ്ക്ക് പിന്നിലിരിക്കട്ടെ
അവര്‍ മുഖ്യധാരാ നാട്യങ്ങള്‍ക്ക് ശത്രുക്കളാണ്

ക്രോധം എന്നത് ഒരു വികാരപ്പെടലാണെങ്കില്‍
വികാരപ്പെടലുകള്‍ നഷ്ടമാക്കുന്നതെന്ത് ?
കോല് ചര്‍ദ്ദിച്ച വിഷമജ്വരത്തിന്റെ തുള്ളികള്‍
തെറിപ്പിച്ചു കളഞ്ഞത് ഏത് വികാരപ്പെടലിനെ ?

തെറിച്ച തുള്ളികള്‍ മുറിച്ചുമാറ്റിയതോ
ഒരുപിടി വിചാരങ്ങളുടെ വേലിയേറ്റവും
അപ്പോഴും തെറിച്ചു തുപ്പാന്‍ മറ്റൊരു
വികാരപ്പെടലിനടിമയാകാതെ ക്രോധം!

ആരോ പറഞ്ഞ വാക്കുകളില്‍ അസ്ഥിയില്‍ കുത്തുന്ന
മേധസിന്റെതോ അല്ലെങ്കില്‍ അശുദ്ധ രക്തത്തിന്റെ
കുതിപ്പോ ആണ് പൊട്ടിയൊഴുകുന്ന ഒഴുക്കില്ലാത്ത ആ വികാരം

അവരപ്പോള്‍ വിധികല്പ്പിച്ചത്
അതിനാല്‍   അതുവരെ ജീവിച്ചവന്‍ യവനികയ്ക്ക് പിന്നിലായെന്ന സത്യമാണ്
അതെ അവന്‍ യവനികയ്ക്ക് പിന്നിലാണ്

Friday, April 20, 2012

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

സിദ്ദിക്ക് റാബിയത്ത് & ഹമീദ സികെ

1999 ആഗസ്റ്റ് 1ന് വരമൊഴി ഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും‍ അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയുമാണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗിക രേഖ. പിന്നീട് 2002ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതു കൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണ ഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു. വിശ്വപ്രഭ: [1]

I

ടുത്ത കാലത്ത് ‘കേരളപാണിനീയം’ ഇന്റര്‍നെറ്റ്‌ പതിപ്പ്‌ വായിച്ചപ്പോള്‍ വല്ലാത്ത ആനന്ദം തോന്നി. ഒരുപക്ഷേ ഈ ആനന്ദത്തിന് കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോഗ്‌ എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഉപയോഗിച്ച ഗൂഗിള്‍ ബ്ലോഗ്സ്പോട്ടിന്‍റെയും, ട്രാന്‍സ്ലേറ്ററിന്‍റെയും ഭംഗിയില്ലയ്മ കൊണ്ട് കരിന്തിരികത്തിയ പല എഴുത്തിനേയും കുറിച്ചോര്‍ത്തായിരിക്കാം. അന്ന് മലയാളം കീ ബോര്‍ഡില്‍ അത്ര പ്രാവീണ്യം നേടിയിരുന്നില്ല എന്നത് കൊണ്ടുമാകാം. എന്നാല്‍ ഇന്നിപ്പോള്‍ ഏറെക്കുറെ വൃത്തിയായി യൂണികോഡ് ഉപയോഗിച്ചു എഴുതാന്‍ സാധിക്കുന്നുണ്ട്. ഇത് മുന്‍പ്‌ പ്രൊഫഷണലായി മലയാളം കൈകാര്യം ചെയ്തവര്‍ക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു. ഇതില്‍ നിന്നും ആര്‍ക്കും ‘മംഗ്ലീഷ്’ മാതൃകയില്‍ മലയാളം കമ്പ്യൂട്ടര്‍ പ്രതലത്തില്‍ എത്തിക്കാന്‍ കഴിയുന്നതിലേക്കുള്ള യാത്രയും ദൂരവും സങ്കീര്‍ണമായിരുന്നു. ഇത് സാധ്യമാക്കിയത് യൂണികോഡെന്ന നൂതന വിവര സാങ്കേതികവിദ്യയുടെ ഫലമായിട്ടാണ്. അങ്ങനെയാണ് മലയാള പുസ്തകങ്ങളും, ലേഖനങ്ങളും വിജ്ഞാനകോശങ്ങളും സ്വദേശ-വിദേശ മലയാളികള്‍ക്ക് വിരല്‍തുമ്പില്‍ പ്രാപ്യമാകുന്നതും. അതുകൊണ്ടാണ് ‘കേരളപാണിനീയ’ത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പു വായിച്ചപ്പോള്‍ ആനന്ദം തോന്നിയെന്നു പറഞ്ഞത്. കാരണം മലയാള അച്ചടി പ്രസിദ്ധീകരണങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് അപ്രാപ്യമാകുമ്പോള്‍ ‘സൈബര്‍ ഇടങ്ങളിലെ’ മലയാളം ഐ-മലയാളികള്‍ക്ക് [2] ഒരാശ്വാസമാകുകയായിരുന്നു. ഈ ‘ഐ-മലയാളി’ രൂപപ്പെടുന്നതിന് ചുക്കാന്‍ പിടിച്ചത് ആഗോളീകരണത്തിന്റെ ഭാഗമാണെന്ന് നാം ഒളിച്ചും തെളിച്ചും പറഞ്ഞ മലയാളി സാങ്കേതിക വിദഗ്ദരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.

തൊണ്ണൂറുകളിലെ മലയാളികളുടെ പൊതുധാരണയായ ‘കമ്പ്യൂട്ടര്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്ത്വ -അധിനിവേശത്തിന്റെ പുതിയരൂപം’ [3] എന്ന സങ്കല്പം മാറ്റി സാങ്കേതിക വിദ്യ അധിനിവേശത്തിനെതിരെ ഉപയോഗിക്കപ്പെടാവുന്ന ശക്തമായ ആയുധമാണെന്ന് പല സമീപകാല ചരിത്രങ്ങളിലൂടെയും നമ്മെ ഓര്‍മിപ്പിക്കുന്നു [4]. ഇത്തരം സാഹചര്യത്തില്‍ ഇന്റെര്‍നെറ്റ് എന്ന സാങ്കേതിക മണ്ഡലം സ്വദേശീജാഗരണത്തിനു വേണ്ടിയുള്ള ഉപാധിയാക്കിയത് കാലം മാറ്റിയ ചരിത്രത്തിന്‍റെ തിരുത്തലായി വേണം സാക്ഷ്യപ്പെടുത്താന്‍ [5]. ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച അപ്രാപ്യത എന്ന ഭൗതിക തടസത്തിനെ വെര്‍ച്ച്വല്‍ ഇടത്തിലൂടെ (virtual space) ഒരു തനതായ ‘മലയാളീ ഇടം’ നിര്‍മിച്ചുകൊണ്ട് ഐ-മലയാളികള്‍ക്ക് പ്രാപ്യമാക്കുന്നത്. ഇതിനെ മനസിലാക്കേണ്ടത്, ‘പുതു മണ്ഡലങ്ങള്‍’ നിര്‍മിക്കുന്ന വാര്‍പ്‌മാതൃകകള്‍ അച്ചടിമാധ്യമങ്ങളിലൂടെ സാധ്യമാക്കിയ മലയാളി പൊതുമണ്ഡലത്തിന്റെ വ്യപ്തിയെക്കാളും വലുതായിരിക്കും എന്ന വസ്തുതയിലൂടെയാണ്. ഇത്തരം സാധ്യതകളുടെ ആഴം മനസിലാക്കണമെങ്കില്‍ കൂടുതല്‍ സൂക്ഷ്മമായ വിവരണം തന്നെ വേണ്ടി വരും. വിവരണത്തിന്‍റെ എളുപ്പത്തിനായി ലേഖനത്തെ പല വിഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്‌. ആദ്യമായി ലിപിവിദ്യയുടെ പരിവര്‍ത്തനത്തിന്റെ ഒരു ചെറിയ ചരിത്രത്തിലൂടെ നമുക്ക് മുന്നേറാം.

II

മനുഷ്യ ചരിത്രം പഠിക്കുമ്പോള്‍, പ്രത്യേകിച്ചും മാനവ സംസ്കാരത്തിന്റെ വളര്‍ച്ചയെകുറിച്ച് പഠിക്കുമ്പോള്‍, ഊന്നിപറയുന്ന ഒന്നാണ് കടലാസിന്റേയും അച്ചടിവിദ്യയുടേയും കണ്ടെത്തലുകള്‍. ഈ കണ്ടെത്തലുകള്‍ മൂലം മനുഷ്യരാശി അന്നു വരെ നേടിയ അറിവിന്റെ സംഭരത്തേയ്യും അതിനെ തനിരൂപത്തില്‍ പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന പക്രിയയേയ്യും ദ്രുതവേഗത്തിലാക്കി. ഇതിന്‍റെ പരിണിതി, വാമൊഴി വ്യവസ്ഥയില്‍ കടന്നുകൂടിയ നിരവധി പെരുപ്പിച്ചു കാട്ടലുകളെ ഇല്ലാതാക്കി എന്നതാണ്. അതുവഴി അറിവിനെ ശാസ്ത്രീയവത്കരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ഉപാധിയാണ് തുറക്കപ്പെട്ടത്. ഈ പ്രക്രിയ അറിവിന്‍റെ വിസ്ഫോടനത്തിനു തന്നെ വഴിതെളിച്ചു. ഇത്രയും മാറ്റങ്ങള്‍ സാധ്യമാക്കിയത് കുറഞ്ഞ ഒരു കാലയളവു കൊണ്ടല്ല. പകരം സ്ഥലകാല ബന്ധനത്തിന്റെ നൂറ്റാണ്ടുകളുടെ പരിവര്‍ത്തനത്തിലൂടെയാണ്.

ഈ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായാണ് ആധുനിക ഇന്റര്‍നെറ്റ്‌ യുഗം പിറക്കുന്നത്. അത് നമുക്ക് പുതിയ മാധ്യമങ്ങളുടെ വിശാലമായ ചക്രവാളം അസ്പര്‍ശ്യമായ ബൈനറി വ്യവഹാരങ്ങളിലൂടെ [6] തുറന്നു തരികയാണ് ചെയ്തത്. ഇത് സാധ്യമാക്കിയത് സൈബര്‍ പുതു ഇടങ്ങള്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-ഭാഷാ-സാംസ്കാരിക രംഗങ്ങള്‍ക്ക് സംവദിക്കാനുള്ള പരിസരം പ്രധാനം ചെയ്തു കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാധ്യമായ/ക്കിയ ഈ പരിസരം മനുഷ്യരാശിയില്‍ തന്നെ തങ്ങളുടെ ഭൗതിക ഇടങ്ങള്‍ക്കും, സാന്നിധ്യത്തിനും നിയതമായ ഒരു സ്ഥലത്തിന്റെയോ ഭൗതിക അതിര്‍ത്തിയുടെയോ കെട്ടുപാടുകളുടെയോ നിരാകരണത്തിലൂടെയാണ്.

ഇങ്ങനെയുള്ള സഞ്ചാരം ലോകത്തുള്ള വിവിധ ഭാഷാ ദേശ സംസ്കാരങ്ങളില്‍ സംഭവിച്ചപ്പോള്‍ ഈ പുതുഇടം മലയാളികള്‍ എങ്ങനെ തങ്ങളുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുടെയും കേന്ദ്രമാക്കി വളര്‍ത്തി എന്നത് ഒരു അന്വേഷണത്തിന് തക്കതായ വിഷയമാണ്. ഇതിനെ അന്വേഷിക്കുമ്പോള്‍ പുതിയ പരിസരം എങ്ങനെയാണ് അതിന്റെ എഴുത്തു വിദ്യ എന്ന മാധ്യമത്തിലൂടെ അച്ചടി-കടലാസ് മുതലായ സ്പര്‍ശന മാധ്യമത്തില്‍ ഒതുങ്ങി ഇടുങ്ങിയ ചര്‍ച്ചകളെ ജനകീയവത്കരിച്ചത് എന്നത് പ്രസക്തമാകുന്നു. ജനകീയവത്കരിച്ചു എന്ന് പറയുമ്പോള്‍ ഉടന്‍ നമുക്കതിനെ ‘എത്രത്തോളം’ അല്ലെങ്കില്‍ ‘ആരാണ് ഇതിലെ ജനങ്ങള്‍’ എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കാം. പക്ഷെ ലേഖനം പറയാന്‍ ഉദ്ദേശിക്കുന്നത് ‘ഉപയോഗിക്കാന്‍ സാധ്യതയുള്ള/കഴിവുള്ള’ (access) എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ നിരുപാധികം, നിര്‍ലോഭം പ്രകടിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ ഇതിനെ ജനകീയമെന്നുവിളിക്കാം എന്ന വ്യാഖ്യാനത്തിലാണ്. ഈ വ്യവഹാരങ്ങള്‍ സാധ്യമാക്കിയതിലൂടെ മലയാളി സംവാദങ്ങളുടെ ഇടങ്ങളെ വികസിപ്പിച്ചവരെ കുറിചാണ് ഈ ലേഖനം.

III

ഇവിടെ അന്വേഷിക്കപ്പെടുന്നത് എങ്ങനെയാണ് മലയാള ഭാഷ വെല്ലുവിളി നേരിട്ടിരുന്നപ്പോള്‍ (മലയാളഭാഷയെക്കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന വാദം പ്രബലമായിരിക്കുന്ന സമയത്ത്) [7] ഇന്റര്‍നെറ്റ് ഭാഷയ്ക്ക് ഒരു സഞ്ജീവനിയാകുന്നത് എന്ന ചോദ്യമാണ്. ഇത് പ്രസക്തമാക്കുന്നത്, ഇങ്ങു ദില്ലിയിലും അതുപോലെ തന്നെ കേരളത്തിനകത്തും പുറത്തും “മലയാളം മരിക്കുന്നത് ആധുനീക സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെയാണ്, പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ” എന്ന വാദം കൊടുമ്പിരികൊള്ളുമ്പോള്‍ തന്നെയാണ്. ഈ വാദം മുന്നോട്ടു വയ്ക്കുന്നത് ഭാഷയുടെ സഞ്ജീവനി കൂട്ട് നിര്‍മിക്കുന്നത്/നിര്‍മിച്ചത്‌ വ്യാകരണ വിശേഷങ്ങളുടെ പുതിയ പരിസ്ഥിതി നിര്‍മിച്ചിട്ടല്ല പകരം ലിപിയുടെതന്നെ സൃഷ്ടിയിലൂടെയാണ് എന്നാണ്. അതിലേക്കു അന്വേഷിക്കുമ്പോള്‍, ഇ-ലോകത്തിലേക്കുള്ള [8] മലയാളിയുടെ, എഴുത്ത് ഭാഷയുടെ, കാല്‍വയ്പ് സാധ്യമാക്കുന്നത് മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇടംപിടിക്കുതോടെ ആണെന്ന് മനസിലാക്കാം. ഇതു വഴി ജ്ഞാനനിര്‍മിതിയുടെ, അല്ലെങ്കില്‍ അതിന്റെ സംരക്ഷണത്തിന്റെ പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നില്‍ തുറന്നു വച്ചെതെന്നും കാണാം.

ഇതിന്റെ പ്രാധാന്യം മനസിലാകുന്നത് മലയാളത്തിന്റെ വ്യാപനം ഒരു പ്രത്യേക ഭൌമ അതിര്‍ത്തിക്കുള്ളിലോ അച്ചടിമാധ്യമങ്ങളിലൂടെയോ മാത്രം ചുരിങ്ങിപ്പോകുന്ന അവസ്ഥയില്‍നിന്നും, വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പുതിയ രൂപമാണിത് എന്നവസ്തുതയെ കാണുമ്പോഴാണ്. അതിര്‍വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെല്ലാം ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്. [9].

എന്നാല്‍ ഈ മാറ്റം സാധ്യമാക്കിയ ചിലരെ ഓര്‍ക്കാതെയോ, അറിയാതെയോ പോകുന്നതു വഴി രചനാ സുഖത്തില്‍ അലിഞ്ഞില്ലതാകുന്നത് ഒരു ചരിത്രവും അതിനു കൂട്ടായിരുന്ന ചില രേഖകളുമാണ്. ഇങ്ങനെ ലീനമായിപ്പോകുന്നവരെക്കുറിച്ചും, ഇവര്‍ നമുക്കും, ഭാവിചലനങ്ങള്‍ക്കും എങ്ങനെ അവരുടെ ബൈനറി വ്യവഹാരങ്ങളിലൂടെ, ഭാഷയുടെ, അതുവഴി സംസ്കാരത്തിന്റെ തന്നെ, ലിഖിതരൂപങ്ങളെ തൂലികയുടെയും കടലാസിന്റെയും ലോകത്തു നിന്നും പകര്‍ന്നെടുത്ത് ഈ-ലോകത്തേക്ക് സന്നിവേശിപ്പിച്ചു എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

IV

ഇന്ന് ക്ലൗഡ്‌ കമ്പ്യൂട്ടിങ്ങിന്റെ [10] കാലത്ത് ഭാഷയെ അതിന്റെ ലിഖിത രൂപത്തിന്റെ ആധുനീക പ്രതലമായ കടലാസ്-പേനയില്‍നിന്നും ഈ-ലോകത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ആദ്യ പരിശ്രമങ്ങള്‍ തൊണ്ണൂറുകളില്‍ തന്നെ ആരംഭിച്ചിരുന്നു. യാഹൂ ഗ്രൂപ്പുകളിലും, ഫെയ്സ്ബുക്കിലും, ഗൂഗിള്‍ ഇടങ്ങളിലും മറ്റു സൈബര്‍മീഡിയയിലും അതുവഴി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലും ഒരു വലിയ പങ്ക് വരെ വഹിക്കാന്‍ കഴിയുന്ന തലത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ രചനാ മാതൃകയുടെ സൃഷ്ടാക്കള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. ഇവരുടെ വിപ്ലവ സൃഷ്ടികള്‍ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീകരിച്ചു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ബൈനറി വ്യവഹാരങ്ങളില്‍ അക്ഷരങ്ങളുടെയോ ലിപികളുടെയോ ആദ്യഭാഷാ ഭാവമായി ഇന്ത്യന്‍ ഭാഷയായി ആദ്യമായി കമ്പ്യൂട്ടറില്‍ എത്തുന്നത് മലയാളമാണ്. ഇത് ഹിന്ദി അക്ഷരമാല ഉള്ള കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ തുടങ്ങുന്നതിനും മുന്‍പ് തന്നെ കെജി നാരായണന്‍നായരും, എന്‍പി ചന്ദ്രകുമാറും ചേര്‍ന്ന് 1986 മേയ്‌ മാസത്തില്‍ തന്നെ മലയാളത്തെ കമ്പ്യൂട്ടര്‍ ലോകത്തിന്റെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഭാഷയായി കൈപിടിച്ചുയര്‍ത്തി. അതിനാല്‍ ഇവരെ നമുക്ക് സൈബര്‍ മലയാളത്തിന്‍റെ രചയിതാക്കള്‍ എന്ന് വിളിക്കാം.

ഐ-മലയാളികളും മലയാള ഇന്റെര്‍നെറ്റ് വിപ്ലവവും, മലയാളികളും സൈബര്‍ ഇടത്തില്‍ ‘അങ്കിള്‍’ എന്ന അപരനാമമുള്ള ചന്ദ്രകുമാറിനോട് ഇതിനാല്‍ കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ആദ്യകാല മലയാളം ബ്ലോഗര്‍മാരിലൊരാള്‍ ആകുന്നതും അതിനാല്‍ യാദൃശ്ചികമല്ല. 1986ല്‍ ഇതിനെക്കുറിച്ച്‌ മാതൃഭൂമി ദിനപത്ത്രത്തില്‍ മേയ്‌ 18നു ഒരു വാര്‍ത്തയും വരികയുണ്ടായി (താഴെയുള്ള വാര്‍ത്ത കാണുക). അന്ന് മാതൃഭൂമി പറഞ്ഞത് ദൂരദര്‍ശനായിരിക്കും ഈ കണ്ടുപിടുത്തം കൊണ്ടുള്ള പ്രയോജനം എന്നാണ്. എന്നാല്‍ അത് മലയാളത്തിന്‍റെ തന്നെ പുനര്‍ജീവനു പുതിയ മാനം നല്‍കിയ മുഹൂര്‍ത്തമായിരുന്നു എന്ന് കാലം തെളിയിച്ചു. കൃത്യം പത്തു വര്‍ഷത്തിനു ശേഷം ടോണി തോമസ്‌ തന്റെ മുന്‍ഗാമികള്‍ക്ക് പിന്നേ നടന്ന് മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. അപ്പോഴേക്കും ചരിത്രവും അതിലെ മലയാള ഭാഷയും പുതിയ ഉയരങ്ങളിലേക്ക് നാള്‍ക്കു നാള്‍ മുന്നേറികൊണ്ടിരുന്നു. നവ-മലയാള ഭാഷയുടെ പുനര്‍ജീവനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കേണ്ട സമയമാണിതെന്ന് കൂടി പറയാന്‍ തോന്നുമ്പോള്‍ ചരിത്രം യാദൃശ്ചികമല്ലെന്നും ഈ കുറിപ്പ് കുറച്ചു താമസിച്ചോ എന്ന സംശയവും ബാക്കിയാകുന്നു.

V

ഇന്നത്തെ ക്ലൗഡ് കമ്പ്യൂട്ടിംഗ് മാതൃകയ്ക്ക് മുന്‍പു തന്നെ മലയാളം സൈബര്‍ സ്പേസില്‍ ഇടം പിടിക്കുന്നതിനു ‘മലയാളം’ എന്ന ലിപി ബൈനറി മാതൃകയില്‍ വികസിപ്പിക്കേണ്ടിയിരുന്നു. ഇതിന്റെ മുന്നോടിയായി ആളുകള്‍പറഞ്ഞു പരത്തിയിരുന്നത് കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷ് ആണെന്നും മറ്റുഭാഷക്ക് എളുപ്പത്തില്‍ ആജ്ഞകള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ്. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ടാണ് മലയാളി സാങ്കേതിക വിദഗ്ദര്‍ ഈ സംരഭത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഇതിന്റെ ആദ്യപടി അക്ഷരങ്ങളുടെ നിര്‍മിതിക്കുള്ള ബൈനറി സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതായിരുന്നു. ഇതിലേക്കായി വിന്‍ഡോസിനു വേണ്ടി നിഷാദ്‌ കൈപ്പള്ളി [11] ‘യഥാര്‍ത്ഥ മലയാള ഭാഷ അച്ചടി ലിപി’ (Malayalam Language True Type Font) [12] എന്നൊരു ലിപി വ്യവസ്ഥ 1991ല്‍ രൂപകല്‍പന ചെയ്തു [13]. ഇതാണ് അറിയപ്പെടുന്ന ആദ്യത്തെ മലയാളം പ്രൊഫഷണല്‍ ലിപി. എന്നാല്‍ ട്രൂ റ്റൈപ്പ് ഫോണ്ടുകള്‍ ആപ്പിള്‍ മാക് 7നിലോ, വിന്‍ഡോസ്‌ 3.1ലോ മാത്രം യോജ്യമായതിനാലും ഈ രണ്ട് കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളും [14] വളരെ വിലപിടിച്ചതായതിനാലും ഇതത്ര ജനകീയമായില്ല. ഇതിനെ തുടര്‍ന്ന് ജനകീയ മലയാളം ലിപി രൂപകല്പനയ്ക്കായുള്ള ശ്രമം തുടങ്ങുകയായി. ഇതിന്റെ ഭാഗമായി American Standard Code for Information Interchange (ASCII/ആസ്കി) സ്കീമില്‍ [15] മലയാളം ഫോണ്ട് നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതില്‍ വിജയകരമായി കേരള ഫോണ്ട് എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിന്റെ ക്രെഡിറ്റ്‌ ടോണി തോമസിന്റെ കേരളൈറ്റ് ലിപിക്കാണ്.

ട്രൂറ്റൈപ്പ് ഫോണ്ട് ജനകീയമല്ലാത്തതിനാലും വളരെ സങ്കീര്‍ണമായതിനാലുമാണ് ആസ്കി സ്കീം അക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത്. ഇതിന്റെ വെളിച്ചത്തില്‍ സൗഹൃദപരമായ ഒരു ലിപിവ്യവസ്ഥയുടെ സാങ്കേതിക വിദ്യയുടെ ആദ്യപണി നിര്‍വഹിച്ചത്, അല്ലെങ്കില്‍ മലയാളം ഫോണ്ട് ഉപയോഗിച്ചു കൊണ്ട്/നിര്‍മിച്ചുകൊണ്ട് ഇതിനു തുടക്കം കുറിച്ചത്, ടോണി തോമസ്‌ ആണ് [16]. ടോണി തോമസിനെ നാം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഈ മാറ്റത്തോടെ നമുക്ക് ‘രചനയുടെ’ പുതു അനുഭവങ്ങളിലൂടെ ആരോടും, ഒരു കൂസലുമില്ലാതെ, പ്രത്യേകിച്ചും അച്ചുകൂട മൂപ്പന്മാരെയോ, അവരുടെ ദല്ലാളന്മാരുടെയോ കാക്കാതെ സ്വതന്ത്രമായി ഒരു കടലാസില്‍ എഴുതുന്ന ലാഘവത്തോടെ പൊതുഇടത്തില്‍ ആര്‍ക്കും വായിക്കാന്‍ കഴിയുന്നതരത്തില്‍ ഭാഷ പ്രയോഗിക്കാം എന്നുള്ള നിലവന്നെത്തി. ആ മുന്നേറ്റം ലിപിയിലൂടെ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയിലൂടെ സമന്വയിച്ചു ഐ-മലയാളിയെ [17] രൂപകല്‍പന ചെയ്യുകയായിരുന്നു. അതുവഴി അവരുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീവത്കരിക്കുകയായിരുന്നു. മലയാളികളെ സംബന്ധിച്ച്, അവരുടെ ഭാഷയെ സംബന്ധിച്ച് അതൊരു വിപ്ലവം തന്നെയായിരുന്നു എന്നുവേണം കരുതാന്‍.

നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന യുണികോഡ് ഫോണ്ട് ആയിരുന്നില്ല ടോണിയും തന്റെ പിന്‍ഗാമികളും വികസിപ്പിച്ചത്. അക്കാലത്ത്‌ പ്രചാരത്തില്‍ ഉണ്ടായിരുന്ന കേരള ഫോണ്ടും പിന്നീട് വികസിപ്പിക്കപ്പെട്ട മറ്റു പല ഫോണ്ടുകളും ഉപയോഗിചിരുനത് നേരത്തെ സൂചിപ്പിച്ചതുപോലെ ആസ്കി (ASCII) എന്ന എന്കോഡിംഗ് സ്കീമാണ്. കേരള ഫോണ്ടില്‍നിന്നും മലയാളം എഴുതുന്നതില്‍, അല്ലെങ്കില്‍ അക്ഷരങ്ങളില്‍, പ്രത്യേകിച്ചും ചില്ലുകളുടെ റ്റൈപ്പിംഗ്‌ ആണ് ഏറ്റവും പ്രശ്നമുള്ളതായിരുന്നത്. ഈ ന്യൂനതകള്‍ പരിഹരിക്കാനാണ് പിന്നീട് പ്രധാനമായും ശ്രമങ്ങള്‍ നടന്നതും. ഇത് പരിഹരിച്ചു കൊണ്ട് നിര്‍മിക്കപ്പെട്ട കുറെ അധികം വ്യത്യസ്തമായ ഫോണ്ടുകളാണ് പില്‍കാലത്ത് വന്നത്. ഇവയുടെ ഒരു ലിസ്റ്റ് താഴെ പട്ടികയില്‍ചേര്‍ത്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ മലയാള ലിപിയുടെ ഏകദേശം വളര്‍ച്ചാക്രമം മനസിലാക്കാം.

ടോണി തോമസിന്‍റെ ചാര്‍പ്മാന്‍ കേരള ഫോണ്ടിന്റെ സാങ്കേതികപ്രശ്നങ്ങളും അതിന്റെ പ്രയോഗത്തിലെ ന്യൂനതകളും പരിഹരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതു ബിനു തോമസ്‌ മേലേടം, ബിനു ആനന്ദ്‌ പിഎസ്, സോജി ജോസഫ്‌ തുടങ്ങിയവരാണ്. ഇവര്‍ നിര്‍മിച്ച ലിപി മാതൃകകള്‍ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌ പരിസ്ഥിതിയില്‍ ആയിരുന്നു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്ന മലയാളി ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മലയാളത്തിലുള്ള ആശയപ്രകടനത്തിന് ഒരുപരിധിവരെ വിഘാതമുണ്ടാക്കി. ഇത് മനസിലാകുന്നത് 2003 കാലത്തില്‍തന്നെയോ അതിനു മുന്‍പോ ബെന്നിയും, ബൈജു, വിനോദ്, മഹേഷ്‌പൈ തുടങ്ങിയവരും GNOME, LATEX, വിക്കിപീഡിയ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് കാണുമ്പോഴാണ് [18].

എന്നാല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഇന്റര്‍ഫെയ്സ് പ്രശ്നം പരിഹരിച്ചുകൊണ്ട് സിബു സിജെ സമാന്തരമായ യുണിക്സ് പരിസ്ഥിതിയില്‍ ഇത്തരത്തിലുള്ള ഒരു ലിപി വ്യവസ്ഥ രൂപപ്പെടുത്തിയെടുത്തു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികളായ വലിയൊരു മലയാളി കൂട്ടത്തിനു അനുഗ്രഹമായി. ഇതാണ് പിന്നീട് വരമൊഴി എന്ന മലയാളം എഴുത്ത് സങ്കേതമാകുന്നത്. അങ്ങനെ ഒരേ സമയം കോര്‍പറേറ്റ്‌-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളായ മലയാളികള്‍ക്ക് തങ്ങളുടെ ചിന്തകളെ തങ്ങളുടെ ഭാഷയില്‍ സന്നിവേശിപ്പിക്കാനും അതുവഴി തങ്ങള്‍ക്കു ഇഷ്ടമുള്ള പരിതസ്ഥിതിയില്‍ അത് പ്രകടിപ്പിക്കാനുമുള്ള അടിത്തറ പാകാന്‍ ഇവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു. ഈ രണ്ടുതരം ഒപറേറ്റിംഗ് സിസ്റ്റത്തിലൂടെയുള്ള മലയാളം രചനാ സംവിധാനം ഒരിക്കലും ഒറ്റപ്പെട്ടു നിന്നില്ല എന്നത് കൂടുതല്‍ സങ്കീര്‍ണണതകളില്ലാത്ത ഫോണ്ടുകള്‍ക്കു ജന്മം നല്‍കാന്‍ സഹായിച്ചു. ഇതിനായി പരസ്പരം കടം കൊള്ളലുകളും ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും മലയാളം രചനാ സമ്പ്രദായത്തില്‍ വിപ്ലവത്തിന്റെ ആക്കം വര്‍ധിപ്പിച്ചു.


ഈ ശ്രമങ്ങള്‍ക്ക് പുതിയ രൂപഭേദം ലഭിക്കുന്നത് ഉമേഷ്‌ നായരിലൂടെ രാജ്‌ നായരിലെത്തിയപ്പോഴാണ്. ഇതിലേക്കാവശ്യമായ ഇന്പുട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചത് ഉമേഷ്‌ നായര്‍ നേതൃത്വം കൊടുത്ത യാഹൂ ഗ്രൂപ്പിലൂടെയാണ്. ഈ മാറ്റത്തിന്റെ കാലത്താണ് മലയാളം രചനാവിദ്യ ഏകീകൃത മാനദണ്ഡം സ്വീകരിച്ചു യുണികോഡ് മലയാളം രചനയായി മാറിയത്. ഇത് കൂടുതല്‍ ബ്ലോഗര്‍ സൗഹൃദവും, അതുപോലെ തന്നെ ഇംഗ്ലീഷില്‍ മലയാളം കുറിക്കുന്ന ‘മംഗ്ലീഷ്’ മാതൃകയില്‍ രേഖപ്പെടുത്തിയാല്‍ സുന്ദരമായ മലയാളം എന്ന ആവിഷ്കാരവും യാഥാര്‍ത്ഥ്യവത്കരിച്ചു. ഇതിന്റെ വരമൊഴി പതിപ്പില്‍ ആന്റണി ഡെനും, കെവിനും നകിയ സംഭാവനകള്‍ ഇതിന്റെ ചന്തവും മേന്മയും കൂടുതല്‍ മെച്ചപ്പെടുത്തി. ഇതോടു കൂടി ലിപികളുടെ രചനാ സമ്പ്രദായം ഏകദേശം അതിന്റെ ലക്‌ഷ്യം കണ്ടു. ഇത് സാധാരണക്കാര്‍ക്ക് ബ്ലോഗിംഗില്‍ മനംമടുപ്പിക്കാതെ എഴുതാന്‍ തോന്നിപ്പിക്കുകയും അതുവഴി തങ്ങളുടെ ദൈനംദിന വികാര വിചാരങ്ങളെ സ്വഭാഷയിലൂടെ പ്രകടിപ്പിക്കാനും ഐ-മലയാളികളെ പര്യാപ്തമാക്കി. എന്നാല്‍ ഈ കാലത്ത്‌ യുണികോഡിന്റെ മേന്മയെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തു വന്ന വാര്‍ത്തകള്‍ അതിനെ ഇകഴ്ത്തി കാണിക്കുന്നവയായിരുന്നു. ഇതില്‍ പലതും അശാസ്ത്രീയമായതോ അല്ലെങ്കില്‍ പഠന വിധേയമാകാത്തതോ ആയിരുന്നുവെന്ന് വേണം മനസിലാക്കാന്‍. ഉദാഹരണത്തിന്, മനോരമയില്‍വന്ന ഒരു വാര്‍ത്ത ശ്രദ്ധിക്കു.

എന്നാല്‍ ഇത്തരം വാദങ്ങള്‍ പൂര്‍ണമായും ശരിയല്ല എന്ന് യൂണിക്കോഡ് രൂപകല്പന ചെയതവര്‍ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു. ഇന്ന് അത് പൂര്‍ണമായും നമുക്ക് അംഗീകരിച്ചു കൊടുക്കാവുന്നതുമാണ്. സ്ഥല പരിമിതി കണക്കിലെടുത്തുകൊണ്ട് ആ ചര്‍ച്ചയിലേക്ക് തത്കാലം കടക്കുന്നില്ല പകരം ലിങ്കുകള്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട് [19].

VI

ഇനി നമുക്ക് ബ്ലോഗിങ്ങ് എങ്ങനെ ശക്തിപ്പെട്ടു എന്ന് നോക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ, മലയാള ഭാഷയുടെ സങ്കീര്‍ണതകളെ, അതിന്റെ നിര്‍മിതിയിലെ പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യാനും, അതില്‍ സാധ്യമായ തിരുത്തലുകള്‍ നടത്തി പ്രായോഗികവത്കരിക്കുന്നതിനും ഉണ്ടാക്കപ്പെട്ട കൂട്ടായ്മകളുടെ പങ്കും ഇതില്‍ സ്മരിക്കേണ്ടവയാണ്. ഇതില്‍ ഉമേഷ്‌നായര്‍ നയിച്ച യാഹൂ ഗ്രൂപ്പായ ‘അക്ഷരശ്ലോകം’ ഗ്രൂപ്പിനെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അക്ഷരശ്ലോകം കൂട്ടത്തിനെ തുടര്‍ന്ന് ‘വിക്കി മലയാളവും’, ‘ചിന്ത’ എന്ന മലയാളം ഫോറവും, ‘മലയാളവേദി ഡോട്ട് കോമു’മൊക്കെ ഈ കാലഘട്ടത്തിലെ മലയാള ഭാഷയുടെ പ്രധാന പരിപോഷകരായി മാറി. ഇവരുടെ കൂട്ടായ്മയില്‍ തുറന്നു വന്നതും തെളിഞ്ഞതും മലയാളത്തിന്റെ പുത്തന്‍ പ്രകടന വേദികളാണ്. ഇവിടെ നേരത്തെ സൂചിപ്പിച്ചതു പോലെ മൃതിയുടെ കരങ്ങളില്‍ അച്ചിന്‍ കുടത്തിന്റെ നനുനനുപ്പില്‍മാത്രം അന്ത്യശ്വാസം-വലിച്ചു കൊണ്ടിരുന്ന ഒരു ഭാഷയ്ക്ക്‌ പുതിയ ഉച്ച്വാസവായുവായാണ് സൈബര്‍ ഇടങ്ങളും അതിന്റെ മലയാളം ലിപികര്‍ത്താക്കളും അവതരിച്ചത്. ഈ അവതാരങ്ങളെ ഭാഷയ്ക്കുണ്ടാകേണ്ട അനിവാര്യമായ വിപ്ലവമായാണ് കാണേണ്ടത്. അതിലേക്കു വേണ്ട തുടര്‍നടപടികള്‍ സത്യത്തില്‍ എത്രകണ്ട് പുരോഗമിക്കുന്നു എന്നത് വീണ്ടുവിചാരം നല്‍കേണ്ടുന്ന ചോദ്യമാണ്.

സൈബര്‍കൂട്ടങ്ങളുടെ ശ്രമഫലമായി ഉണ്ടായ മലയാളത്തിന്റെ ഇടംമാറ്റത്തിനോട് ചേര്‍ത്തു സ്മരിക്കേണ്ടവരായ ചിലരുണ്ട്. ഇവര്‍ മലയാളത്തിനു വേണ്ട പുതു ജീവനേകാന്‍ തങ്ങളുടെ ചിന്തയും എഴുത്തും അച്ചടി മാധ്യമങ്ങള്‍ക്കു മാത്രം തീറെഴുതാതെ സൈബര്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇങ്ങനെ ചെയതവരുടെ ഒരു നിരതന്നെ നമുക്കുണ്ട്; അവരില്‍ പ്രധാനമായവരെ ഒന്ന് പരിചയപ്പെടാം. ആദ്യമായി മലയാളത്തില്‍ ബ്ലോഗിംഗ് നടത്തിയത് രേഷ്മയാണെന്നാണ് പൊതുവെ ഈ രംഗത്തെ അതികായര്‍ വിശ്വസിക്കുന്നത് [20]. എന്നാല്‍ രേഷ്മ ബ്ലോഗിംഗ് നടത്തിയിരുന്നത് റീഡിഫ് ഹോസ്റ്റിംഗിലായിരുന്നു. ഇതാരോ ഹാക് ചെയ്തപ്പോള്‍ ബ്ലോഗിംഗ് ചരിത്രത്തില്‍ അവര്‍ പിന്തള്ളപ്പെട്ടു എന്നാണ് വിശ്വപ്രഭയെപോലെയുള്ള ആദ്യകാല ബ്ലോഗര്‍മാര്‍ പറയുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സൈബര്‍ ഇടങ്ങളിലെ സ്വത്വനിര്‍ണയവുമായി ബന്ധപെട്ട വെല്ലുവിളിയാണ്. കാരണം സൈബര്‍ ഇടങ്ങളിലെ ബ്ലോഗിംഗ് പേരുകള്‍ അവരുടെ യഥാര്‍ത്ഥ പേരുകള്‍ ആകണമെന്നില്ല. ഇതിനെ ചൂണ്ടിക്കാണിക്കുന്നത് ബ്ലോഗിംഗിന്റെ അനോണിമിറ്റി സ്വഭാവമായാണ്. എന്നിരുന്നാലും സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകളും അതിലെ കൂട്ടായ്മകളും പരിശോധിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും അതിലെ അപരനാമക്കാര്‍ തങ്ങളുടെ നിലനില്‍പ്പിനെ സ്ഥാപിക്കുന്ന ഇടപെടലുകളും വെളിപ്പെടുത്തലുകളും നടത്താറുണ്ട്. ഇതിനുദാഹരണമാണ് ശോണിമയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച (ലിങ്ക് സൂചികയില്‍ കൊടുത്തിട്ടുണ്ട്). കൂടുതല്‍ പഠനങ്ങള്‍ ഇതിന്റെ സത്യാവസ്ഥയിലേക്ക് വെളിച്ചം വീശും എന്ന് കരുതാം.

അതുപോലെ, കുടുംബ ബ്ലോഗര്‍മാരില്‍ അനിലും സുധയും ചേര്‍ന്നുള്ള ‘കണ്ണനുണ്ണി’യാണ് ആദ്യം ഇടം പിടിക്കുന്നത്‌. എന്നാല്‍ ആദ്യമായി യുണികോഡ് ഉപയോഗിക്കുന്ന ബ്ലോഗര്‍ പ്രഥമ മലയാളം യൂണികോഡ് വെബ്സൈറ്റ്‌ ആയ ചിന്തയുടെ ആവിഷ്കര്‍ത്താവ് പോളേട്ടന്‍ ആണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വിശ്വപ്രഭയും ധനുഷും, സിബുവുമൊക്കെ മലയാളം ബ്ലോഗെഴുത്തിലെ ഏറ്റവും പഴയവരാണ്. ഇതില്‍ വിശ്വപ്രഭ എന്ന ബ്ലോഗര്‍ 1999ല്‍ തന്നെ വിശ്വം എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്നാല്‍ അത് എന്തൊക്കെയോ കാരണങ്ങളാല്‍ ഡിലീറ്റ്‌ ചെയ്യേണ്ടതായിട്ടു വന്നു [21]! രേഷ്മയുടെ ബ്ലോഗിന്റെയും ചരിത്രത്തിന്റെയും അനോണിമിറ്റി കാരണം അവരെ ആദ്യകാല ബ്ലോഗരായും വനിതാ ബ്ലോഗരായും താഴെ പട്ടികയില്‍ ചേര്‍ക്കുന്നുണ്ട്. രേഷ്മയെക്കൂടാതെ ആദ്യമായി വെളിപ്പെടുത്തിയ ആദ്യ വനിതാ ബ്ലോഗേര്‍സ് ആയി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത് അതുല്യയും സുധയുമാണ്. എന്നാല്‍ സുധയും അനിലും ചേര്‍ന്നുള്ള കുടുംബബ്ലോഗാണ് ഇതെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ചില ആദ്യകാല ബ്ലോഗര്‍മാരുടെ പട്ടിക താഴെ.



ഈ കാലത്തൊക്കെ ഇവര്‍ ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ടെന്ന മലയാളം ഫോണ്ടാണ്. ഇത് നേരത്തെ സൂചിപ്പിച്ച ആസ്കി ഫോര്‍മാറ്റിലാണ് രൂപപ്പെടുത്തിയിരുന്നത്.

പുസ്തകങ്ങളും മറ്റു രചനകളും ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതിന്റെ ശ്രമഫലമായി ആദ്യമായി യുണികോഡില്‍ രചിച്ച മലയാള പുസ്തകം കൈപ്പള്ളിയുടെ ബൈബിളാണെന്നാണ് വിശ്വസിക്കുന്നത്. കൈപ്പള്ളിതന്നെ ഇതിന്റെ ട്രൂറ്റൈപ്പ്, അല്ലെങ്കില്‍ ആസ്കി (ഇതിലേതെന്നു ഉറപ്പില്ല) ഫോര്‍മാറ്റ്‌ കേരളൈറ്റ് ഫോണ്ടില്‍ ബൈബിള്‍ യൂണിക്കോടിനു മുന്നേ ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമുപരി മലയാളം ബ്ലോഗ്‌ വഴി മലയാളികളുടെ ദൈനദിന വ്യവഹാരങ്ങള്‍ സ്വദേശവത്കരിക്കാനും അത് പ്രകടിപ്പിക്കാനുമുതകുന്ന ഒരു സംരംഭത്തിന് രൂപം നല്‍കുന്നത് അതുല്യാ ശര്‍മയും വിശ്വപ്രഭയുമാണ്. ഇവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘കൊച്ചി ഒന്നാം ബ്ലോഗ്‌മീറ്റാണ്’ ഈ ഇനത്തില്‍ ഏറ്റവും ശ്രദ്ധേയം. മലയാളം ബ്ലോഗിംഗിനെ ഐ-മലയാളികളുടെ പ്രകടനമാധ്യമത്തേയും ഒരുതരത്തില്‍ ഈ കൂട്ടായ്മകൊണ്ട് വിപ്ലവവത്കരിച്ചു എന്നുതന്നെ പറയാം.

VII

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഭാഷയും ആശയങ്ങളും കേവലം അച്ചടിമാധ്യമങ്ങളുടെ കുത്തകയില്‍നിന്നും സ്വതന്ത്രമായി, കുത്തിയൊലിച്ചു ഒഴുകുന്ന ഒരു നദിയുടെ പ്രതീതിയോടെയാണ് സൈബര്‍ ഇടങ്ങളില്‍ സഞ്ചരിക്കുന്നത്. ഈ നീര്‍ചാലുകള്‍ അച്ചടിയുടെ ചാലുകള്‍ക്ക് മറുപുറമായി ഒഴുകിത്തുടങ്ങുമ്പോള്‍ ഉറവവറ്റി മരുഭൂമിയായേക്കാവുന്ന ഭാഷയുടെയും അതിന്റെ വികാസത്തിന്റെയും പ്രതീക്ഷക്ക് പുതു ജീവനാണ് നല്‍കുക. ഉദാഹരണത്തിന്, ഇന്ന് സാങ്കേതിക ജ്ഞാനമുള്ള ആര്‍ക്കും സൈബര്‍ ഇടത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നേരിട്ട് പ്രസിദ്ധീകരിക്കാം. അങ്ങനെ സൈബര്‍ മലയാളത്തിലൂടെ വീണ്ടും ഭാഷയെ ഊര്‍വരമുള്ളവയാക്കാന്‍ കെല്‍പ്പുള്ള ഉറവയായിക്കാണുമ്പോള്‍, ഭാഷയ്ക്ക്‌ പുതിയ കാലം പിറന്നുവെന്നു പറയേണ്ടിവരും. ഇങ്ങനെ ഈ തുറന്നുകൊടുക്കലുകള്‍ മലയാളി എഴുത്തുകാരേയും മലയാളി എഴുത്തിനേയും സമ്പന്നമാക്കുമെന്നത് തര്‍ക്കമറ്റതാകാം. ഈ എഴുത്തുകള്‍ എന്തുമാകട്ടെ ചിലപ്പോള്‍ അവ കഥയാകാം കവിതയാകാം അനുഭവങ്ങളാകാം തങ്ങളുടെ സംഘട്ടനങ്ങളും, അരിശവുമാവാം. എല്ലാം, എന്തിനോടും തങ്ങള്‍ക്കു തോന്നുന്നത് തങ്ങളുടെ ഭാഷയില്‍ തന്മയത്വത്തോടെ സംവദിക്കുമ്പോഴാണ് ഭാഷയില്‍ പുതുമയുടെതും, വ്യത്യസ്തതയുടേതുമായ അര്‍ത്ഥതലങ്ങളും, അവയെ വിശ്ലേഷിപ്പിക്കുന്ന വ്യാകരണങ്ങളും, മറ്റു ഭാഷാവികസന പ്രവര്‍ത്തനങ്ങളും, അനുപേക്ഷണീയമാകുന്നത്. ഇത്തരം പ്രതിഫലനങ്ങള്‍ സാധ്യമാക്കിയാല്‍ അത് മലയാളത്തിന്റെ വികസനത്തിന് സൈബര്‍ സാങ്കേതിക വിപ്ലവം നല്‍കുന്ന ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് .

എന്നിരുന്നാലും ഇ-മലയാളത്തിന്റെ (e-Malayalam) വളര്‍ച്ച ഇപ്പോഴും പൂര്‍ണമായും യൂണികോഡില്‍ സാധ്യമായിട്ടില്ല. ഇതിനു കാരണം നാം ഇപ്പോഴും പരസ്പരം ഇണക്കമില്ലാത്തതോ അല്ലെങ്കില്‍ ഒരിടത്തെ ലിപി കോഡുകളുടെ പ്രദര്‍ശനം മറ്റു ലിപി കോഡുകള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമോ മൂലമുണ്ടാകുന്ന എഴുത്തിന്റെ ചന്തക്കുറവ് ഒരു പോരായ്മയായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ കൂടുതല്‍ ക്രോഡീകരണങ്ങള്‍ക്കു വിധേയമാക്കിയാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പല വികല രചനാ രീതികളും മാറി കൂടുതല്‍ സുന്ദരമായതും, അവികലമായതുമായ വാക്‌-വാക്യ രചനകള്‍ നടത്താന്‍ സാധിക്കും. ഇതിലേക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും അവര്‍ക്കു വേണ്ട സഹായങ്ങളും മലയാളീ ഡയസ്പോറക്കൊപ്പം നിന്ന് നമ്മുടെ മലയാളി സുഹൃത്തുക്കളും സര്‍ക്കാരും ചെയ്യേണ്ടതാണ്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ സ്കൂള്‍ കറിക്കുലത്തില്‍ സര്‍ക്കാര്‍ മലയാളത്തെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന ശ്രമത്തിന്റെ മറുവശമായി മലയാള ഭാഷയുടെ പുനരുജ്ജീവനം സൈബര്‍ മലയാള നവീകരണയത്നത്തിലൂടെ ത്വരിതപ്പെടുത്താവുന്നതാണ്. ഇതിലേക്കുള്ള നടപടികള്‍ക്കായി ഇ-കാലഘട്ടത്തില്‍ നാം കൂടുതല്‍ പദ്ധതികള്‍ മുന്നോട്ടു വയ്ക്കേണ്ടതുണ്.

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്.

കുറിപ്പുകള്‍
[1] ആദ്യകാല മലയാളി ബ്ലോഗറും ഇപ്പോഴും മലയാളി സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യവും കൊച്ചിയില്‍ നടന്ന ഒന്നാം മലയാളി ബോഗേഴ്സ് മീറ്റിംഗിന്റെ ശില്പികളിലൊരാളുമാണ് വിശ്വപ്രഭ.

[2] ഐ-മലയാളി എന്നത് ഇന്റെര്‍നെറ്റ് മലയാളി എന്നാണു. ഉദാഹരണത്തിന് ഗാരി ആര്‍ ബണ്ടിന്റെ “ഐ-മുസ്ലിം” പോലെ രൂപപ്പെടുന്നതാണ് ഈ നാമം.

[3] കമ്പ്യൂട്ടര്‍, തൊഴിലാളികളെ ഒഴിപ്പിച്ചു തത്സ്ഥാനം കരസ്ഥമാക്കുമെന്നതും അത് മുതലാളിത്തത്തിന്റെ അടവുനയമാണെന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി തൊണ്ണൂറുകളില്‍ കേരളത്തില്‍ ഉണ്ടായ ചര്‍ച്ച.

[4] ഇതിന്റെ ഉത്തമോദാഹരമായി ചൂണ്ടിക്കാണിക്കാവുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഇന്റര്‍നെറ്റ്‌ മാധ്യമം വഹിക്കുന്ന പങ്കാണ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ക്കു നേരെ അടുത്തകാലത്തു ഉണ്ടായ അറബ് വസന്തം.

[5] ഉദാഹരണത്തിന്, പലസ്തീന്‍ വിമോചനത്തിന് വേണ്ടി പ്രയത്നിക്കുന്ന ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകയും കവയത്രിയുമായ റഫീഫ്‌ സിയാദയുടെ ‘Shades of Anger’ (ക്ഷോഭത്തിന്റെ തണലുകള്‍) എന്ന കവിത. http://www.youtube.com/watch?v=m2vFJE93LTI&feature=related

[6] ബൈനറി വ്യവഹാരങ്ങള്‍ എന്നത് കമ്പ്യൂട്ടറിന്റെ വിവര വിന്യാസ വിശദീകരണ കോഡായ 0, 1 എന്നി സംഖ്യകളാണ്. ഈ സംഖ്യകളുടെ വിന്യാസ കൂട്ടാണ് എല്ലാത്തരം പ്രോഗ്രാമുകളും.

[7] മലയാളം ഒന്നാം ഭാഷ, രണ്ടാം ഭാഷ ചര്‍ച്ചകളും സ്കൂള്‍ കറിക്കുലത്തില്‍ മലയാളത്തിന്റെ പഠനസമയം വര്‍ധിപ്പിച്ചതിനെയും ചൊല്ലിയുണ്ടായ സംവാദങ്ങളാണ് ഇതിനു ആധാരം.

[8] ഈ-ലോകമെന്നത് ഇന്റര്‍നെറ്റ്‌ ലോകമാണ്.

[9] ഇത്തരം പ്രസ്ഥാവനകള്‍ക്ക് ആക്കം കൂട്ടുന്നതാണ് സൈബര്‍ ഇടങ്ങളിലൂടെയും സാമൂഹിക കൂട്ടായ്മകളായ ഫെയ്സ്ബുക്കിങ്ങിലൂടെയും, ട്വീറ്റിങ്ങിലൂടെയും സാധ്യമാക്കുന്നത്. ശശി തരൂരിന്റെ ‘കാറ്റില്‍ ക്ലാസ്‌’ പ്രയോഗം മുതല്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചവരെ ഇതിനുദാഹരണമാണ്.

[10] ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നത് ഒരു ഉല്‍പന്നം എന്നതിനുപരി കമ്പ്യൂട്ടിംഗ് ഒരു സേവന ശൃംഘലയാകുമ്പോഴാണ്. ഇവിടെ പരസ്പരം വിഭവങ്ങളും വിവരങ്ങളും മറ്റുവിശേശങ്ങളും ഒരു കുടക്കീഴില്‍ നിര്‍ലോഭം വിഹിതം വയ്ക്കുന്നു.

[11] http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally.

[12] Malayalam Language True Type Font എന്നതിന്‍റെ രൂപകല്പനാ പ്രതലം ആപ്പിള്‍ കമ്പ്യൂട്ടര്‍ എണ്‍പതുകളുടെ അവസാനത്തില്‍ വികസിപ്പിച്ചെടുത്ത ട്രൂറ്റൈപ്പ് ഫോണ്ടാണ്. ഇതിന്റെ അകമ്പടിയോടു കൂടിയുള്ള മാക്‌ഓ എസ് എഴ് 1991 മെയ്‌ മാസത്തിലാണ് ഇറങ്ങുന്നത്. ഈ കാലത്ത്‌ ഇതിന്റെ ഉപയോഗം വിന്‍ഡോസുമായി ആപ്പിള്‍ പങ്കു വച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടത്തിലാണ് മലയാളത്തില്‍ ഫോണ്ട് തയ്യാറാക്കാന്‍ വിന്‍ഡോസ്‌ ശ്രമിച്ചത്. http://www.truetype-typography.com/articles/ttvst1.htm

[13] മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ആവശ്യത്തിനായി Malayalam Language True Type Font കൈപ്പള്ളി രൂപകല്‍പന ചെയ്യുന്നത്. ഇത് വിന്‍ഡോസ്‌ 3.1 എന്ന ഓപറേറ്റിംഗ് സിസ്റ്റത്തിനു വേണ്ടിയാണ്. http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally

[14] Operating System എന്നതിന്‍റെ ചുരുക്കെഴുത്താണ് ഓഎസ്

[15] ആസ്കി ലിപി മാതൃകയെ ഒരു പ്രാപഞ്ചിക ലിപി വിന്യാസ രീതിയായിട്ടാണ് കണക്കാക്കുന്നത്. കാരണം ആസ്കി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ക്ക് എല്ലാത്തിനും (ഓരോ ചിഹ്നത്തിനും) പ്രത്യേകം പ്രത്യേകം കൊടുക്കലാണ് നല്‍കിയിരുന്നത്. ഇതിന്റെ മാതൃക തന്നെയാണ് പില്‍കാലത്ത് ഏകീകൃത കോഡിംഗിലൂടെ വിപുലീകരിച്ചതും. http://pix.cs.olemiss.edu/csci323/editors.html

[16] http://varamozhi.wikia.com/wiki/Brief_History

[17] ഐ-മലയാളി എന്ന് പറയുമ്പോള്‍ ഒരു യോഗ്യത പ്രത്യേകിച്ചും പറയണം. എന്തെന്നാല്‍ മലയാളത്തില്‍ എഴുതുന്ന മലയാളികളെയാണ് അതുവഴി തങ്ങളുടെ സംവാദങ്ങള്‍ സ്വദേശവത്കരിക്കുന്നതു കൂടി ഈ ഐ-മലയാളി എന്ന പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നുണ്ട്.

[18] ഉദാഹരണത്തിന്, http://shonimaas.blogspot.com/2007/11/blog-post.html; http://varamozhi.wikia.com/wiki/Brief_History; http://varamozhi.wikia.com/wiki/Geographical_locations_of_Bloggers; https://sites.google.com/site/cibu/font-groups; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/

[19] ഈ ലിങ്കുകള്‍ കാണുക. http://santhoshtr.livejournal.com/4996.html; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/; http://unicode.org/~emuller/iwg/

[20] ഉദാഹരണത്തിന് ശോണിമയുടെതും, വ്യക്തിപരിചയം, ഓഫ് യൂണിയന്‍ ഉപയോക്താവ് തുടങ്ങിയ ബ്ലോഗിലും വിശ്വപ്രഭയും മറ്റും ഇങ്ങനെയാണ് പറയുന്നത്. മലയാളത്തില്‍ കണ്ടെത്താവുന്ന പഴയ ഒരു ചര്‍ച്ചയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടിത്തിട്ടുള്ളതും. ബ്ലോഗുഗള്‍ക്ക് കുറിപ്പ് കാണുക.

[21] ഈ കാരണങ്ങള്‍ വിശ്വപ്രഭതന്നെ പറയേണ്ടിയിരിക്കുന്നു.

വെബ്-ഗ്രന്ഥ സൂചിക
Bunt, G.R., 2009. iMuslims: Rewiring the House of Islam, The University of North Carolina Press.

http://boologaclub.blogspot.com/2006/08/blog-post_115567221858952072.html

http://en.wikipedia.org/wiki/John_Warnock

http://en.wikipedia.org/wiki/User:Kaippally

http://groups.yahoo.com/group/varamozhi/message/23

http://keralafarmeronline.com/first-malayalam-fonts/lang/ml

http://malayalambible.in/faq.bdoc

http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html

http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html

http://offunion.blogspot.com/2006/09/blog-post_08.html#c115785426676291434

http://pix.cs.olemiss.edu/csci323/editors.html

http://ralminov.wordpress.com/using-weft-embed-malayalam/

http://salrc.uchicago.edu/resources/recommended.shtml

http://santhoshtr.livejournal.com/4996.html

http://shonimaas.blogspot.com/2007/11/blog-post.html

http://shonimaas.blogspot.com/2007/11/blog-post.html?showComment=1194985920000#c1525481355279244091

http://unicode.org/~emuller/iwg/#5

http://upabhokthavu.blogspot.com/2007/09/1986.html

http://varamozhi.wikia.com/wiki/Brief_History

http://varamozhi.wikia.com/wiki/Geographical_locations_of_Bloggers

http://vfaq.blogspot.com/

http://vyakthiparichayam.blogspot.com/p/blog-page_26.html

http://www.cl.cam.ac.uk/~mgk25/unicode.html

http://www.eaglefonts.com/janamalayalam-ttf-129161.htm

http://www.kaippally.com/2006/09/blog-post.html

http://www.malayalamunicode.com/malayalam-unicode-fonts

http://www.prokerala.com/malayalam/

http://www.truetype-typography.com/articles/ttvst1.htm

https://plus.google.com/103973390421451115061/about

https://sites.google.com/site/cibu/font-groups

https://sites.google.com/site/cibu/unicode-how-to/unicode-concepts

ഈ ലേഖനം ദില്ലിപോസ്റ്റ്‌ എന്ന മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. ഇതിന്റെ ഒറിജിനല്‍ ലിങ്ക് http://dillipost.in/2012/04/19/malayalam-and-internet/ കാണുക