അടുത്ത കാലത്തായി തലസ്ഥാനത്തെ പിങ്ക് പത്രങ്ങളുടെ ഇഷ്ട ചര്‍ച്ചാ വിഷയമായിരുന്നു മൈക്രോഫിനാന്‍സ്. എസ്കെഎസ് മൈക്രോഫിനാന്‍സ് എന്ന കമ്പനിയുടെ ഐപിഒ (initial public offering) വന്‍വിജയമായതിനു ശേഷമാണ് ഇന്ത്യയിലെ മൈക്രോഫിനാന്‍സിംഗ് രംഗത്ത് എന്തു നടക്കുന്നുവെന്ന കാര്യമായ അന്വേഷണം തന്നെ നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സഹായിക്കുക എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പല മൈക്രോഫിനാന്‍സിംഗ് സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരേക്കാള്‍ കഴുത്തറപ്പനാണെന്ന വാര്‍ത്തകളും ഈയടുത്തു വരികയുണ്ടായി. മൈക്രോഫിനാന്‍സ് എങ്ങിനെ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും മാറി സ്വതന്ത്ര വിപണി സിദ്ധാന്തത്തിന്റെ കുരുക്കില്‍ പെട്ട് പൂര്‍ണമായും ലാഭവ്യവസ്ഥയുടെ അപ്പസ്തോലരായി മാറുന്നു എന്നതിനെ കുറിച്ചാണ് ഈ കുറിപ്പ്.
ചരിത്രത്തില്‍ മൈക്രോഫിനാന്‍സ്
നിലവിലുള്ള വായ്പാ സമ്പ്രദായങ്ങള്‍ സാധാരണക്കാരെയും മൂലധനം ഇല്ലാത്തവരെയും സഹായിക്കാതിരിക്കുകയും, സാമ്പത്തിക വ്യവസായത്തില്‍ നിന്ന് അവരെ പുറത്താക്കുകയും ചെയ്യുന്ന അവസരത്തിലാണ് മൈക്രോഫിനാന്‍സ് എന്ന സങ്കല്പം കടന്നു വരുന്നത്. 1974ലെ ക്ഷാമത്തിന് ശേഷമാണ് സൂക്ഷ്മവായ്പാ സമ്പ്രദായത്തിന്റെ ആവശ്യവും, അതുമൂലമുണ്ടാകുന്ന സാമൂഹിക പുരോഗതിയും മനസിലാക്കി ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഗ്രാമീണ്‍ ബാങ്ക് എന്ന ആശയം അക്തര്‍ ഹമീദ് ഖാനോടൊപ്പം ചേര്‍ന്ന് മുന്നോട്ടു വച്ചത്. ഈ വായ്പാ പദ്ധതി പിന്നീട് ഒരു സാര്‍വദേശീയ മാതൃകയായി മാറുകയും, അതുവഴി സാമ്പ്രദായിക വായ്പാ സമ്പ്രദായങ്ങളെ പൊളിച്ചെഴുതാന്‍ സഹായിക്കുകയം ചെയ്തു.
ബാങ്കിംഗ് സമ്പ്രദായത്തില്‍ ലോണ്‍ കിട്ടണമെങ്കിലോ നിക്ഷേപം നടത്തണമെങ്കിലോ വേണ്ടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. ഈ സാഹചര്യത്തില്‍ സ്വന്തമായ് ഭൂമിയോ, സ്ഥിര വരുമാനമോ ഇല്ലാത്തവര്‍ക്കും, മൂലധനം ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുന്നവര്‍ക്കും നിലവിലുള്ള (കൊമേഴ്സ്യല്‍ ബാങ്കിംഗ് ആന്‍ഡ് നോണ്‍-ബാങ്കിംഗ് ഫൈനാന്ഷ്യല്‍ സ്ഥാപനങ്ങള്‍) വായ്പാരീതികള്‍ സ്വപ്നം കാണാന്‍ മാത്രം പറ്റുന്നവയായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് വായ്പ എന്ന സംരംഭം മുന്നോട്ടു വയ്ക്കപെടുന്നത്. കൂട്ടുത്തരവാദിത്വത്തിന്റെ ചുവടുപിടിച്ചുള്ള ഇത്തരം സംരംഭങ്ങള്‍ ‘വായ്പ’യെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന സാമ്പത്തികോപകരണം എന്ന സാമ്പ്രദായിക സങ്കല്പത്തില്‍ നിന്നും വിമോചിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തുടങ്ങിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
ദാരിദ്ര്യവും, തൊഴിലില്ലായ്മയും ഒരു ഭാഗത്ത് രൂക്ഷമാകുകയും, മറുഭാഗത്ത് ഭരണകൂടത്തിന്റെ കൂറ് വരേണ്യവര്‍ഗത്തിനോട് മാത്രമായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇത്തരത്തിലുള്ള സാമൂഹികവും മാനുഷികവുമായ വായ്പാ സാധ്യതകള്‍ അനിവാര്യവും സ്വീകാര്യവും ആയിരുന്നു. എന്നാല്‍ 1980കളിലും തൊണ്ണൂറുകളിലും ഇത് ബംഗ്ലാദേശില്‍ തഴച്ചു വളര്‍ന്നപ്പോള്‍ ലോകം പിന്നീട് ഇതിനെ വളരെ ആകര്‍ഷകവും ഫലപ്രദവുമായ ഒരു വായ്പാ രീതിയായി കാണാന്‍ തുടങ്ങി. കാരണം, മൈക്രോഫിനാന്‍സില്‍ നിന്നും ഊറ്റിയെടുക്കാവുന്ന ലാഭം സാധാരണ കൊമേഴ്സ്യല്‍ ബന്കിങ്ങിനെക്കാള്‍ എത്രയോ വലുതാണ് എന്നത് തന്നെ. അങ്ങനെ മൈക്രോ ക്രെഡിറ്റ് ഒരു ആഗോള വായ്പാ വിതരണ സംരംഭമായി (പ്രത്യേകിച്ചും വികസിത രാജ്യങ്ങളില്‍) സ്വീകരിക്കപ്പെട്ടു. എന്നാല്‍ 2006ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഈ സംരംഭത്തിന് ലഭിച്ചതോടെ ഇതൊരു സാമൂഹിക സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും അക്കാദമിക് ചര്‍ച്ചകളില്‍ പ്രഥമ സ്ഥാനം നേടി. ഇത് തെളിയിക്കുന്ന ചില കണക്കുകള്‍ നമുക്ക് കാണാം.
മൈക്രോഫിനാന്‍സ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്ഫോം ആയ mixmarketന്റെ വിവരം പരിശോധിക്കുകയാണെങ്കില്‍ ദക്ഷിണേഷ്യയില്‍ യില്‍ മാത്രം ഇതുവരെ നല്‍കപ്പെട്ട മൊത്തം ലോണ്‍ പോര്‍ട്ഫോളിയോ (2009ഇല്‍) USD7.5 ബില്യന്‍ ഡോളര്‍ (ഏകദേശം 33,500 കോടി രൂപ) ആയി കണക്കാക്കപ്പെടുന്നു. ഇതില്‍ ഇന്ത്യയുടെ വിഹിതം ഏകദേശം USD4.6 ബില്യണാണെങ്കില്‍ ബംഗ്ലാദേശിന്റേത് USD2.3 ബില്യന്‍ ഡോളര്‍ വരും. ദക്ഷിണേഷ്യയിലെ മൊത്തം 4.94 കോടി ആക്റ്റീവ് ബോറോവേഴ്സില്‍ ഇന്ത്യയുടെ വിഹിതം 54 ശതമാനമാണ് (2.66 കോടി). എന്നാല്‍ ഇത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.31 ശതമാനമേ ആകുന്നുള്ളൂ. ബംഗ്ലാദേശിലെ കണക്കെടുത്താല്‍ ഇത് 41 ശതമാനവും മൊത്തം ജനസംഖ്യയുടെ 12.9 ശതമാനവും ആണെന്നു കാണാം. കടം നല്‍കുന്നത് താഴെ തട്ടിലുള്ളവര്‍ക്കാണ് എന്ന് വിലയിരുത്തുമ്പോള്‍ ബംഗ്ലാദേശില്‍ സൂക്ഷ്മവായ്പ വ്യപകമായി എത്തിച്ചേരുന്നു എന്നും അനുമാനിക്കാം. എന്നാല്‍ പാകിസ്ഥാന്‍, നേപാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത് തുലോം തുച്ഛമാണു താനും. മിക്സ്മാര്‍ക്കറ്റ് ഉപയോഗിക്കുന്ന കണക്കുകള്‍ ചുവടെ പട്ടികയില്‍:
കണക്കുകളനുസരിച്ച് 2009 അവസാനത്തോടെ വായ്പ എടുത്തയാളുടെ ശരാശരി മിച്ചം (വാര്‍ഷികം) ഏഷ്യയില്‍ USD145.4 (6,250 രൂപ) ആണ്. ഇന്ത്യയില്‍ ഇത് 6,200 രൂപയും ബംഗ്ലാദേശില്‍ 5,080 രൂപയുമാണ്. ഇനി നിക്ഷേപത്തിന്റെ കണക്കു പരിശോധിച്ചാല്‍ ഏഷ്യയിലെ മൊത്തം USD2.5 ബില്യന്റെ 72 ശതമാനവും (USD1.8 ബില്യണ്‍) ബംഗ്ലാദേശില്‍ നിന്നാണെന്നു കാണാം. ഇന്ത്യയുടേത് വെറും 8.16 ശതമാനം മാത്രമാണ്. അതുപോലെ ഏഷ്യയിലെ മൊത്തം 3.28 കോടി നിക്ഷേപകരില്‍ ഇന്ത്യക്കാര്‍ വെറും 6.09 ശതമാനമാണെങ്കില്‍ (20 ലക്ഷം), അതിന്റെ 83.53 ശതമാനവും (2.74 കോടി) ബംഗ്ലാദേശികളാണ്. ഈ രണ്ടു കണക്കുകളും സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ മൈക്രോ ക്രെഡിറ്റ് സ്വീകരിക്കുന്നവര്‍ തികച്ചും ദരിദ്രര്‍ ആണെന്നുള്ളതാണ്. ഇത് ലാഭേച്ഛയോടെ ഈ മേഖലയില്‍ കടന്നു വരുന്ന ബാങ്കിംഗ് ഭീമന്മാരെ ചൊല്ലി ആശങ്കപെടുന്നതില്‍ ഒട്ടും അസ്വാഭാവികത കലര്‍ത്തുന്നില്ല. ഇതിലേക്ക് നമുക്ക് അല്പം കഴിഞ്ഞു കടക്കാം. കണക്കുകള്‍ നിരത്തിയത് മൈക്രോഫിനന്സിന്റെ സ്വാധീനവും അതിന്റെ വളര്‍ച്ചയും സൂചിപ്പിക്കാനും ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്ന ഉയര്‍ന്ന പലിശയോടനുബന്ധിച്ചു ലാഭരഹിത സങ്കല്പത്തില്‍ നിന്നും ലാഭാടിസ്ഥിത വ്യവസ്ഥയിലേക്കുള്ള കൂടുമാറ്റം എത്രത്തോളം ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഹേതുവാകും എന്നതും ചര്‍ച്ച ചെയ്യാനാണ്.
ഇന്ത്യന്‍ മാതൃക
എന്താണ് ഈ വായ്പാ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍? എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്? ഇതിനെ താങ്ങി നിര്‍ത്തുന്ന സാമ്പത്തികവും സാമൂഹികവുമായ തത്വം എന്താണ്? സൂക്ഷ്മ വായ്പയിലെ ഉയര്‍ന്ന പലിശ നിരക്കിനെ ചൊല്ലിയുള്ള ആശങ്കകളും, വന്‍കിട വായ്പാ ബാങ്കുകളായ സിറ്റി ഗ്രൂപ്പ് തുടങ്ങിയ ഫോര്‍-പ്രോഫിറ്റ് ബാങ്കുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, മൈക്രോ ക്രെഡിറ്റിന്റെ ഭാവിയും നമുക്ക് പരിശോധിക്കാം.
ആദ്യമായ് എന്താണീ വായ്പാ സമ്പ്രദായത്തിന്റെ പ്രതേകതകള്‍ എന്ന് കാണാം: നേരത്തെ സൂചിപ്പിച്ചതുപോലെ, സാധാരണകാര്‍ക്കും, വിഭവ സമാഹരണത്തിന് ശേഷിയില്ലാത്തവര്‍ക്കും മൂലധനം സ്വരൂപിക്കുന്നതിനായി ചെറുകിട ലോണുകള്‍ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ബന്ധത്തില്‍ നല്‍കുന്ന വായ്പാ സമ്പ്രദായമാണ് മൈക്രോ ക്രെഡിറ്റിംഗ്. പൊതുവായി ഫിക്സഡ് മൂലധനമോ മറ്റു സ്ഥാവര ജംഗമങ്ങളോ മൈക്രോക്രെഡിറ്റിനു ആവശ്യമില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണമായി, ബംഗ്ലാദേശും ക്യൂബയും പോലുള്ള രാജ്യങ്ങളിലെ മൈക്രോക്രെഡിറ്റും, കേരളത്തിലെ കുടുംബശ്രീ പോലുള്ള സംരംഭങ്ങളും ഈ കൂട്ടുതരവാദിത്വത്തിന്റെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. സാധാരണ വിപണി വ്യവസ്ഥയുടെ സിദ്ധാന്തങ്ങളോ ബാന്ധവങ്ങളോ ഇത്തരം പ്രസ്ഥാനങ്ങള്‍ ഉള്കൊള്ളുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. കേരളത്തിന്റെ വിജയം ഒരു സര്‍ക്കാരധിഷ്ഠിത ഇടപെടലാണെന്നുള്ളത് നമുക്കറിയാവുന്നതാണല്ലോ. രണ്ടാമതായി, സാമ്പ്രദായിക വായ്പയുടെ സങ്കീര്‍ണതകളൊന്നും ഇതിനുണ്ടാവേണ്ടതില്ല എന്നതാണ്. പ്രധാനമായും ഇത് ഒരു കൂട്ടായ്മയുടെ വിജയമായാണ് ബംഗ്ലാദേശിലും മറ്റും പ്രവര്‍ത്തനം തുടങ്ങിയതും അത് വിജയിച്ചതും. കൂട്ടായ വായ്പ നല്‍കലിന്റെ (collective lending) വിജയമായിട്ടാണ് ഇതിന്റെ പ്രസക്തി ഉയര്‍ത്തി കാട്ടപ്പെടുന്നത്. എന്നാല്‍, സൂക്ഷ്മവായ്പയുടെ പ്രധാന പോരായ്മയായ് ചൂണ്ടികാണിക്കപ്പെടുന്നത് നേരത്തെ പറഞ്ഞ ഉയര്‍ന്ന പലിശനിരക്ക് തന്നെയാണ്. ഇപ്പോഴത്തെ വിവാദങ്ങളില്‍ ഏറെയും ഇതിനെ ചുറ്റിപ്പറ്റിയുള്ളതിനാല്‍ ഈ വിഷയം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
എങ്ങനെ, ഏതൊക്കെ തരത്തിലാണ് സാമൂഹിക സാമ്പത്തിക തത്വങ്ങള്‍ മൈക്രോ ക്രെഡിറ്റിനെ സ്വാധീനിക്കുന്നതെന്നും, പലിശ നിരക്ക്, ലാഭരഹിത, ലാഭേച്ഛിത വാദങ്ങളില്‍ ഇടം പിടിക്കുന്നതെന്നും, അതുവഴി മൈക്രോഫിനാന്‍സിന്റെ പ്രാധാന്യം മാറുന്നുണ്ടോ എന്നും നോക്കാം. മൂലധനത്തിന്റെ അഭാവത്തില്‍ കൊടുക്കുന്ന വായ്പയായതിനാല്‍ എന്തെങ്കിലും തരത്തിലുള്ള പിന്‍ബലം ഈ ലോണ്‍ വ്യവസ്ഥക്കാവശ്യമായിരുന്നു. ഇതിനു മൈക്രോ ക്രെഡിറ്റ് സ്വീകരിച്ചത് ധാര്മികതയിലധിഷ്ഠിതമായ ഉത്തരവാദിത്വ മൂല്യങ്ങളാണ്, അല്ലാതെ വിപണി വ്യവസ്ഥയുടെ മൂലധനാധിഷ്ഠിത ലോണ്‍ സമ്പ്രദായമല്ല. ഇതിന്റെ ഗുണങ്ങള്‍ രണ്ടു തരത്തില്‍ നമുക്ക് വിവരിക്കാം. ഒന്ന്, അധ്വാനിക്കാന്‍ തയ്യാറായ ആര്‍ക്കും മൂലധനം ലഭ്യമാക്കാലും, അതുവഴി സംഘടിത സാമ്പത്തിക, സാമൂഹിക ശാക്തീകരണവുമാണ് ഇത് ലക്‌ഷ്യം വയ്ക്കുന്നത്. രണ്ടാമതായി ഇത് നല്‍കുന്ന അല്ലെങ്കില്‍ ലക്ഷ്യമിട്ട വായ്പാ പദ്ധതി തൊഴിലധിഷ്ഠിതവും, പുതിയ തൊഴിലുകള്‍ മെച്ചപെടുതുന്നതിനുതകുന്ന (ചെറുകിട, അസംഘടിത) രീതിയുമാണ്. എന്നാല്‍, ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായം ഈ ലക്ഷ്യങ്ങളില്‍ നിന്നൊക്കെ ഏറെ അകലെയാണെന്ന് ഇവിടുത്തെ നിക്ഷേപ നിരക്കു നോക്കിയാല്‍ മനസിലാകും. ഇത് സൂചിപ്പിക്കുന്നത് വിഭവ സമാഹരണത്തിന് വായ്പ വിജയകരമായി ഉപയോഗിക്കപ്പെട്ടില്ല എന്നും, സംഘടിത സംരംഭകത്വം എന്ന പ്രധാന ലക്ഷ്യം നിറവേറ്റാനായില്ല എന്നുമാണ്. ഇതിനോരപവാദമാണ്, അല്ലെങ്കില്‍ കൂട്ടുത്തരവാദിത്വത്തിന്റെ വിജയമാണ്, കേരളത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനം. ഇവിടെ യാണ് ഗ്രൂപ്പ് ലെന്‍ഡിങ്ങിന്റെ പ്രാധാന്യവും അത് മുന്നോട്ടു വയ്ക്കുന്ന തത്വങ്ങളും പ്രസക്തമാകുന്നത്.
മൈക്രോക്രെഡിറ്റിന്റെ ലാഭക്കണ്ണുകള്‍
ഈ സമ്പ്രദായത്തിനു കടകവിരുദ്ധമായാണ് മൈക്രോ ഫിനാന്‍സിംഗ് ഏജന്റുമാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വരുന്നത്. ആദ്യം ഗ്രൂപ്പ് ലെന്‍ഡിംഗ് മാതൃക ഉപയോഗിച്ചിരുന്നുവെങ്കിലും പലപ്പോഴും ഇക്കൂട്ടര്‍ സ്വീകരിച്ചത് വിപണിവ്യവസ്ഥയുടെ കാതലായ വ്യക്തി കേന്ദ്രീകൃത വായ്പാ സമ്പ്രദായം തന്നെയാണ്. രണ്ടാമതായി, ഗ്രമീണ്‍ ബാങ്ക് മാതൃകയിലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയിരുന്നെങ്കിലും അവരുടെ പ്രധാന ലക്ഷ്യങ്ങള്‍ തൊഴില്‍ സൃഷ്ടിക്കലും, കൂട്ടുത്തരവാദിത്വം കെട്ടിപ്പെടുത്തുകൊണ്ട് ദാരിദ്യം നിര്‍മാജനം നടത്തലുമാണ്. പലിശ വഴി കിട്ടുന്ന തുക നിലവിലുള്ള കൂട്ടായ്മകളിലോ, പുതിയ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നതിനോ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. അങ്ങിനെ വരുമാനം പുനര്‍നിക്ഷേപം നടത്തി സമ്പദ് വ്യവസ്ഥയെ പ്രവര്‍ത്തന ക്ഷമമാക്കുന്ന ഇന്ധനമായാണ് ഉപയോഗിക്കപ്പെട്ടത്. ഇതിലെ സാമ്പത്തിക ശാസ്ത്ര മൂല്യം പഠിപ്പിക്കുന്നത് സാമൂഹിക സമഗ്ര വികസനത്തിനായി വ്യക്തികള്‍ വിട്ടുവീഴ്ചകള്‍ നടത്തുന്നു എന്നതാണ് (Optimising social welfare would be possible if and only if individual sub-optimality persists and individual optimisation always results a social sub-optimal condition).
പലിശനിരക്ക് നല്‍കുന്ന ഉയര്‍ന്ന ലാഭം മുന്‍നിര്‍ത്തി, വ്യക്തി കേന്ദ്രീകൃത വായ്പയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ലാഭരഹിത വ്യവസ്ഥയില്‍ നിന്നും ലാഭേച്ഛിത വ്യവസ്ഥയിലേക്കുള്ള മൈക്രോഫിനാന്‍സിന്റെ കൂടുമാറ്റം ആ മുന്നേറ്റം തന്നെ മുന്നോട്ടു വച്ച ആശയത്തിന്റെ വിപണിവത്കരണമായാണ് കാണേണ്ടത്. അതു കൊണ്ടു തന്നെ, ഇതില്‍ മറ്റു വിപണി വായ്പാ സമ്പ്രദായത്തിന്റെ (banking and non-banking financial) ദോഷങ്ങള്‍ സ്വാഭാവികമായും ഇതിലേക്കു കടന്നു വരും. അതായത്, ഉയര്‍ന്ന പലിശ നിരക്ക് ലാഭേച്ഛിത മിക്രോഫിനാന്‍സിന്റെ ഊര്ജമായി മാറുമെന്നു സാരം. ഇവിടെ, ഉത്പാദിക്കപ്പെടുന്ന അമിത ലാഭം മൈക്രോഫിനാന്‍സില്‍ തന്നെ പുനര്‍നിക്ഷേപം ചെയ്യപ്പെടണമെന്നില്ല. ഇങ്ങനെ ഉണ്ടാകുമ്പോള്‍ ഉത്പാദനത്തോടനുബന്ധിച്ച് ഒരു ട്രൈന്‍ ഓഫ് രിസോര്സാനു ഇവിടെ സംജാതമാകുന്നത്. ഉദാഹരണത്തിന്, സിറ്റി ഗ്രൂപ്പ് പോലുള്ള ബാങ്കിംഗ് ഭീമന്‍മാര്‍ കൃത്യമായ ചൂഷണമാണ് ഉയര്‍ന്ന പലിശ ഈടാക്കുന്നതിലൂടെ ചെയ്യുന്നത് (അവരുടെ കൊമേഴ്സ്യല്‍ ലെന്‍ഡിംഗ് നിരക്ക് മൈക്രോ ക്രെഡിറ്റ് നിരക്കിനെക്കാള്‍ വളര കുരവാനെന്നോര്‍ക്കുക!). ഇന്ത്യയിലെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് കമ്പനിയായ എസ്കെഎസിന്റെ കഥയും വ്യത്യസ്ഥമല്ല.
സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ലാഭേച്ഛിത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് നവലിബറല്‍ വിപണി സിദ്ധാന്തങ്ങള്‍ക്കനുസരിച്ചാണെന്നും, ഗ്രൂപ്പ് ലെന്‍ഡിംഗും മറ്റും മുന്നോട്ടുവയ്ക്കുന്നത് ഒരു ഇനിസ്റ്റിറ്റ്യൂഷന്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ സമ്പ്രദായവുമാണെന്നു കാണാം. രണ്ടാമത്തേതിന്റെ മേന്മയാണ് ഗ്രാമീണ്‍ ബാങ്ക് മാതൃകയില്‍ നമുക്ക് കാണാന്‍ കഴിയുക. ചുരുക്കിപ്പറഞ്ഞാല്‍, സാമൂഹിക ധാര്‍മിക സാമ്പത്തിക നയം വിപണി വ്യവസ്ഥക്കധിഷ്ഠിതമായ വിഭവ സമാഹരണത്തിന് വഴിമാറുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് മൈക്രോഫിനാന്‍സ് രംഗത്ത് ഉണ്ടായിട്ടുള്ളത്. ഇത് എസ്കെഎസ് പോലുള്ളവരുടെ നയത്തോടനുബന്ധിച്ച് കൂട്ടി വായിക്കേണ്ടതുണ്ട്. ഇതിന്റെ പാത പിന്തുടരുന്ന വന്‍കിട ബാങ്കിംഗ് കുത്തകകള്‍ക്കും ലക്ഷ്യം മറിച്ചല്ല. നവലിബറല്‍ സാമ്പത്തിക ക്രമത്തിന്റെ ലാഭക്കണ്ണുകള്‍ ദാരിദ്ര്യത്തെ ഒന്നടങ്കം കച്ചവടവത്കരിക്കുമ്പോള്‍, ദരിദ്രരുടെ നില കൂടുതല്‍ പരുങ്ങലിലായിക്കൊണ്ടിരിക്കുന്നു എന്ന ചരിത്രപരമായ പാഠം നാം ഇനിയും കണ്ടില്ലെന്നു നടിക്കരുത്.
അതായത്, കൂട്ടുത്തരവാദിത്വത്തിന്റേയും സംരംഭകത്വ പ്രോത്സാഹനത്തിന്റേയും മറവില്‍, ഉയര്‍ന്ന പലിശ ഈടാക്കി ഗ്രാമീണ, ദരിദ്ര ഇന്ത്യയെ ഞെക്കിപിഴിഞ്ഞ് കൂടുതല്‍ ലാഭമുണ്ടാക്കുക എന്ന ലളിതമുതലാളിത്ത യുക്തിയാണ് നവമൈക്രോഫിനാന്‍സ് സ്ഥാപനങ്ങളേയും നയിക്കുന്നതെന്നു കാണാം. അവിടെ മൈക്രോഫിനാന്‍സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ വിഭവസമാഹരണവും, തൊഴിലുത്പാദനവും പുറംപോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. പകരം, ലാഭവും, ഓഹരിവിപണിയും, ഐപിഒയും മറ്റും മൈക്രോക്രെഡിറ്റിംഗ് രംഗത്തെ ഭരിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു. വ്യക്തികളുടെ ക്ഷേമം എന്ന വലിയ ബാനറുയര്‍ത്തി പിടിച്ചിട്ടാണ് ഈ ഇരട്ടചൂഷണം നടക്കുന്നതെന്നോര്‍ക്കണം. ചൂഷണത്തിന്റെ സ്ഥാപനവത്കരണം നവലിബറലിസത്തിന്റെ ആശയാടിത്തറയാണെന്ന സത്യം മനസിലാക്കിയാലേ, യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയൂ. അല്ലാതെ, ഇതു വെറും മൈക്രോ ക്രെഡിറ്റിംഗിന്റെ പരാജയമായി കേവലവത്കരിക്കതിരുക്കുക.
ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്